Advertisment

പി ടി യുമായി അല്‍പ്പനേരം മനസ്സ് തുറന്നൊരു അഭിമുഖസംഭാഷണം ( ഒന്നാംഭാഗം)

author-image
admin
New Update

നിലപാടുകളില്‍ ഉറച്ച് നിന്നുകൊണ്ട് തനിക്കു ശരിയെന്ന് തോന്നുന്ന കാര്യങ്ങളില്‍ ശക്തമായ നിലപാടുകള്‍ എടുത്തു മുന്നോട്ടു പോകുന്ന കോണ്‍ഗ്രസ്‌ നേതാവാണ്‌ മുന്‍ എം പി .പി ടി തോമസ്‌. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് പചിമഘട്ടസംരക്ഷണ റിപ്പോര്‍ട്ട്‌ മാധവ് ഗാഡ്ഗില്‍ സമര്‍പ്പിച്ചപ്പോള്‍ റിപ്പോര്‍ട്ടുമായി ബന്ധപെട്ട് കേരളം മുഴുവന്‍ ചര്‍ച്ചചെയ്യപെട്ടത്‌ ഒരു പക്ഷെ പി ടി തോമസിനെ കുറിച്ചായിരിക്കും അദേഹം എടുത്ത നിലപാടുകളായിരിക്കും ഗാഡ്ഗില്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കണമെന്നും റിപ്പോര്‍ട്ടിനെ അനുകൂലിച്ച്‌ അദ്ദേഹം എടുത്ത ശക്തമായ നിലപാട് പൊതു സമൂഹത്തിന് സീകാര്യവും അനൂകൂലമായതുകൊണ്ടായിരിക്കാം പി ടി യുടെ നിലപാടുകള്‍ എറെ ചര്‍ച്ച ചെയ്യപെട്ടത്‌ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സീറ്റ്‌ നിഷേധിച്ചുവെങ്കിലും മറ്റാര്‍ക്കും അവകാശപ്പെടാനാവാത്തത്ര ജനസമ്മതിയാണ്‌ പി.ടി. തോമസ്‌ എന്ന നേതാവ്‌ പശ്‌ചിമഘട്ട സംരക്ഷണനിലപാടിലൂടെ നേടിയെടുത്തത്‌. - ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സൗദിഅറേബ്യന്‍ പര്യടനത്തിനെത്തിയെ പി ടി യുമായി റിയാദില്‍ വെച്ച് സത്യം ഓണ്‍ലൈന്‍ ബ്യൂറോ ചീഫ് ജയന്‍ കൊടുങ്ങല്ലൂര്‍ നടത്തിയ അഭിമുഖം

Advertisment

pt thomas

നാട്ടിലാണെങ്കിലും വിദേശത്താണെങ്കിലും പി ടി തോമസ്‌ തിരക്കിലാണ് സാധാരണ പതിവുള്ള നടത്തം കഴിഞ്ഞു അദ്ദേഹം താമസിക്കുന്ന ഹോട്ടലില്‍ വെച്ച് രാവിലെ ആയിരുന്നു പി ടി യെ കണ്ടത് തലേദിവസം ഒമ്പത് മണിക്ക് സമയം അനുവദിച്ചിരുന്നു.കുശലം ചോദിച്ച കൂട്ടത്തില്‍ ആദ്യം ചോദിച്ചത് ചോദിക്കാന്‍ തോന്നിയതും നവയുഗ മാധ്യമ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി നില്‍ക്കുന്ന ആളെന്നനിലയില്‍ ആദ്യ ചോദ്യം മനസ്സില്‍ വന്നത്

പി ടി സോഷ്യല്‍ മീഡിയയില്‍ സജീവമാണോ??

നിരന്തരം വന്ന്‌ സജീവമല്ല എന്നാല്‍ ദിവസവും വരാറുണ്ട് കാര്യങ്ങള്‍ വീക്ഷിക്കാറുണ്ട്.തിരക്ക് മൂലം പൊതു ചര്‍ച്ചയില്‍ വരാന്‍ സാധിക്കാറില്ല എങ്കിലും എല്ലാം ദിവസവും ഒന്ന് ഓടിച്ചു നോക്കാറുണ്ട്‌.സോഷ്യല്‍ മീഡിയയുടെ വളര്‍ച്ചയും ഉപയോഗവും അത് സമൂഹത്തില്‍ ചെലത്തുന്ന സ്വാധീനം വളരെ വലുതാണെന്ന് അറിയാം സമയകുറവാ പ്രധാന പ്രശനം.എങ്കിലും താന്‍ വളരെ ഗൗരവത്തോടെ വീക്ഷിക്കുന്ന ഏറ്റവും വലിയ മാധ്യമമായിട്ടാണ് സോഷ്യല്‍ മീഡിയയെ കാണുന്നത്.

പി ടി യെ കുറിച്ച് ,രാഷ്ട്രിയ പ്രവേശനം. എങ്ങനെ രാഷ്ട്രിയത്തില്‍ എത്തി ?

ഞങ്ങളുടേത്‌ കോണ്‍ഗ്രസ്‌ കുടുംബമായിരുന്നു. എന്‍റെ പിതാവിന്‍റെ അമ്മ സ്വാതന്ത്രസമര സേനാനി ആര്‍.വി. തോമസിന്റെ അടുത്ത ബന്ധുവായിരുന്നു. എന്റെ പിതാവും സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിട്ടുള്ള ആളായിരുന്നു. അങ്ങനെയൊരു പാരമ്പര്യം ഉള്ളതുകൊണ്ട്‌ മാര്‍ ഇവാനിയോസില്‍ പഠിക്കുന്ന കാലത്തുതന്നെ ഞാന്‍ കെ.എസ്‌.യുവില്‍ സജീവമായി. പഠനത്തോടൊപ്പം തന്നെ സംഘടനാ പ്രവര്‍ത്തനവും വളര്‍ന്നു. കെ.എസ്‌.യുവിന്‍റെ സംസ്‌ഥാന അധ്യക്ഷനായി. ജില്ലാ കൗണ്‍സിലിലേക്കാണ്‌ ആദ്യമായി മത്സരിച്ചത്‌. പിന്നീട്‌ നാലുതവണ തൊടുപുഴയില്‍ മത്സരിച്ചു. രണ്ടുവട്ടം എം.എല്‍.എ ആയി. ഇടുക്കിയില്‍നിന്നും പാര്‍ലമെന്റിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു.

താങ്കളുടെ കുടുംബം പാലായില്‍ ആയിരുന്നു പാലായില്‍ നിന്ന് ഇടുക്കിയിലേക്കുള്ള വരവ് എങ്ങിനെയായിരുന്നു? എത്ര വര്‍ഷമായി ഇടുക്കിയില്‍ ?

