Advertisment

റൺ ടൈഗർ റൺ ......

New Update

എന്റെ വാച്ചിന്റെ ഇളം പച്ച ബാക്ക് ലൈറ്റ് പുലർച്ചെ രണ്ടരയെന്നറിയിച്ചു. ആ സമയം കൂരിരുളിന്റെ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് തണുത്തുറഞ്ഞ ഏതോ ജലാശയത്തിന്റെ പ്രതലത്തിൽ തെറ്റിത്തെറിക്കുന്ന കല്ലിന്റെ ശബ്ദം ഓർമ്മിപ്പിക്കുംവണ്ണം ഒരു നാട്ടുരാച്ചുക്കിന്റെ പരിഭ്രമനാദവും മുഴങ്ങി ഘടികാരത്തിന് യോജിച്ച ഘണ്ടനാദം പോലെ.

Advertisment

സാധാരണ രാത്രിവനയാത്രകളിൽ ഈവിധം കാടിന്റെ നിശാഗീതികൾ ശ്രദ്ധിക്കാതെ പോകുകയാണ് പതിവ്. എങ്കിലും തിരുനെല്ലി-കാട്ടിക്കുളം റോഡിലെ ഈ യാത്രയിൽ ഒരു മണിക്കൂർ മുൻപ് മുതൽ ഈ നിമിഷം വരെ നടന്നതും തിരികെ ക്യാമ്പിൽ ചെന്നെത്തുവോളം ഇനിയങ്ങോട്ട് നടക്കാനിരിക്കുന്നതുമായ ചെറിയ സംഭവങ്ങൾ പോലും ഞങ്ങളുടെ പ്രജ്ഞകൾക്ക് മേൽ ഒരു ഫാക്ടറി സൈറൺറെ പ്രഭാവമേൽപ്പിക്കും എന്നതുറപ്പുവരുത്തിയത് ആ നാട്ടുകാരുടെ പ്രിയപ്പെട്ട ചട്ടമ്പി, ഒരൊറ്റക്കൊമ്പനാണ്.

publive-image

സമാധാനമായി ദിവസം അവസാനിപ്പിച്ച് പാളയത്തിലേക്ക് ഗമിക്കുകയായിരുന്ന പാവം രണ്ട് നിശാചരന്മാരെ ഞെട്ടിച്ചുകൊണ്ട് മുന്നിൽ ചാടിവീണ് ഏകദേശം ഒന്നരമണിക്കൂർ നേരം വഴിവിട്ടുതരാതെ അസമയത്ത് അസ്ഥാനത്ത് തടഞ്ഞുനിർത്തി വമ്പ് കാട്ടിയ ശുദ്ധതെമ്മാടി!

തിരുനെല്ലി ക്ഷേത്രത്തിലേക്കുള്ള പ്രധാനപാത എന്ന നിലയ്ക്ക് പ്രസിദ്ധമായ റോഡ് സമീപകാലത്ത് രാത്രിയാത്രക്കാർക്ക് ഒരു പേടിസ്വപ്നമായിത്തീർന്നിരിക്കുകയാണെന്ന മുന്നറിയിപ്പ് കാലത്ത് കൈപ്പറ്റിയത് പ്രദേശത്തെ ഒരേയൊരു ലഘുഭക്ഷണശാലയുടമയിൽ നിന്നുമാണ്. അത്‌ വേണ്ടവിധം ശ്രദ്ധിക്കാതെ പോകാൻ കാരണം അവിടെ ലഭിച്ച സ്വാദേറും നെയ്യപ്പവും ഇഡ്ഡലിസാമ്പാർ കൂട്ടുമെന്നൊക്കെ എങ്ങനെ എഴുതും.

