Advertisment

പള്‍സര്‍ സുനിയുടെ അറസ്റ്റ്: സാങ്കേതികത്വങ്ങളുടെ പേര് പറഞ്ഞ് ഇത്തരം കൊടുംകുറ്റവാളികളെ മഹത്വവല്‍ക്കരിക്കുന്ന മാധ്യമ ശൈലി നെറികെട്ടതും പിതൃശൂന്യവും. മാധ്യമ വിചാരണ ഏതറ്റം വരെയാകാം എന്ന്‍ ചാനലുകള്‍ സ്വയം വിമര്‍ശനം നടത്തട്ടെ !

author-image
Vincent
New Update

കേരളത്തിന്റെ മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ് ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ തെന്നിന്ത്യ മുഴുവന്‍ അറിയപ്പെടുന്ന ഒരു പ്രമുഖ നടി മൃഗീയമായ അതിക്രമത്തിന് ഇരയായ സംഭവം. നടി എത്രത്തോളം ഭീകരമായ അതിക്രമത്തിനിരയായി എന്ന കാര്യത്തില്‍ പുറംലോകത്തേക്ക് വന്നിട്ടില്ലെങ്കിലും അത് ഏറ്റവും ഭീകരവും ക്രൂരവുമായ വിധത്തിലായിരുന്നു എന്നാണു റിപ്പോര്‍ട്ടുകള്‍.

Advertisment

publive-image

അതിനുത്തരവാദികളായ പ്രതികളെ ഏറ്റവും സുരക്ഷിതമായി തന്നെ പോലീസ് കസ്റ്റഡിയില്‍ ലഭിക്കണമെന്ന പ്രാര്‍ത്ഥനയിലായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ മലയാളക്കരയാകെ.

ഡല്‍ഹിയില്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ബസില്‍ പീഡനത്തിനിരയായതിന്റെ സമാനമായൊരു മോഡലായിരുന്നു കേരളത്തില്‍ പ്രമുഖ നടിക്കെതിരെയും ഉണ്ടായ അതിക്രമമെന്നാണ് ലഭ്യമായ റിപ്പോര്‍ട്ടുകള്‍.

അത്രത്തോളം മാരകമായ പരിക്കുകള്‍ ഉണ്ടായില്ലെന്നതൊഴികെ ഒരു രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും സുപരിചിതയും പ്രമുഖയുമായ ഒരു നടിയ്ക്കാണ് നമ്മുടെ കൊച്ചുകേരളത്തില്‍ ഇത്തരമൊരു അനുഭവമുണ്ടായതെങ്കില്‍ കേരളത്തില്‍ ആരാണ് സുരക്ഷിതര്‍ എന്ന ചോദ്യമാണ് ഉയരുന്നത്.

അങ്ങനെ കേരളത്തിലെ മുഴുവന്‍ ജനത്തെയും ആശങ്കയിലാഴ്ത്തിയ ഒരു സംഭവത്തിലെ പ്രതി അറസ്റ്റിലായപ്പോള്‍ അതിനെ അര്‍ഹിക്കുന്ന ഗൌരവത്തോടെയാണോ കേരളത്തിലെ മാധ്യമങ്ങള്‍ കൈകാര്യം ചെയ്തതെന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം തന്നെയാണ്; പ്രത്യേകിച്ചും മാധ്യമങ്ങള്‍ കേരള സമൂഹത്തിന് അനദിമതരായിക്കൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍.

കോടതിയിലെത്തും മുമ്പ് പ്രതികളെ പിടികൂടിയില്ലെന്നത് പോലീസിന്‍റെ ഒരു വീഴ്ചതന്നെയാണ്. പക്ഷെ അതൊക്കെ സ്വാഭാവികവുമാണ്. വളരെ ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രതികള്‍ക്ക് ഇത്തരം സാഹചര്യങ്ങളെ "വിദഗ്ദ്ധമായി" കൈകാര്യം ചെയ്യാനുള്ള "കരവിരുത്" ഉണ്ടാകും.

എന്നാല്‍ അതിനിടയിലും പ്രതി കീഴടങ്ങാന്‍ തീരുമാനിച്ചു എന്നത് തന്നെ പോലീസിനു അഭിമാനിക്കാന്‍ വക നല്‍കുന്നതാണ്. ലഭ്യമായ വിവരങ്ങള്‍ ശരിയെങ്കില്‍ ഈ സംഭവം നടന്നു മണിക്കൂറുകള്‍ക്കുള്ളില്‍ മുതല്‍ ഇന്നലെ വരെയുള്ള മൂന്ന്‍ സന്ദര്‍ഭങ്ങളില്‍ പോലീസ് പ്രതികളുടെ അടുത്തുവരെ എത്തിയിരുന്നു. ആ സന്ദര്‍ഭങ്ങളില്‍ പോലീസിനെ വെട്ടിച്ച് പ്രതികള്‍ വിദഗ്ദ്ധമായി മുങ്ങുകയായിരുന്നു.

മാത്രമല്ല, സംഭവ സ്ഥലത്ത് നിന്ന് ഉള്‍പ്പെടെ നാല് പ്രതികളെ ഇതിനോടകം പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു, അതിലൊരാളായ മണികണ്ഠനെ ഇന്നലെ പിടിയിലാകുന്നതിന് തലേദിവസം വരെ സുനിയോടൊപ്പമുണ്ടായിരുന്നു. അതിനാല്‍ തന്നെ പോലീസ് അന്വേഷണം പരാജയമായിരുന്നു എന്ന് കുറ്റപ്പെടുത്താന്‍ കഴിയില്ല.