പാലായില്‍നിന്ന്‌ ഇടുക്കിയിലേക്ക്‌ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ കുടിയേറിയതാണ്‌ ഞങ്ങളുടെ കുടുംബം. എന്‍റെ പിതാവിന്‍റെ പേരും പി.ടി. തോമസ്‌ എന്നു തന്നെയായിരുന്നു. അഞ്ചു മക്കളില്‍ നാലാമനാണു ഞാന്‍. പാലായില്‍

പുതിയാപറമ്പായിരുന്നു ഞങ്ങളുടെ കുടുംബം. ഞാന്‍ ഏഴാം ക്‌ളാസില്‍ പഠിക്കുന്ന കാലത്താണ്‌ ഞങ്ങള്‍ ഇടുക്കിയിലേക്കു മാറുന്നത്‌. കുടിയേറിപ്പാര്‍ത്ത ഉപ്പുതോട്‌ എന്ന സ്‌ഥലത്ത്‌ അന്നു സ്‌കൂള്‍ സൗകര്യമൊന്നും ഇല്ലായിരുന്നു. പാലായിലെ ചില ബന്ധുവീടുകളില്‍ നിന്നു പഠനം തുടരാം എന്നു തീരുമാനിച്ചെങ്കിലും എനിക്ക്‌ കുടുംബത്തെപിരിഞ്ഞ്‌ കഴിയുവാനാകുമായിരുന്നില്ല. അങ്ങനെ പഠനം മുടങ്ങി. ഏഴാം ക്‌ളാസില്‍നിന്ന്‌ എട്ടില്‍ എത്താന്‍ എനിക്ക്‌ അഞ്ചുകൊല്ലം വേണ്ടിവന്നു എന്നു പറയാം. പാറത്തോട്‌ എന്ന സ്‌ഥലത്തായിരുന്നു പുതിയ സ്‌കൂള്‍. രാവിലെ അഞ്ചരയ്‌ക്ക് എഴുന്നേറ്റ്‌ നടപ്പുതുടങ്ങും. ദുര്‍ഘടമായ വഴികളില്‍ മിക്കവാറും ഒറ്റക്കായിരിക്കും. സ്‌കൂളിലേക്കും തിരിച്ചുമായി ഇരുപത്തിനാലു കിലോമീറ്റര്‍ നടപ്പുണ്ടായിരുന്നു. അഞ്ചുകൊല്ലം പഠിപ്പു നഷ്‌ടപ്പെട്ടതിന്റെ വാശി പഠിച്ചുതന്നെ തീര്‍ത്തു. പത്താം ക്ലാസ്‌ കഴിഞ്ഞ്‌ തിരുവനന്തപുരം മാന്‍ ഇവാനിയോസില്‍ പ്രീഡിഗ്രിക്കു ചേര്‍ന്നു. തൊടുപുഴ ന്യൂമാന്‍ കോളജില്‍നിന്നു ബിരുദവും മഹാരാജാസില്‍നിന്നു എം.എയും എടുത്തു. പിന്നീട്‌ എറണാകുളം ലോ കോളജില്‍നിന്നും നിയമ ബിരുദം നേടി.

എപ്പോഴാണ് ജീവിത സഖിയെ കണ്ടുമുട്ടുന്നത്, വായിച്ച്‌ അറിഞ്ഞിട്ടുണ്ട് സംഭവബഹുലമായ താങ്കളുടെ ജീവിത പങ്കാളിയെ തെരഞ്ഞെടുത്ത കാര്യങ്ങള്‍ ഒന്ന് വിവരിക്കാമോ ??

എണ്‍പതുകളുടെ ആദ്യം മഹാരാജാസില്‍ പഠിക്കുന്ന കാലത്താണ്‌ ഉമയെ ആദ്യമായിക്കാണുന്നത്‌. എം.എയ്‌ക്കു പഠിക്കുന്ന ഞാന്‍ അന്ന്‌ കെ.എസ്‌.യു. സംസ്‌ഥാന സെക്രട്ടറിയാണ്‌. യൂണിയന്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടായിരുന്നു പ്രീഡിഗ്രി വിദ്യാര്‍ത്ഥിനി ആയിരുന്ന ഉമയെ പരിചയപ്പെടുന്നത്‌. ഉമ പിന്നീട്‌ കെ.എസ്‌.യുവിന്റെ സജീവ പ്രവര്‍ത്തകയും കോളജ്‌ യൂണിയന്‍ ഭാരവാഹിയുമായി. ഒപ്പം ഞങ്ങള്‍ തമ്മിലുള്ള ബന്ധവും ദൃഢമായി. എം.എ കഴിഞ്ഞ്‌ ഞാന്‍ എല്‍.എല്‍.ബിക്കു ചേര്‍ന്നു. ഉമ ബി.എസ്സി കഴിഞ്ഞ്‌ എം.എസ്‌.ഡബ്ലിയു കോഴ്‌സിനു രാജഗിരി കോളജിലും ചേര്‍ന്നു. ആ സമയത്താണ്‌ ഞങ്ങള്‍ തമ്മിലുള്ള അടുപ്പം ഉമയുടെ വീട്ടില്‍ അറിഞ്ഞത്‌. യാഥാസ്‌ഥിതിക ബ്രാഹ്‌മണ കുടുംബമായിരുന്നു ഉമയുടേത്‌. സൈന്യത്തില്‍നിന്നു വിരമിച്ച ആളായിരുന്നു ഉമയുടെ അച്‌ഛന്‍. ഉമയുടെ പഠനം നിലയ്‌ക്കുമെന്ന ഘട്ടത്തില്‍ ഞാന്‍ ഉമയുടെ അച്‌ഛനെ പോയിക്കണ്ട്‌ മകളെ വിവാഹം കഴിക്കാനുള്ള താല്‍പര്യം അറിയിച്ചു. എന്നാല്‍ അദ്ദേഹം ഈ ബന്ധം അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. ഞാന്‍ അതില്‍നിന്നു പിന്‍മാറണമെന്നാണ്‌ അദ്ദേഹം ആവശ്യപ്പെട്ടത്‌.

ഉമയുടെ വീട്ടില്‍ മറ്റു വിവാഹ ആലോചനകള്‍ ഊര്‍ജിതമായപ്പോള്‍ ഞങ്ങള്‍ രഹസ്യമായി വിവാഹം രജിസ്‌റ്റര്‍ചെയ്‌തു. അതിനുശേഷം ഉമ സ്വന്തം വീട്ടിലേക്കു മടങ്ങി. ഒരിക്കല്‍ പാര്‍ട്ടി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട്‌ കണ്ണൂരിലായിരിക്കുമ്പോള്‍ എനിക്ക്‌ ഒരു അടിയന്തിര സന്ദേശം കിട്ടി. ഉമയെ വീട്ടുകാര്‍ ബോംബെയിലുള്ള ബന്ധുവീട്ടിലേക്കു മാറ്റുകയാണെന്നായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം.

ഞാന്‍ വീട്ടിലെത്തി വിവരം എന്റെ വീട്ടുകാരോട്‌ സംസാരിച്ചു. വിവാഹത്തിന്‌ ആര്‍ക്കും എതിര്‍പ്പില്ല. എന്നാല്‍ പള്ളിയില്‍വച്ച്‌ ചടങ്ങു നടത്തണമെന്ന്‌ എന്‍റെ അമ്മയ്‌ക്ക് നിര്‍ബന്ധം. വിവാഹത്തിനുവേണ്ടി ഉമയെ മതം മാറ്റുന്നതിനോട്‌ എനിക്ക്‌ താല്‍പര്യം ഉണ്ടായിരുന്നില്ല.