എന്നാലും വസ്തുതകൾ മറയ്ക്കാൻ പാടില്ലല്ലോ. ഒന്നല്ല മൂന്ന് ആനകളെക്കുറിച്ചായിരുന്നു ആ പരാമർശം എന്നോർക്കുമ്പോഴാണ് പരിസരജാഗ്രതയേറുന്നത്. കൂടുതൽ വിവരം കിട്ടിയതോ ഒടുവിൽ ഒറ്റക്കൊമ്പന്റെ ബാധയൊഴിപ്പിച്ച് ഞങ്ങൾക്ക് തത്കാലം വഴിയൊരുക്കുവാൻ ഉന്നതങ്ങളിൽ നിന്നും അയക്കപ്പെട്ട ദിവ്യഭടൻമാരിൽ നിന്നും.

പക്ഷെ ഇത് കൂടി പറയാമല്ലോ, ഉറക്കച്ചടവിന് മറയ്ക്കാൻ കഴിയാത്ത ആ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നീരസഭാവങ്ങൾക്കിടയിലൂടെ ഞെരുങ്ങിവന്ന വിവരങ്ങൾക്കും രസം തഥൈവ. അവരെ കുറ്റം പറയാനുമാവില്ല. പകലന്തിയോളം കാട്ടിൽ പിന്നേം കാട്ടിൽ... എന്ന ഗതിയിൽ കാലം പോക്കുന്നവർക്ക്‌ സേവനതല്പരത തീർത്തും അന്യമായിട്ടില്ലല്ലോ എന്നറിയുന്നത് ഹരിച്ചുനോക്കിയാലും ഗണിച്ചുനോക്കിയാലും സുഖമേകും വർത്തമാനം തന്നെയാണേ, ഒരു വനസ്‌നേഹിക്ക്‌.

ആനകളിലേക്ക് തിരികെ. മൂന്നെണ്ണമാണ് പ്രദേശത്തെ ചട്ടമ്പികൾ എന്നായിരുന്നു വനപാലകരുടെ മതവും - വനപാലകർ എറിഞ്ഞ പടക്കത്തിന് മുന്നിൽ ചിഹ്നം മുഴക്കി ഒഴിവറിയിച്ച് ഇമ്പമേറിയ സ്ഥൂലനിതംബകമ്പനത്തോടെ വനത്തിന്റെ നിബിഡതയിലേക്ക് ഞങ്ങളെ വിട്ട് ഓടിക്കയറിയ ഒറ്റക്കൊമ്പന് പുറമെ തടി കയറ്റി വരുന്ന വലിയ ട്രക്കുകളുമായി പോലും ഒരുകൈ നോക്കുവാൻ മടികാട്ടാത്ത ഒരു ഗജകുമാരനും നിറപ്പകിട്ടാർന്ന എന്തിനോടും ആദ്യം താല്പര്യവും പിന്നെ ആക്രമണോൽസുകതയും പ്രകടിപ്പിക്കുന്ന ഒരു മോഴയും.

ആണെങ്കിൽ കൂടി കൊമ്പില്ലാത്തതിനാൽ പിടിയാനക്കൂട്ടങ്ങളാൽ ഷണ്ഡത്വം കല്പിക്കപ്പെട്ട ക്ഷിപ്രകോപികളായ മോഴകൾക്ക് പെരിയാർ കടുവാസങ്കേതത്തിന് സമീപം വസിക്കുന്നവർ കൊടുത്തിരിക്കുന്ന പേര് 'കുമ്മിടിപ്പിടി' എന്നാണ്.

മണിക്കൂറിൽ ഏതാണ്ട് ഇരുപത് കിലോമീറ്റർ തോതിലാണ് ഞങ്ങളുടെ വാഹനം നീങ്ങുന്നത്; റോഡിന്റെ വശങ്ങളിലെ വന്യാന്ധകാരത്തിൽ നിന്നും അടുത്തൊരു ഞെട്ടിക്കലിന് അവസരമൊരുക്കാതെയിരിക്കാനായുള്ള മുൻകരുതൽ ആയിരുന്നു തീർച്ചയായും ആ വേഗതയിലുള്ള പ്രയാണം.

