Advertisment

ബിഗ്‌ ബജറ്റ് ചിത്രങ്ങള്‍ പിടിച്ച സൂപ്പര്‍ നിര്‍മ്മാതാക്കളില്‍ ചിലര്‍ ആത്മഹത്യ ചെയ്തു ? മറ്റു ചിലര്‍ പിച്ചക്കാരായി @ മലയാളസിനിമ കണ്ടുപോയ വൻബഡ്ജറ്റ് ചിത്ര പ്രഖ്യാപനങ്ങളുടെ വസന്തകാലം ? ആദ്യം പടം ഇറങ്ങട്ടെ.. പ്രേക്ഷകര്‍ തിയറ്ററിൽ പോയി കണ്ടോളും !!

New Update

1980കാലഘട്ടങ്ങളിൽ മാതൃഭൂമിയും മനോരമയും വെള്ളിയാഴ്ചകളിൽ കാണുവാൻ വലിയ രസമായിരുന്നു.

വീണ്ടും ചലിക്കുന്ന ചക്രവും വെള്ളവും അനുബന്ധവും ഒക്കെ മുഴുവൻ പേജുകളിൽ റിലീസ് ചെയ്യുമ്പോൾ ഖുർബാനിയും മൈ ഡിയർ കുട്ടിച്ചാത്തനും ഒക്കെ ഡബിൾ പേജുകളിൽ റിലീസ് ചെയ്യുമായിരുന്നു .

Advertisment

തൃശൂർ രാഗത്തിൽ റിലീസ് ചെയ്ത ഖുർബാനിയും പടയോട്ടവും ഒക്കെ ഞങ്ങളുടെ ഗ്രാമത്തിലെ മതിലുകളിൽ ഭീമൻ പോസ്റ്ററുകളായി സ്ഥാനം പിടിച്ചപ്പോൾ ആ പോസ്റ്ററുകൾ കീറാതെ സംരക്ഷിക്കേണ്ടത് അന്നാട്ടിലെ സിനിമാ കമ്പക്കാരുടെ ചുമതലയായിരുന്നു .

publive-image

പിന്നീട് ഓണം വരുമ്പോഴും വിഷുവിനും റംസാനിലും ബക്രീദിലും ക്രിസ്തുമസിലും ഇറങ്ങുവാൻ പോകുന്ന ചിത്രങ്ങളുടെ ലിസ്റ്റും അമ്പതും നൂറും നാളുകൾ ഓടിയ ചിത്രങ്ങളുടെ പോസ്റ്ററുകളും സെൻട്രൽ പിക്ചേഴ്സും കുമാരസ്വാമി പിക്ചേഴ്സും നവോദയയും ജൂബിലിയും ഒക്കെ പത്രങ്ങളിലൂടെ നമ്മളെ അറിയിക്കു൦ .

അപ്പോള്‍ ഐ വി ശശിയുടെ വരാൻ പോകുന്ന ചിത്രങ്ങളും ജോഷിയുടെ ചിത്രങ്ങളും ഒക്കെ പേരുകൾ വെക്കാതെ പ്രൊഡക്ഷൻ നമ്പർ വൺ , പ്രൊഡക്ഷൻ നമ്പർ ടു , പ്രൊഡക്ഷൻ നമ്പർ ത്രീ എന്നൊക്കെയുള്ള പരസ്യങ്ങളില്‍ കാണുമ്പോൾ അതിന്റെ മാഹാത്മ്യത്തെ കുറിച്ചായിരുന്നു ഞങ്ങൾ ചർച്ച ചെയ്തിരുന്നത് .

