Advertisment

പാക്കിസ്ഥാനിലെ പെണ്‍സിംഹം. ലോകമെങ്ങും ധീരതയുടെ പ്രതീകമായി മാറപ്പെട്ട മുക്തിയാര്‍

author-image
admin
New Update

മുക്തിയാര്‍ എന്നാണവരുടെ വിളിപ്പേര്‍. യഥാര്‍ത്ഥ പേര് 'വദേരി നാജോ ധരേജോ' ( Waderi Nazo Dharejo). ഇവരുടെ അസാമാന്യ ധൈര്യവും ചങ്കൂറ്റവും മൂലം പാക്കിസ്ഥാനിലെ ടഫ് മഹിള ( Tough Women ) എന്നാണിവര്‍ പൊതുവേ അറിയപ്പെടുന്നത്..

Advertisment

ഇവരുടെ ജീവിതം ആസ്പദമാക്കി നിര്‍മ്മിക്കപ്പെട്ട ഹോളിവുഡ് സിനിമ അടുത്ത വര്‍ഷത്തെ ഓസ്കാര്‍ അവാര്‍ഡിന് നോമിനേഷന്‍ ചെയ്യപ്പെട്ടിരിക്കുന്നു. ചിത്രത്തിന്‍റെ പേര് ' My Pure Land ' എന്നാണ്. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലുള്ള ഉള്‍നാടന്‍ ഗ്രാമമായ 'കാജി അഹമ്മദില്‍' താമസക്കാരിയാണ് മുക്തിയാര്‍.

publive-image

2005 ആഗസ്റ്റ് മാസത്തിലെ ഒരു രാത്രിയിലായിരുന്നു ആ സംഭവം നടന്നത്. 200 പേര്‍ അടങ്ങിയ സായുധരായ അക്രമി സംഘം മുക്തിയാറിനെയും ( വദേരി നാജോ ധരേജോ ) സഹോദരിമാരെയും കൊലചെയ്യാനും അവരുടെ വസ്തുവകകളും വീടും തട്ടിയെടുക്കാനുമായി വീടിനു വളഞ്ഞുനിന്നു വെടിയുതിര്‍ക്കാന്‍ തുടങ്ങി. ഗ്രാമവാസികള്‍ ആകെ ഭയന്ന് വിറച്ചു തങ്ങളുടെ വീടുകളുടെ കതകുകളെല്ലാം അടച്ചു കുറ്റിയിട്ടു.

മുക്തിയാറും സഹോദരിമാരും തെല്ലും പതറിയില്ല. ഒരല്‍പം നമ്മള്‍ പിന്നോട്ടുപോയാല്‍ പിന്നെ നമുക്ക് ജീവിതമില്ല. ഒന്നുകില്‍ കീഴടങ്ങി മരിക്കുക അല്ലെങ്കില്‍ പൊരുതി ജയിക്കുക.. രണ്ടാമത്തെ വഴിയാണ് മുക്താര്‍ തെരഞ്ഞെടുത്തത്.. വീട്ടില്‍ കരുതിയിരുന്ന AK 47 റൈഫിളുകള്‍ മുക്തിയാറും സഹോദരിമാരും കയ്യിലെടുത്തു..

പിന്നീട് അതില്‍ നിന്ന് നാലുപ്പാടും വെടിയുണ്ടകള്‍ തുരുതുരെ ചീറിപ്പാഞ്ഞു.. എതിരാളികള്‍ക്ക് അപ്രതീക്ഷിത ആഘാതം ഒന്നിനുപിറകേ ഒന്നായെത്തി. പലര്‍ക്കും പരുക്കേറ്റു.

ഒന്നരമണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ അകമികള്‍ക്ക് പെണ്‍കരുത്തിനുമുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല . അവര്‍ക്ക് പരുക്കേറ്റവരെയും കൊണ്ട് സ്ഥലം വിടേണ്ടി വന്നു.