മതം മാറ്റാതെ പള്ളിയില്‍വച്ചു വിവാഹം നടക്കില്ലെന്നായിരുന്നു സഭയുമായി ബന്ധപ്പെട്ടവരുടെ നിലപാട്‌. അങ്ങനെ വിഷമിച്ച ഘട്ടത്തിലാണ്‌ മതം മാറാതെ തന്നെ പള്ളിയില്‍ വച്ചു വിവാഹം നടത്താമെന്നകാര്യം എന്‍റെ സീനിയറായ അഡ്വ. കെ.ജെ. ജോസഫ്‌ പറഞ്ഞുതരുന്നത്‌. അതിന്‍റെ വിശദാംശങ്ങളും അദ്ദേഹം തന്നു. അക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ പള്ളിയില്‍വച്ചു വിവാഹം നടത്തുന്ന കാര്യത്തില്‍ സഭാ അധികൃതര്‍ സമ്മതംമൂളി. എന്‍റെ ബന്ധുക്കളെയും സുഹൃത്തുക്കളെയുമൊക്കെ അറിയിച്ചിരുന്നു. എന്നാല്‍ ഉമയുടെ വീട്ടില്‍ ആര്‍ക്കും അറിവുണ്ടായിരുന്നില്ല. കല്യാണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായ വിവരം ഞാന്‍ ഉമയെ അറിയിച്ചു. ഞാന്‍ കാറുമായി അടുത്ത ദിവസം വരുമെന്നും പറഞ്ഞു. എന്നാല്‍ ഒളിച്ചോടുന്നത്‌ തെറ്റാണെന്നായിരുന്നു ഉമയുടെ നിലപാട്‌. പകരം ഞാന്‍ വീട്ടില്‍ച്ചെന്ന്‌ വിളിച്ചിറക്കിക്കൊണ്ടു വരണമെന്നു പറഞ്ഞു. അതനുസരിച്ച്‌ പുലര്‍ച്ചെ നാലുമണിക്ക്‌ ഞാന്‍ കാറുമായി ഉമയുടെ വീട്ടുപടിക്കലെത്തി. ഉമ ഉമ്മറത്തുതന്നെ നില്‍പ്പുണ്ടായിരുന്നു. എന്നാല്‍ വീട്ടുകാര്‍ ആരും ഉണര്‍ന്നിട്ടില്ല. ഞാന്‍ കയറിച്ചെന്ന്‌ പിടിച്ചിറക്കിക്കൊണ്ടുവന്നു. സുഹൃത്തുക്കള്‍ക്കൊപ്പം കോതമംഗലത്തേക്ക്‌ പോകുംവഴി ഞാന്‍ ഉമയുടെ വീട്ടിലേക്ക്‌ ഫോണ്‍ചെയ്‌തു സ്വയം പിരിചയപ്പെടുത്തിയശേഷം""ഉമയെ ഞാന്‍ കൊണ്ടുപോന്നിട്ടുണ്ട്‌. വിഷമിക്കേണ്ട"" എന്നു പറഞ്ഞു ഫോണ്‍വെച്ചു.ഞാന്‍ അറിയിച്ചതനുസരിച്ച്‌ എന്‍റെ വീട്ടുകാര്‍ കോതമംഗലത്ത്‌ എത്തിയിട്ടുണ്ടായിരുന്നു. കോതമംഗലം സെന്റ്‌ ജോര്‍ജ്‌ ഫെറോന പള്ളിയിലായിരുന്നു വിവാഹ ചടങ്ങ്‌. ഇടുക്കിയില്‍നിന്ന്‌ ഒരു ജീപ്പ്‌ ആളുകള്‍ മാത്രമാണ്‌ വന്നത്‌. പിന്നെ എന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായി കുറച്ചുപേരും. അങ്ങനെ ലളിതമായി ഞങ്ങളുടെ വിവാഹം കഴിഞ്ഞു.

താങ്കളുടെ മക്കളുടെ പേര് വിഷ്ണു, വിവേക് എന്താണ് ഈ പേരിടാന്‍ കാരണം . വിഭിന്നമതത്തില്‍പെട്ട മാതാപിതാക്കള്‍ ആയതു കൊണ്ട് മക്കള്‍ക്ക്‌ എന്തെങ്കിലും ബുദ്ധിമുട്ട് വന്നിട്ടുണ്ടോ??

മതം ജീവിതത്തില്‍ ഒരിടത്തും ഒരു ബാധ്യതയാവരുതെന്ന്‌ ഞങ്ങള്‍ക്കു നിര്‍ബന്ധമുണ്ടായിരുന്നു. മക്കളായ വിഷ്‌ണുവിനെയും വിവേകിനെയും മതത്തിന്‍റെ കെട്ടുപാടുകളില്ലാതെയാണ്‌ വളര്‍ത്തിയത്‌. അവര്‍ വിശേഷ ദിവസങ്ങളില്‍ പള്ളിയില്‍ പോകും. അമ്മയ്‌ക്കൊപ്പം അമ്പലത്തില്‍പ്പോയി പ്രാര്‍ത്ഥിക്കും. ദൈവത്തിന്റെ പേരുകളില്‍ മാത്രമേ വ്യത്യാസമുള്ളൂ എന്ന്‌ അവര്‍ക്ക്‌ നന്നായറിയാം. ഞാനാണ്‌ ആ പേരിട്ടത്‌. എനിക്ക്‌ വളരെ ഇഷ്‌ടമുള്ളൊരു പേരായിരുന്നു അത്‌. വിഷ്‌ണു ബി.ഡി.എസ്‌. കഴിഞ്ഞ്‌ ഹൗസര്‍ജന്‍സി ചെയ്യുന്നു. സ്വാമി വിവേകാനന്ദനോടുള്ള താല്‍പര്യംകൊണ്ട്‌ രണ്ടാമത്തെ മകനു വിവേക്‌ എന്നാണു പേരുനല്‍കിയത്‌. വിവേക്‌ പന്ത്രണ്ടാം ക്ലാസ്സ്‌കഴിഞ്ഞു. ഭാര്യ ഉമ എ.വി.ടിയില്‍ ഉദ്യോഗസ്‌ഥ ആയിരുന്നു.

താങ്കളുടെ നിലപാടുകള്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട്‌ അതുമായി ബന്ധപെട്ട വാദപ്രതിബാധങ്ങള്‍ താങ്കളെ എപ്പോഴെങ്കിലും തളര്ത്തിയിട്ടുണ്ടോ??

എനിക്ക്‌ ഉത്തമ ബോധ്യമുളള ഒരുകാര്യം അങ്ങനെയല്ല എന്നു പറയാന്‍ മനസാക്ഷിക്കുത്തുണ്ട്‌. അതാണ്‌ ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ ഉണ്ടായത്‌. പശ്‌ചിമ ഘട്ടം സംരക്ഷിക്കേണ്ടത്‌ കേരളത്തിന്‍റെ നിലനില്‍പ്പിന്‌ ആവശ്യമാണ്‌. ഞാന്‍ പലതവണ റിപ്പോര്‍ട്ട്‌ വായിച്ചു. ഓരോ വരിയും ഇഴകീറി പഠിച്ചു. ചിലര്‍ പ്രചരിപ്പിക്കുംപോലെ കര്‍ഷക വിരുദ്ധമായ ഒന്നും കാണാന്‍ കഴിഞ്ഞില്ല. പകരം കര്‍ഷകക്ഷേമത്തിനായി ആയിരം കോടി രൂപ ഒരുവര്‍ഷം ചെലവഴിക്കണമെന്നാണതില്‍ പറഞ്ഞിട്ടുള്ളത്‌.

റിപ്പോര്‍ട്ടില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നാണോ ?