publive-image

ഇപ്പോൾ ഞങ്ങൾ ഒരുപക്ഷെ തോൽപ്പെട്ടിയിലേക്കും കാട്ടിക്കുളത്തേക്കും തിരിയുന്ന കവലക്കടുത്തെത്തിയിരിക്കാം; അവിടെയാണ് യാത്രികർ 'ഉണ്ണിയപ്പക്കട' എന്ന് വിളിക്കുന്ന ആ ലഘുഭക്ഷണശാല. എന്തായാലും അത് തീർച്ചയായും രാത്രിയുടെ ഈ നിമിഷങ്ങളിൽ തുറന്നിരിക്കുന്നുണ്ടാവില്ല.

പക്ഷെ ഒരു നല്ല കാപ്പി കുടിക്കുവാനും അതുവഴി സിരകളിൽ പേരിനെങ്കിലും അല്പം ലഹരി പടർത്തി ഉന്മേഷം പൂകുവാനുമുള്ള ഞങ്ങളുടെ സന്ദർഭത്തിന്റെ ആവശ്യത്തെ അത്‌ അല്പം പോലും പ്രതിരോധിക്കുവാൻ പോകുന്നില്ല, ഈവക യാത്രകളിൽ മുടക്കം വരുത്താതെ ഒരു വലിയ തെർമൽ ഫ്‌ളാസ്‌ക്കിൽ കടുംകാപ്പിയോ ചായയോ ഞങ്ങൾ കരുതാറുണ്ട് എന്നതിനാൽ. സ്വകാര്യ നിമിഷങ്ങളിൽ കടുംകാപ്പിയെന്ന് വിളിക്കുന്ന ആ ദ്രവശേഖരത്തെ ഞങ്ങൾ പത്തുപേർ മുൻപാകെ എസ്പ്രസ്സോ എന്നേ സൂചിപ്പിക്കാറുള്ളു; ദോഷം പറയരുതല്ലോ.

പക്ഷെ വാസ്തവത്തിൽ ഞങ്ങളുടെ പക്കലുള്ള നാടൻ കടുംകാപ്പിയും എസ്പ്രസ്സോവും തമ്മിൽ ഗണ്യമായ വ്യത്യാസമുണ്ട് ഒരു ആഫ്രിക്കൻ ആനയെയും ഇന്ത്യൻ ആനയെയും പോലെ. വലിപ്പത്തിൽ തന്നെ ഇന്ത്യൻ കളഭം അതിന്റെ ആഫ്രിക്കൻ വകഭേദത്തിന്റെ തോളോളമെ വരൂ എസ്പ്രസ്സോയിൽ നാടൻ കടുംകാപ്പിയുടെ നാലിരട്ടി കഫീൻ അടങ്ങുമെന്നപോലെ.

ഇരുമൃഗങ്ങൾക്കും നൽകിയിരിക്കുന്ന ശാസ്ത്രനാമങ്ങളും അസാധാരണം - ഇന്ത്യനാന എലിഫസ് മാക്സിമസ് എങ്കിൽ ആഫ്രിക്കൻ കരി ലോക്‌സോഡന്റസ് ആഫ്രിക്കാനസ്, എന്താല്ലേ? കാപ്പി സിരകളിൽ പകർത്തുന്ന നിസ്സാരലഹരി ഇന്ദ്രീയങ്ങൾക്ക്‌ പ്രകടമായി സ്പർശിക്കാനാവുന്നതിലും കമ്മിയെങ്കിൽ ചുറ്റും വമിക്കുന്ന വനത്തിന്റെ മാദകഗന്ധം ഉള്ളിൽ ഉണർത്തുന്ന ലഹരി അതിവിശ്രുതം എന്നേ വിശേഷിപ്പിക്കാൻ കഴിയുന്നുള്ളൂ.

