ജി എസ് ടി: ഇന്ത്യയിലെ വാഹന വില കുറയ്ക്കാൻ ടാറ്റ മോട്ടോഴ്സ് തീരുമാനം

ന്യൂസ് ബ്യൂറോ, കൊച്ചി
Tuesday, November 7, 2017

ചരക്ക്, സേവന നികുതി (ജി എസ് ടി) നിലവിൽ വന്ന സാഹചര്യത്തിൽ ഇന്ത്യയിലെ വാഹന വില കുറയ്ക്കാൻ ടാറ്റ മോട്ടോഴ്സ് തീരുമാനിച്ചു. യാത്രാവാഹന വിലയിൽ 2.17 ലക്ഷം രൂപയുടെ വരെ ഇളവാണു പ്രാബല്യത്തിലെത്തിയതെന്നു ടാറ്റ മോട്ടോഴ്സ് അറിയിച്ചു.

ജി എസ് ടി നടപ്പാക്കിയതോടെ വാഹന വിലയിൽ ലഭിച്ച ആനുകൂല്യം പൂർണമായി ഉപയോക്താക്കൾക്കു കൈമാറാനാണു കമ്പനി തീരുമാനിച്ചതെന്ന് ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് ബിസിനസ് യൂണിറ്റ് പ്രസിഡന്റ് മയങ്ക് പരീക്ക് വിശദീകരിച്ചു. വിവിധ മോഡലുകളുടെ വിലയിൽ 12% വരെയാണ് കുറച്ചത്; ഇതോടെ വാഹനങ്ങളുടെ വിലയിൽ 3,300 മുതൽ 2.17 ലക്ഷം രൂപയുടെ വരെ കുറവാണു നിലവിൽ വന്നത്. ചെറു ഹാച്ചായ ടിയാഗോയ്ക്ക് 9400 മുതൽ 52000 രൂപ വരെ കുറഞ്ഞപ്പോള്‍ ടിഗോറിന് 11000 രൂപ മുതൽ 60000 രൂപ വരെയും കുറഞ്ഞു. ടാറ്റ മോട്ടോഴ്സിന്റെ ക്രോസ് ഓവർ ഹെക്സയ്ക്കാണ് ജിഎസ്ടിയുടെ ഏറ്റവും അധികം ഗുണം ചെയ്തിരിക്കുന്നത്. 1.04 ലക്ഷം മുതൽ 2.17 ലക്ഷം രൂപ വരെയാണ് ഹെക്സയുടെ വില കുറഞ്ഞത്. ‌

രാജ്യവ്യാപകമായി ഒരേ നിരക്കിലുള്ള നികുതി നിലവിൽ വരുത്താൻ ജി എസ് ടി അവലംബിച്ച കേന്ദ്ര സർക്കാർ നടപടിയെ കമ്പനി പൂർണ മനസ്സോടെ സ്വാഗതം ചെയ്യുന്നതായി പരീക്ക് അറിയിച്ചു. ഈ നടപടിയിലൂടെ രാജ്യത്ത് ബിസിനസ്  ചെയ്യുക എളുപ്പമായി മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തെ സമ്പദ്വ്യവസ്ഥയ്ക്കു മൊത്തത്തിലും വാഹന വ്യവസായത്തിനു പ്രത്യേകമായും ജി എസ് ടി ഗുണകരമാവുമെന്നും അദ്ദേഹം വിലയിരുത്തി. ജി എസ് ടി നടപ്പായതിനെ തുടർന്നുപ്രമുഖ യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയും കഴിഞ്ഞ ദിവസം വിലക്കിഴിവ് പ്രഖ്യാപിച്ചിരുന്നു.

യു വി, എസ് യു വി വിലകളിൽ 6.9% ഇളവ് അനുവദിച്ചപ്പോൾ ചെറു കാറുകളുടെ വിലയിൽ 1.4% വരെ ഇളവാണു കമ്പനി അനുവദിച്ചത്. കൂടാതെ ചെറു വാണിജ്യ വാഹന(എസ് സി വി)ങ്ങളുടെ വിലയിൽ 1.1 ശതമാനത്തോളവും ലഘു വാണിജ്യ വാഹന(എൽ സി വി), ഭാര വാണിജ്യ വാഹനങ്ങളുടെ വിലയിൽ 0.5 ശതമാനത്തോളവും ഇളവും കമ്പനി പ്രഖ്യാപിച്ചു. അതേസമയം ജി എസ് ടിയുടെ ഫലമായി സങ്കര ഇന്ധന വാഹന വില വർധിപ്പിപ്പിക്കുകയും ചെയ്തു. ട്രാക്ടറുകളുടെ വിലയിലാവട്ടെ മാറ്റമൊന്നുമില്ലെന്നും മഹീന്ദ്ര വ്യക്തമാക്കിയിരുന്നു.

ഹോണ്ട കാഴ്സ് ഇന്ത്യ, ഫോഡ് ഇന്ത്യ, മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്, ടൊയോട്ട കിർലോസ്കർ മോട്ടോർ, ജഗ്വാർ ലാൻഡ് റോവർ, ബി എം ഡബ്ല്യു, മെഴ്സീഡിസ് ബെൻസ് ഇന്ത്യ, ഔഡി തുടങ്ങിയ കാർ നിർമാതാക്കളെല്ലാം ജി എസ് ടി നടപ്പായ പിന്നാലെ വിലകൾ കുറച്ചിരുന്നു. ഇരുചക്രവാഹന വിഭാഗത്തിൽ ടി വി എസ് മോട്ടോർ കമ്പനി, ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ, ഹീറോ മോട്ടോ കോർപ്, ബജാജ് ഓട്ടോ, റോയൽ എൻഫീൽഡ്, യമഹ, സുസുക്കി മോട്ടോർ സൈക്കിൾ തുടങ്ങിയ നിർമാതാക്കളും ജി എസ് ടി നടപ്പായതോടെ വാഹന വില കുറച്ചിട്ടുണ്ട്.

 

×