റിപ്പോര്‍ട്ടുകള്‍ സമഗ്രമായി പഠിച്ചൊരാള്‍ എന്ന നിലയില്‍ സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കുമൊന്നും ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നാണ് എന്‍റെ വിലയിരുത്തല്‍. മാത്രമല്ല നാളത്തെ തലമുറ നിലനില്‍ക്കുന്നതിന്‌ ആവശ്യമായ നിര്‍ദ്ദേശങ്ങളാണ്‌ ഉള്ളത്‌. ചിലര്‍ റിപ്പോര്‍ട്ടുകള്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നു. അതു തിരുത്തേണ്ട സര്‍ക്കാര്‍ അവര്‍ക്കൊപ്പം കൂടി. ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കി എന്നുവരെ പ്രചാരണമുണ്ടായി. ഗ്രാമസഭകളില്‍ ചര്‍ച്ചചെയ്‌തുവേണം റിപ്പോര്‍ട്ട്‌ നടപ്പാക്കാന്‍ എന്ന കാര്യം മറച്ചുവെച്ചു. പ്രചാരണം നടത്തി

ആരാണ്‌ റിപ്പോര്‍ട്ടുകള്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നത്‌ ?

ഇടുക്കി ബിഷപ്പുമായി അദ്ദേഹത്തോടു ചേര്‍ന്നുനില്‍ക്കുന്ന ചില വൈദികരും സംഘടനകളുമാണ് അതിനു പിന്നില്‍. സി.പി.എം. അതിനെ രാഷ്‌ട്രീയ ആയുധമാക്കി. അനധികൃത വനം കയ്യേറ്റ-ക്വാറി മാഫിയകള്‍ അതിനുള്ള സാമ്പത്തിക പിന്തുണനല്‍കി. മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ ശ്രമിച്ചതു മുതലാണ്‌ ഇത്തരം അവിശുദ്ധ കൂട്ടുകെട്ട്‌ ശക്‌തമായത്‌. സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിയുടെ സഹോദരന്‍ ലംബോദരന്‍ കോടിക്കണക്കിനു രൂപയുടെ ഭൂമി കയ്യേറിയ വിവരമൊക്കെ അന്നു പുറത്തു വന്നതാണല്ലോ. സഭകളില്‍ ഇടുക്കി സഭയും താമരശ്ശേരി സഭയ്മാണ് തന്നെ എതിര്‍ത്തിരുന്നത്. പകഷെ കേരളത്തിലെ രണ്ടു കര്‍ദിനാള്‍ മാര്‍ എന്നെ അനൂകൂലിച്ചിരുന്നു. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ്, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇവര്‍ ഒരിക്കലും എന്നെ തള്ളി പറഞ്ഞിട്ടില്ല. ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ മാര്‍പാപ്പ പരിസ്ഥിസംരക്ഷിക്കുന്നതിന്‍റെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹത്തിന്‍റെ പുസ്തകത്തില്‍ ലവ്തോസി (അങ്ങേക്ക് സ്തുതി ) എന്ന പുസ്തകത്തില്‍ വളെരെ വെക്തമായി പരിസ്ഥിതി സംരക്ഷിക്കുന്നതിനെ കുറിച്ച് പറയുന്നുണ്ട് ഞാന്‍ ആ പുസ്തകം പല തവണ വായിച്ചതാണ്. തനിക്കെതിരെ വാളെടുത്തവര്‍ തന്‍റെ ശവ ഘോഷയാത്ര നടത്തിയവര്‍ അതിനു ആശിര്‍വാദം കൊടുത്ത ഇടുക്കി രുപതാ ബിഷപ്പ് ഈ പുസ്തകം മേടിച്ച് വായിക്കണം. അങ്ങനെ അവര്‍ തനിക്കെതിരെ നടത്തിയ ആക്ഷേപങ്ങള്‍ മാനസിക പീഡനങ്ങള്‍ എല്ലാത്തിനും അവര്‍ മാപ്പ് പറയുകയാണ് വേണ്ടത്.

തെരഞ്ഞെടുപ്പില്‍ ഇടുക്കി ബിഷപ്പിന്റെ നിലപാടിനെക്കുറിച്ച്‌?

സത്യം മനസിലാക്കാതെ ഇടുക്കി ബിഷപ്പും കൂടെയുള്ളവരും സ്വീകരിച്ചത്‌ തെറ്റായ മാര്‍ഗമാണ് എന്ന് പറയേണ്ടിവരും. അവര്‍ ശരിക്കും കോണ്‍ഗ്രസിനെ വഞ്ചിക്കുകയായിരുന്നു. എന്നെ മാറ്റിനിര്‍ത്തിയാല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു പിന്‍തുണകൊടുക്കാമെന്ന്‌ ഹൈറേഞ്ച്‌ സംരക്ഷണ സമിതി വാഗ്‌ദാനം ചെയ്‌തിരുന്നു എന്നാണ്‌ ഞാന്‍ മനസിലാക്കുന്നത്‌. എന്നാല്‍ അവര്‍ കോണ്‍ഗ്രസിനെ വഞ്ചിച്ചു.

വിഭിന്ന മതത്തില്‍ പെട്ട ഒരാളെ വിവാഹം കഴിച്ചത് കൊണ്ട് സഭക്ക് താങ്കളോട് വിരോധമുണ്ടോ ?

അങ്ങനെ ഞാന്‍ കരുതുന്നില്ല പക്ഷെ ഞാന്‍ ഇലക്ഷന് നിന്നപ്പോള്‍ ഈ പ്രശ്നം സഭയുടെ നേതൃത്തത്തിലെന്ന് ഞാന്‍ പറയുന്നില്ല ചില ആളുകള്‍ സഭയുമായി ബന്ധപെട്ടവര്‍ വിവാഹത്തെ കുറിച്ച് വ്യാപക പ്രചരണം നടത്തിയിരുന്നു.തനിക്ക്‌ ശരിയെന്ന് തോന്നുന്ന കാര്യം ഞാന്‍ ചെയ്തു .അങ്ങനെ ചെയ്തതില്‍ ഒരു കുറ്റബോധം എനിക്കില്ല സന്തോഷമായി ജീവിക്കുന്നു എന്‍റെ ഭാര്യ എന്‍റെ മതത്തിലേക്ക് മാറാന്‍ വരെ തയ്യാറായിരുന്നു.ഞാന്‍ സംമ്മതിച്ചില്ല. അവര്‍ക്ക് അമ്പലത്തില്‍ പോകാം പള്ളിയില്‍ പോകാം അത് അവരവരുടെ ഇഷ്ട്ടങ്ങളാണ്. എന്‍റെ മക്കളുടെ കാര്യത്തിലും അങ്ങനെയാണ്.അതുകൊണ്ടുതന്നെ ഇതുവരെ അവര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല.

സ്വന്തം പാര്‍ട്ടിയില്‍ നിന്ന് എന്തുകൊണ്ടാണ്‌ താങ്കള്‍ക്ക് വേണ്ടത്ര പിന്തുണ ലഭിക്കാതെ പോയത്??

സ്വന്തം പാര്‍ട്ടിയില്‍നിന്നുള്ള എതിര്‍പ്പുകള്‍ സ്വന്തം കക്ഷിയില്‍ ഉള്ളവര്‍ എതിര്‍ത്തു എന്നു പറയാനാവില്ല. മിക്കവാറും നേതാക്കള്‍ പിന്തുണച്ചില്ല എന്നു പറയാം. എ.കെ. ആന്റണിയെപ്പോലുള്ള ചിലര്‍ എന്‍റെ നിലപാട്‌ അംഗീകരിച്ചിരുന്നു."" താന്‍ പറയുന്നതിലും കാര്യമുണ്ട്‌"" എന്നാണ്‌ അദ്ദേഹം എന്നോടു പറഞ്ഞത്‌. പക്ഷെ ഇപ്പോള്‍ എല്ലാവരും തന്നെ പിന്തുണയ്ക്കുന്നു.ഞാന്‍ എടുത്ത നിലാപാട് ശരിയാണ് എന്ന് മുന്‍പ് എതിര്‍ത്തവര്‍, എന്നോട് പറഞ്ഞിട്ടുണ്ട് പരിസ്ഥിതി സംരഷിക്കാതെ നമുക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല ചെന്നൈയിലെ പ്രളയം നമുക്കൊരു താക്കിതാണ്.

