Advertisment

അങ്കമാലി രൂപതയിലെ ഭൂമിയിടപാട്; മെത്രാന്മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കാന്‍ നിര്‍ദേശം

New Update

കൊച്ചി: എറണാകുളം അങ്കമാലി രൂപതയിലെ ഭൂമി ഇടപാട് സംബന്ധിച്ച വിഷയത്തില്‍ സഹായ മെത്രാന്മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കാന്‍ സിനഡ് നിര്‍ദേശം. കര്‍ദിനാള്‍ ഇരുവര്‍ക്കും ഉത്തരവാദിത്തങ്ങള്‍ കൈമാറണമെന്നും മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്തിന്റെ നേതൃത്വത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. കൂടാതെ സഭാസമിതികള്‍ ചേര്‍ന്ന് വസ്തു ഇടപാടിലെ നഷ്ടവും പ്രശ്നങ്ങളും വിലയിരുത്തണം.

Advertisment

publive-image

പരിഹാരമാര്‍ഗങ്ങള്‍ക്കായി വിദഗ്ധസമിതിയെ ചുമതലപ്പെടുത്തണമെന്നും പ്രധാന തീരുമാനങ്ങള്‍ കര്‍ദിനാളിന്റെ അനുമതിയോടെ മാത്രമേ എടുക്കാവുള്ളെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.ആര്‍ച്ച് ബിഷപ്പിന്റെ തിരക്ക് കണക്കിലെടുത്താണ് പുതിയ തീരുമാനം.

അതിരൂപതയുടെ പത്രക്കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ചുവടെ :

എറണാകുളം- അങ്കമാലി അതിരൂപതയിലെ വൈദികസമിതി സെക്രട്ടറി സീറോമലബാര്‍ ബിഷപ്പ്‌സ് സിനഡിലെ പിതാക്കന്മാര്‍ക്ക് ഒരു കത്ത് നല്കിയിരുന്നു.

അതിരൂപതയില്‍ നടന്ന ഭൂമി ഇടപാടിനെ സംബന്ധിച്ചുണ്ടായ ഗൗരവതരമായ പ്രശ്‌നങ്ങളില്‍ സിനഡ് ശ്രദ്ധ ചെലുത്തുകയും പ്രശ്‌നപരിഹാരത്തിന് സഹായിക്കുകയും ചെയ്യണം എന്നായിരുന്നു കത്തിലെ ആവശ്യം, ഇതേ ആവശ്യം ഉയിച്ചുകൊണ്ട് ഏതാനും വൈദികരും അത്മായ സഹോദരങ്ങളും നല്കിയ കത്തുകളും സിനഡില്‍ വായിക്കുകയുണ്ടായി.

സിനഡ് ഈ വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യുകയും ഈ വിഷയത്തില്‍ ഉചിതമായ പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനായി മെത്രാന്മാരുടെ ഒരു അഞ്ചംഗകമ്മറ്റിയെ നിയോഗിക്കുകയും ചെയ്തു.

പ്രസ്തുത കമ്മറ്റി ബന്ധപ്പെട്ടവരുമായി സംസാരിച്ച് കമ്മറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ സിനഡിന് മുന്‍പില്‍ സമര്‍പ്പിച്ചു. അതെക്കുറിച്ച് പിതാക്കന്മാര്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുകയും താഴെ പറയുന്ന കാര്യങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

ആഗോള സീറോമലബാര്‍ സഭയുടെ തലവനായ മേജര്‍ ആര്‍ച്ചുബിഷപ്പിന് സഭയുടെ പൊതുവായ കാര്യങ്ങളില്‍ ശ്രദ്ധചെലുത്തേണ്ടത് ആവശ്യമാകയാല്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ സഹായമെത്രാന്മാര്‍ ആ അതിരൂപതയുടെ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുകയും അതിനാവശ്യമായ അധികാരാവകാശങ്ങള്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് അവര്‍ക്ക് ഏല്പിച്ചുകൊടുക്കുകയും ചെയ്യണമെന്ന് സിനഡ് നിര്‍ദ്ദേശിച്ചു.