അതിന്റെ ലാസ്യഭാവം പതിന്മടങ്ങായേറ്റുന്നു ഇങ്ങ് താഴേക്കിറങ്ങിവന്ന് ഭൂസൗന്ദര്യം ആസ്വദിക്കും മഴമേഘങ്ങളെ പോലെ തോന്നിക്കുന്ന ഇരുണ്ടുകൂടിയാടുന്ന വൃക്ഷത്തലപ്പുകളും അവയെ ബലമായുഴിഞ്ഞ് പറ്റിപ്പിടിച്ചിരിക്കുന്ന പൂമ്പൊടിയും പുഷ്പഗന്ധവും മഞ്ഞിൻകണികകളും കൊള്ളയടിച്ച് മുഖദാവിൽ വന്ന് അലസം തൊട്ടുതഴുകിപ്പോകുന്ന രാക്കാറ്റും; ലീലാവിവശയായ പ്രണയിനിയുടെ പട്ടുജരികത്തുമ്പ് സമം.

തീരെ പതിയെ ഓടുന്ന കാറിന്റെ മുൻജാലകത്തെ ഏതാണ്ട് പൂർണമായും മൂടിയ ആദ്യ മൂടൽമഞ്ഞിൻപുതപ്പ് അതിമനോഹരമായ കാഴ്ചയായിരുന്നു. അതിലും ഹൃദ്യമായിരുന്നു ഞൊടിയിൽ നീങ്ങിയ മഞ്ഞിൻകമ്പളത്തിന്റെ പിന്നിലായി തെളിഞ്ഞ കടുംമഞ്ഞ നിറക്കൂട്ട്.

publive-image

ഇരുണ്ട കാടിന്റെ പശ്ചാത്തലത്തിൽ തെളിഞ്ഞ ഹെഡ് ലൈറ്റിന്റെ പ്രഭയിൽ ഏറെ സ്വാഗതാർഹമായ ഒരുപക്ഷെ ലക്ഷത്തിൽ ഒരുവന് മാത്രമായി വനദേവത വിധിക്കാറുള്ളതായി പറയപ്പെടുന്ന അതിദീപ്തമായ പീതവർണ്ണക്കാഴ്ച്ച. അപൂർവ്വദർശനം നൽകിയ മൃദുമയക്കത്തിൽ നിന്നുമാദ്യമുണർന്ന ബോസ് തന്നെയാണ് സൂചനാമന്ത്രണം മുഴക്കിയത്, "ജീക്കേ, കാണുന്നോ..... ഞാൻ കാണുന്ന കടുവയെ?

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

നാല് ദിനം മുന്നെയാണ് ഞങ്ങൾ വയനാട് എത്തിയത്. കബനിയിലെ പുള്ളിപ്പുലികൂട്ടത്തിന്റെ ചിത്രങ്ങളെടുക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. പക്ഷെ നിർത്താതെ പെയ്ത മഴയിൽ സ്ഥിരമായി കർണ്ണാടക വനംവകുപ്പ് നടത്തിയിരുന്ന വാൻ സഫാരി മാറ്റിവച്ചപ്പോൾ പദ്ധതികളൊക്കെ തകിടം മറിഞ്ഞു.

അവിടം വിട്ട് ബന്ദിപ്പൂർക്കോ മുതുമലയ്ക്കോ പോകാം എന്ന് കരുതിയ ഞങ്ങളോട് ഒരു സമീപവാസിയാണ് ചോദിച്ചത് വിധി നിരസിക്കും പോലെ തോന്നിയതിനെ വാശിയോടെ അവിടെ തന്നെ തിരയുന്നതിലല്ലേ കട്ട ഹീറോയിസമെന്ന്. ഒന്നും കൂടുതലായി ആലോചിച്ച് മെനക്കെടാൻ നിന്നില്ല. അദ്ദേഹത്തിന്റെ വാക്കുകൾ വേദവാക്യമായെടുത്ത് കാട്ടിക്കുളം മുതൽ നാഗർഹോളെ വരെ നീളുന്ന ആ കാനനവഴികളിൽ തന്നെ അന്വേഷണമാരംഭിച്ചു.

