Advertisment

ഡിസംബറിന്റെ ഓർമ്മകൾ

New Update

ഓർമകൾക്ക് എന്ത് സുഖമാണ്. ഡിസംബറിനെ കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസ്സിൽ തെളിയുന്നത് മഞ്ഞുകണങ്ങൾ ആണ് . വൃശ്ചിക പുലരിയിലെ ശരണം വിളികളും കേട്ട് മടി പിടിച്ചു പതുക്കെ കണ്ണ് തുറക്കുന്നത് ഒരു സുഖമുള്ള ഓർമയാണ് . ഉണരുവാൻ മടി ആണെങ്കിലും 'അമ്മ തട്ടി വിളിക്കുമ്പോൾ പതുക്കെ കണ്ണ് ചിമ്മി തുറന്നു പാല് വാങ്ങുവാൻ പോകുമ്പോൾ കിട്ടുന്ന ആ ഒരു തണുത്ത കായൽ കാറ്റ് ഏല്ക്കുവാനും പുല്ലിൽ അടർന്നു വീഴാൻ കാത്തുനിൽക്കുന്ന മഞ്ഞു തുള്ളികളെ തട്ടി തെറുപ്പിക്കുവാനും എന്തു ഉത്സാഹം ആയിരുന്നു. ഋതുക്കൾ മാറി മാറി വരുന്നതോടൊപ്പം തന്നെ നമ്മളിലെ കുട്ടിക്കാലവും നഷ്ടപ്പെടുന്നു. 365 ദിവസങ്ങൾ എത്ര പെട്ടെന്നാണ് കടന്നുപോകുന്നത്.

Advertisment

കുറച്ചു വര്ഷങ്ങള്ക്കു മുൻപ് വരെയും ഇത്രയും വേഗത ഉണ്ടായിരുന്നോ വർഷങ്ങൾ കടന്നു പോകുവാൻ .കുട്ടിക്കാലത്തു തോന്നാറുണ്ടായിരുന്നു ഓരോ വർഷങ്ങളും ഓരോ യുഗങ്ങൾ ആണെന്ന്. പക്ഷെ എപ്പോൾ എത്ര പെട്ടെന്നാണ് 365 ദിവസങ്ങൾ നമ്മെ വിട്ടുപോകുന്നത്. ചിലപ്പോൾ തോന്നാറുണ്ട് വാട്സാപ്പ് ,ഫേസ്ബുക്,ഇൻസ്റ്റാഗ്രാം,ട്വിറ്റെർ ഇവയെല്ലാം ആണോ നമ്മുടെ ദിവസങ്ങളുടെ വേഗത കൂട്ടുന്നത്. "Time & Tide waits for no man " എന്ന പഴചൊല്ലു ഓര്മവരുകയാണ് .

publive-image

വേഗത്തിൽ ഓടിപ്പോകുന്ന ഈ നവയുഗത്തിൽ ആഘോഷങ്ങൾക്ക് എന്ത് പ്രസക്തി .പണ്ടൊക്കെ ഓണം ,ക്രിസ്തുമസ് ഉത്സവങ്ങൾ ,വിഷു . ആണ്ടിൽ ഒരിക്കൽ വരുന്ന ഈ ആഘോഷങ്ങളെ വരവേൽക്കാൻ തലേവര്ഷങ്ങളിലെ ഒരുപിടി നല്ല ഓർമ്മകൾ ഉണ്ടാവും. ആ കാത്തിരിപ്പുകളുടെ അകലം ഇപ്പോൾ ഒട്ടും തന്നെ ഇല്ലാ, ആഘോഷങ്ങളെ കുറിച്ച് കുട്ടികളോട് പറയുമ്പോൾ വല്യ താല്പര്യം ഒന്നും ഇല്ലാ അവർക്കു പുതിയ പുതിയ ഗെയിംസിനെക്കുറിച്ചു കേൾക്കുവാനാണ് താല്പര്യം .