ഈ പോരാട്ടത്തിനു പിന്നിലൊരു കഥയുണ്ട്. അതായത് മുക്തിയാറിന്റെ പിതാവ് 'ഹാജി ഖുദാ ബക്ഷ്' നാല് വിവാഹം കഴിച്ചിരുന്നു. ഈ ഭാര്യമാര്‍ക്കുണ്ടായ മക്കള്‍ തമ്മില്‍ അദ്ദേഹത്തിന്‍റെ സ്വത്തിലുള്ള തര്‍ക്കങ്ങള്‍ സ്ഥിരമായി നിലനിന്നു പോന്നു. ചിലപ്പോഴൊക്കെ അത് സംഘട്ടനങ്ങള്‍ക്കും വഴിവെച്ചിരുന്നു.

ഖുദാ ബക്ഷിന്റെ രണ്ടാം ഭാര്യയിലെ മൂന്നു പെണ്‍മക്കളില്‍ മൂത്തവളായിരുന്നു മുക്തിയാര്‍. പെണ്‍മക്കളെ ആണ്‍ മക്കള്‍ക്ക്‌ തുല്യരായിക്കണ്ട് അദ്ദേഹം നന്നായി പഠിപ്പിച്ചു. മുക്തിയാറും സഹോദരിമാരും ഗ്രാജുവേഷന്‍ വരെ പഠിച്ചു. ഇവര്‍ക്ക് , മറ്റുള്ളവര്‍ക്ക് തുല്യമായി സ്വത്ത് വീതം വച്ചത് മറ്റു മൂന്നു ഭാര്യമാരിലെയും ആണ്‍ മക്കള്‍ക്ക്‌ സഹിച്ചില്ല. അവര്‍ പിതാവിനും പെണ്‍മക്കള്‍ക്കുമെതിരെ യുദ്ധം പ്രഖ്യാപിച്ചു. പല തവണ സംഘര്‍ഷമുണ്ടായി.

publive-image

പെണ്‍മക്കള്‍ക്കൊപ്പം പിതാവും നാടുവിട്ടുപോകണമെന്നു പരസ്യമായി ഭീഷണി മുഴക്കി. കാര്യങ്ങള്‍ കൈവിട്ടുപോയെന്നും പെണ്‍മക്കളുടെ ജീവന്‍ അപകടത്തിലാണെന്നും മനസ്സിലാക്കിയ ഖുദാ ബക്ഷ് , മൂന്നു പേരെയും രഹസ്യമായി ട്രെയിനറെ വച്ച് AK 47 ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ പരിശീലിപ്പിച്ചു.

മുക്തിയാറിനു ഒരു ഇളയ സഹോദരന്‍ കൂടിയുണ്ടായിരുന്നു. അവനെയും ഒരു യോദ്ധാവാക്കുവാന്‍ വേണ്ട പരിശീലനം അദ്ദേഹം നല്‍കി. ആരെയും അങ്ങോട്ട്‌ ആക്രമിക്കരുതെന്നും ജീവന്‍ രക്ഷിക്കാന്‍ വേണ്ടി മാത്രമേ ആയുധം കയ്യിലെടുക്കാന്‍ പാടുള്ളുവെന്നും പിതാവ് മൂവരെയും കൊണ്ട് ശപഥം ചെയ്യിച്ചു. മുക്തിയാറും കുടുംബവും തനിക്കു പിതാവ് നല്‍കിയ വീട്ടില്‍ താമസമാക്കി. അദ്ദേഹം വീതമായി നല്‍കിയ എല്ലാ വസ്തുക്കളിലും അവര്‍ ആധിപത്യം ഉറപ്പിച്ചു.

മറുഭാഗത്തിനു ഇതംഗീകരിക്കാനായില്ല. രാഷ്ട്രീയ നേതാക്കളുമായി ചങ്ങാത്തം കൂടി കള്ളക്കേസില്‍ കുടുക്കി സ്വന്തം പിതാവിനെ ജയിലടച്ചു. മുക്തിയാറിന്റെ ഒരേയൊരു സഹോദരനെ പോലീസിനെക്കൊണ്ട് വ്യാജ ഏറ്റുമുട്ടല്‍ നടത്തി കൊലപ്പെടുത്തി.