ആദ്യം ലഭിച്ച സൂചനകൾ ഒട്ടും തന്നെ ആസ്വാദ്യമായിരുന്നില്ല. അതോ കടുവയുടെയോ പുലിയുടെയോ സാന്നിധ്യത്തെപ്രതിയായിരുന്നില്ലതാനും. മറിച്ച് പ്രത്യേകിച്ച് വയനാടൻ ജനതയുടെ ഒരു കാതലായ ഭാഗം തങ്ങളുടെ തന്നെ അസ്തിത്വത്തിന്റെ മൂലാധാരമായ വനസമ്പത്തിനോട് വച്ചുപുലർത്തി പോരുന്ന ശത്രുതാമനോഭാവത്തെ കരുതി.

ഉണ്ണിയപ്പക്കടയിൽ വച്ച് ഒരു ബാലൻറെ വാക്കുകളിൽ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞത് ഒരു വലിയ പങ്ക് മനുഷ്യരുടെ പൊതുവികാരമായിരുന്നു. കടുവയുടെ ചിത്രമെടുക്കുവാൻ വന്നവരെന്ന് പരിചയപ്പെടുത്തിയപ്പോൾ അവന്റെ കണ്ണുകളിൽ ബോസിന്റെ കൈകളിൽ തിളങ്ങിനിന്ന പുത്തൻ നിക്കോൺ 500 യന്ത്രവും അതിന് പൂർണ്ണതയേകുന്ന 200-500 നിക്കോർ സൂപ്പർ സൂംലെൻസോ പകർന്ന കൗതുകം ആയിരുന്നില്ല.

തൽസ്ഥാനത്ത് ഏതോ വർഗ്ഗശത്രുവിനെ സഹായിക്കുവാൻ എത്തിയിരിക്കുന്നവരെ കാണുന്ന അവജ്ഞ. ആ ഭാവം ഒട്ടും വിടാതെ തന്നെ ഒരു ചോദ്യം പ്രതീക്ഷിച്ചത് വരികയും ചെയ്തു താമസംവിനാ, "ഇവിടത്തെ മനുഷ്യരെ മാത്രമല്ല മാനുകളേം പോത്തുകളേം പശുക്കളേം ഒക്കെ കൊല്ലാൻ നടക്കുന്ന ഒരു വൃത്തികെട്ട ജന്തുവിന്റെ ഫോട്ടോയ്ക്ക് എന്ത് പ്രത്യേകതയാ ഉള്ളത്? കടുവയെല്ലാം ചത്താൽ പിന്നെ കാട്ടിലും നാട്ടിലുമൊക്കെ എന്ത്‌ സമാധാനമായിരിക്കും".

മറുപടി നൽകിയത് ബോസ് ആയിരുന്നു, "നോക്ക് മോനേ, കടുവയില്ലാതെ വന്നാൽ ഇവിടത്തെ മാനുകളും പോത്തുകളും ആനകളുമൊക്കെ വല്ലാതെ പെറ്റുപെരുകി ഇക്കണ്ട പച്ചപ്പൊക്കെ തിന്നുതീർക്കില്ലേ? ശേഷം തീറ്റയില്ലാതെ സ്വയം ചത്തൊടുങ്ങില്ലേ? പിന്നെ വനമെവിടെ, വനം തരുന്ന മഴയെവിടെ, മഴ തരുന്ന നദികളും പുഴകളും എവിടെ, അവയുൾപ്പെടും നീരൊഴുക്കിനെ ആശ്രയിച്ചുള്ള കൃഷിയിടങ്ങളെവിടെ? മരുഭൂമിയാവില്ലേ മോന്റെ നാട് കാട്ടിലെ കടുവ പോയാൽ?

