Advertisment

ദുബായില്‍ പോയ കാസര്‍കോട്ടുകാരായ 11 പേരെ ജൂണ്‍ 15 മുതല്‍ കാണാതായതായി പരാതി

New Update

Image result for man missing

Advertisment

കാസര്‍കോട്: ദുബായില്‍ പോയ ആറുപേരടങ്ങുന്ന കുടുംബത്തെ ജൂണ്‍ 15 മുതല്‍ കാണാതായെന്ന പരാതിയില്‍ കാസര്‍കോട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇവര്‍ക്കൊപ്പം അഞ്ചുപേരടങ്ങുന്ന മറ്റൊരു കുടുംബത്തെയും കാണാതായതായി പറയുന്നു. ചെമ്മനാട് മുണ്ടാങ്കുളത്തെ എ.അബ്ദുള്‍ ഹമീദിന്റെ പരാതിയിലാണ് കേസ്. തന്റെ മകള്‍ നാസിറ (25), ഭര്‍ത്താവ് സവാദ് (32), ഇവരുടെ മക്കളായ മുസബ് (അഞ്ച്), മര്‍ജാന (മൂന്ന്), മുഖബില്‍ (ഒന്ന്), സവാദിന്റെ രണ്ടാം ഭാര്യ റൈഹാനത്ത് (22) എന്നിവരെ കാണാതായെന്നാണ് അബ്ദുള്‍ ഹമീദിന്റെ പരാതി.

ഇവര്‍ക്കൊപ്പം അണങ്കൂര്‍ കൊല്ലമ്ബാടിയിലെ അന്‍സാര്‍, ഭാര്യ സീനത്ത്, മൂന്ന് കുട്ടികള്‍ എന്നിവരെയും കാണാതായതായി അറിയാന്‍ കഴിഞ്ഞെന്ന് അബ്ദുള്‍ ഹമീദ് പോലീസില്‍ മൊഴി നല്‍കി. അന്‍സാറിന്റെ ബന്ധുക്കള്‍ നേരിട്ട് പരാതി നല്‍കാത്തതിനാല്‍ പോലീസ് ഇതിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. പക്ഷേ, ഇവരെപ്പറ്റിയും അന്വേഷിക്കുന്നുണ്ട്. സവാദിന് ദുബായില്‍ മൊബൈല്‍ ഷോപ്പും അത്തര്‍ക്കടയുമായിരുന്നു. വീട്ടുകാരുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന ഇവരെക്കുറിച്ച്‌ ജൂണ്‍ 15-ന് ശേഷം വിവരം കിട്ടാതാകുകയായിരുന്നു. ഏതോ സംഘടനയില്‍ ചേര്‍ന്നതായി നാട്ടില്‍ സംശയം പടര്‍ന്നിട്ടുണ്ട്. വീട്ടുകാരുടെ പ്രതികരണം ലഭ്യമായില്ല.

നേരത്തേ പടന്നയില്‍നിന്ന് പതിനഞ്ചോളം പേരെ കാണാതായിരുന്നു. ഇവര്‍ പിന്നീട് തീവ്രവാദസംഘടനകളില്‍ ചേര്‍ന്നതായി വിവരം കിട്ടിയിരുന്നു. ഇറാഖിലും സിറിയയിലും ഇസ്‌ലാമിക്‌ സ്റ്റേറ്റ് അടക്കമുള്ള സംഘടനകള്‍ ദുര്‍ബലമായിരിക്കെ കാസര്‍കോട് സ്വദേശികള്‍ ഇത്തരം നടപടിയിലേക്ക് കടന്നുവെന്ന് പോലീസ് ഉറച്ചുവിശ്വസിക്കുന്നില്ല. ഈ വശവും അന്വേഷിക്കുന്നുവെന്നു മാത്രം -പോലീസ് അറിയിച്ചു.

Advertisment