Advertisment

മഴക്കാലത്തെ വാഴക്കൃഷി പരിപാലനം

author-image
admin
New Update

മഴക്കാലത്ത് വാഴക്കൃഷി എങ്ങനെ പരിപാലിക്കാം എന്ന് നോക്കാം;

Advertisment

മഴ തുടങ്ങുന്നതോടെ നീർവാർച്ചയുള്ള ചാലുകൾ തീർക്കണം. നട്ട് രണ്ടു മാസമായ പാളയൻകോടന് ചുവടൊന്നിന് 110, 500, 335 ഗ്രാം വീതം യൂറിയ, റോക്ക് ഫോസ്ഫേറ്റ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ചേർക്കാം. തുടർന്നു കളകൾ ചെത്തി ചുവട്ടിൽ കൂട്ടി മണ്ണിട്ടു മൂടുക.

ഫലപുഷ്ടിയുള്ള മണ്ണിൽ റോക്ക് ഫോസ്ഫേറ്റ്, പൊട്ടാഷ് വളങ്ങൾ കുറയ്ക്കാം. ഇലകളിൽ കണ്ണിന്റെ ആകൃതിയിലുള്ള വലിയ പൊട്ടുകളുണ്ടാകുകയും പിന്നീട് അവ ഒന്നിച്ചു ചേർന്ന് ഇലകൾ കരിയുകയും ചെയ്യുന്ന സിഗാട്ടോക്ക രോഗം മഴ തുടങ്ങുന്നതോടെ വ്യാപകമാകും. രോഗം രൂക്ഷമായ ഇലകൾ മുറിച്ചു കത്തിക്കണം.

publive-image

രോഗം കാണുന്നതോടെ ബോർഡോമിശ്രിതം ഒരു ശതമാനം, ബാവിസ്റ്റിൻ ഒരു ഗ്രാം, കാലിക്സിൻ അര മി. ലീ., ഡൈത്തേൻ എം–45 രണ്ടു ഗ്രാം എന്നിവയിലൊന്ന് ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിനു മാറി മാറി തളിക്കുക. പകരം സ്യൂഡോമോണാസ് കൾച്ചർ 20 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിന് രണ്ടു മൂന്നു തവണ തളിക്കുക.

തടതുരപ്പൻ പുഴുവിന്റെ ഉപദ്രവം കഠിനമായുണ്ടായ വാഴകളും അവശിഷ്ടങ്ങളും കത്തിക്കുകയോ കുഴിച്ചുമൂടുകയോ ചെയ്യുക. ഒരു ചുവട്ടിൽ രണ്ടിൽ കൂടുതൽ വാഴകൾ കട്ടപിടിച്ച് വളരാൻ അനുവദിക്കരുത്, വാഴയുടെ ഉണങ്ങിയ ഇലകൾ മുറിച്ചു കളഞ്ഞ് തോട്ടം വൃത്തിയാക്കി സൂക്ഷിക്കുക.

ഇക്കാലക്സ് രണ്ടു മി. ലീ., ഡർസ്ബാൻ (20%) 1.5 മി.ലീ. എന്നിവയിലൊന്ന് ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിനു തളിക്കുക. ലായനി ഓലക്കവിളുകളിലും ചുവട്ടിലും വീഴണം. ഉപദ്രവം തുടരുന്നെങ്കിൽ മൂന്നാഴ്ച കഴിഞ്ഞ് ഒരു തവണകൂടി കീടനാശിനി തളിക്കുക.

വാഴകൾ ശരിയായ അകലത്തിൽ നടുക, നീർവാർച്ചാ സൗകര്യം ഉണ്ടാക്കുക, തോട്ടങ്ങളിലെ കളകൾ നിയന്ത്രിക്കുക, ആവശ്യത്തിൽ അധികമുള്ള കന്നുകൾ നശിപ്പിക്കുക തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധപുലർത്തിയാൽ ഇലപ്പുള്ളിരോഗം പിടിപെടാതെ വാഴകളെ സംരക്ഷിക്കാൻ കഴിയും.

മാണം അഴുകൽ രോഗം പ്രധാനമായും വയലുകളിലും നീർവാർച്ച ഇല്ലാത്ത സ്ഥങ്ങളിലും നട്ടിട്ടുള്ള വാഴകളിലാണ്‌ കണ്ടുവരുന്നത്. ഇതിനെ നിയന്ത്രിക്കാൻ രോഗം ബാധിച്ച വാഴകൾ കടയോടെ പിഴുതെടുത്തു നശിപ്പിക്കണം. വാഴകൾ ഇങ്ങനെ നീക്കംചെയ്ത കുഴികളിലും ചുറ്റുമുള്ള വാഴകളുടെ തടങ്ങളിലും കുമ്മായം ഇടണം.

Advertisment