പിതാവ് ജയിലിലായതും സഹോദരന്‍റെ വിയോഗവും പെണ്മക്കളെ തളര്‍ത്തി. ഈ തക്കം നോക്കിയാണ് സഹോദരന്മാരായ അവര്‍ മുക്തിയാറിനെയും കുടുംബത്തെ യും ഇല്ലായ്മ ചെയ്യാനും വസ്തുവകകള്‍ കയ്യടക്കാനുമായി രാത്രിയില്‍ ആളുകളെയും കൂട്ടി അക്രമത്തിനു മുതിര്‍ന്നത്. എന്നാല്‍ ഇത്തരമൊരു തിരിച്ചടി അവര്‍ പ്രതീക്ഷിച്ചതേയില്ല.

publive-image

ഒരു ചീറ്റപ്പുലിയെപ്പോലെ വീടിന്‍റെ മുകളില്‍ നിന്ന് വെടിയുതിര്‍ത്തുകൊണ്ട് പിന്നിലേക്ക്‌ ചാടി മുക്തിയാര്‍ ശതൃക്കളെ തുരത്തുന്നത് ഗ്രാമവാസികള്‍ അടഞ്ഞ ജനല്‍പ്പാളികള്‍ക്കിടയിലൂടെ കാണുന്നുണ്ടായിരുന്നു. ഒന്നരമണിക്കൂര്‍ നീണ്ട ജീവന്മരണ പോരാട്ടത്തിനൊടുവില്‍ മുക്തിയാറും സഹോദരിമാരും വിജയം കണ്ടു. ശതൃക്കള്‍ക്ക് വലിയ നഷ്ടമാണുണ്ടായത്. പലര്‍ക്കും പരുക്കേറ്റു. ആയുധങ്ങള്‍ നഷ്ടമായി.

പിറ്റേ ദിവസം രാവിലെ ഗ്രാമങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് മുക്തിയാര്‍ സഹോദരിമാരുടെ പോരാട്ട കഥ കാട്ടുതീ പോലെ പടര്‍ന്നു. ആളുകള്‍ അവരെ അഭിനന്ദിക്കാനും സഹായിക്കാനും സ്വമേധയാ മുന്നോട്ടുവന്നു. ഒടുവില്‍ ജനമുന്നേറ്റത്തെ ഭയന്ന് പോലീസ്, അക്രമികള്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ബന്ധിതരായി. കേസ് കോടതിയിലെത്തി. അഞ്ചുവര്‍ഷം കേസ് നടന്നു. മുക്തിയാറിനെ സഹായിക്കാനും സാക്ഷിപറയാനുമായി ആയിരങ്ങള്‍ അണിനിരന്നു.

അഞ്ചുവര്‍ഷത്തിനു ശേഷം കോടതിവിധിവന്നു.. പിതാവ് അവര്‍ക്ക് നല്‍കിയ സ്വത്തുക്കളും വീടും മുക്തിയാറിനും സഹോദരിമാര്‍ക്കും സ്വന്തം. ഒപ്പം 5 ലക്ഷം രൂപ കോടതി മുക്തിയാറിനു നഷ്ടപരിഹാരമായും അനുവദിച്ചു. സഹോദരന്മാര്‍ കോടതിയില്‍ വച്ച് നടന്ന സംഭവത്തിനെല്ലാം മുക്തിയാറിനോട് പരസ്യമായി മാപ്പ് ചോദിച്ചു.

മുക്തിയാര്‍ പാക്കിസ്ഥാനില്‍ മാത്രമല്ല ലോകമെങ്ങും ധീരതയുടെ പ്രതീകമായി മാറപ്പെട്ടു. അവരുടെ ഖ്യാതി നാടെങ്ങും പരന്നു. മലാലയ്ക്ക് മുന്നേ പോരാട്ട വീര്യത്തിന്‍റെ കരുത്തായി അവര്‍ പാക്ക് മണ്ണില്‍ വേരുറപ്പിച്ചിരുന്നു. നീതിനിഷേധത്തിനെതിരെ സായുധ - നിയമ പോരാട്ടം നടത്തി വിജയം വരിച്ച ഈ ധീരവനിതയുടെ വീരഗാഥകള്‍ യുവതലമുറയെ ആവേശം കൊള്ളിക്കുന്നത്‌ തന്നെയാണ്.

Mukthiyar
Advertisment