Advertisment

ബാംഗ്ലൂരില്‍ മഴമരണം 9 ആയി. പാതി മുങ്ങിയ കാറില്‍ നിന്നും യുവതിയെ രക്ഷിച്ചു. സര്‍ക്കാരിനെതിരെയും ജനരോക്ഷം

New Update

ബാംഗ്ലൂര്‍ ∙ രണ്ടാഴ്ചയിലേറെയായി തുടരുന്ന കനത്ത മഴയിൽ ബാംഗ്ലൂരില്‍ മരണം 9 ആയി. വെള്ളിയാഴ്ച രാവിലെ എട്ടര മുതൽ 48 മില്ലിമീറ്റർ മഴയാണ് ബെംഗളൂരുവിൽ രേഖപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം മലവെള്ളപ്പാച്ചിലിൽ പെട്ട് കാണാതായ പൂജാരിയുടെ മൃതദേഹം ശനിയാഴ്ച ലഭിച്ചു. അതേസമയം മലവെള്ളപ്പാച്ചിലിനിടെ കാണാതായ അമ്മയെയും ( 52 ) മകളെയും ( 22 ) ഇതുവരെ കണ്ടെത്താനായിട്ടില്ല .

publive-image

കനത്ത മഴയിൽ ബെംഗളൂരുവിൽ പലയിടത്തും റോഡിൽ വെള്ളക്കെട്ടാണ്. അപകടസാധ്യതയുള്ളതിനാൽ അത്തരം റോഡുകളിലൂടെ കാർ യാത്ര ഒഴിവാക്കണമെന്നും നിർദേശമുണ്ട്. മൂന്നു സംഘങ്ങളായി ബൃഹദ് ബെംഗളൂരു മഹാനഗര പാലികെ(ബിബിഎംപി)യും ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.

വെള്ളക്കെട്ടിൽ പാതി മുങ്ങിയ കാറിൽ നിന്ന് യുവതിയെ രക്ഷിക്കുന്ന ദൃശ്യങ്ങൾ സമുഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. കാറിന്റെ മുൻഭാഗം വെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്നു. കാറിനകത്ത് ആളുണ്ടെന്നു തിരിച്ചറിഞ്ഞ മൂന്നു പൊലീസുകാരാണ് രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയത്. പ്രദേശവാസികളും ഒപ്പം ചേർന്നു.

എന്നാൽ ഒൻപതു പേരുടെ മരണം ദൗർഭാഗ്യകരമായെന്നും സംഭവത്തെ രാഷ്ട്രീയവത്കരിക്കാനാണ് ബിജെപി ശ്രമമെന്നും സിദ്ധരാമയ്യ തിരിച്ചടിച്ചു. മുഖ്യമന്ത്രിയും മന്ത്രി കെ.ജെ.ജോർജും ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചെങ്കിലും രോഷത്തോടെയാണ് ജനങ്ങൾ സ്വീകരിച്ചത്. വീട്ടിലേക്ക് മഴവെള്ളം ഇരച്ചുകയറിയപ്പോൾ തങ്ങളെ രക്ഷിക്കാൻ ആരുമുണ്ടായിരുന്നില്ലെന്നായിരുന്നു പ്രധാന പരാതി.

നഗരത്തിലെ ഓടകളുടെ നിർമാണത്തിലെ നിലവാരത്തകർച്ചയും അശാസ്ത്രീയതയുമാണ് വെള്ളക്കെട്ടിനു കാരണമായതെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചത് മുഖ്യമന്ത്രി നിഷേധിച്ചു. 47 ദിവസമായി തുടരുന്ന മഴയാണ് എല്ലാം തകിടം മറിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ദുരിതബാധിതകർക്ക് സഹായമെത്തിക്കാനാണ് പ്രാഥമിക പരിഗണന. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപയും പരുക്കേറ്റവരുടെ ബന്ധുക്കൾക്ക് അർഹമായ നഷ്ടപരിഹാരവും നൽകുമെന്നും സിദ്ധരാമയ്യ പറഞ്ഞു. ഓടകളിൽ നിറഞ്ഞ തടസ്സങ്ങൾ നീക്കാനും നഗരത്തിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനുമുള്ള ശ്രമങ്ങൾ ആരംഭിച്ചതായും മന്ത്രി അറിയിച്ചു.

Bangalore Metro
Advertisment