Advertisment

വിവാദങ്ങൾക്കൊപ്പം നീന്തുമ്പോൾ ...പ്രകാശനം മുതൽ വിവാദമായ ഡോ. ജേക്കബ് തോമസ്, ഐ.പി.എസ്. എഴുതിയ "സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ " എന്ന പുസ്തകത്തെക്കുറിച്ച് ഒരു അവലോകനം

New Update

ഈ ഭൂമുഖത്ത് ഏറ്റവും ഘ്രാണശക്തിയുള്ള ജീവികളാണത്രെ സ്രാവുകൾ. ഇരയെ പിടികൂടാനും, കടിച്ചു കീറാനും, ഞെരിച്ചമർത്താനും അവ കൂർത്ത പല്ലുകൾ ഉപയോഗിക്കുന്നു. കീഴ്‌പ്പെടുന്ന ഇരയെ മുഴുവനായോ, കഷണങ്ങളായോ വിഴുങ്ങുകയാണ് അവയുടെ രീതി...." ഈ പുസ്‌തകത്തിന്റെ ആമുഖത്തിൽ ഡോ. ജേക്കബ് തോമസ് തന്നെ പറഞ്ഞത് നമുക്കൊക്കെ അറിയാവുന്ന കാര്യമാണ്.

Advertisment

publive-image

അത്തരം സ്രാവുകൾക്കൊപ്പം നീന്താൻ അസാമാന്യ മെയ്‌വഴക്കം തന്നെ വേണം. സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെന്ന നിലയിൽ കഴിഞ്ഞ മുപ്പതു വർഷക്കാലമായി അദ്ദേഹം നടത്തുന്ന മെയ്യഭ്യാസങ്ങളടക്കം പലതും നമുക്ക് ഈ പുസ്തകത്തിലൂടെ വായിച്ചറിയാം. അഞ്ചു ഭാഗങ്ങളിലായി ഇരുപത്തിമൂന്ന് അധ്യായങ്ങളാണ് 240 പേജുകളുള്ള ഈ പുസ്തകത്തിന്റെ ഉള്ളടക്കം.

"പ്രകൃതി നിയമങ്ങൾ , സാമൂഹ്യപാഠങ്ങൾ" എന്ന് പേരിട്ടിരിക്കുന്ന ഒന്നാം ഭാഗത്തിൽ ജേക്കബ് തോമസ് എന്ന കുട്ടിയേയും, സ്കൂൾ വിദ്യാർത്ഥിയെയും നമുക്ക് പരിചയപ്പെടാം. ഈരാറ്റുപേട്ടക്കടുത്തുള്ള തീക്കോയി എന്ന ഗ്രാമവും, അവിടത്തെ സെന്റ് മേരീസ് സ്കൂളും, കുന്നിൻപുറത്തുള്ള പാതാംപുഴ മന്നം ഗവ. എൽ. പി. സ്കൂളും എല്ലാം ഇതോടെ നമുക്ക് സുപരിചിതമാവും....

പാതാംപുഴ മലയിഞ്ചിപ്പാറ പള്ളി നമ്മുടെ മനസ്സിൽ മായാതെ നിൽക്കും... .ഇളംതുരുത്തിയിൽ ചാക്കോ എന്ന വല്യപ്പനും, ഇപ്പോഴും പേരറിയാത്ത ഈരാറ്റുപേട്ടക്കാരി വല്യമ്മയും നമ്മുടെ വല്യപ്പനും വല്യമ്മയുമായി മാറും. അത്രയ്ക്ക് ഹൃദ്യമാണ് അദ്ദേഹത്തിന്റെ ബാല്യകാലവിവരണങ്ങൾ.

പഠിക്കാൻ മിടുക്കനായ ഒരു നാട്ടിൻപുറത്തുകാരന്റെ ജൈത്രയാത്ര അവിടെ ആരംഭിക്കുകയാണ് . മറ്റുള്ളവരുടെ സ്വാധീനത്തിനു വഴങ്ങാതിരിക്കുന്നതിനുള്ള കാരണവും വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ സ്വയം കണ്ടുപിടിച്ചത് വളരെ ഭംഗിയായി അദ്ദേഹം വിവരിച്ചിരിക്കുന്നു.

