Advertisment

പണമില്ലാത്തതുകൊണ്ട് പെങ്ങളുടെ വിവാഹം നടക്കാതിരിക്കില്ലെന്ന് തെളിയിച്ച് ആങ്ങളമാരെത്തി ; വിവാഹം സ്വര്‍ഗ്ഗത്തില്‍ നടക്കുന്നു എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കി ഭൂമിയില്‍ താലികെട്ട് നടന്നു ; മണ്ണാര്‍ക്കാട് നിന്നും ഒരു നല്ല വാര്‍ത്ത !!

author-image
admin
New Update

വിവാഹം സ്വർഗത്തിൽ നടക്കുന്നു എന്നാണ് ചൊല്ല്.എന്നാൽ ഇവിടെ വിവാഹം 14 ആങ്ങളമാരുടെ സാന്നിദ്ധ്യത്തിൽ ഭൂമിയിൽ നടന്നു. കേൾക്കാൻ കൗതുകമുള്ള ഈ വാർത്ത മണ്ണാർക്കാട് നിന്നാണ്. വിവാഹം കഴിയാതെ വീടുകളിൽ തന്നെ അസ്തമിച്ചു പോകുന്ന അനേകം പെണ്കുട്ടികളുള്ള നമ്മുടെ നാട്ടിൽ അവർക്കൊരു ആശ്രയമായി "ആങ്ങളമാർ" കൂട്ടായ്‌മ എത്തിയിരിക്കുന്നു.അനവധി പ്രതിബന്ധങ്ങൾ തരണം ചെയ്‌താണ്‌ ഒരു പെൺകുട്ടിയുടെ വിവാഹം കേരളത്തിൽ നടക്കുന്നത്.ഇതിൽ പ്രധാനം സാമ്പത്തികമാണ്.

Advertisment

സാംസ്‌കാരികമായി നാം ഉയർന്നവരെന്നു പറയുന്നതിലെ പൊള്ളത്തരം വെളിവാകുന്നത് ഇവിടെയാണ്.എന്നാൽ സഹായിക്കാൻ ആളില്ല എന്ന പേടി ഇനി വേണ്ട.ആളും അർത്ഥവും ഇല്ലാതെ വിവാഹം മുടങ്ങുന്ന പെൺകുട്ടികളുടെ വിവാഹം നടത്തിക്കൊടുക്കുവാൻ ഒരു കൂട്ടായ്‌മ ഉണ്ടായിരിക്കുകയാണ് ആങ്ങളമാർ.

publive-image

വിവാഹത്തിന്റെ എല്ലാ ചടങ്ങുകളും ഒരു ആങ്ങളയുടെ കരുതലോടെ ഏറ്റെടുത്തു നടത്തുന്ന ഇവരുടെ നേതൃത്വത്തിൽ നടന്ന ആദ്യ വിവാഹം ഫെബ്രുവരി 11 നു മണ്ണാർക്കാട് നടന്നു.മണ്ണാർക്കാട് മുക്കാലിയിലെ കാട്ടുശ്ശേരി നരിയൻ പറമ്പിൽ പരേതനായ അളകേശിന്റെയും ശാരദയുടെയും മകൾ പ്രിയയുടെ വിവാഹമായിരുന്നു ഫെബ്രുവരി 11 നു നടന്നത്.

മണ്ണാർക്കാട് സ്വദേശി കൃഷ്ണകുമാർ ആയിരുന്നു വരൻ.ആങ്ങളമാർ കൂട്ടായ്മ നടത്തിയ ആദ്യത്തെ കല്യാണം. ഈ മംഗള മുഹൂർത്തത്തിൽ പങ്കു ചേരാൻ ദമ്പതികളുടെ കുടുംബാംഗങ്ങളും നാട്ടുകാരുമായി എണ്ണൂറോളം ആളുകൾ എത്തിയിരുന്നു. ആങ്ങളമാരുടെ ഫേസ്ബുക്കിലൂടെയും മെയിൽ അഡ്ഡ്രസ്സിലൂടെയും ലഭിക്കുന്ന അപേക്ഷകളിൽ നിന്നും അർഹരായവരെ കണ്ടെത്തിയാൽ പിന്നെ ആങ്ങളമാർ രംഗത്തിറങ്ങുകയായി.