പ്രിയദര്‍ശന്‍ - സാജന്‍ ടീമിന്‍റെ "ആദ്യ" നമ്പര്‍ വണ്‍

ബിഗ്‌ ബജറ്റ് ചിത്രം - "കടത്തനാടൻ അമ്പാടി"

ഇന്ത്യയിലെ ആദ്യത്തെ സിനിമാസ്കോപ് ചിത്രവും 70 എംഎം ചിത്രവും ത്രീ ഡി ചിത്രവും ഒക്കെ നവോദയ ഇറക്കിയപ്പോൾ ജഗദീഷിനെയും പ്രിയദർശനെയും ഒക്കെ ഒതുക്കിക്കൊണ്ട് അപ്പച്ചൻ ജിജോ പുന്നൂസിന്റെ പേര് തിരുകിക്കയറ്റിയപ്പോൾ പ്രിയൻ ഓറിയന്റൽ സാജനെ കൂട്ടുപിടിച്ചുകൊണ്ട് കേരളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമായി കടത്തനാടൻ അമ്പാടി അനൗൺസ് ചെയ്തു .

ഇതിൽ അസൂയപൂണ്ട അപ്പച്ചൻ മുഖ്യധാരാ കോട്ടയം പത്രങ്ങളെ കൂട്ടുപിടിച്ചുകൊണ്ട് സാജന്‍റെ വരുമാന സ്രോതസ്സായ ഓറിയന്റൽ ബ്ലേഡ് കമ്പനി പൊളിപ്പിച്ചു . അങ്ങനെ സാജന്‍ അറസ്റ്റിലായി . അതോടെ ഷൂട്ടിംഗ് പോലും കഴിഞ്ഞ കടത്തനാടൻ അമ്പാടി ബാക്കി കുറച്ചു കാര്യങ്ങള്‍ മാത്രമുള്ളതുപോലും ചെയ്ത് തീര്‍ക്കാന്‍ കഴിയാതെ മുടങ്ങിപ്പോകുകയും ചെയ്തു . പിന്നീട് സുപ്രീം കോടതി വിധിപ്രകാരം കടത്തനാടൻ അമ്പാടി അപ്പച്ചന്റെ കൈവശം വരികയും ചെയ്തു.

പക്ഷെ അപ്പോഴേയ്ക്കും തിരക്കഥയും സംഭാഷണവും എഴുതിയ പുസ്തകം "കാണാതായി" . എന്നിട്ടും ഷൂട്ടിങ് കഴിഞ്ഞ സീനുകളിലെ നടന്മാരുടെ ചുണ്ടിന്റെ അനക്കം നോക്കിക്കൊണ്ട് വീണ്ടും സംഭാഷണം എഴുതി സിനിമ ഡബ്ബ് ചെയ്തു റിലീസ് ചെയ്തു .

പക്ഷെ ആരുടെയോ ശാപം എന്നപോലെ പടം ഏഴു നിലകളിൽ പൊട്ടി . ആ വാശി തീർക്കുവാൻ പ്രിയദർശൻ ഷിർദ്ദിസായിയുടെ പികെആർ പിള്ളയെക്കൊണ്ട് "ചിത്രം" നിർമ്മിക്കുകയും ആ സിനിമ എറണാകുളം ഷേണായീസിൽ 366 ദിവസങ്ങൾ ഓടിച്ചുകൊണ്ട് അപ്പച്ചൻ കുട്ടി ചാത്തനിലൂടെ ഉണ്ടാക്കിയ 365 എന്ന സംഖ്യ തകർക്കുകയും ചെയ്തു . അങ്ങനെ അതൊരു മധുരപ്രതികാരമായി മാറി .

ഒരേസമയത്ത് ചിത്രവും നായര്‍ സാബും പോലുള്ള രണ്ടു ചിത്രങ്ങള്‍ ഒന്നിച്ചു നിര്‍മ്മിച്ച ആളായിരുന്നു ഷിര്‍ദ്ദിസായി ഉടമയായ മുംബൈ വ്യവസായി പി ആര്‍ കെ പിള്ള. ഒടുവില്‍ മൂന്ന്‍ വര്‍ഷക്കാലം ചിത്രം, മുടങ്ങിക്കിടന്നപ്പോള്‍ ഒടുവില്‍ ഇത് പൂര്‍ത്തീകരിക്കാന്‍ വേണ്ടി നായര്‍ സാബ് ലിബര്‍ട്ടി ബഷീറിന് വിറ്റ്‌ ആ പണം കൊണ്ടാണ് ചിത്രം പൂര്‍ത്തീകരിച്ചത്. പി കെ ആര്‍ പിള്ളയും പിന്നീട് മലയാള സിനിമയുടെ മണ്ണില്‍ കാലുകുത്തിയിട്ടില്ല.