മറ്റൊരുതരത്തിൽ ചിന്തിച്ചാൽ നമ്മളല്ലേ അവന്റെ പ്രദേശം കയ്യേറി കൂരയും കൃഷിയും നാട്ടിയത്, അവനല്ലല്ലോ നമ്മുടെ പുരയിടം തുരക്കാൻ വന്നത്?" വലിയ വികസിച്ച കണ്ണുകളാൽ തന്നെ തുറിച്ചു നോക്കി നിന്ന കുട്ടിയുടെ കൈകളിൽ കീശയിൽ നിന്നുമെടുത്ത ഒരു വലിയ ചോക്ലേറ്റ് ബാർ പിടിപ്പിച്ച് കടയിൽ നിന്നും ഇറങ്ങിനടന്ന മനുഷ്യനെ ഒരു അത്ഭുതവസ്തുവിനെ എന്നപോലെ നോക്കിനിൽക്കുകയായിരുന്നു കുട്ടിക്കൊപ്പം ആ സമയം അവിടെയുണ്ടായിരുന്ന പരിസരവാസികളും ഒരു ചെറുസംഘം വിനോദസഞ്ചാരികളും.

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

"എന്ത് ചെയ്യും, അവൻ ദാ ആ കുറ്റിക്കാട്ടിലേക്ക് കയറിക്കഴിഞ്ഞു? ഇതിനുള്ളിൽ ഇരുന്നിട്ട് ഇനി കാര്യമെന്തെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല" ബോസിന്റെ പരിഭ്രമം കലർന്ന പതിഞ്ഞ ശബ്ദം കാറിനുള്ളിൽ മുഴങ്ങി. ബോസ് എന്ത് പറഞ്ഞാലും എനിക്ക് സ്വീകാര്യമാണ്, അതൊക്കെ മുന്നിൽ താൽകാലികമായെങ്കിലും മറഞ്ഞ ആ മൃഗത്തിന്റെ ഒരു മാന്യമായ പ്രതിരൂപം ഞങ്ങളുടെ ക്യാമറയ്ക്ക് അന്യമാക്കുന്നതിൽ കലാശിക്കാത്തിടത്തോളം.

എന്തായാലും വയനാടൻ കടുവകൾ മനുഷ്യനെ ആക്രമിച്ചതായി കേട്ടിട്ടില്ലാത്തിടത്തോളം ആ അസുലഭ ചിത്രത്തിനായി വാഹനത്തിന് പുറത്ത് അതിനായി ഏറ്റവും അനുയോജ്യമായ എന്നാൽ സുരക്ഷിതം കൂടിയായ ഒരു സ്ഥാനം കണ്ടെത്തുകതന്നെയാണ് യുക്തി. ഇവിടെ ഒരു സുരക്ഷിതസ്ഥാനം എന്നത് തികച്ചും ആപേക്ഷികമായ ഒരു ആശയമാണ്.

ഒടുവിൽ എല്ലാം നന്നായി അവസാനിച്ചു എന്ന് പറയുവാൻ കഴിയുമ്പോൾ മാത്രം യാഥാർത്ഥ്യമാവുന്ന ഒരാശയം. ഈ ആശയത്തിന്റെ പൂർണ്ണതയ്ക്ക് സഹായകമായ ഘടകങ്ങളിൽ ഏറ്റവും ഗണ്യം കടുവയുടെ ഈ സമയത്തെ മനോനിലയാണ്. വിശന്ന് വലഞ്ഞ് ഇരതേടുന്ന ഒരു കടുവ ആക്രമിക്കാനുള്ള സാധ്യത ഏറെയാണ്. അതുപോലെ തന്നെ കുഞ്ഞുങ്ങളുള്ള അമ്മമാരും. പക്ഷെ നമ്മുടെ മൃഗം രണ്ടാമത്തെ ഗണത്തിൽ പെടുന്നില്ല എന്നത് തീർച്ചയാക്കാവുന്ന വസ്തുതയാണ്.