ഒന്നാം പ്രതിയായ പള്‍സര്‍ സുനിയ്ക്കും വിജേഷിനും ഇനി പോലീസിനെ വെട്ടിച്ച് പിടിച്ചു നില്‍ക്കാനാകില്ല എന്ന ബോധ്യം ഉണ്ടാക്കി കൊടുക്കാന്‍ ഇതിലൂടെ പോലീസിനു കഴിഞ്ഞു കീഴടങ്ങല്‍ എന്ന തീരുമാനത്തിലേക്ക് പ്രതികളെത്തിയത് ഇനിയും മുങ്ങിനടക്കാനാകില്ലെന്നു വ്യക്തമായതോടെയാണെന്നതും പോലീസ് അന്വേഷണത്തിന്‍റെ നേട്ടമാണ്.

ഇതാണ് സാഹചര്യങ്ങള്‍ എന്നിരിക്കെ എറണാകുളം സി ജെ എം കോടതിയില്‍ നടന്ന പ്രതികളുടെ അറസ്റ്റ് ഇവ്വിധം വിവാദമാക്കിയ മാധ്യമ ശൈലി ചര്‍ച്ചചെയ്യപ്പെടെണ്ടത് തന്നെയാണ്. മാധ്യമങ്ങളുടെ മുന്‍ഗണന എന്തായിരിക്കണം എന്നത് മാധ്യമങ്ങള്‍ സ്വയം പരിശോധനയ്ക്ക് വിധേയമാക്കേണ്ട വിഷയമാണ്.

പ്രമുഖ ചാനലിലെ വാര്‍ത്ത തുടങ്ങിയത് തന്നെ ഇങ്ങനെയാണ്, "നടിയെ അതിക്രമിച്ച സംഭവത്തിലെ പ്രതിയെ കോടതിയുടെ പ്രതിക്കൂട്ടില്‍ നിന്ന് പിടിച്ച്.. വലിച്ച്... ഇറക്കികൊണ്ടുവന്ന്‍ അറസ്റ്റ് ചെയ്തു" എന്നായിരുന്നു. അതായത് പള്‍സര്‍ സുനി സാറിനെ വേണ്ടത്ര സ്നേഹബഹുമാനത്തോടെയല്ല പോലീസ് കസ്റ്റഡിയില്‍ എടുത്തതെന്നതിന്റെ പ്രതിഷേധം വാര്‍ത്ത അവതാരകരുടെ വാക്കുകളിലും ശൈലിയിലും വ്യക്തം.

കോടതി ചേര്‍ന്നുകൊണ്ടിരിക്കുമ്പോഴല്ല പ്രതി കോടതിയില്‍ ഓടിക്കയറിയതെന്ന് വ്യക്തമാണ്. കോടതി പിരിഞ്ഞിരിക്കുന്ന സമയത്തെ വിജനമായ കോടതി മുറിയ്ക്ക്, കോടതി ചേര്‍ന്നുകൊണ്ടിരിക്കുന്ന സമയത്തെയത്രയും പ്രാധാന്യമുണ്ടെന്നു കരുതാന്‍ വയ്യ.

എന്നാല്‍ ഇന്നത്തെ ചാനല്‍ വാര്‍ത്തകള്‍ കണ്ടാല്‍ മജിസ്ട്രേറ്റിനെ നോക്കുകുത്തിയാക്കി സമ്മേളനപ്പെട്ട കോടതിയില്‍ നിന്നും പ്രതിക്കൂട്ടില്‍ നിന്ന നിരപരാധിയായ പ്രതിയെ പോലീസ് മൃഗീയമായി കസ്റ്റഡിയിലെടുത്തു എന്ന് തോന്നിപ്പോകും. മാധ്യമ വിചാരണ ഏതറ്റം വരെയാകാം എന്നതിന്റെ ഏറ്റവും മോശമായ ഒരുദാഹരണമയെ ഇതിനെയൊക്കെ കാണാന്‍ കഴിയൂ. പിതൃശൂന്യമായ മാധ്യമ ധര്‍മ്മമെന്നൊക്കെ മറ്റുള്ളവര്‍ നിങ്ങളെ വിശേഷിപ്പിച്ചാല്‍ ദോഷം പറയാന്‍ കഴിയില്ല.

ആരാണ് പിടിയിലായ പ്രതി, അവന്‍ ചെയ്ത തെറ്റെന്ത് എന്നൊന്നും നോക്കാതെ പ്രതിയെ ന്യായീകരിക്കുകയും മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്ന ഇത്തരം അനാവശ്യ വിവാദങ്ങള്‍ മാധ്യമ പ്രവര്‍ത്തനത്തിന്‍റെ മൂല്യം നഷ്ടപ്പെടുത്തും. ഈ മേഖലയില്‍ നാളെകളിലും മാന്യമായ മാധ്യമ പ്രവര്‍ത്തനം നടത്തണമെന്നാഗ്രഹിക്കുന്ന ഞങ്ങളെപ്പോലുള്ളവര്‍ക്ക് എന്തായാലും ഞങ്ങളുടെ സഹജീവികളുടെ രീതികളോട് യോജിപ്പില്ല

actress pulsarsuni
Advertisment