Advertisment

പ്രളയദുരിതത്തിലായ അമ്മമാര്‍ക്ക് ആശ്വാസവുമായി 'അന്‍പോടെ അമ്മമാര്‍ക്ക്' പദ്ധതി

author-image
admin
New Update

പാലാ: പ്രളയദുരിതത്തില്‍ കഷ്ടപ്പെടുന്ന അമ്മമാര്‍ക്ക് സ്വാന്ത്വനവുമായി മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍. 'അന്‍പോടെ അമ്മമാര്‍ക്ക്' എന്ന പേരില്‍ ആയിരം രൂപ വീതം അമ്മമാരുടെ ബാങ്ക് അക്കൗണ്ടില്‍ ലഭ്യമാക്കുന്ന പദ്ധതിയ്ക്കാണ് ഫൗണ്ടേഷന്‍ തുടക്കമിട്ടത്. ആദ്യഘട്ടത്തില്‍ നൂറില്‍പരം അമ്മമാര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.

Advertisment

പ്രളയ ദുരിതത്തെത്തുടര്‍ന്ന് ഭക്ഷണവും വസ്ത്രങ്ങളും എല്ലായിടത്തും ലഭ്യമായെങ്കിലും അത്യാവശ്യകാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പണം ആവശ്യമാണെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ആയിരം രൂപാ വീതം പോക്കറ്റ് മണി എന്ന നിലയില്‍ ദുരിതത്തിലായ അമ്മമാര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്.

പാലാ ശാന്തി യോഗാ സെന്ററില്‍ യോഗാ പഠനത്തിനായി എത്തിയ നെതര്‍ലാന്റ് സ്വദേശികളായ മോനിക്കും മാര്‍ളിയും ചേര്‍ന്ന് നല്‍കിയ സംഭാവനക്കൊപ്പം ഫൗണ്ടേഷനു വിവിധ കേന്ദ്രങ്ങളില്‍ നിന്നും ലഭ്യമായ തുകയും ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കെ.ആര്‍.നാരായണന്‍ ഫൗണ്ടേഷന്‍, സിറ്റിസണ്‍ ഓഫ് ഇന്ത്യ ഗ്രൂപ്പ്, ഏകതാ പ്രവാസി, ശാന്തി യോഗാ സെന്റര്‍ എന്നിവയുടെ സഹകരണവും പദ്ധതിക്കു ലഭിക്കുന്നുണ്ട്.

പദ്ധതിയുടെ ഉദ്ഘാടനം പാലാ ശാന്തി യോഗാ സെന്ററില്‍ പി.സി.ജോര്‍ജ് എം എല്‍ എ നിര്‍വ്വഹിച്ചു. പ്രളയദുരിതത്തെ കേരളം അതിജീവിക്കുന്നത് ലോകത്തിനു തന്നെ മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രളയത്തെ കേരളം ഒറ്റ ജനതയായി നേരിട്ടു. സമാനതകളില്ലാത്ത കൂട്ടായ്മയുടെ സന്ദേശമാണ് ഈ ദുരന്തമുഖത്തു നിന്നും കേരളം പകര്‍ന്നു നല്‍കിയതെന്നും പി.സി. ജോര്‍ജ് ചൂണ്ടിക്കാട്ടി.

ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ.ജോസ് അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷന്‍ സെക്രട്ടറി സാംജി പഴേപറമ്പില്‍, ശാന്തി യോഗാ സെന്റര്‍ ചെയര്‍മാന്‍ കെ.പി.മോഹന്‍ദാസ്, ഡയറക്ടര്‍ അഭിലാഷ് ഗിരീഷ്, നിധിഷ് നിധിരി എന്നിവര്‍ പ്രസംഗിച്ചു.

കേരളത്തിലെ പ്രളയബാധിതരെ സഹായിക്കാന്‍ രംഗത്തിറങ്ങിയ നെതര്‍ലാന്റ് സ്വദേശികളായി മാര്‍ലി, മോനിക്കു എന്നിവരെ ചടങ്ങില്‍ ആദരിച്ചു. പ്രളയദരിതാശ്വാസവുമായി ബന്ധപ്പെട്ടു വിവിധ മേഖലകളില്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വസ്ത്രങ്ങളും അവശ്യവസ്തുക്കളും വിതരണം നടത്തിയിരുന്നു.

Advertisment