മമ്മുട്ടിയുടെ സിദ്ധാർത്ഥയും മോഹൻലാലിന്‍റെ

ധനുഷ്കോടിയും പോയ വഴി കണ്ടിട്ടില്ല

അക്കാലഘട്ടത്തിൽ അനൗൺസ് ചെയ്ത രണ്ടു ബിഗ് ബഡ്ജറ്റ് ചിത്രങ്ങളായിരുന്നു മമ്മുട്ടി - ഭദ്രൻ ടീമിന്റെ സിദ്ധാർത്ഥയും മോഹൻലാൽ ടി ദാമോദരൻ ടീമിന്റെ ധനുഷ്കോടിയും. കേരളത്തില്‍ ആകെയുള്ള ആയിരത്തില്‍ താഴെ തിയറ്ററുകളില്‍ ഒരു വര്‍ഷം തികച്ചു ഓടിയാലേ മുടക്കുമുതല്‍ തിരികെ കിട്ടൂ . അങ്ങനെ കണക്കുകൾ കൂട്ടിയും കിഴിച്ചും ഒക്കെ നോക്കിയപ്പോൾ നഷ്ടം മുന്നിൽ കണ്ടത് കൊണ്ടു ആ ചിത്രങ്ങൾക്ക് പകരം അയ്യർ ദ ഗ്രേറ്റ്, ആര്യൻ എന്നീ സിനിമകൾ ഇറങ്ങി.

പിന്നീട് തൊണ്ണൂറുകളിൽ ഈ വക അനൗൺസ്മെന്റുകൾ നമ്മുടെ സൂപ്പര്‍ ഹിറ്റ്‌ ആക്ഷന്‍ ചിത്രങ്ങളുടെ സംവിധായകന്‍ ഏറ്റെടുത്തു . അദ്ദേഹത്തിന്റെ ഏതെങ്കിലും ഒരു സിനിമയെങ്ങാനും ഹിറ്റ് ആയാൽ പിന്നെ ആ മാസം തന്നെ ചുരുങ്ങിയത് അഞ്ച് സിനിമകളെങ്കിലും അദ്ദേഹം അനൗൺസ് ചെയ്യും . അതും നേരത്തെ പറഞ്ഞതുപോലെ മമ്മുട്ടി & രഞ്ജി പണിക്കർ ഇൻ പ്രൊഡക്ഷൻ നമ്പർ 1 , മോഹൻലാൽ രഞ്ജിത്ത് ഇൻ പ്രൊഡക്ഷൻ നമ്പർ 2 എന്നൊക്കെയായിരിക്കും നമ്പറുകൾ .

ഒരു ഡിമാന്റ് സൃഷ്ടിക്കുവാനും മറ്റുള്ള നിർമ്മാതാക്കളിൽ ഒരു ചലനം സൃഷ്ടിക്കുവാനും അഡ്വാൻസ് തരപ്പെടുത്തുവാനും ആണ് സംവിധായകർ ഇക്കളിൽ കളിക്കുന്നത് എന്ന് ഒരിക്കൽ ലോഹിതദാസ് പറയുകയുണ്ടായി . ദി കിങ്ങിന് ശേഷം ഷാജി കൈലാസിന്‍റെ ബിഗ്ബഡ്ജറ്റ് ചിത്രമായ "കേണൽ" എവിടെപ്പോയെന്ന് ഒരു വിവരവുമില്ല .

പിന്നീട് ഇറങ്ങിയ ബിഗ് ബഡ്‌ജറ്റുകളായ ദുബായ് സിനിമയും കാസനോവയും രണ്ടും ദുബായിലായിരുന്നു ഷൂട്ടിങ് . ഈ രണ്ടു ചിത്രങ്ങളുടെയും പരാജയ കാരണങ്ങൾ ഈ മേഖലയുമായി ബന്ധപെട്ടവര്‍ക്ക് വ്യക്തമായറിയാം .

