കളിതോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി, നടിയെ പോലീസ് വെടിവെച്ച് കൊന്നു

ഫിലിം ഡസ്ക്
Saturday, September 1, 2018

ഹോളിവുഡ് നടി വെനേസ മാര്‍ക്വസിനെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി. ശ്രദ്ധനേടിയ ഹോളിവുഡ് ടിവി സീരീസ് ‘ഇആര്‍’ ഇലെ പ്രമുഖ കഥാപാത്രത്തെ കൈകാര്യം ചെയ്തത് വെനേസയായിരുന്നു. പോലീസിന് നേരെ വെനേസ കളിതോക്ക് ചൂണ്ടുകയും ഇത് കണ്ട് യഥാര്‍ത്ഥ തോക്കാണെന്ന് കരുതി പോലീസ് വെടിയുതിര്‍ക്കുകയുമായിരുന്നു എന്നാണ് വിവരം.

ക്ഷേമ പരിശോധനയ്ക്കായി വെനേസയുടെ വീട്ടില്‍ പോലീസ് എത്തിയപ്പോഴായിരുന്നു സംഭവം. 49കാരിയായ നടി തോക്ക് ചൂണ്ടിയാണ് പുറത്തേക്ക് എത്തിയത്. എന്നാല്‍ ഇത് കളിത്തോക്ക് ആയിരുന്നെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മനസിലായില്ല. നടി വെളിപ്പെടുത്തിയതുമില്ല. എന്നാല്‍ വെനേസ ഇത് തുടര്‍ന്നപ്പോള്‍ തോക്ക് താഴെയിടാന്‍ ഉദ്യോഗസ്ഥര്‍ പലപ്രാവശ്യം ആവശ്യപ്പെട്ടു. കേള്‍ക്കാതെ വന്നതോടെ വെടിയുതിര്‍ക്കുകയായിരുന്നു.

സംഭവത്തിന് ശേഷം പോലീസ് ഉദ്യോഗസ്ഥര്‍ വെനേസയുടെ കൈയ്യില്‍ ഉണ്ടായിരുന്ന തോക്ക് പരിശോധിച്ചു. തുടര്‍ന്നാണ് ഇത് ബിബി ടൈപ് സെമി ഓട്ടോമാറ്റിക് തോക്കാണെന്ന് മനസിലായത്. വെനേസയുടെ വീട്ടുടമയാണ് പോലീസിനെ വിളിച്ച് വീട് പരിശോധിക്കണമെന്നും അവരുടെ ക്ഷേമം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടത്. ഇത് പ്രാകാരം പോലീസ് എത്തിയപ്പോഴായിരുന്നു തോക്ക് ചൂണ്ടിയുള്ള നടിയുടെ ഭീഷണി.

നടിയുടെ സ്വഭാവമാറ്റത്തെ തുടര്‍ന്നായിരുന്നു വീട്ടുടമ ഇക്കാര്യം പറഞ്ഞത്. ഇവരോട് സംസാരിക്കാനായി ഒരു മാനസികാരോഗ്യ ക്ലിനിക് ജീവനക്കാരനും പോലീസിനൊപ്പമുണ്ടായിരുന്നു. ഈ സമയം തോക്കുമായി എത്തിയ വെനേസ ആദ്യം ആത്മഹത്യഭീഷണി മുഴക്കി പിന്നീട് തോക്ക് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ചൂണ്ടുകയായിരുന്നു. ഈ സമയം ഒരു ഉദ്യോഗസ്ഥന്‍ നടിക്ക് നേരെ നിറയൊഴിച്ചു.

1994 മുല്‍ 1997 വരെ ഹോളിവുഡ് സീരീസായ ‘ഇആറി’ല്‍ വെന്‍ഡി ഗോള്‍ഡ്മാന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് വെനേസയായിരുന്നു. സെയിന്‍ഫെല്‍ഡ്, മെല്‍റോസ് പ്ലെയ്‌സ് തുടങ്ങിയ ഷോകളിലും വെനേസ അഭിനയിച്ചിട്ടുണ്ട്. ‘ഇആറി’ലെ സഹതാരമായിരുന്ന ജോര്‍ജ് ക്ലൂണി തന്നെ സീരീസില്‍ നിന്നും പുറത്താക്കിയെന്നും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും ആരോപണം ഉന്നയിച്ച് വെനേസ നേരത്തെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം ക്ലൂണി നിരസിച്ചിരുന്നു.

×