വിവാഹ ക്ഷണക്കത്തു തയ്യാറാക്കുക,10 പവന്റെ ആഭരണങ്ങൾ വാങ്ങിക്കൊടുക്കുക,വധുവിനും കുടുംബത്തിനും കല്യാണ വസ്ത്രങ്ങൾ വാങ്ങുക,കതിർമണ്ഡപമൊരുക്കുക, തലേദിവസത്തെ സൽക്കാരത്തിന് ഭക്ഷണമൊരുക്കുക,കല്യാണ സദ്യ ഒരുക്കുക,തുടങ്ങി സദ്യ വിളമ്പൽ വരെ ആങ്ങളമാരാണ് നടത്തുക. എല്ലാ ചെലവും ആങ്ങളമാർ സ്വന്തം കയ്യിൽ നിന്നും എടുക്കും.

publive-image

വിവാഹ ചടങ്ങിന് കൊഴുപ്പു കൂട്ടാൻ തലേ ദിവസവും കല്യാണദിവസവും വധുവിന്റെ വീട്ടിൽ സംഗീത പരിപാടിയും സംഘടിപ്പിക്കും.ഒന്നിനും ഒരു കുറവും വരുത്താതെ ആങ്ങളമാർ മേൽനോട്ടം വഹിക്കാനുണ്ടാവും.സ്വന്തം തൊഴിലിനൊപ്പം മറ്റൊരു ഭാരിച്ച ഉത്തരവാദിത്തം സന്തോഷപൂർവ്വം ഏറ്റെടുത്തു അതിനായി വരുമാനത്തിന്റെ ഒരു പങ്കു മാറ്റി വയ്ക്കുന്ന ഈ 14 യുവാക്കളുടെ പ്രവർത്തനം മാതൃകാ പരമാണ്.വയനാട്ടിലും ഇടുക്കിയിലുമായി കണ്ടെത്തിയ അടുത്ത പെങ്ങന്മാരുടെ ഒരുക്കങ്ങൾ പൂർത്തിയാക്കുന്നതിന്റെ തിരക്കിലേക്കാണ് ഇപ്പോൾ ആങ്ങളമാരുടെ യാത്ര.

അയൽപക്കത്തെ വീട്ടിലെ കല്യാണം ഏറ്റവും നന്നായിട്ടും ഭംഗിയായിട്ടും നടന്ന് കാണുമ്പോൾ തന്റെ മകൾക്കും അങ്ങനെ ഒരു വിവാഹം സ്വപ്‌നത്തിൽ മാത്രമാണെന്ന് ചിന്തിക്കുന്ന പാവപ്പെട്ട മാതാപിതാക്കളുടെ ആഗ്രഹം അക്ഷരാര്‍ത്ഥത്തില്‍ സഫലമാക്കുകയാണ്‌ ആങ്ങളമാർ.

ദൈവം തങ്ങള്‍ക്ക് തന്ന സൗഭാഗ്യങ്ങൾ സഹജീവികളുടെ കണ്ണീരൊപ്പാന്‍ കൂടി യുള്ളതാണെന്ന ഉള്‍വിളിയാണ് ഈ ദൗത്യമേറ്റെടുക്കാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്ന് ആങ്ങളമാര്‍ പറയുന്നു.

publive-image

വയനാട്ടിലും ഇടുക്കിയിലുമായി കണ്ടെത്തിയ അടുത്ത പെങ്ങളുടെ വിവാഹത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയാക്കുന്നതിന്റെ തിരക്കിലേക്കാണ് ഇപ്പോൾ ആങ്ങളമാരുടെ യാത്ര. ആങ്ങളമാരുടെ സഹായം ആവശ്യമായ നിരവധി നിസ്സഹായ മുഖങ്ങള്‍ നമുക്കു ചുറ്റും തെളിയുന്നില്ലേ? അങ്ങിനെയെങ്കില്‍ www.facebook.com/aanglamaar എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയോ aanglamaar@gmail.com എന്ന ഈമെയില്‍ അഡ്രസിലൂടെയോ ഇവരുമായി ബന്ധപ്പെട്ടാല്‍ ആങ്ങളമാര്‍ എന്ന കൂട്ടായ്മ കേരളത്തിലെവിടെയുമുള്ള അശരണരായ പെങ്ങന്മാര്‍ക്ക് ആശ്രയമായെത്തും.

Advertisment