Advertisment

അക്ഷിതയെ കൊലപ്പെടുത്തിയത് പ്രണയാഭ്യര്‍ത്ഥന നടത്തിയതിന്റെ മൂന്നാം നാള്‍ ;ക്രൂരതയ്ക്കിരയായത് മലയാളി പെണ്‍കുട്ടി

New Update

കാസര്‍ഗോഡ്: പ്രണയാഭ്യാർത്ഥന നിരസിച്ചതിന് വിദ്യാർത്ഥിനിയെ കുത്തിക്കൊലപ്പെടുത്തിയതിന്റെ നടുക്കത്തിലാണ് കാസർഗോഡ് മുള്ളേരിയ ഗ്രാമം. ഇന്നലെയാണ് ക‌ർണാടക സുള്ള്യയിൽ പഠിക്കുന്ന അക്ഷിതയെ സഹപാഠി കാർത്തിക് കുത്തിക്കൊലപ്പെടുത്തിയത്. കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളും ആശങ്കയിലാണ്.

Advertisment

കഴിഞ്ഞ വർഷമാണ് അക്ഷിത ഡിഗ്രി പഠനത്തിനായി കർണാക സുള്ള്യയിലെ നെഹ്രു മെമ്മോറിയൽ കോളേജിൽ ചേർന്നത്. രണ്ടാം വർഷ ബി.എസ്.സി വിദ്യാർത്ഥിയായിരുന്നു. മൂന്ന് ദിവസം മുമ്പാണ് കാർത്തിക് ആദ്യമായി പ്രണയഭ്യാർത്ഥനയുമായെത്തുന്നത്. തുടർന്ന് രണ്ട് വട്ടം കൂടെ കാർത്തിക് പ്രണയാഭ്യാർത്ഥനയുമായെത്തി. അനുകൂലമല്ലായിരുന്നു അക്ഷിതയുടെ പ്രതികരണം.

publive-image

പ്രണയാഭ്യാർത്ഥന നടത്തി മൂന്നാമത്തെ ദിവസമാണ് കാർത്തിക് ക്രൂര കൃത്യം നടത്തിയത്. അക്ഷിതയെ അക്രമിക്കാനായി മൂർച്ചയേറിയ കത്തി ബാഗിലൊളിപ്പിച്ചാണ് കഴിഞ്ഞ ദിവസം പ്രതി കോളേജിലെത്തിയത്. കേരളത്തിൽ ബസ് സമരമായതിനാൽ അക്ഷിത നേരത്തെ കോളേജിൽ നിന്നും ഇറങ്ങി. പിന്തുടർന്നെത്തിയ പ്രതി സുള്ള്യ ബസ്സ്റ്റാന്റിന് അടുത്ത് വച്ചാണ് അക്ഷിതയെ തടഞ് നിർത്തി കുത്തിയത്. ആദ്യ കുത്തേറ്റ് ഓടിയ അക്ഷിതയെ പിന്തുടർന്ന് വീണ്ടും കുത്തുകയായിരുന്നു. മാരകമായ ഏഴ്മുറിവുകളാണ് അക്ഷിതയ്ക്കേറ്റത്.

നിരവധി പേർ സംഭവ സ്ഥലത്തുണ്ടായിരുന്നെങ്കിലും ആരും തടയാൻ ശ്രമിച്ചില്ല. സമീപത്തെ ഹോട്ടലിലുണ്ടായിരുന്ന ആളാണ് അക്ഷിതയെ ആശുപത്രിയിലെത്തിച്ചത്. സാരമായ പരിക്കേറ്റതിനാൽ മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടയിലായിരുന്നു മരണം. സംഭവ സ്ഥലത്ത് വച്ച് തന്നെ കൈരഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കാർത്തികിനെ വിദ്യാർത്ഥികളാണ് പിടിച്ച് പൊലീസിലേൽപ്പിച്ചത്. സുള്ള്യ നാർണകജെ സ്വദേശിയാണ് കാർത്തിക്. എഞ്ചിനീയറിംഗ് പഠനം ഉപേക്ഷിച്ചാണ് ബി.എസ്.സി പഠനത്തിനായി എൻ.എം.സി കോളേജിൽ ചേർന്നത്. ക്ലാസിൽ ആരുമായും അടുപ്പം കാണിക്കാത്ത പ്രകൃതകാരനാണ്. പ്രതിയ്ക്ക് മാനസിക രോഗമുണ്ടെന്ന് കാണിച്ച് കേസിൽ നിന്നും രക്ഷപ്പെടാൻ ശ്രമം നടക്കുന്നതായും ആക്ഷേപമുണ്ട്.

ഇന്നലെ രാത്രി പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മുള്ളേരിയ ശാന്തി നഗറിലെ വീട്ടിലെത്തിച്ച അക്ഷിതയുടെ മൃതദേഹം ഇന്ന് പുലർച്ചെ വീട്ടു വളപ്പിൽ സംസ്കരിച്ചു. നിരവധി മലയാളി വിദ്യാർത്ഥികളാണ് മംഗളൂരു സുള്ള്യ, മൂ‍‍ഡബിദ്രി എന്നിവടങ്ങളിൽ പഠിക്കുന്നത്. അക്ഷിതയുടെ ദാരുണമായ കൊലപാതകത്തോടെ മലയാളി വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. സ്വാശ്രയ വിദ്യഭ്യാസ സ്ഥാപനങ്ങളായതിനാൽ തന്നെ പലപ്പോഴും ഇരകൾക്ക് അനുകൂലമായ നടപടികൾ കോളേജിന്റെ ഭാഗത്ത് നിന്നും ഉണ്ടാവാറില്ലെന്നതും ആശങ്ക വർധിപ്പിക്കുന്നു.

Advertisment