പ്രവാസി എന്ന മേൽവിലാസവുമായി ഇവിടെ നിൽക്കുമ്പോൾ അറിയാതെ തന്നെ പലപ്പോഴും നാട്ടിൻപുറത്തെ നനുത്ത ഓർമ്മകൾ എന്റെ മനസ്സിൽ ഇരുന്നു വിങ്ങാറുണ്ട്. ഇന്നിപ്പോൾ വര്ഷം മുഴുവൻ നമുക്ക് ആഘോഷിക്കുവാൻ ഒരുപാടു കാര്യങ്ങളും കാരണങ്ങളും ഉണ്ട് അതിന്റെ ഇടയിൽ ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾക്ക് എന്ത് പ്രസക്തി .എന്നരിന്നാലും വഴിയോര വാണിഭക്കാരും സൂപ്പര്മാര്ക്കറ്റുകളും അവരുടെ ഉലപ്പനങ്ങളുടെ വിപണന തത്രങ്ങളുമായി നമ്മെ ഓര്മപെടുത്തികൊണ്ടേ ഇരിക്കുന്നു ഓരോ ആഘോഷങ്ങളുടെ വരവും.

എല്ലാത്തിനും ഓഫറുകളുടെ ഒരു പടയോട്ടം തന്നെ. ക്രിസ്മസ് , ന്യൂ ഇയർ ഒക്കെയും ഇപ്പോൾ ആണ് പാർട്ടികളുടെ രൂപത്തിലും ഭാവത്തിലും ആഘോഷിക്കുന്നത്.പണ്ട് വര്ഷങ്ങളായി കാത്തു സൂക്ഷിച്ചിരുന്ന നക്ഷ്ത്രവിളക്കും പിന്നെ കാർഡ്‌സ് വാങ്ങാനായി അച്ഛന്റെ പുറകെ കൂടുന്നതും പിന്നെ സുഹുര്ത്തുകളുടെ കാർഡ്‌സിനായി പോസ്റ്മാനെ നോക്കിയുള്ള ഒരു കാത്തിരിപ്പു , ഇപ്പോൾ പോസ്റ്റൽ കാർഡുകൾ എല്ലാം അന്യം നിന്നും പോകുന്നു ഈ കാർഡിൽ നിന്നും ഓൺലൈൻ മെസ്സേജിൽ എത്തി നിൽക്കുന്നു നാം ഏവരും .

പണ്ടൊക്കെ ഒരുപാടു അന്ധവിശ്വാസങ്ങൾ ഉണ്ടായിരുന്നു ,ക്രിസ്മസ് പപ്പാ യും മാവേലിയും ഒക്കെ ഇപ്പോൾ അവരെല്ലാം ഫാന്റസി മാത്രമായി. ഇന്നത്തെ കുട്ടികൾ സാന്റായിലോ മാവേലിയിലോ വിശ്വസിക്കുന്നില്ല .അവർ അച്ഛനും അമ്മയും വില കൊടുത്ത് വാങ്ങി കൊണ്ടുവരുന്ന കളിപ്പാട്ടങ്ങളിൽ മാത്രം വിശ്വസിക്കുന്നു, അതുകൊണ്ടു നാം അനുഭവിച്ച ആ ഒരു ഭൂതകാലസ്മരണകൾ അവർക്കു നഷ്ടം ആകുന്നു . ആഘോഷങ്ങളുടെ ഇടയിൽ ഓർക്കാൻ ഇഷ്ടപെടാത്തതും ഇപ്പോഴും നമ്മെ ഭീതിപ്പെടുത്തന്ന സുനാമി തിരമാലകൾ പലപ്പോഴും ആർത്തു ഇരമ്പി വരുന്നുണ്ട് .