സ്കൂളിൽ പഠിക്കുന്ന കാലത്ത് തോട്ടത്തിൽനിന്നുള്ള തേയില ചാക്കിലാക്കി അടുത്തുള്ള ഫാക്ടറിയിലേക്കു തലച്ചുമടായി കൊണ്ടുപോയിരുന്ന കഥ വായിക്കുമ്പോളാണ് , അദ്ദേഹം വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചു വീണ ഒരാളല്ല എന്ന് നമുക്ക് ബോധ്യപ്പെടുന്നത്. മലയോരഗ്രാമമായ തീക്കോയിയിലെ സ്കൂൾ പഠനവും, അരുവിത്തുറ സെന്റ് ജോർജ് ജൂനിയർ കോളേജിലെ പ്രീഡിഗ്രി പഠനവും പൂർത്തിയാക്കിയശേഷം കഥാനായകൻ വണ്ടികയറുന്നത് നേരെ തൃശൂരിലേക്കാണ്.

മണ്ണുത്തിയിലെ കാർഷിക സർവകലാശാലയിൽ കാർഷിക ബിരുദ പഠനത്തിനെത്തിയപ്പോഴാണ് മണ്ണെണ്ണ വിളക്കിൽ നിന്ന് ഇലക്ട്രിക്ക് ബൾബിലേക്കും, വെറും നിലത്ത് വിരിക്കുന്ന പായയിൽ നിന്ന് കട്ടിലിലെ കിടക്കയിലേക്കും, നാട്ടിൽ പള്ളിവാതുക്കലിലെ ചായക്കടയിൽ മാത്രം കണ്ടിരുന്ന റേഡിയോ സ്വന്തം ഹോസ്റ്റൽ മുറിയിലേക്കും എത്തിയതെന്ന് വായിക്കുമ്പോൾ അറിയാതെയാണെങ്കിലും വായനക്കാരന്റെ മനസ്സൊന്നു തേങ്ങും.

എൺപതുകളിലാണ് ഇത് നടക്കുന്നതെന്നോർക്കണം . നമ്മളിൽ പലരും അതിനു മുമ്പേ ഇതെല്ലാം കണ്ടും ഉപയോഗിച്ചും തുടങ്ങിയവരാണെന്നു കൂടി ഓർമിച്ചെടുത്താലേ അദ്ദേഹം താണ്ടിയ പാതകൾ എത്രമാത്രം ദുർഘടം പിടിച്ചതായിരുന്നുവെന്ന് മനസ്സിലാവുകയുള്ളൂ.

രണ്ടാം റാങ്കോടെ ഡിഗ്രി പാസ്സായതിനുശേഷം ജേക്കബ് തോമസ് പോകുന്നത് നേരെ ദില്ലിയിലേക്കാണ്. അവിടെ ഐ.എ.ആർ.എ. യിൽ എം.എസ്.സി. ക്കു ചേരാൻ. തുടർന്ന് ഡോക്ടറേറ്റ് എടുത്തതും, സിവിൽ സർവീസിൽ ചേർന്നതും എല്ലാം വളരെ ഭംഗിയായി, ലളിതമായ ഭാഷയിൽ തന്നെ അദ്ദേഹം വിവരിച്ചിട്ടുണ്ട്. പുട്ടിന് തേങ്ങ പോലെ ഇടയ്ക്കിടയ്ക്ക് പല നർമ്മങ്ങളും വായനക്കാർക്കുവേണ്ടി അദ്ദേഹം തിരുകിക്കയറ്റിയിട്ടുമുണ്ട്.

തുടർന്ന് നാം വായിക്കുന്നത് എ.എസ് .പി. യായി തൊടുപുഴയിൽ ആദ്യത്തെ പോസ്റ്റിങ്ങ് ലഭിക്കുന്നതുമുതൽ, നിലവിലുള്ള വിജിലൻസ് ഡയറക്ടർ തസ്തികയിലെത്തുന്നതുവരെയുള്ള മൂന്ന് പതിറ്റാണ്ടിലേറെ വരുന്ന ഔദ്യോഗിക ജീവിതത്തെക്കുറിച്ചുള്ള ഒരു സംക്ഷിപ്ത വിവരണമാണ് .

മുപ്പതു വർഷത്തിനിടയിൽ മുപ്പതോളം സ്ഥലം മാറ്റങ്ങൾ.... അഴിമതി നടത്തിയതിനല്ലാ, അഴിമതിക്കും സ്വജനപക്ഷപാതത്തിനും കൂട്ടു നിൽക്കാത്തതിനാണ് അതിൽ പലതും.... അതുകൊണ്ടൊന്നും താൻ തളരില്ല എന്ന് ചങ്കൂറ്റത്തോടെ പറഞ്ഞു നെഞ്ചും വിരിച്ചു നടക്കുന്ന ജേക്കബ് തോമസിനെ മലയാളികൾ കണ്ടു പഠിക്കണം.

