Advertisment

ഹീറോ മോട്ടോ കോർപ് വിലകുറക്കുന്നു

New Update

ചരക്ക്, സേവന നികുതി (ജി എസ് ടി) നടപ്പായതു വഴി ലഭിച്ച ആനുകൂല്യം വിലക്കിഴിവായി ഉപയോക്താക്കൾക്കു കൈമാറാൻ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപ് തീരുമാനിച്ചു. വൻവിൽപ്പനയുള്ള മോഡലുകളുടെ വിലയിൽ 1,800 രൂപ വരെയുള്ള ഇളവാണ് കമ്പനി അനുവദിച്ചത്. അടിസ്ഥാന മോഡലുകളുടെ വിലയിൽ 400 മുതൽ 1,800 രൂപയുടെ വരെ ഇളവ് നിലവിൽ വന്നിട്ടുണ്ടെന്നും യഥാർഥ കുറവ് സംസ്ഥാനത്തെയും ജി എസ് ടിക്കു മുമ്പും ശേഷവും നിലനിൽക്കുന്ന നികുതി നിരക്കിനെയും ആശ്രയിച്ചിരിക്കുമെന്നും ഹീറോ വിശദീകരിച്ചു.

Advertisment

publive-image

അതേസമയം വിലയേറിയ, പ്രീമിയം മോഡലുകൾക്ക് 4,000 രൂപയുടെ വരെ ഇളവും ചില മേഖലകളിൽ ലഭ്യമാണെന്നു ഹീറോ മോട്ടോ കോർപ് അറിയിച്ചു. 40,000 മുതൽ 1.1 ലക്ഷം രൂപ വരെ വില മതിക്കുന്ന ഇരുചക്രവാഹനങ്ങളാണു ഹീറോ മോട്ടോ കോർപിന്റെ ശ്രേണിയിലുള്ളത്. എന്നാൽ ഹരിയാന പോലെ അപൂർവം സംസ്ഥാനങ്ങളിൽ ജി എസ് ടി നടപ്പായതോടെ വാഹന വില ഉയർന്നിട്ടുമുണ്ട്. ജി എസ് ടി നടപ്പാവുംമുമ്പ് ഇവിടെ നിലവിലുണ്ടായിരുന്ന നികുതി നിരക്ക് കുറവായതിനാലാണ് ഈ മാറ്റമെന്നു കമ്പനി വിശദീകരിച്ചു.

ജി എസ് ടിയിലൂടെ വില നിർണയത്തിൽ ലഭിച്ച ആനുകൂല്യം ഇരുചക്രവാഹന നിർമാതാക്കളായ ടി വി എസ് മോട്ടോർ ലിമിറ്റഡും ഉപയോക്താക്കൾക്കു കൈമാറി. കമ്യൂട്ടർ വിഭാഗത്തിന്റെ വിലയിൽ 350 മുതൽ 1,500 രൂപയുടെ വരെ ഇളവാണു കമ്പനി അനുവദിച്ചത്. പ്രീമിയം വിഭാഗത്തിലാവട്ടെ 4,150 രൂപയുടെ വരെ വിലക്കിഴിവ് പ്രാബല്യത്തിലെത്തിയെന്നു ടി വി എസ് അറിയിച്ചു. ജി എസ് ടി നിലവിൽവരുംമുമ്പുള്ള വിലയിൽ വാങ്ങിയ വാഹനങ്ങളിൽ ജൂലൈ ഒന്നിനു ഡീലർമാരുടെ പക്കലുണ്ടായിരുന്ന സ്റ്റോക്കിന് പ്രത്യേക സാമ്പത്തിക സഹായവും ടി വി എസ് പ്രഖ്യാപിച്ചിട്ടുണ്ട്.

ജി എസ് ടി നിലവിൽ വന്ന പിന്നാലെ ശനിയാഴ്ച തന്നെ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്, ടൊയോട്ട കിർലോസ്കർ മോട്ടോർ, ജഗ്വാർ ലാൻഡ് റോവർ, ബി എം ഡബ്ല്യു ഇന്ത്യ തുടങ്ങിയ നിർമാതാക്കൾ വാഹന വില കുറച്ചിരുന്നു; വിവിധ മോഡലുകളുടെ വിലയിൽ 2,300 മുതൽ രണ്ടു ലക്ഷം രൂപ വരെയുള്ള ഇളവുകളാണു പ്രാബല്യത്തിലെത്തിയത്. മാരുതി സുസുക്കി ശ്രേണിയിലെ മിക്ക മോഡലുകളുടെയും വിലയിൽ മൂന്നു ശതമാനം വരെയുള്ള ഇളവാണു നിലവിൽ വന്നത്. അതേസമയം ജി എസ് ടി നടപ്പായതോടെ ‘സിയാസി’ന്റെയും ‘എർട്ടിഗ’യുടെയും മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള ഡീസൽ പതിപ്പുകളുടെ വിലയിൽ ഒരു ലക്ഷത്തോളം രൂപയുടെ വർധനയും നടപ്പായി.

 

HERO
Advertisment