പാവപ്പെട്ടവരോടുള്ള പരിഗണന യഥാര്‍ത്ഥ ക്രിസ്‌തീയ സാക്ഷ്യം: മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌

സാബു ജോസ്
Wednesday, September 20, 2017

കൊച്ചി: പാവപ്പെട്ടവരോടുള്ള സവിശേഷ പരിഗണന ക്രിസ്‌തീയ സാക്ഷ്യത്തിന്റെ അവശ്യഭാവമാണെന്ന്‌ കെസിബിസി ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌ പറഞ്ഞു. ഇത്‌ ഒരു ദിനാചരണത്തില്‍ ഒതുങ്ങി നില്‌ക്കേണ്ടതല്ലെന്നും എല്ലാ ദിവസവും തുടരേണ്ടതാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.

കെസിബിസി പ്രൊ-ലൈഫ്‌ സമിതിയുടെ നേതൃത്വത്തില്‍ കൂവപ്പടി ബത്‌ലഹേം അഭയഭവനില്‍വച്ച്‌ സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച ദരിദ്രര്‍ക്കായുള്ള പ്രഥമ ലോകദിനാചരണം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നവ സുവിശേഷവത്‌കരണ പ്രോത്സാഹനത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലാണ്‌ കത്തോലിക്കാസഭയില്‍ ആഗോളതലത്തില്‍ നവംബര്‍ 19 ദരിദ്രര്‍ക്കായുള്ള ലോകദിനാചരണത്തിന്‌ ആഹ്വാനം ചെയ്‌തത്‌.

കാരുണ്യവര്‍ഷത്തിന്റെ സമാപനത്തില്‍ ഫ്രാന്‍സിസ്‌ പാപ്പാ പ്രഖ്യാപിച്ചതാണ്‌ ഈ ദിനാചരണം. കേരളത്തില്‍ കെസിബിസി പ്രൊ-ലൈഫ്‌ സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാന, മേഖലാ, രൂപതാ, ഇടവകതലങ്ങളില്‍ വിവിധ കര്‍മ്മപദ്ധതികളും, പരിപാടികളും നടത്തി. ബത്‌ലഹേം അഭയഭവന്‍ സ്ഥാപക ഡയറക്‌ടര്‍ മേരി എസ്‌തപ്പാന്‍ സംസ്ഥാനതല ആഘോഷങ്ങള്‍ക്ക്‌ നേതൃത്വം നല്‌കി. കെസിബിസി പ്രൊലൈഫ്‌ സമിതി ഡയറക്‌ടര്‍ റവ.ഫാ. പോള്‍ മാടശേരി അദ്ധ്യക്ഷത വഹിച്ചു.

കെസിബിസി പ്രൊലൈഫ്‌ സമിതി പ്രസിഡന്റ്‌ ജോര്‍ജ്‌ എഫ്‌. സേവ്യര്‍, ജനറല്‍ സെക്രട്ടറി സാബു ജോസ്‌, ട്രഷറര്‍ ജയിംസ്‌ ആഴ്‌ചങ്ങാടന്‍, അഡ്വ. ജോസി സേവ്യര്‍, സലസ്റ്റിന്‍ ജോണ്‍, മേരി ഫ്രാന്‍സിസ്‌ക, ഷൈനി തോമസ്‌, ബത്‌ലഹേം അഭയഭവന്‍ രക്ഷാധികാരി റവ.ഫാ. ജോര്‍ജ്ജ്‌ പുത്തന്‍പുര, സെന്റ്‌ ജോസഫ്‌ ചര്‍ച്ച്‌ വികാരി റവ.ഫാ. ജോസഫ്‌ വട്ടോളി, മുന്‍ ലോട്ടറി വികസന ചെയര്‍മാന്‍ ബാബു ജോസഫ്‌, ജില്ലാ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ശ്രീമതി ജാന്‍സി ജോര്‍ജ്ജ്‌, കൂവപ്പടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കുഞ്ഞുമോള്‍ തങ്കപ്പന്‍, വാര്‍ഡ്‌ മെമ്പര്‍ സുധ രാജു, സി.എസ്‌.സി കോണ്‍വന്റ്‌ തോട്ടുവ മദര്‍ ജിസ എന്നിവര്‍ പങ്കെടുത്തു. നാന്നൂറോളം അഗതികള്‍ ഒരുമിച്ച്‌ സ്‌നേഹവിരുന്നും നടത്തി.

 

×