സ്വന്തം കാര്യം കാണാൻ വേണ്ടി മറ്റുള്ളവരുടെ മുമ്പിൽ നട്ടെല്ലു വളച്ചു നിൽക്കുന്നവർ ഇദ്ദേഹത്തിന്റെ ജീവിതമാണ് മാതൃകയാക്കേണ്ടത്. ഈ പുസ്തകത്തിൽ അദ്ദേഹം തന്നെ പറയുന്നുണ്ട് : " ഭീരുത്വമെന്നത് കേരളീയ സമൂഹത്തിന്റെ മുഖമുദ്രയാണ്. ധൈര്യം നഷ്ടപ്പെട്ട ജനത എന്നാൽ പരാജയപ്പെട്ട ജനത എന്നാണർത്ഥം. മലീമസമായിക്കൊണ്ടിരിക്കുന്ന നമ്മുടെ പൊതുരംഗം ശുദ്ധമാകണമെങ്കിൽ പ്രതിഭാശാലികളായ യുവതീയുവാക്കളുടെ ഒരു വലിയ നിര തന്നെ കടന്നുവരേണ്ടതുണ്ട്. അല്ലെങ്കിൽ മാറ്റം വരില്ല....."

നല്ലതും ഉറച്ചതുമായ തീരുമാനങ്ങളെടുക്കാനും, എന്ത് വില കൊടുത്തും അവ നടപ്പാക്കാൻ ശ്രമിക്കാനുമുള്ള താൽപ്പര്യം പിണറായി വിജയനിൽ അദ്ദേഹം കാണുന്നു. മറ്റു രാഷ്ട്രീയക്കാരിൽ നിന്നും പിണറായിയെ വേറിട്ടു നിർത്തുന്നതും ഈ സ്വഭാവഗുണം തന്നെയാണ് . അങ്ങനെയുള്ള പിണറായി എന്നെങ്കിലും കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നതായി ജേക്കബ് തോമസ് തുറന്നു പറയുന്നുണ്ട്.

മറ്റു ചില രാഷ്ട്രീയ നേതാക്കളെക്കുറിച്ചും കൊച്ചു കൊച്ചു പരാമർശങ്ങൾ ഈ പുസ്തകത്തിലൂടെ അദ്ദേഹം നടത്തിയിട്ടുണ്ട്. ചിലർ അദ്ദേഹത്തിന്റെ നല്ല നടപടികളെ പൂർണമായും പിന്താങ്ങിയപ്പോൾ, മറ്റു ചിലർ അദ്ദേഹത്തെ ചുട്ട കോഴിയെ എന്ന പോലെ പറപ്പിച്ചതായും നമുക്ക് വായിച്ചെടുക്കാം.

ഹൈദരാബാദിലെ നാഷണൽ പോലീസ് അക്കാദമിയിൽ പരിശീലനത്തിന്റെ ആദ്യദിവസം തന്നെ ഡയറക്ടർ പി.ഡി. മാളവ്യ പറഞ്ഞ മൂന്നു കാര്യങ്ങൾ നടപ്പിലാക്കാനാണ് താൻ അന്ന് മുതലേ ശ്രമിച്ചിരുന്നതെന്ന് ജേക്കബ് തോമസ് തുറന്നു സമ്മതിക്കുന്നു.

1. ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിക്കണം.

2 . രാഷ്ട്ര നിർമ്മാണമാണ് നിങ്ങളുടെ ദൗത്യം.

3 . ഭയമോ പക്ഷപാതമോ ഇല്ലാതെ സാധാരണക്കാരെ സേവിക്കണം.

ഇവയാണ് ആ മൂന്നു കാര്യങ്ങൾ.

തനിക്കെതിരെ ശത്രുക്കൾ തൊടുത്തു വിട്ട എല്ലാ ആരോപണശരങ്ങൾക്കും അദ്ദേഹം അക്കമിട്ട് ഈ പുസ്തകത്തിലൂടെ മറുപടി പറഞ്ഞിട്ടുണ്ട് . അത് വായിച്ചു കഴിയുമ്പോഴാണ് " കായുള്ള മരത്തിലേ ജനം കല്ലെറിയൂ " എന്ന ആപ്തവാക്യം നമ്മുടെ മനസ്സിൽ ഓടിയെത്തുന്നത്.

