Advertisment

പ്രളയപ്പേടിയിൽ കുഞ്ഞുങ്ങളെ രക്ഷിക്കാൻ ആദിവാസികൾ കാട്ടിലൂടെ നടന്നത് 100 കിലോമീറ്റർ

New Update

തൃശ്ശൂർ: കുഞ്ഞുങ്ങൾ പ്രളയജലത്തിൽ മുങ്ങാതിരിക്കാൻ മലക്കപ്പാറയിലെ ആദിവാസികൾ നാലുദിവസംകൊണ്ട് കാട്ടിലൂടെ നടന്നത് നൂറ് കിലോമീറ്റർ. ചാലക്കുടിയിൽ പഠിക്കുന്ന കുട്ടികളെ രക്ഷിക്കാനായിരുന്നു അതിരപ്പിള്ളി മുതൽ മലക്കപ്പാറ വരെയുള്ള 53 കിലോമീറ്റർ താണ്ടിയത്. അവർ അങ്ങോട്ടുമിങ്ങോട്ടുമായി നടന്നത് 100 കിലോമീറ്ററിലേറെ.മലക്കപ്പാറ പെരുമ്പാറ ഗിരിജൻ കോളനിയിലെ കാടർ വംശജരാണ് മരണം മുന്നിൽക്കണ്ട സാഹസികയാത്ര നടത്തിയത്.

Advertisment

publive-image

പെരിങ്ങൽക്കുത്ത് ഡാം നിറഞ്ഞുകവിഞ്ഞ് ഒഴുകാൻ തുടങ്ങിയത് അറിഞ്ഞതോടെയാണ് ആദിവാസിക്കൂട്ടത്തിൽ ആശങ്ക നിറഞ്ഞത്. രണ്ടാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള അവരുടെ കുട്ടികളെ രക്ഷിക്കണമെന്ന ചിന്തയിൽനിന്ന് ഊരുകൂട്ടം കാട്ടിലൂടെ നടക്കാൻ തീരുമാനിച്ചു. ഊരുമൂപ്പൻ മയിലാമണിയുടെ നേതൃത്വത്തിൽ പുരുഷൻമാരും സ്ത്രീകളും അടങ്ങിയ പതിനൊന്നംഗസംഘമാണ് 17-ന് രാവിലെ യാത്ര തുടങ്ങിയത്.

അതിരപ്പിള്ളി-മലക്കപ്പാറ റോഡിൽ പലയിടത്തും ഉരുൾപൊട്ടി തകർന്നതിനാൽ കാട്ടുവഴികളായിരുന്നു ഇവർക്ക് ആശ്രയം. ഭക്ഷണമുണ്ടാക്കാനുള്ള സാധനങ്ങളും കാട്ടിൽ കൂടാരം കെട്ടേണ്ടിവന്നാൽ അതിനു വേണ്ടതൊക്കെയും അവർ കരുതിയിരുന്നു. ആദ്യദിവസം പത്തടിപ്പാലവും കരടിച്ചോലയും അമ്പലപ്പാറയും കടന്ന് രാത്രിയോടെ ആനക്കയത്തുള്ള വനംവകുപ്പിന്റെ ക്യാമ്പിലെത്തി. വനംവകുപ്പ് ഉദ്യോഗസ്ഥർ അവർക്ക് കിടക്കാനും ഭക്ഷണം കഴിക്കാനുമുള്ള സൗകര്യമൊരുക്കി. പിറ്റേന്നു രാവിലെ വീണ്ടും നടപ്പ് തുടങ്ങി.

വാച്ചുമരമെത്തിയപ്പോൾ ഒരു ഓട്ടോറിക്ഷ കിട്ടി. അതിൽ പൊകലപ്പാറവരെയെത്തി. അവിടെനിന്ന് ജീപ്പ് പിടിക്കലായിരുന്നു ലക്ഷ്യം. തൃശ്ശൂർ ജില്ലയിൽ സ്വകാര്യ വ്യക്തികൾക്ക് ഇന്ധനം വിൽക്കുന്നതിന് നിരോധനമേർപ്പെടുത്തിയതിനാൽ മിക്ക ജീപ്പുകാരും വരാൻ തയ്യാറായില്ല. അവസാനം ഒരാൾ തയ്യാറായി.ചാലക്കുടി നായരങ്ങാടിയിലെ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽനിന്ന് കുട്ടികളെ കൂട്ടി മടങ്ങി. തിരികെയുള്ള യാത്രയിൽ പെരിങ്ങൽക്കുത്ത് ഡാം നിറഞ്ഞൊഴുകി ആനക്കയം പാലത്തിൽ വെള്ളവും ചെളിയും നിറഞ്ഞിരുന്നു. ജീപ്പ് പാലം കടക്കാൻ ശ്രമിക്കവേ പെട്ടെന്ന് തെന്നിമാറി. അപകടത്തിൽനിന്ന് കഷ്ടിച്ചാണവർ രക്ഷപ്പെട്ടത്.

ജീപ്പുയാത്ര ആനക്കയത്ത് അവസാനിച്ചു.അടുത്ത പരീക്ഷണം കാത്തിരുന്നത് വാഴച്ചാലിലായിരുന്നു. അവിടെയുള്ള കുട്ടികളെ കൂട്ടി സംഘത്തിലെ ആദ്യയാൾ പാലം കടന്നതും വെള്ളം വന്ന് പാലം മൂടിപ്പോയി. ഏറെനേരം കാത്തിരുന്ന് വെള്ളത്തിന്റെ ഒഴുക്ക് കുറഞ്ഞപ്പോഴാണ് പിന്നാലെ വന്നവർക്ക് പാലം കടക്കാനായത്.കാട്ടിലൂടെയുള്ള നടപ്പിൽ കാലുകൾ വേദനിച്ച് കുട്ടികൾ കരയാൻ തുടങ്ങി.

പിന്നെ കുട്ടികളെ തോളിലെടുത്തും മുതുകിൽ കെട്ടിവെച്ചുമായിരുന്നു യാത്ര. അന്നു രാത്രി അമ്പലപ്പാറയിലെ കെ.എസ്.ഇ.ബി.യുടെ ഐ.ബി.യിൽ ഇടം ലഭിച്ചു. ഭക്ഷണംവെയ്ക്കലും കഴിക്കലുമൊക്കെ അവിടെയായിരുന്നു. പിറ്റേന്നു രാവിലെ വീണ്ടും നടപ്പ് തുടർന്നു. ഒടുവിൽ 20-ന് രാത്രി ഏഴരയോടെ മലക്കപ്പാറയിലെ കുടികളിൽ എത്തി. അപ്പോഴേക്കും കേരളക്കരയെ മൂടിയ പ്രളയജലവും ഒഴിഞ്ഞു തുടങ്ങിയിരുന്നു.

Advertisment