അതിരൂപതയില്‍ ഇപ്പോഴുണ്ടായിട്ടുള്ള വിഷമകരമായ സാഹചര്യങ്ങള്‍ പരിഹരിക്കുന്നതിന് പ്രോട്ടോസിഞ്ചല്ലൂസ് അഭിവന്ദ്യ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പിതാവ് നേതൃത്വം എടുക്കണം. അതിരൂപതയിലെ കാനോനിക സമിതികളായ ആലോചനാസമിതി (College of Consulters), സാമ്പത്തികകാര്യസമിതി (Finance Council), അതിരൂപതാ കൂരിയ എന്നിവ എത്രയും വേഗം ചേര്‍ന്ന് വസ്തൂ ഇടപാടില്‍ അതിരൂപതയ്ക്കുണ്ടായിട്ടുള്ള സാമ്പത്തിക നഷ്ടങ്ങളും അനുബന്ധപ്രശ്‌നങ്ങളും ശരിയായി വിലയിരുത്തണം.

ഇക്കാര്യങ്ങള്‍ വിശദമായി പഠിച്ച് നഷ്ടപരിഹാരം ഉള്‍പ്പടെ പരിഹാരമാര്‍ഗ്ഗങ്ങളും ഉചിതമായ നടപടികളും ശുപാര്‍ശ ചെയ്യുന്നതിനായി ഒരു വിദഗ്ദ സമിതിയെ സമയബന്ധിതമായി ചുമതലപ്പെടുത്തുക. ഈ സമിതിയുടെ നിര്‍ദ്ദേശങ്ങളുടെ വെളിച്ചത്തില്‍ ആവശ്യമായ തീരുമാനങ്ങളെടുക്കാന്‍ മേജര്‍ ആര്‍ച്ചുബിഷപ്പിനോട് ശുപാര്‍ശചെയ്യുക.

പ്രധാനപ്പെട്ട തീരുമാനങ്ങള്‍ മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ സമ്മതത്തോടെ വേണം എടുക്കാന്‍. ഇക്കാര്യത്തില്‍ ആവശ്യമെങ്കില്‍ സിനഡ് കമ്മറ്റിയുടെ സഹായം തേടാവുന്നതാണ്. അതിരൂപതാസമിതികള്‍ സുതാര്യമായും കൂട്ടുത്തരവാദിത്വത്തോടെയും സഭാനിയമങ്ങള്‍ക്കനുസൃതം ശരിയായി പ്രവര്‍ത്തിക്കുന്നൂ എന്നുറപ്പുവരുത്തുക.

Presbytiral Council, Pastoral Council, Presbytirium എന്നിവ സമയാസമയങ്ങളില്‍ ചേര്‍ന്ന് അവയുടെ ശരിയായ പ്രവര്‍ത്തനത്തിലൂടെ വൈദികകൂട്ടായ്മയും, വൈദിക-അത്മായബന്ധങ്ങളും ശക്തിപ്പെടുത്താന്‍ ഉതകും വിധം ശരിയായി പ്രവര്‍ത്തിക്കൂന്നൂ എന്ന് പ്രോട്ടോ സിഞ്ചല്ലൂസ് ഉറപ്പുവരുത്തണം.

എറണാകുളം- അങ്കമാലി അതിരൂപതയില്‍ ഇപ്പോള്‍ സംജാതമായിരിക്കുന്ന ഈ പ്രതിസന്ധിയില്‍ സീറോമലബാര്‍ സിനഡിന് ഏറെ ദഃഖമുണ്ട്. പ്രശ്‌നപരിഹാരത്തിനായി പ്രാത്ഥിക്കുന്ന ഏവരെയും സിനഡ് നന്ദിയോടെ അനുസ്മരിക്കുന്നു.

മുറിവുകള്‍ ഉണക്കുന്ന സ്വര്‍ഗ്ഗീയ ഭിഷഗ്വരനായ ഈശോയില്‍ പൂര്‍ണ്ണമായി ആശ്രയം അര്‍പ്പിച്ചുകൊണ്ട് കാരുണ്യത്തിന്റെയും വിട്ടുവീഴ്ചയുടെയും മനോഭാവത്തോടെ ഈ പ്രശ്‌നം പരിഹരിക്കാന്‍ എല്ലാവരും പരിശ്രമിക്കണം.

cardinal rcsc
Advertisment