കേരളത്തിലെ ഒരു മോശമല്ലാത്ത നിർമ്മാതാവിനെ സാധാരണ സംവിധായകർക്കോ അണിയറ പ്രവർത്തകർക്കോ കാണുവാനും സംസാരിക്കുവാനും പാരകൾ പണിയുവാനും അത്ര എളുപ്പമല്ല. പക്ഷെ ദുബായിലെയും അബുദാബിയിലെയും ഖത്തറിലെയും ഏത് നിർമ്മാതാവിനെയും ആർക്കും നേരിട്ട് കാണാം. സംസാരിക്കാം അത്യാവശ്യം പാരകളും പണിയുവാൻ ഈസിയാണ് .

ആർക്കും ആരെയും നേരിട്ടു വിളിച്ചിട്ടു വന്നുകാണാം . ആയതിനാൽ ഇവിടെ ഷൂട്ടിങ് നടക്കുന്ന സമയത്ത് നാട്ടിൽ നിന്നും ഓരോരോ സംവിധായകരും ദുബായിക്ക് വണ്ടികയറി ഇക്കളികൾ കളിക്കുകയായിരുന്നു .

ഉദാഹരണം ; കാസനോവ ഷൂട്ട് സമയത്ത് റോഷന്റെ കയ്യിൽ നിന്നും നിർമ്മാതാവ് റോയിയുടെ നമ്പർ വാങ്ങി മറ്റൊരു നിർമ്മാതാവ് (ഓഡിയോ കാസറ്റുകാരൻ) അദ്ദേഹത്തെ പോയിക്കണ്ടുകൊണ്ട് റോഷനെതിരെ പാര പണിതു . . അതുപോലെ ആ സിനിമയെ ബെടക്കാക്കി തനിക്കാക്കുവാൻ ആ സിനിമയുമായി വളരെ അടുത്തുള്ളവർ വരെ ശ്രമിച്ചു എന്നതും സിനിമയുടെ തകർച്ചക്ക് മറ്റൊരു കാരണമായി .

മമ്മുട്ടിയുടെ കുഞ്ഞാലി മരക്കാരും മോഹൻലാലിന്റെ

വേലുത്തമ്പി ദളവയും സ്വപ്നത്തില്‍ പോലും കാണാന്‍ കഴിയില്ല

പഴശ്ശിരാജയും ഷൂട്ടിങ് സമയത്ത് കണ്ടമാനം ദുരിതങ്ങൾ നേരിട്ട ഒരു സിനിമയാണ്. കനത്തമഴയിൽ ഷൂട്ടിങ് സെറ്റുകൾ തകർന്നതും , ഒരപകടത്തിൽ കുതിരകൾ കുറെയെണ്ണം ചത്തതും എന്തിനധികം ഷൂട്ടിങ് നടക്കുന്ന സമയത്ത് നിർമ്മാതാവിന്റെ മകൻ ഒരപകടത്തിൽ മരണപ്പെടുകയും ചെയ്തത് നമുക്കറിയാം .

പിന്നീട് ഇക്കഴിഞ്ഞ പത്ത് വര്‍ഷമായി നമ്മൾ കേൾക്കുന്ന ചില പേരുകളാണ് മമ്മുട്ടിയുടെ കുഞ്ഞാലി മരക്കാരും മോഹൻലാലിന്റെ വേലുത്തമ്പി ദളവയും. വീണ്ടും മമ്മുട്ടിയുടെ മാർത്താണ്ഡവർമ്മയും , കമലഹാസന്റെ മരുതനായകവും ഒക്കെ . ഇതൊന്നും യാഥാർഥ്യമാവുന്ന ലക്ഷണങ്ങൾ ഒന്നും കാണുന്നില്ല .

