Advertisment

മഹാനടിക്ക് പിന്നാലെ നടി സൗന്ദര്യയും സിനിമയാവാന്‍ പോവുന്നു! അതെ കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ ലാലേട്ടന്റെ ആമിനയെ മലയാളികളും മറന്നിട്ടില്ല

author-image
ഫിലിം ഡസ്ക്
New Update

Advertisment

കന്നഡയിലും തെലുങ്കിലും സജീവമായി പ്രവര്‍ത്തിച്ചിരുന്ന നടിയായിരുന്നു സൗന്ദര്യ. 2004 ല്‍ വിമാനപകടത്തില്‍ നടി മരിച്ചു . വെറും രണ്ട് സിനിമയിലാണെങ്കിലും ഇത്രയധികം ഓര്‍ത്ത് വെക്കാന്‍ പാകമുള്ള കഥാപാത്രങ്ങളായിരുന്നു മലയാളത്തില്‍ നിന്നും സൗന്ദര്യക്ക് കിട്ടിയിരുന്നത്.

മേയ് 9 നായിരുന്നു മുന്‍കാല നടിയായ സാവിത്രിയുടെ ജീവിതകഥയെ ആസ്പദമാക്കി മഹാനടി എന്ന സിനിമ പുറത്തെത്തിയത്. തെലുങ്ക്, തമിഴ്, മലയാളം എന്നിങ്ങനെ മൂന്ന് ഭാഷകളിലും സിനിമ പ്രദര്‍ശനത്തിനെത്തിയിരുന്നു. ഇപ്പോള്‍ നടി സൗന്ദര്യയുടെ ജീവിതകഥ കൂടി സിനിമാക്കാന്‍ പോവുന്നതായിട്ടാണ് റിപ്പോര്‍ട്ട്.

കന്നഡ, തെലുങ്ക്, മലയാളം, തമിഴ് എന്നീ ഭാഷകളില്‍ നായികയായി അഭിനയിച്ച് 1992 മുതല്‍ 2004 വരെ തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നിന്ന നടിയായിരുന്നു സൗന്ദര്യ. വ്യവസായിയും ചലച്ചിത്ര എഴുത്തുകാരനുമായ കെഎസ് സത്യനാരായണന്റെ മകളായി ബംഗ്ലൂരുവിലാണ് സൗന്ദര്യ ജനിച്ചത്. 1992 ല്‍ റിലീസിനെത്തിയ ഗന്ധര്‍വ്വ എന്ന കന്നഡ സിനിമയായിരുന്നു സൗന്ദര്യയുടെ ആദ്യ സിനിമ. എംബിബിഎസ് വിദ്യാര്‍ത്ഥിനി ആയിരുന്നെങ്കിലും സിനിമയോടുള്ള ഇഷ്ടം കാരണം പഠനം ഉപേക്ഷിക്കുകയായിരുന്നു.

കന്നഡ സിനിമയിലൂടെയാണ് അരങ്ങേറ്റമെങ്കിലും തെലുങ്ക് സിനിമയിലായിരുന്നു സൗന്ദര്യ സജീവമായിരുന്നത്. അമിതാഭ് ബച്ചന്‍ നായകനായി അഭിനയിച്ച സൂര്യവംശം എന്ന സിനിമയിലൂടെ ഹിന്ദിയിലും നടി അഭിനയിച്ചിരുന്നു. സൂര്യവംശത്തിലെ സൗന്ദര്യയുടെ അഭിനയം ശ്രദ്ധേയമായിരുന്നു. വളരെ കുറഞ്ഞ കാലം മാത്രമേ ജീവിച്ചിട്ടുള്ളു എങ്കിലും ഇന്ത്യ അറിയപ്പെടുന്ന നായികയായി മാറാന്‍ സൗന്ദര്യയ്ക്ക് കഴിഞ്ഞിരുന്നു. തെലുങ്കില്‍ സാവിത്രിയുടെ പിന്‍ഗാമിയായിട്ടായിരുന്നു സൗന്ദര്യ അറിയപ്പെട്ടിരുന്നത്. മോഡേണ്‍ സാവിത്രി എന്ന പേരും സൗന്ദര്യ സ്വന്തമാക്കിയിരുന്നു.