ലോകം കണ്ട ഏറ്റവും വലിയ പ്രകൃതിസ്‌നേഹി മഹാത്മാ ഗാന്ധിയാണ്‌. സൈലന്‍റെ വാലി വിഷയത്തില്‍ ഇന്ദിരാഗാന്ധി എടുത്ത നിലപാട് പശ്‌ചിമഘട്ട സംരക്ഷണ കാര്യത്തില്‍ കോണ്‍ഗ്രസ്‌ എടുക്കാഞ്ഞത് എന്ത് കൊണ്ട്?

അതിനെ കുറിച്ച് ഇപ്പോള്‍ എനിക്ക് ഒന്നും പറയാന്‍ സാധിക്കില്ല കോണ്‍ഗ്രസ്‌ പാര്‍ടിയുടെ നേതൃതമാണ് അത് വെക്തമാക്കേണ്ടത്. വെക്തിപരമായി പറഞ്ഞാല്‍ മഹാല്‍മജി എടുത്ത നിലപാട് വായിച്ചറിഞ്ഞിട്ടുണ്ട് ഇന്ദിരാഗാന്ധി സൈലന്‍റെ വാലി വിഷയത്തില്‍ എടുത്ത നിലപാട് നമ്മുടെ മുന്നിലുണ്ട് ഇന്ദിരാഗാന്ധിക്കെതിരെ ഇന്ത്യയിലെ പ്രതിപക്ഷങ്ങള്‍ ഉറഞ്ഞുതുള്ളിയപ്പോള്‍ ഇന്ദിരാഗാന്ധിക്ക് വലുത് സിംഹവാലന്‍ കുരങ്ങാണ് ജനങ്ങളുടെ സുരക്ഷയല്ലായെന്ന്പറഞ്ഞ് അവരെ കളിയാക്കി ആക്ഷേപം ചൊരിഞ്ഞു പക്ഷെ ഇപ്പോള്‍ കാലം തെളിയിച്ചിരിക്കുന്നു അവര്‍ അന്ന് എടുത്ത നിലപാട് ശരിയാണെന്ന്. അതുപോലെ ഇടുക്കി പചിമഘട്ട സംരക്ഷണത്തിന്‍റെ കാര്യത്തില്‍ താന്‍ എടുത്തനിലാപാടും കാലം തെളിയിക്കുമെന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്. പരിസ്ഥിതി സംരക്ഷിക്കപെടണം അതില്‍ യാതൊരു വിട്ടുവിഴ്ചയും ഇല്ല.

സീറ്റ്‌ നിഷേധിച്ചതിനെ കുറിച്ച് ? ഇടുക്കിയില്‍ താങ്കള്‍ നിന്നാല്‍ വിജയിക്കുമായിരുന്നോ?

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റു കിട്ടാതിരുന്നതിനേക്കാള്‍ എന്‍റെ നിലപാടുകളോട്‌ ജനങ്ങള്‍ യോജിക്കുന്നുണ്ടോ ഇല്ലയോ എന്ന്‌ പരീക്ഷിക്കാനുള്ള അവസരം നിഷേധിച്ചു എന്നതാണ്‌ എന്നെ ദുഃഖിപ്പിക്കുന്നത്‌. മത്സരിച്ചിരുന്നെങ്കില്‍ പാര്‍ലമെന്റില്‍ കോണ്‍ഗ്രസിന്‌ ഒരു എം.പികൂടി ഉണ്ടാവുമായിരുന്നു. മത്സരിച്ചിരുന്നെങ്കില്‍ ഇരുപത്തി ആറായിരം വോട്ട്‌ തിരിഞ്ഞു വരുമെന്ന്‌ എനിക്ക്‌ ഉറപ്പുണ്ട്‌. മുപ്പതു കൊല്ലത്തിലേറെയായി എനിക്ക്‌ ഇടുക്കിയിലെ ജനങ്ങളെ അറിയാം. ചില കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായാലും അവര്‍ എന്‍റെ നിലപാടിനെ പിന്‍തുണയ്‌ക്കും. ഒരു മണ്ഡലത്തില്‍ നാലായിരം വോട്ട്‌ മറിയാല്‍ മതി. അതായത്‌ ഒരു പഞ്ചായത്തില്‍ അഞ്ഞൂറ്‌ വോട്ടുപോലും മാറണ്ട. കോണ്‍ഗ്രസുകാരെക്കൂടാതെ എന്‍റെ തീരുമാനത്തോട്‌ യോജിപ്പുള്ള സി.പി.എം കാരും ബി.ജെ.പിക്കാരുമുണ്ട്‌. അവരെല്ലാം എന്നെ പിന്‍തുണച്ചിരുന്നു. സഭയുടെ എതിര്‍പ്പ്‌ ക്രിസ്‌ത്യന്‍ മതവിഭാഗത്തില്‍ സീറോ മലബാര്‍ സഭയുടെ ഇടുക്കി രൂപത മാത്രമേ എന്നെ എതിര്‍ത്തുള്ളൂ. മറ്റു രൂപതകളോ ഇതര ക്രിസ്‌ത്യന്‍ വിഭാഗങ്ങളോ എന്‍റെ നിലപാടിനോട് വിയോജിച്ചിരുന്നില്ല. കൂടാതെ എസ്‌.എന്‍.ഡി.പി, എന്‍.എസ്‌.എസ്‌., ആദിവാസികള്‍, പട്ടികജാതിക്കാര്‍ എന്നിവരെല്ലാം എനിക്ക്‌ പിന്തുണയായിരുന്നു.

സമുദായ സംഘടനകളും സമുദായവും, രാഷ്‌ട്രീയവും രണ്ടും വേറിട്ട്‌ നില്‍കെണ്ടതാണ് ഇതിന്‍റെ പേരില്‍ സീറ്റ് നിഷേധിക്കപെട്ട താങ്കളോട് പാര്‍ട്ടി നീതി കാണിച്ചോ ?