അതേ സമയം ആശയത്തിന്റെ നിർവഹണത്തിനായി ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്നതും ചിന്ത്യം തന്നെയാകുന്നു. സാമ്പ്രദായിക ആയുധങ്ങളുടെ സാധ്യതയെ ഇവിടെ തീരെ തള്ളിക്കളയേണ്ടി വരുമ്പോൾ തൽസ്ഥാനത്ത് ഈ പ്രത്യേക അവസരത്തിൽ ഒരായിരം ആണവമിസൈലുകളേക്കാൾ ഫലപ്രദമായേക്കാവുന്ന ഒരു ആലംബവസ്തുവായി മാറുന്ന ഘടകമുണ്ട് ഞങ്ങൾക്ക് മുന്നിൽ - പ്രകാശം.

അനുയോജ്യ സ്ഥാനത്തേക്കുള്ള ഞങ്ങളുടെ ഹൃസ്വ സഞ്ചാരപഥത്തിനും കടുവയ്ക്കും ഇടയ്ക്കുള്ള വെറും വിരലിൽ എണ്ണാൻ മാത്രം പോരുന്ന മീറ്ററുകളുടെ അകലകണക്കിനെ കേവലം അക്കങ്ങളുടെ പ്രഹസനം എന്ന തലത്തിലേക്ക് ചുരുക്കിക്കൊണ്ട് ആ സമയം ലോകത്തിലെ ഏറ്റവും കാര്യശേഷിയുള്ള സുരക്ഷാപാലകരായി ഞങ്ങൾക്ക് വാഹനത്തിന്റെ ശക്തിയേറിയ ഹെഡ് ബീമുകൾ.

കണ്ണഞ്ചിക്കുന്ന പ്രകാശത്തിൽ ചകിതനായ മൃഗം അടുത്ത് നിന്ന ഒരു ചെറിയ വൃക്ഷത്തിന്റെ മറവിൽ നെഞ്ചമർത്തി കിടന്ന് പ്രകാശപ്പൊലിമ ആസ്വദിക്കുവാൻ തുടങ്ങിയപ്പോൾ മുകളിൽ വൃക്ഷപത്രവിതാനങ്ങളിൽ എവിടെയോ മറഞ്ഞിരുന്ന് മൂളുന്ന ഒരു ചെമ്പൻ നത്തിന്റെ ദൃക്‌സാക്ഷിവിവരണം അകമ്പടിയാക്കി ഞങ്ങളുടെ വലിയ അവസരവും സംജാതമായി.

ചീവീടുകളും മരച്ചിലപ്പൻമാരും ചെറുതും വലുതുമായ ലക്ഷക്കണക്കിന് വർണ്ണത്തവളകളും ഒരുക്കുന്ന സ്വരൈക്യം സ്ഫുരിക്കും മേളക്കൊഴുപ്പിനിടയിലൂടെയുള്ള മടക്കയാത്രയിൽ മനസ്സ് നിറഞ്ഞുമുഴങ്ങുന്നത് മാനസാന്തരമുണ്ടായ പഴയ ഒരു കടുവ വേട്ടക്കാരന്റെ വാക്കുകൾ ആണ്. പേര് വയ്ക്കുന്നില്ല, അതിനിവിടെ പ്രസക്തിയേതുമില്ലയെന്നതുകൊണ്ട്.

"പ്രകൃതിയുടെ പുസ്തകത്തിനില്ല ആദിയുമന്തവും. ഈ പുസ്തകം നീ എവിടെ വച്ചും ജീവിതത്തിലെ ഏത് ഘട്ടത്തിലും തുറക്കൂ. നിന്റെ ഹിതം അറിവ് ആർജ്ജിക്കുകയെന്നതെങ്കിൽ ഇവിടം ഏറ്റം ഹൃദ്യമായേക്കാം. നീ എത്ര ദീർഘം എത്ര തീവ്രം താളുകളിലൂടെ കടന്നുപോകുന്നു എന്നത് ഒരു വിഷയമേ ആകുന്നില്ല, നിന്റെ ജിജ്ഞാസ ക്ഷയിക്കുന്നേയില്ല എന്നതിനാൽ. വലിയ കാരണം പ്രകൃതിക്ക് അന്തിമത്വം ഇല്ലെന്നത് തന്നെ"

tiger
Advertisment