പല സംവിധായകരും നിർമ്മാതാക്കളും തങ്ങൾ നേരിടുന്ന സാമ്പത്തിക ക്ലേശങ്ങളിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടുവാനും , കടക്കാരെ പിടിച്ചു നിർത്തുവാനു൦ നടത്തുന്ന ഒരുപാധിയായിട്ടാണ് വലിയ വലിയ സിനിമകളുടെ പ്രഖ്യാപനങ്ങൾ എന്നാണ് മലയാള സിനിമാ മാർക്കറ്റിലെ പൊതുവായ സംസാരം . ഇതിനുവേണ്ടി പ്രവൃത്തിക്കുന്ന പിആർ കമ്പനികൾ വരെയുണ്ടത്രെ .

ഉദാഹരണമായി ഇക്കഴിഞ്ഞ വര്‍ഷം ദുബായിലെ ആഡംബര ഹോട്ടലായ ബുർജ് അൽ അറബിൽ വെച്ച് ഒരു വലിയ മലയാളം സിനിമയുടെ പ്രഖ്യാപനം നടന്നു . ഈ പാവങ്ങളും അതിൽ ദൃക്‌സാക്ഷികൾ ആയിരുന്നു . കർണ്ണൻ എന്ന് പേരിട്ട ആ സിനിമ ആർ എസ് വിമൽ എന്ന സംവിധായകനാണ് അനൗൺസ് ചെയ്തത് . പൃഥ്വിരാജ് മുഖ്യവേഷത്തിൽ വരുന്ന ചിത്രത്തിന്റെ നിർമ്മാതാവ് എടപ്പാളുകാരനാണ് .

2000 തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്നു പ്രഖ്യാപിച്ച സിനിമയുടെ യാതൊരു വിവരവും പിന്നെ കേൾക്കാനില്ല. പിന്നീട് അറിയുവാൻ കഴിഞ്ഞത് ആകെ മൊത്തം അടിച്ചു പിരിഞ്ഞു എന്നാണ് . സംവിധായകൻ പറയുന്നത് നിർമ്മാതാവ് ഈ പേരിൽ കുറെയധികം ഇൻവെസ്റ്റ്മെൻറ്സ് ജനങ്ങളിൽ നിന്നും തരപ്പെടുത്തി എന്നാണ് . പക്ഷെ നിർമ്മാതാവ് പറയുന്നത് സംവിധയകന് വിവരമില്ല എന്നാണ്. ഇനി പൃഥ്വിരാജ് എന്താണ് പറയുന്നതെന്ന് കാത്തിരിക്കാം .

നോഹയുടെ പെട്ടകം പെട്ടിയിലായി

നോഹയുടെ പെട്ടകം എന്നൊരു ബിഗ് ബഡ്ജറ്റുമായി വന്ന അപ്പച്ചൻ പിന്നീട് ഒന്നും ചെയ്തതായി കണ്ടില്ല. ഒന്നോ രണ്ടോ എപ്പിസോഡുകൾ മാത്രമാണ് ദൂരദർശനിൽ കാണിച്ചത്. കളിച്ചത് ദൂരദര്‍ശന്‍ ആണെന്ന് അപ്പച്ചനും അതല്ല അപ്പച്ചന് ബിഗ്‌ ബജറ്റ് സീരിയല്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്ന് ദൂരദര്‍ശനും പറയുന്നു . എന്തായാലും അന്നത്തെ കാലത്ത് രണ്ടു കോടി അപ്പച്ചന്‍ പെട്ടകത്തില്‍ കളഞ്ഞു .

മരുതനായകത്തോടെ കമൽ ഹാസന്റെ എല്ലാം അവസാനിച്ചു , ജീവിതത്തിൽ നേടിയ സമ്പാദ്യമെല്ലാം ഒരൊറ്റ സിനിമയോടെ കത്തിച്ചു കളഞ്ഞപ്പോൾ കമലഹാസൻ ഇപ്പോഴും ഒരു കടക്കാരനായി ജീവിക്കുന്നു .