സമുദായ സംഘടനകള്‍ ഒരു യാഥാര്‍ത്ഥ്യമാണ്‌. അവര്‍ക്ക്‌ അഭിപ്രായം പറയാനും നിലപാടുകള്‍ സ്വീകരിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്‌. എന്നാല്‍ അവര്‍ രാഷ്‌ട്രീയ പാര്‍ട്ടികളുടെ അജണ്ട തീരുമാനിക്കുന്നത്‌ ആരോഗ്യകരമല്ല. തെരഞ്ഞെടുപ്പുകാലത്ത്‌ എല്ലാ ജനവിഭാഗങ്ങളേയും കണ്ട്‌ രാഷ്‌ട്രീയ കക്ഷികള്‍ വോട്ട്‌ അഭ്യര്‍ത്ഥിക്കാറുണ്ട്‌. ഞാനും സമുദായ നേതാക്കളെയും മതാധ്യക്ഷന്‍മാരെയും പോയിക്കണ്ടിട്ടുണ്ട്‌. അതിന്റെ അര്‍ത്ഥം അവര്‍ പറയുന്നതെല്ലാം ചെയ്‌തുകൊടുക്കണം എന്നല്ല. എന്‍റെ കാര്യത്തില്‍ പാര്‍ട്ടി സ്വീകരിച്ച നയത്തോട്‌ അതൃപ്‌തിയുണ്ട്‌. എല്ലാ സമുദായ സംഘടനകളുടെ കാര്യത്തിലും തുല്യ പരിഗണനയാണ്‌ വേണ്ടത്‌. മുമ്പ്‌ എസ്‌.എന്‍.ഡി.പി.-എന്‍.എസ്‌.എസ്‌. സംഘടനകള്‍ക്കെതിരായി ചില നേതാക്കള്‍ പ്രസ്‌താവന നടത്തിയപ്പോള്‍ നടപടിയെടുക്കാതിരുന്ന പാര്‍ട്ടി ഞാന്‍ സഭയ്‌ക്കെതിരായി നിലപാടെടുത്തപ്പോള്‍ എനിക്കെതിരായത്‌ ശരിയായില്ലയെന്ന് പല വേദികളിലും ഞാന്‍ പറഞ്ഞിട്ടുണ്ട് . ഒന്നുകില്‍ മതനേതാക്കന്‍മാര്‍ എല്ലാവരും പറയുംപോലെ കാര്യങ്ങള്‍ ചെയ്യണം. അല്ലെങ്കില്‍ ആരെയും പരിഗണിക്കരുത്‌. അല്ലാതെ ചിലരെമാത്രം പരിഗണിക്കുന്നത്‌ നീതിയല്ല. ആ കാര്യത്തില്‍ എനിക്ക് ദുഖമുണ്ട്. ഇനി ഇത്തരം കാര്യങ്ങള്‍ പറഞ്ഞിട്ട് കാര്യമില്ല ട്രെയിന്‍ പോയി കഴിഞ്ഞിട്ട് അതില്‍കയറാമായിരുന്നു എന്ന് പറയുന്നപോലെയാണ് ഇപ്പോള്‍....

ഇന്നത്തെ കേരള രാഷ്ട്രിയത്തിലേക്ക് വന്നാല്‍ വിവാദങ്ങളുടെ ചൂഴിയിലാണ് സര്‍ക്കാര്‍ ബിജു രമേശ്‌ ബിജു രാധാ കൃഷ്ണന്‍ ഇവരുടെ ആരോപണത്തെ എങ്ങെനെ കാണുന്നു.

തീര്‍ത്തും അടിസ്ഥാന രഹിതമായ ആരോപണമാണ് ഉമ്മന്‍ചാണ്ടിക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. 56 കേസുകളിലെ പ്രതി സ്വന്തം ഭാര്യയെ നിഷ്ട്ട്‌രമായി കൊന്ന കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതി അദേഹത്തിന് രക്ഷപെടുന്നതിനും നിയമത്തിന്‍റെ ആനുകൂല്യം ലഭിക്കുന്നതിനും വേണ്ടി നടത്തുന്ന രാഷ്ട്രിയ നാടകമാണ്‌ അദ്ദേഹം മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണം. എനന്‍റെ പേരില്‍ അങ്ങനെ ഒരു ആരോപണം ഉന്നയിച്ചത് നന്നായി എന്നാണു മുഖ്യമന്ത്രി പറഞ്ഞത് കാരണം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ജനങ്ങള്‍ക്കറിയാം അദേഹം ജീവിക്കുന്നത് ജനങ്ങള്‍ക്കിടയിലാണ് കുടുംബവും ആയിട്ടുള്ള സ്വകാര്യത കഴിഞ്ഞാല്‍ മുഴുവന്‍ സമയവും ജനങ്ങളുമായി ഇടപഴുകുന്ന ഉമ്മന്‍ചാണ്ടിയെ കുറിച്ചുള്ള ബിജു രാധാകൃഷ്ണന്‍റെ ആരോപണം മുഖ്യമന്ത്രിയുടെ യശസ്സ് വര്‍ധിച്ചുവെന്നാണ് എന്‍റെ അഭിപ്രായം. സോളാര്‍ കമ്മിഷന്‍ മൂന്ന് തവണ നോട്ടീസ് നല്‍കിയിട്ടും ഹാജരാവാതെ അവധിക്ക് വെക്കുകയും പിന്നിട് ഗൂഡാലോചന നടത്തി മുഖ്യമന്ത്രിയെ അവഹേളിക്കാനും അതുവഴി തനിക്ക് രക്ഷപെടാന്‍ വല്ല പഴുതും ഉണ്ടോയെന്നാണ് അദേഹം കരുതിയത്‌ ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മിഷന്‍ മുന്‍പാകെ പറഞ്ഞ കാര്യങ്ങള്‍ക്ക് തെളിവ് കൊണ്ടുവരാന്‍ സമയം കൊടുക്കുകയും അവസാനം കമ്മിഷന്‍ നേരിട്ട് തെളിവ് ശേഖരിക്കാന്‍ പോയിട്ടും ഹാജരാക്കാന്‍ കഴിയാത്ത സി ഡി വ്യജ ആരോപണമാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ ഇവിടെ അവഹെളിതരായത് പ്രതിപക്ഷമാണ് ഒരു കൊലയാളിയുടെ തട്ടിപ്പ്ക്കാരന്‍റെ വാക്ക് കേട്ട് മുഖ്യമന്ത്രിക്കെതിരെ തിരിഞ്ഞവര്‍ ഇപ്പോള്‍ നാണക്കേട്‌ മറക്കാന്‍ പാട്പെടുകയാണ്. പ്രതിപക്ഷത്തിന്‍റെ ഇത്തരം രീതികള്‍ നമ്മുടെ രാഷ്ട്രിയ മണ്ഡലത്തിന് ഒട്ടും യോജിച്ചതല്ലായെന്നാണ് എന്‍റെ പക്ഷം പിന്നെ ബിജു രമേശ്‌ ആരോപണം ഉന്നയിക്കുന്നത് മദ്യനിരോധനം വന്നതുമൂലം ബാറുകള്‍ അടച്ചുപൂട്ടിയത്കൊണ്ട് കോടികളുടെ നഷ്ട്ടം സംഭവിച്ച ബാര്‍ ഉടമകളും ബിജു രമേശനും ചേര്‍ന്ന് സര്‍ക്കാരിനെതിരായി നിരംന്തരം ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്.ബാര്‍ കേസില്‍ കോഴ കൊടുത്തതിന് തെളിവുണ്ടെങ്കില്‍ കോടതിയില്‍ പോകാം നിയമപരമായി നേരിടാം.ദിവസവും ചാനലില്‍ വന്ന് പുകമറ സൃഷ്ട്ടിച്ചുകൊണ്ട് നടത്തുന്ന അധരവ്യായാമങ്ങള്‍ കേരള ജനത തള്ളികളയുമെന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല. സര്‍ക്കാര്‍ നയങ്ങള്‍ വെക്തമാണ് സര്‍ക്കാരിന് ഇത്തരം ആളുകളുമായി ഒത്തുകളിക്കണമെങ്കില്‍ ബാര്‍ പൂട്ടാതിരിക്കാം,കോടതിയില്‍ ഇവര്‍ക്ക് അനുകൂലമായി നിലപാടുകള്‍ എടുക്കാം പക്ഷെ സര്‍ക്കാര്‍ ഇത്തരം ആളുകളുടെ ഭീഷണികള്‍ക്ക് വഴങ്ങില്ലായെന്ന് കണ്ടപ്പോള്‍ നിരന്തരം സര്‍ക്കാരിനെ അപകീര്‍ത്തിപെടുത്താന്‍ ആരോപണങ്ങള്‍ ഉന്നയിച്ച് പുകമറ സൃഷ്ട്ടിക്കാന്‍ ശ്രമിക്കുകയാണ്.

