Advertisment

'വന്ദേ ഭാരത്' ദൗത്യത്തില്‍ അബുദാബിയില്‍ നിന്ന് ഇന്ത്യയിലെത്തിയവരില്‍ അനര്‍ഹരും; വ്യാജ കാരണം കാണിച്ച് മെയ് 7ന് അബുദാബിയില്‍ നിന്നും പുറപ്പെട്ട വിമാനത്തില്‍ കയറിക്കൂടി നാടണഞ്ഞവരില്‍ ബിആര്‍ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള എന്‍എംസിയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥനും ആറംഗ കുടുംബവും വരെ! ; നാട്ടിലെത്താന്‍ ഒരു സീറ്റിനായി പാവപ്പെട്ട പ്രവാസികള്‍ കാത്തിരിക്കുമ്പോള്‍ സുരേഷ് കൃഷണമൂര്‍ത്തിയും കുടുംബവും വ്യാജ കാരണത്താല്‍ നാട്ടിലെത്തിയ കാര്യം അന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു

author-image
ഗള്‍ഫ് ഡസ്ക്
New Update

ദുബായ്: വിദേശത്തു കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേ ഭാരത് ദൗത്യത്തില്‍ അബുദാബിയില്‍ നിന്ന് ഇന്ത്യയിലെത്തിവരില്‍ അനര്‍ഹരും ഉണ്ടെന്ന് റിപ്പോര്‍ട്ട്. ബിആര്‍ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള എന്‍എംസി ഹെല്‍ത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനും ഇദ്ദേഹത്തിന്റെ ആറംഗ കുടുംബവുമാണ് ഇത്തരത്തില്‍ കേരളത്തിലെത്തിയിരിക്കുന്നത്.

Advertisment

publive-image

സ്വദേശത്തേയ്ക്ക് ജോലി നഷ്ടപ്പെട്ടവരെയും വരുമാന മാര്‍ഗമില്ലാത്തവരെയുമാണ് മടക്കിക്കൊണ്ടു പോകുന്നതെന്നിരിക്കെ എന്‍എംസിയിലെ ഏറ്റവും ഉയര്‍ന്ന പദവിയില്‍ ഇരിക്കുന്ന ഒരാള്‍ക്ക് എങ്ങനെ വിമാനത്തില്‍ സീറ്റ് ലഭിച്ചു എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. എന്നാല്‍ ഇദ്ദേഹത്തിന് മാത്രമല്ല ഇദ്ദേഹത്തിന്റെ ആറംഗ കുടുംബത്തിനും വിമാനത്തില്‍ പ്രവേശനം ലഭിച്ചു എന്നതാണ് വിവാദമായി മാറിയത്.

വീട്ടില്‍ ഒരു മരണം നടന്നു എന്ന വ്യാജ കാരണം പറഞ്ഞാണ് ഇവര്‍ നാട്ടിലെത്തിയത്. അബുദാബിയില്‍ ജോലി നഷ്ടപ്പെട്ട് വരുമാനമില്ലാതെ വിഷമിക്കുന്ന പ്രവാസികള്‍ നാട്ടിലെത്താനായി ഒരു വിമാന സീറ്റിനായി കാത്തിരിക്കുമ്പോഴാണ് ഉയര്‍ന്ന സാമ്പത്തിക സ്ഥിതിയുള്ള ഉദ്യോഗസ്ഥനും കുടുംബവും പുഷ്പം പോലെ കേരളത്തിലെത്തിയത്.

മെയ് ഏഴിന് അബുദബിയില്‍നിന്നും 177 യാത്രക്കാരുമായി രാത്രി 10.8ന് നെടുമ്പാശ്ശേരിയിലെ കൊച്ചിന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പറന്നിറങ്ങിയ ആദ്യ എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനത്തില്‍ ആണ് എന്‍എംസി ഹെല്‍ത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ സുരേഷ് കൃഷ്ണമൂര്‍ത്തിയും കുടുംബവും എത്തിയത്.

ഗര്‍ഭിണികള്‍, അര്‍ബുദ രോഗികള്‍, വൃക്ക മാറ്റി വയ്ക്കേണ്ടവര്‍, മാറാരോഗികള്‍, അവശ്യ വൈദ്യസഹായം കാത്തിരിക്കുന്നവര്‍, മരണാസന്നരായ ബന്ധുക്കളെ അവസാനമായി കാണുന്നതിന് നാട്ടിലേക്ക് അടിയന്തിരമായി എത്തേണ്ടവര്‍ തുടങ്ങി ആയിരങ്ങള്‍ പട്ടികയില്‍ ഇടംപിടിക്കാതെ പുറത്തുനില്‍ക്കുമ്പോഴാണ് ഇവര്‍ അനര്‍ഹമായി വിമാനത്തില്‍ കടന്ന്കൂടിയത്.

സുരേഷ് കൃഷ്ണമൂര്‍ത്തി, ഭാര്യ, മൂന്നു മക്കള്‍, വേലക്കാരി എന്നിവരാണ് വ്യാജകാരണം കാണിച്ച് നാട്ടിലെത്തിയത്. ഇവരുടെ വീട്ടില്‍ മരണം നടന്നുവെന്ന പച്ചക്കളം പറഞ്ഞാണ് ഇവര്‍ എംബസിയില്‍നിന്നു സീറ്റ് തരപ്പെടുത്തിയത്. അടിയന്തിര ചെക്കപ്പിനായി ഇന്ത്യയിലേക്ക് പോവുന്നുവെന്ന് ജീവനക്കാര്‍ക്ക് സന്ദേശം നല്‍കിയാണ് ഇദേഹം അബുദബി വിട്ടത്.

കൃഷ്ണമൂര്‍ത്തിയുടെ മൂത്തമകനും ജോലിക്കാരിയും ആലപ്പുഴയിലെ സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയുമ്പോള്‍ മക്കളുടെ പേരു പറഞ്ഞ് കൃഷ്ണമൂര്‍ത്തിയും ഭാര്യയും മക്കളും ആലപ്പുഴയിലെ വീട്ടിലാണ് ക്വാറന്റൈനില്‍ കഴിയുന്നത്. രണ്ടു മാസം മുമ്പ് നടന്ന മരണത്തിന്റെ പേരിലാണ് ഇദ്ദേഹം എംബസിയെ സമീപിച്ച് സീറ്റു തരപ്പെടുത്തിയത്

രക്ഷാദൗത്യത്തിന്റെ ഭാഗമായുള്ള എയര്‍ഇന്ത്യാ എക്സ്പ്രസ് വിമാനത്തില്‍ അനര്‍ഹര്‍ക്ക് കയറിക്കൂടാന്‍ സാധിച്ചത് വലിയ വീഴ്ചയാണെന്നും ഇക്കാര്യം കേന്ദ്ര വിദേശകാര്യമന്ത്രാലയം അന്വേഷിക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്.

br shetty suresh krishnamoorthi vandha bharath
Advertisment