Image result for സൗന്ദര്യ

ജയറാമിന്റെ നായികയായി യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന സിനിമയിലൂടെയായിരുന്നു സൗന്ദര്യ ആദ്യമായി മലയാളത്തില്‍ അഭിനയിച്ചത്. ശേഷം മോഹന്‍ലാലിന്റെ നായികയായി കിളിച്ചുണ്ടന്‍ മാമ്പഴത്തിലും സൗന്ദര്യ അഭിനയിച്ചിരുന്നു. സിനിമയിലെ ആമിന എന്ന കഥാപാത്രമായിരുന്നു സൗന്ദര്യയ്ക്ക് മലയാളത്തില്‍ നിറയെ ആരാധകരെ ഉണ്ടാക്കിയത്. ശ്രീനിവാസന്‍, ജഗതി ശ്രീകുമാര്‍, കൊച്ചിന്‍ ഹനീഫ, സലീം കുമാര്‍ എന്നിവരായിരുന്നു സിനിമയിലെ മറ്റ് താരങ്ങള്‍. റൊമാന്റിക് കോമഡി സിനിമയായിരുന്ന കിളിച്ചുണ്ടന്‍ മാമ്പഴം പ്രിയദര്‍ശന്റെ സംവിധാനത്തിലെത്തിയിരുന്നതായിരുന്നു.

താരരാജാക്കന്മാരുടെ നായിക

2003 ഏപ്രില്‍ 17 ന് ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജീനിയറുമായി വിവാഹം കഴിച്ച സൗന്ദര്യ വിവാഹവാര്‍ഷികത്തിന് പത്ത് ദിവസം മാത്രം അവശേഷിക്കവേയായിരുന്നു മരിച്ചത്. 2004 ല്‍ അപ്രത്യക്ഷിതമായിട്ടായിരുന്നു നടി മരിച്ചത്. മരിക്കുമ്പോള്‍ വെറും 27 വയസ് മാത്രമായിരുന്നു സൗന്ദര്യക്ക് ഉണ്ടായിരുന്നത്. ആന്ധപ്രദേശിലെ കരിംനഗറിലെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചരണത്തിന് പോയ നടി സഞ്ചരിച്ച വിമാനം അപകടത്തില്‍പ്പെടുകയായിരുന്നു. അപകടത്തില്‍ സൗന്ദര്യയുടെ സഹോദരന്‍ അമര്‍നാഥ് ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചിരുന്നു. തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തങ്ങളില്‍ ഒന്നായിരുന്നു സൗന്ദര്യയുടെ മരണം.



മോഡേണ്‍ സാവിത്രി എന്ന് വിശേഷിപ്പിക്കുന്ന സൗന്ദര്യ സാവിത്രിയെ പോലെ തന്നെയായിരുന്നു. സിനിമയില്‍ നൂറ് ശതമാനം വിജയം നേടിയ സാവിത്രിയെ പോലെ സൗന്ദര്യയും ഭാഗ്യമുള്ള നടിയായിരുന്നു. എന്നാല്‍ മരണം വില്ലനായപ്പോള്‍ പാതിവഴിയില്‍ എല്ലാം ഉപേക്ഷിച്ച് പോവേണ്ടി വരികയായിരുന്നു. സാവിത്രിയുടെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിച്ച മഹാനടി തിയറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായി പ്രദര്‍ശനം തുടരുകയാണ്. അതിനിടെ സൗന്ദര്യയുടെ ബയോപിക് കൂടി നിര്‍മ്മിക്കാന്‍ പോവുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ഇതിനെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ വരാന്‍ പോവുന്നതേയുള്ളു.

 

Advertisment