Advertisment

അഭിലാഷ് ടോമിയെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു; മോശം കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നു; ഫ്രഞ്ച് കപ്പല്‍ അഭിലാഷിന്റെ അടുത്തെത്താന്‍ സമയമെടുക്കും

New Update

കൊച്ചി: ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്താനുള്ള ശ്രമം അവസാന ഘട്ടത്തിലേക്ക്. ഫ്രഞ്ച് മത്സ്യബന്ധനക്കപ്പലായ ‘ഒസിരിസ്’ ഇന്ന് ഉച്ചയോടെ അപകട മേഖലയിലെത്തുമെന്നാണ് കരുതുന്നത്. കാലാവസ്ഥ മോശമായതിനാല്‍ മണിക്കൂറില്‍ എട്ടു കിലോമീറ്റര്‍ വേഗത്തില്‍ മാത്രമേ കപ്പലിനു സഞ്ചരിക്കാന്‍ കഴിയുന്നുള്ളൂ. അഭിലാഷിന്റെ വഞ്ചിക്ക് 266 കിലോമീറ്റര്‍ അരികില്‍ ‘ഒസിരിസ്’ എത്തിയതായാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്.

Advertisment

publive-image

16 മണിക്കൂറിനുള്ളില്‍ അഭിലാഷിനെ രക്ഷിക്കാനാകുമെന്നാണ് രക്ഷാ സേന കരുതുന്നത്. ഓസ്‌ട്രേലിയന്‍ തീരമായ പെര്‍ത്തില്‍നിന്ന് 3704 കിലോമീറ്റര്‍ അകലെ പ്രക്ഷുബ്ധമായ കടലില്‍ വന്‍തിരമാലകളില്‍ ഉലയുകയാണിപ്പോള്‍ അഭിലാഷിന്റെ പായ്വഞ്ചി. പായ്മരം ഒടിഞ്ഞുവീണ് മുതുകിന് ഗുരുതരമായി പരിക്കേറ്റ അഭിലാഷ് അനങ്ങാനാവാത്ത സ്ഥിതിയിലാണ്. ‘ഐസ് ടീ കാനുകളെടുക്കാനായി. അതുകുടിച്ചു. ഛര്‍ദി നില്‍ക്കുന്നില്ല. നെഞ്ചെരിയുന്നു’ എന്നാണ് അഭിലാഷ് അവസാനമയച്ച സന്ദേശമെന്ന് ഗോള്‍ഡന്‍ ഗ്ലോബിന്റെ റെയ്‌സിന്റെ (ജി.ജി.ആര്‍.) സംഘാടകര്‍ അറിയിച്ചു.

മത്സരത്തിലെ മറ്റൊരു മത്സരാര്‍ത്ഥിയായ അയര്‍ലണ്ടുകാരന്‍ ഗ്രിഗര്‍ മാക്വയ്ന്‍ ഫ്രഞ്ച് കപ്പല്‍ അടുത്ത് എത്തുന്നതിനു മുമ്പേ അഭിലാഷിനു അടുത്തെത്തും. ഗ്രിഗറിന്റെ പായ്വഞ്ചിയും മോശം കാലാവസ്ഥയില്‍ തകര്‍ന്നിരുന്നു. അപകടസ്ഥലത്തു നിന്ന് 70 കിലോമീറ്റര്‍ മാത്രം അകലെയാണ് ഗ്രിഗര്‍.

ജൂലൈ ഒന്നിന് ഫ്രാന്‍സിലെ ‘ലെ സാബ്ലെ ദെലോന്‍’ തുറമുഖത്തുനിന്ന് ആരംഭിച്ച മല്‍സരത്തിന്റെ 83ാം ദിവസം, ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കൊടുങ്കാറ്റിലും കനത്ത തിരമാലകളിലുംപെട്ട് പായ്വഞ്ചി ‘തുരീയ’ തകര്‍ന്നുള്ള അപകടത്തില്‍ അഭിലാഷ് ടോമിക്ക് പരുക്കേറ്റിരുന്നു. ഇതിനകം 19,446 കിലോമീറ്റര്‍ താണ്ടിയ അഭിലാഷ് ടോമി മല്‍സരത്തില്‍ മൂന്നാം സ്ഥാനത്തായിരുന്നു. 110 കിലോമീറ്റര്‍ വേഗത്തില്‍ ആഞ്ഞടിച്ച കാറ്റില്‍ 10 മീറ്ററോളം ഉയര്‍ന്ന തിരമാലകള്‍ക്കിടയില്‍പെട്ട് വഞ്ചിയുടെ 3 പായ്മരങ്ങളിലൊന്ന് തകരുകയായിരുന്നു.

Advertisment