മാണിയുടെ രാജിയെ കുറിച്ച് ?

കോടതിയുടെ പരാമര്‍ശത്തെ തുടര്‍ന്നാണ്‌ അദ്ദേഹം രാജിവെച്ചത് മാണിക്കെതിരെയുള്ള ബാര്‍കോഴ കേസ് തെളിവില്ലായെന്നുള്ളതാണ് വിജിലന്‍സ്‌ കണ്ടെത്തല്‍ കേസ് അവസാനിപ്പിക്കുന്നതിനായി വിജിലന്‍സ് കോടതിയില്‍ കൊടുത്ത അപേക്ഷ തള്ളുകയും വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ കോടതിയില്‍ നിന്നുണ്ടായ പരാമര്‍ശം നീക്കുന്നതിനായി ഹൈക്കോടതിയില്‍ പോകുകയും അവിടെ നിന്നുണ്ടായ കോടതിയുടെ പരാമര്‍ശം കണക്കിലെടുത്തും നിയമമന്ത്രി എന്ന നിലയിലുമാണ് കെ.എം മാണി രാജി വെച്ചത്. കോടതിയുടെ പരിഗണയില്‍ ഇരിക്കുന്ന വിഷയമായതിനാല്‍ ഞാന്‍ ഇപ്പോള്‍ അതിനെ കുറിച്ച് കൂടുതല്‍ പ്രതികരിക്കുന്നത് ശരിയല്ല. മാണിസാര്‍ യു ഡി എഫ് ന്റെ ഭാഗമാണ്. കോടതിയില്‍ അദ്ദേഹം നിരപരാധിത്വം തെളിയിച്ച് തിരിച്ചുവരുമെന്നാണ് എന്‍റെ പ്രതീക്ഷ.

തദേശസ്വയഭരണ തെരഞ്ഞെടുപ്പില്‍ ഉണ്ടായ തോല്‍വി ബാര്‍ കോഴ ആരോപണമാണോ ? അതോ പാര്‍ട്ടിയിലെ വിമതശല്യമാണോ??

രണ്ടും ചെറിയ ഘടകമായി പ്രവര്‍ത്തിച്ചിട്ടുണ്ട് വലിയൊരു തോല്‍വി തദേശസ്വയഭരണ തെരഞ്ഞെടുപ്പില്‍ ഉണ്ടായിട്ടില്ല യു ഡി എഫ് ഉം എല്‍ ഡി എഫ് ഉം തമ്മില്‍ 24,000 വോട്ടിന്‍റെ വിത്യാസമേ ഉള്ളു. യു ഡി എഫ് ന്‍റെ അടിത്തറ ഭദ്രമാണ്. എങ്കിലും വിമത സ്ഥാനാര്‍ത്തികളുടെ വരവ് ചില സ്ഥലങ്ങളില്‍ സീറ്റ്‌ നഷ്ട്ടപെടുന്നതിന് കാരണമായിട്ടുണ്ട്.പഞ്ചായത്ത് മുന്‍സിപ്പല്‍ കോര്‍പറഷന്‍ വാര്‍ഡുകളില്‍ ഇരുപത്തിയഞ്ചും അമ്പതും വോട്ടുകള്‍ക്കാണ് പല സീറ്റുകളും വിജയിക്കുന്നത് അവിടെ ഇത്തരം വിമത സ്ഥാനാര്തികളുടെ വരവ് പാര്‍ട്ടിക്ക് ദോഷം ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ ഒരിക്കലും ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ല. ബി ജെ പി വിരോധം ഉയര്‍ത്തിപിടിച്ച്‌ ജമാഅത്തെ ഇസ്ലാമിയുമായും എസ് ഡി പി ഐ പോലുള്ള മത സംഘടനകളുമായി പരസ്യമായി കൂട്ട് കെട്ടുണ്ടാക്കി ഉദാഹരണം ഇരാറ്റുപേട്ട മുന്‍സിപാലിറ്റി പുതുതായി രൂപം കൊണ്ടതാണ് അവിടെ സി പി എം പതിനൊന്ന് സീറ്റില്‍ ജമാഅത്തെ ഇസ്ലാമിയുമായും എസ് ഡി പി ഐ യുമായും സഖ്യത്തിലായിരുന്നു.ഈ വാര്‍ഡുകളില്‍ സി പി എം സ്ഥാനാര്തികള്‍ക്ക് കിട്ടിയത് അമ്പതും മുപ്പത്തിയഞ്ചും വോട്ടുകളുമാണ് സി പി എം പോലുള്ളപാര്‍ട്ടിക്ക് ഒരു വാര്‍ഡില്‍ 35 വോട്ടാണോ കിട്ടുന്നത്? മറിച്ച് 17 സീറ്റ്‌ കിട്ടുകയും ചെയ്തു.ഇത്തരം കൂട്ടുകെട്ടുകള്‍ വഴി തദേശ സ്വയഭരണ തെരഞ്ഞെടുപ്പില്‍ സി പി എം അല്‍പ്പം മുന്‍‌തൂക്കം ലഭിച്ചു എന്നത് വസ്തുതയാണ്.

പലവിഷയങ്ങളിലും മുഖ്യമന്ത്രിയുടെ മൃദുവായ പ്രതികരണം വിവാദങ്ങള്‍ വിളിച്ചുവരുത്തുന്നുണ്ടോ?

