Advertisment

ആല്‍വാറില്‍ ഗോസംരക്ഷണ ഗുണ്ടകള്‍ തല്ലിക്കൊന്നത് കുടുംബത്തിന്റെ ഏക ആശ്രയമായ യുവാവിനെ

author-image
admin
New Update

ആല്‍വാര്‍: രാജസ്ഥാനില്‍ ആല്‍വാറില്‍ പശുവിന്റെ പേരില്‍ അക്രമികള്‍ തല്ലിക്കൊന്ന യുവാവ് കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു. വെള്ളിയാഴ്ചയാണ് പശുക്കടത്ത് ആരോപിച്ച് രഖ്ബര്‍ ഖാന്‍ എന്ന 35 വയസുകാരനെ ഒരു സംഘം അക്രമികള്‍ തല്ലിക്കൊന്നത്. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടി വേണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചതിന്റെ തൊട്ടുപിന്നാലെയാണ് വീണ്ടും അക്രമികള്‍ അഴിഞ്ഞാടി ഒരു യുവാവിന്റെ ജീവനെടുത്തത്.

Advertisment

publive-image

ആല്‍വാര്‍ ജില്ലയിലെ തന്നെ ലാലാവണ്ടി ഗ്രാമത്തില്‍ നിന്ന് 60,000 രൂപയ്ക്ക് രണ്ട് പശുക്കളെ വാങ്ങി മടങ്ങി വരുന്ന വഴിക്കാണ് രഖ്ബറിനെ അക്രമികള്‍ തല്ലിക്കൊന്നത്. സുഹൃത്ത് അസ്ലം ഖാനൊപ്പമാണ് രഖ്ബര്‍ പശുവിനെ വാങ്ങി മടങ്ങിയത്. അസ്ലം ഖാന്‍ രഖ്ബറിന്റെ ബൈക്കിലാണ് മടങ്ങി വന്നത്. രഖ്ബര്‍ പശുക്കളുമായി നടന്ന് വരികയായിരുന്നു. എന്നാല്‍ ഗ്രാമത്തില്‍ മടങ്ങിയെത്തുന്നതിന് മുന്‍പ് ഗോസംരക്ഷണ ഗുണ്ടകള്‍ ഇരുവരേയും തടഞ്ഞു നിര്‍ത്തി ആക്രമിച്ചു. ഇതിനിടെ അസ്ലം ഖാന്‍ സമീപത്തെ വയലിലേക്ക് ഓടിരക്ഷപെട്ടു. രഖ്ബര്‍ ഖാന് രക്ഷപെടാന്‍ കഴിഞ്ഞില്ല.

ഷീരകര്‍ഷകനായിരുന്നു കൊല്ലപ്പെട്ട രഖ്ബര്‍ ഖാന്‍ പത്തോളം പശുക്കളെ വാങ്ങി തന്റെ ഷീര ഫാം വിപുലീകരിക്കാനുള്ള ശ്രമത്തിലായിരുന്നു രഖ്ബര്‍ ഖാന്‍. നിലവില്‍ മൂന്ന് പശുക്കളുണ്ട്. കൂടുതല്‍ പശുക്കളെ വാങ്ങുന്നതിനായി സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും വ്യാപകമായി പണം കടം വാങ്ങുകയും ചെയ്തിരുന്നു. ഭാര്യയും ഏഴ് കുട്ടികളും മാതാപിതാക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു രഖ്ബര്‍ ഖാന്‍.

രഖ്ബര്‍ ഖാന്റെ കൊലപാതക വാര്‍ത്തയറിഞ്ഞ് ഭാര്യ അസ്മിന ഖാന്‍ (30) തളര്‍ന്നു വീണു. ഭര്‍ത്താവില്ലാതെ നാല് ആണ്‍കുട്ടികളെയും മൂന്ന് പെണ്‍കുട്ടികളെയും എങ്ങനെ വളര്‍ത്തുമെന്ന ആശങ്കയിലാണ് അസ്മിന. പശുക്കളെ വാങ്ങി മടങ്ങി വരുന്ന ഭര്‍ത്താവിന് വേണ്ടി ബിരിയാണി തയ്യാറാക്കാന്‍ തുടങ്ങുമ്പോഴാണ് മരണ വാര്‍ത്ത അസ്മിനയെ തേടിയെത്തിയത്.

Advertisment