ജേക്കബ് തോമസ് ആത്മകഥയെഴുതുന്നു എന്ന് കേട്ടപ്പോൾ മുതൽ ഇവിടെ പലരുടെയും രാവുകൾ നിദ്രാവിഹീനങ്ങളായി മാറിയിരുന്നു. എന്നാൽ അങ്ങനെ വ്യക്തിപരമായി ആരെയും ദ്രോഹിക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല എന്നത് തന്നെ ആ വലിയ മനസ്സിനെയാണ് കാണിക്കുന്നത്.

ഒരു കാര്യം എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും. ദിനംപ്രതി നൂറുകണക്കിന് നാറുന്ന അഴിമതിക്കഥകൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന നമ്മുടെ നാടിന് ജേക്കബ് തോമസിനെപ്പോലെയുള്ള സത്യസന്ധരായ ഉദ്യോഗസ്ഥരെയാണ് ആവശ്യം. അദ്ദേഹത്തെ ചുരുട്ടിക്കെട്ടി ഒരു മൂലക്കിരുത്തുക എന്ന് വെച്ചാൽ, സത്യത്തിനേയും നീതിയെയും ശ്വാസം മുട്ടിച്ചു കൊല്ലുക എന്നാണർത്ഥം.

അദ്ദേഹത്തിന് നേരെ ചൂണ്ടുന്ന കൈകൾ സൂക്ഷിച്ചു നോക്കിയാൽ മറ്റാരും പറയാതെ തന്നെ നമുക്ക് ചില കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റും. ഇപ്പോഴും സർവീസിൽ തുടരുന്ന ജേക്കബ് തോമസ് എന്ന ഉദ്യോഗസ്ഥൻ ഈ ആത്മകഥാ രചനയിലൂടെ "സർവീസ് കണ്ടീഷനി"ൽ നിന്ന് വ്യതിചലിച്ചു എന്ന ആരോപണങ്ങൾ ശരിവെക്കുന്ന തരം ഗുരുതരമായ പരാമർശങ്ങളൊന്നും ഈ പുസ്തകത്തിൽ കാണാനായില്ല.

എന്നാലും അദ്ദേഹത്തെ കുരിശിലേറ്റിയേ അടങ്ങൂ എന്ന് വാശിയുള്ള പലരും ഈ ആരോപണങ്ങളുമായി ഇപ്പോഴും മുമ്പോട്ട് പോവുക തന്നെയാണ്. എല്ലാ മലയാളികളും, പ്രത്യേകിച്ച് വളരുന്ന യുവതലമുറ ഈ പുസ്തകം ഒരു വട്ടമെങ്കിലും വായിച്ചിരിക്കുന്നത് നല്ലതാണ്. കാരണം നാളെ നിങ്ങളും ഒരു സർക്കാർ ജോലിക്കു ചേരുമ്പോൾ ഇതിൽ കണ്ടതുപോലെയുള്ള വമ്പൻ സ്രാവുകൾക്കൊപ്പം നിങ്ങൾക്കും നീന്തേണ്ടി വന്നേക്കാം. അതിനുള്ള ഒരു മുന്നറിയിപ്പായിട്ടെങ്കിലും ഇത് വായിക്കണം.

അതീവ ഹൃദ്യമായ നാടൻ ഭാഷയിൽ, എല്ലാവർക്കും എളുപ്പം മനസ്സിലാകത്തക്ക രീതിയിൽ രചിച്ചിട്ടുള്ള ഈ പുസ്തകം ഇഷ്ടപ്പെടാത്തവർ ആരുമുണ്ടാകില്ല എന്നുറപ്പാണ്, അവർ ഏതു ചേരിയിൽ പെട്ടാലും. സർവീസിൽ നിന്ന് റിട്ടയർ ചെയ്യുന്ന എല്ലാ സത്യസന്ധരായ ഉദ്യോഗസ്ഥരും ഇതുപോലെ ആത്മകഥ എഴുതിയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു.

തീക്കോയിൽ നിന്നും പറന്നുയർന്ന ഒരു തീപ്പൊരിയാണ് ജേക്കബ് തോമസ്. സത്യത്തിനും നീതിക്കും വേണ്ടി മാത്രം പട പൊരുതിക്കൊണ്ടിരിക്കുന്ന ആ പോരാളിയുടെ കഥ എല്ലാവരും വായിച്ചിരിക്കണം. ആത്മാർത്ഥ ഹൃദയവുമായി ഇവിടെ ജോലി ചെയ്യാനൊരുങ്ങുന്ന എല്ലാവർക്കും ഇതൊരു പാഠമായിരിക്കും, പാഠപുസ്തകമായിരിക്കും..... തീർച്ച.....!!

Advertisment