ഉമ്മന്‍ചാണ്ടിയുടെ ശൈലി ആരെയും കടന്നാക്രമിക്കുന്നതോ ആരെയും വാക്കുകള്‍ കൊണ്ട് ദ്രോഹിക്കുന്നതോ അല്ല പല വിഷയങ്ങളിലും അദ്ദേഹത്തിന്‍റെ ശൈലി വേറെയാണ് നിയമസഭകകത്ത് അദേഹം ചടുലമായി പ്രതികരിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട് അദേഹം സഭ്യത നിറഞ്ഞ പ്രസ്താവന പറയാറുള്ളൂ പിണറായി വിജയനെ പോലെ അച്ചുതാനന്ദനെ പോലെ വളരെ മോശമായ പദപ്രയോഗങ്ങള്‍ ഉമ്മന്‍‌ചാണ്ടി ഉപയോഗിക്കാറില്ല എടോ ഗോപാല കൃഷ്ണാ, നികൃഷ്ടജീവി, പരനാറി ഇത്തരം പ്രയോഗങ്ങള്‍ നടത്തുന്നവര്‍ ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയെ മൃദുവായ നിലപാട് എന്ന് പറയുന്നുത് രാഷ്ട്രിയ കാപട്യമാണ്.ഇന്ത്യയില്‍ ബി ജെ പി യുമായി ധാരണ ഉണ്ടാക്കാത്ത എക പാര്‍ട്ടി കോണ്‍ഗ്രസാണ്.ബി ജെ പി യുടെ നേതാവ് കെ ജി മാരാരുടെ അത്മകഥയില്‍ വളരെ വെക്തമായി പറഞ്ഞിട്ടുണ്ട് സി പി എം മായി പലവിധത്തിലും തെരഞ്ഞെടുപ്പു സമയത്തും അല്ലാത്തപ്പോഴും സഹകരിച്ചിട്ടുണ്ടന്ന് ഇതിനെതിരെ ഇന്നുവരെ നിഷേധിക്കാന്‍ സി പി എം മുന്നോട്ട് വന്നിട്ടില്ല. അടിയന്തിരാവസ്ഥ കാലത്ത് ഗാന്ധി വധവുമായി നിരോധിച്ചിരുന്ന ഇന്ത്യന്‍ ജനത വെറുത്തിരുന്നു ആര്‍ എസ് എസ് ഉള്‍പെടുന്ന ഹിന്ദു പരിവാര്‍, ഇന്നത്തെ ബി ജെ പി ആയ ജനസംഘം പാര്‍ട്ടിയുമായി കല്‍ക്കട്ടയില്‍ ജോതിബാസു അദ്വാനി ഇ എം എസ്, വാജിപായി തുടങ്ങിയവര്‍ ഒന്നിച്ച് ഒരു വേദിയില്‍ ഒന്നിച്ചുകൂടി സംയുക്ത സമ്മേളനം നടത്തി ജനങ്ങള്‍ വെറുത്ത് തള്ളികളഞ്ഞ ബി ജെ പി യെ കൈപിടിച്ചുയുര്‍ത്തി അവരെ മഹത്വവല്ക്കരിച്ചവരാണ് ഇന്ത്യയിലെ സി പി എം ക്കാര്‍ കൂടാതെ വീണ്ടും വി പി സിംഗ് കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയപ്പോള്‍ കോണ്‍ഗ്രസിനെ അടിക്കാന്‍ വീണ്ടും അലഹബാദില്‍ ഇ എം എസ് ഉം അദ്വാനിയും വ പി സിങ്ങും ഒന്നിച്ചുകൂടി തെരഞ്ഞെടുപ്പ് കൂട്ട് കേട്ട് ഉണ്ടാക്കി രണ്ട് സീറ്റ്‌ ഉണ്ടായിരുന്ന ബി ജെ പി യെ 82 സീറ്റിലേക്ക് വളര്‍ത്തിയത് സി പി എം ആണ് ഏറ്റവും ഒടുവില്‍ കുമ്മനം രാജശേഖരന്‍ ബി ജെ പി അധ്യക്ഷനാകുന്നു ആരും ശ്രദ്ധിക്കാതെ കേവലം ഒരു ആര്‍ എസ് എസ് പ്രവര്‍ത്തകനായിരുന്ന കുമ്മനം കേരളത്തില്‍ ശ്രദ്ധിക്കപെട്ടത് ആറമുള വിമാനത്താവളത്തിനെതിരെയുള്ള സമരത്തില്‍ ബി ജെ പി യുടെ സമരം നയിച്ചത് കുമ്മനം ആണ് അവര്‍ക്കൊപ്പം നിന്ന് സമരം ചെയ്തവരാണ് സി പി എം കുമ്മനം പ്രസിഡന്റ് ആയി വന്നതില്‍ ചെറിയ പങ്ക് അറിഞ്ഞോ അറിയാതെയോ സി പി എം നു ഉണ്ട്.

വെള്ളാപ്പള്ളി നടേശന്‍റെ ബി ജെ പി സംഘപരിവാര്‍ സഖ്യത്തെ എങ്ങനെ കാണുന്നു.പുതിയ പാര്‍ട്ടി.കേരളത്തില്‍ വേര് പിടിക്കുമോ ?

കേരളിയസമൂഹം മതേതര സ്വഭാവം ഉയര്‍ത്തിപിടിക്കുന്ന നാടാണ് ഏതു കമ്മ്യൂണിറ്റിയില്‍ പെട്ടാലും ഹിന്ദു ,മുസ്ലിം കൃസ്ത്യന്‍ മറ്റു ഏത് മതവിഭാഗങ്ങളെ എടുത്താലും അവര്‍ക്കെല്ലാം മതനിലപാട് ഉണ്ട് പക്ഷെ കേരളത്തിന്‍റെ പൊതുസമൂഹത്തില്‍ പൊതുവായ നിലപാടില്‍ ഒന്നിച്ചു നില്‍ക്കുന്ന മതേതര സ്വഭാവമാണ് നമുക്കുള്ളത്.വര്‍ഗിയത നമ്മുടെ നാട്ടില്‍ ചിലാവികില്ല താല്‍കാലികമായി ചെറിയ ലാഭങ്ങള്‍ കിട്ടിയാലും ആത്യന്തികമായി വെള്ളാപള്ളിക്കും കൂട്ടര്‍ക്കും മതേതര കേരളം ശക്തമായ തിരിച്ചടി നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല,

ആര്‍ ശങ്കര്‍ പ്രതിമ്മാഅനച്ചാദനം മുഖ്യമന്ത്രിയെ ഒഴിവാക്കിയ നടപടിയെ എങ്ങനെ വിലയിരുത്തുന്നു. പിണറായി പറഞ്ഞത് ഉമ്മന്‍‌ചാണ്ടിയുടെയും വെള്ളാപള്ളിയുടെയും ഒത്തുകളിയാണ് പ്രതിമാ വിവാദമെന്നാണ് എങ്ങനെ പ്രതികരിക്കുന്നു ?

പ്രതിമാഅനുച്ചാദനത്തില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ഉമ്മന്‍ചാണ്ടിയെ അനൂകൂലിച്ച് സംസാരിച്ചവരാണ് സി പി എം അടക്കമുള്ള ഇടതു നേതാക്കള്‍ പ്രതിമാ വിവാദത്തില്‍ മുഖ്യമന്ത്രിക്ക് ജനപിന്തുണ വര്‍ധിക്കുന്നു എന്നുകണ്ടപ്പോള്‍ പെട്ടന്ന് നിയമസഭ തെരഞ്ഞെടുപ്പു മുന്നില്‍കണ്ട് മുന്‍പ്രസ്താവനയില്‍ നിന്ന് പിന്നോട്ട് പോകുകയും തങ്ങള്‍ക്ക് പറ്റിയ മണ്ടത്തരം ഓര്‍ത്ത്‌ ആ ജ്യാളിതയില്‍ നിന്നുണ്ടായ ഒന്നാണ് ഇപ്പോള്‍ ആരോപിക്കുന്ന ഒത്തുകളി പരാമര്‍ശം .നേരത്തെയുള്ള പ്രസ്താവനയില്‍ ഉറച്ചു നിന്നാല്‍ അവര്‍ക്ക് കൂടുതല്‍ ക്ഷീണം സംഭവിക്കുമെന്ന് മനസിലാക്കിയാണ് പുതിയ അടവ് പിണറായി പറയുന്നത് ഇതുപോലെ പലതും ഇതിനുമുന്‍പും അവര്‍ പറഞ്ഞിട്ടുണ്ട് സുഭാഷ് ചന്ദ്ര ബോസ് ചെറ്റയാണ്‌ ഗാന്ധിജി ബ്രിട്ടിഷ്കാരുടെ ചെരുപ്പ് നക്കിയാണ് എന്നെല്ലാം പറഞ്ഞു നടന്നവര്‍ പിന്നിട് എന്താണ് പറഞ്ഞതെന്ന് സമൂഹം കണ്ടതാണ് അതിന്‍റെ മറ്റൊരു രൂപമാണ് ഉമ്മന്‍‌ചാണ്ടിയെ തെറിവിളിക്കുകയും ചീത്തപറയുകയും ചെയ്യുന്നത് താല്‍ക്കാലിക നേട്ടത്തിനായി എന്തും പറയുക ചെയ്യുക എന്നുള്ളത് സി പി എം പിന്തുടര്‍ന്ന് പോരുന്ന അടവുനയമാണ് അതുതന്നെയാണ് ഇപോഴത്തെ പ്രസ്താവനയിലും കാണുന്നത്

******ശേഷം അടുത്ത ഭാഗത്തില്‍.*******

Advertisment