പ്രളയം , സുനാമി ,ഭൂമികുലുക്കം ഇവയെല്ലാം ചിലപ്പോൾ ഭൂമിദേവി നമുക്ക് തരുന്ന മുന്നറിയിപ്പുകൾ ആവാം . ഒരു നേരത്തെ ഭക്ഷണത്തിനായി,ദാഹജലത്തിനായി ,പാർപ്പിടത്തിനായി ജാതിയോ ,മതമോ , വര്ഗമോ നോക്കാതെ ഉയര്ന്നു വന്ന ഓരോ കയ്യുകളും നമുക്ക് ഓരോരുത്തര്ക്കും ഉള്ള പ്രകൃതിയുടെ ഒരു ഓര്മ പെടുത്തൽ ആണ്. ഈ കഴിഞ്ഞ ദിവസങ്ങളിൽ നാട്ടിൽ ആഞ്ഞുഅടിച്ച ഓഖി ചുഴലിക്കാറ്റ് അതിനു ഒരു ഉദാഹരണം മാത്രം ആണ് .

പണ്ടൊക്കെ ഡിസംബർ ആകുമ്പോൾ വലിയ തയാറെടുക്കല് നടത്തും പുതുവർഷത്തെ വരവേൽക്കാൻ .ഒരു ഡയറി എടുത്തു കഴിഞ്ഞ മാസങ്ങളിൽ എന്തെല്ലാം കാര്യങ്ങൾ ആണ് ഓർമ്മയിൽ സൂക്ഷിക്കാൻ എഴുതി വെക്കേണ്ടത് .ഇനി വരുന്ന ദിവസങ്ങളിൽ സാക്ഷാകരിക്കേണ്ട നമ്മുടെ കൊച്ചു കൊച്ചു സ്വപ്നങ്ങളുടെ വര്ണചിത്രങ്ങൾ ഡയറിയിൽ കുത്തികുറിക്കണം പലപ്പോഴും നിദ്രകൾ എനിക്കൊരു കടുത്ത പ്രണയത്തിന്റെ രൂപം നൽകി. നിദ്രകൾ എന്നും എനിക്ക് ഒരത്ഭുതമായിരുന്നു.

ചിലപ്പോൾ കൂടുതൽ സ്വപ്നങ്ങൾ കാണുവാൻ വേണ്ടിയായിരുക്കും. എന്തെല്ലാം സ്വപ്നങ്ങൾ കുത്തി കുറിച്ച പേപ്പറുകഷ്ണങ്ങളും , ഒരു വർഷം കൂട്ടുകാർ സമ്മാനിച്ച കുപ്പിവളകളും 'അമ്മ വാങ്ങിത്തരാറുള്ള പദസരങ്ങളും എല്ലാം ഇന്നും എന്റെ അലമാരയിൽ ഒളിച്ചിരിക്കുന്നു . ഓരോ അവധിക്കാലത്തും ഒരു വട്ടം എങ്കിലും ആ ഓർമ്മകൾ ഒന്ന് പൊടി തട്ടിക്കളയുമ്പോൾ ഞാൻ വീണ്ടും എന്റെ ബാല്യകാല സ്‌മൃതികളുടെ ഓർമ്മകളിൽ ബന്ധനസ്ഥ ആകുന്നു .

ഇന്ന് ഏതെല്ലാം എനിക്ക് ഒരു കൂട്ടാണ് ഞാൻ ഇവിടെ ഒരിക്കലും തനിച്ചല്ല... ഈ ഓർമകളും സ്വപ്നങ്ങളും എന്നെ ഓരോ പുതുവർഷവും ആകാംഷയോടെ കാത്തിരിക്കുവാൻ പ്രേരിപ്പിക്കുന്നു . തിരിഞ്ഞു നോക്കുമ്പോൾ നല്ലതും അല്ലാത്തതുമായ ഒരുപിടി തണുത്ത ഓർമകളുമായി വീണ്ടും ഒരു ഡിസംബർനായി നമുക്ക് കാത്തിരിക്കാം . എല്ലാവര്ക്കും നന്മയുടെയും സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും ക്രിസ്മസ് പുതുവത്സര ആശംസകൾ .

December
Advertisment