ആത്മഹത്യ ചെയ്തവരും കടക്കെണിയിലായവരും ചില്ലറക്കാരല്ല

തമിഴ്‍നാട്ടിലെ മണിരത്നം ചിത്രങ്ങളുടെ നിർമ്മാതാവായിരുന്ന ജിവി എന്ന് വിളിച്ചിരുന്ന ജി വെങ്കിടേശ്വരൻ സ്വന്തം വീട്ടിൽ വെച്ച് ആത്മഹത്യ ചെയ്തു . കോടികൾ ഇറക്കി അമ്മാനമാടിയ കെടി കുഞ്ഞുമോൻ ആയിരം രൂപക്ക് വരെ കൈനീട്ടേണ്ട അവസ്ഥയിലായി മാറിയിരുന്നു .

എബിസി കോർപ്പറേഷൻ ഉണ്ടാക്കിയ അമിതാഭ് ബച്ചന്റെ വീടുകൾ ബാങ്കുകാർ ജപ്തി ചെയ്തു. ബിആർ ചോപ്രയും വിബികെ മേനോനും ഒക്കെ ഇപ്പോൾ ജപ്തി നടപടികൾ നേരിടുന്നു . യെന്തിരന്റെ നിർമ്മാതാക്കളായ സൺ നെറ്റവർക്ക് കേസുകളിൽ കുടുങ്ങിയപ്പോൾ മറ്റൊരു നിർമ്മാതാവ് സക്‌സേന ഇപ്പോൾ കടക്കെണിയിൽ അലയുന്നു .

പഴശ്ശിരാജയുടെ നിർമ്മാതാവിന് മകൻ നഷ്ടപ്പെട്ടപ്പോൾ മറ്റു വല വമ്പന്മാരും ഇപ്പോൾ ദുബായിലും സിങ്കപ്പൂരിലും ഒളിച്ചു താമസിക്കുന്നു .

പേരുമോശം വന്ന ചില ബ്രാൻഡുകൾക്കു പേര് തിരിച്ചുപിടിക്കുവാൻ ബിഗ് ബഡ്‌ജറ്റ്‌ ചിത്രങ്ങൾ പ്രഖ്യാപിക്കാം , കാരണം ഇത്രത്തോളം പബ്ലിസിറ്റി അവർ മറ്റെന്തു ചെയ്താലും കിട്ടത്തില്ല . ആയതിനാൽ ബിഗ് ബഡ്‌ജറ്റ്‌ ചിത്രങ്ങൾ എന്ന് കേൾക്കുമ്പോൾ ഒന്ന് രണ്ടു വട്ടം ആലോചിച്ചിട്ടേ അതേക്കുറിച്ചു പ്രതികരിക്കുവാനും എഴുതുവാനും പാടുള്ളൂ .

ഇതേക്കുറിച്ച് കൂടുതല്‍ അറിയണമെങ്കില്‍ ഇത്തരം ബിഗ്‌ ബജറ്റ് പ്രഖ്യാപിച്ച് ഓടിയോളിച്ചവരുടെയും പടം പിടിച്ചു പൊളിഞ്ഞവരുടെയും യഥാര്‍ത്ഥ കഥകള്‍ അറിയണം ; ഓരോന്ന് ഓരോന്നായി അറിയണം . അത് പിന്നാലെ അറിയിക്കും എന്നുറപ്പ് ?

അതുകൊണ്ട് ഇങ്ങനെ ആടിനെ പട്ടിയാക്കുന്ന സിനിമാ പ്രഖ്യാപനങ്ങളിൽ കുടുങ്ങാതെ സിനിമ ഇറങ്ങുമ്പോൾ ക്യൂവിൽ നിന്നും ടിക്കറ്റെടുത്ത് കണ്ടുകൊള്ളാം എന്നുറച്ച് വിശ്വസിച്ചുകൊണ്ട്,

കർണ്ണൻ സിനിമയിൽ വേഷം മോഹിച്ചുകൊണ്ട് ദാസനും

പടമൊന്നുമില്ലാതെ അസൂയയോടെ വിജയനും

karnan bigfilims
Advertisment