Advertisment

ആളിയാര്‍ ഡാം തുറന്നു; ഭാരതപ്പുഴ കരകവിയാന്‍ സാധ്യത, പുഴയിലിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

New Update

പാലക്കാട്: മഹാപ്രളയം അടങ്ങിയെങ്കിലും വീണ്ടും ഭാരതപ്പുഴയുടെ കരയിലുള്ളവര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ് നല്‍കി. ആളിയാര്‍ ഡാം തുറന്നതോടെ ഭാരതപ്പുഴ വീണ്ടും നിറയുകയാണ്. ജലത്തിന്റെ അളവ് സെക്കന്‍ഡില്‍ 3000 ഘനഅടിയായി ഉയര്‍ന്നെന്നാണ് നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. നിലവില്‍ ചിറ്റൂര്‍പ്പുഴ, ഭാരതപ്പുഴകളില്‍ ഒഴുക്കു ശക്തമായിരിക്കുന്നു.

Advertisment

publive-image

പുഴയിലിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടങ്ങള്‍ മുന്നറിയിപ്പ് നല്‍കി. അപ്പര്‍ ആളിയാറില്‍ നിന്ന് ആളിയാറിലേക്കുള്ള ഒഴുക്കു വര്‍ധിച്ചതാണു ചിറ്റൂര്‍പ്പുഴയിലേക്കു കൂടുതല്‍ ജലം തുറക്കാന്‍ കാരണം.അപ്പര്‍ ആളിയാറില്‍ തമിഴ്‌നാട് 60 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നുണ്ട്. ഈ ജലവും ആളിയാറിലേക്കാണ് എത്തുന്നത്. പദ്ധതി പ്രദേശത്തുള്‍പ്പെട്ട കാടമ്പാറ അണക്കെട്ടും നിറഞ്ഞു കിടക്കുകയാണ്.

1050 അടിയാണ് ആളിയാര്‍ ഡാമിന്റെ പരമാവധി സംഭരണനിരപ്പ്. പൊടുന്നനെ ഉണ്ടാകുന്ന പ്രളയജലം സംഭരിക്കാന്‍ ജലനിരപ്പ് 1048 അടിയായി താഴ്ത്തി നിലനിര്‍ത്തണമെന്ന കേരളത്തിന്റെ നിര്‍ദേശം തമിഴ്‌നാട് പാലിക്കുന്നുണ്ട്. ഇതിനു മുകളിലേക്കു ജലനിരപ്പ് ഉയരുമ്പോഴാണ് ചിറ്റൂര്‍പ്പുഴയിലേക്കു ജലം തുറക്കുന്നത്. പറമ്പിക്കുളം ആളിയാര്‍ പദ്ധതി പ്രദേശത്തു ശക്തമായ ഒഴുക്കു തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

Advertisment