Advertisment

'ഓണത്തിന് ഒരുമുറം പച്ചക്കറി': 2.80 ലക്ഷം വിത്ത് പായ്ക്കറ്റുകള്‍ വിതരണം ചെയ്യും

New Update

പത്തനംതിട്ട: വിഷരഹിത പച്ചക്കറികള്‍ വീട്ടുവളപ്പില്‍ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പ് 2.80 ലക്ഷം വിത്ത് പായ്ക്കറ്റുകള്‍ ജില്ലയില്‍ വിതരണം ചെയ്യും. ഓണത്തിന് ഒരുമുറം പച്ചക്കറി എന്ന പേരിലുള്ള പദ്ധതിയിലൂടെ എല്ലാ വീടുകളിലും വിഷരഹിത പച്ചക്കറി ഉത്പാദിപ്പിക്കുന്നതിനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

Advertisment

publive-image

പച്ചക്കറി കൃഷിക്കായി വിത്തുകള്‍, തൈകള്‍ എന്നിവ നല്‍കും. ഓണത്തിന് കുറഞ്ഞത് അഞ്ചിനം പച്ചക്കറിയെങ്കിലും ഓരോ കുടുംബവും സ്വന്തമായി ഉത്പാദിപ്പിച്ചെടുക്കുകയെന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. വിദ്യാര്‍ഥികള്‍, വീട്ടമ്മമാര്‍, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ക്ക് ഇതിനുള്ള പരിശീലനങ്ങളും ബോധവത്കരണ ക്ലാസുകളും നല്‍കും. വീട്ടുവളപ്പില്‍ കൃഷി ചെയ്യുന്നതിനായി 1.40 ലക്ഷം വിത്ത് പായ്ക്കറ്റുകള്‍വീതം സ്‌കൂളുകള്‍, കൃഷി ഭവന്‍ എന്നിവിടങ്ങളിലൂടെയായിരിക്കും വിതരണം ചെയ്യുക.

10 രൂപ വിലയുള്ള പച്ചക്കറി വിത്ത് പായ്ക്കറ്റുകള്‍ കര്‍ഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും സൗജന്യമായാണ് നല്‍കുകയെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ സുജ ജോര്‍ജ് അറിയിച്ചു.

പച്ചക്കറി കൃഷിക്കുള്ള സഹായങ്ങള്‍ ഇവയാണ് - കൃഷി വകുപ്പിന്റെ സമഗ്ര പച്ചക്കറി വികസന പദ്ധതിയില്‍ സ്‌കൂളുകള്‍, കൃഷി ഭവന്‍, സന്നദ്ധ സംഘടനകള്‍ എന്നിവ വഴി വിത്തുകളും തൈകളും കര്‍ഷകര്‍ക്ക് സൗജന്യമായി നല്‍കും. പച്ചക്കറിത്തൈകള്‍ വളര്‍ത്തിയിട്ടുള്ള ഗ്രോബാഗുകള്‍ക്ക് 75 ശതമാനം സബ്‌സിഡി അനുവദിക്കും. നിലവിലുള്ള പച്ചക്കറി ക്ലസ്റ്ററുകള്‍ക്കും പുതുതായി ആരംഭിക്കുന്ന ക്ലസ്റ്ററുകള്‍ക്കും 75,000 രൂപയുടെ സഹായധനം നല്‍കും. പച്ചക്കറി കര്‍ഷകര്‍ക്ക് 50 ശതമാനം സബ്‌സിഡിയില്‍ പമ്പുസെറ്റുകളും മരുന്ന് തളിക്കുന്നതിനുള്ള സ്‌പ്രേയറുകളും നല്‍കും. തരിശുഭൂമിയില്‍ കൃഷിചെയ്യുന്ന കര്‍ഷകര്‍ക്ക് 30,000 രൂപയുടെ ധനസഹായം അനുവദിക്കും.

കൃഷിക്ക് മഴമറകള്‍ നിര്‍മിക്കുന്നതിന് 50,000 രൂപയും വെള്ളവും വളവും ചെടിയുടെ ചുവട്ടില്‍ എത്തിക്കുന്ന ഫെര്‍ട്ടിഗേഷന്‍ യൂണിറ്റുകള്‍ക്ക് 30,000 രൂപയും അനുവദിക്കും. ഇതിനുപുറമേ കമ്പോസ്റ്റ് നിര്‍മാണം, പച്ചക്കറികള്‍ കേടുകൂടാതെ സൂക്ഷിക്കുന്ന കൂള്‍ ചേംബര്‍ നിര്‍മാണം, പോളിഹൗസുകള്‍ സ്ഥാപിക്കല്‍, മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മാണം, ബയോ കണ്‍ട്രോള്‍ ഏജന്റുകളുടെ നിര്‍മാണം തുടങ്ങിയവയ്ക്കും ധനസഹായം നല്‍കും. പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെടുന്ന സ്‌കൂളുകളില്‍ 10 സെന്റ് സ്ഥലത്ത് പച്ചക്കറിത്തോട്ടം ആരംഭിക്കും. പദ്ധതികളില്‍ മികവ് കാണിക്കുന്ന സ്‌കൂളുകള്‍, കര്‍ഷകര്‍, വിദ്യാര്‍ഥികള്‍, ക്ലസ്റ്ററുകള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് അവാര്‍ഡുകളും നല്‍കും

VEGETABLE SEED
Advertisment