Advertisment

പുല്‍വാമ ഭീകരാക്രമണത്തെച്ചൊല്ലി ബിജെപി-കോണ്‍ഗ്രസ് വാക്‌പോര്; ഗൂഢസിദ്ധാന്തങ്ങള്‍ സൃഷ്ടിച്ച കോണ്‍ഗ്രസ് രാജ്യത്തോട് മാപ്പ് പറയണമെന്ന് പ്രകാശ് ജാവദേക്കര്‍; കോണ്‍ഗ്രസ് എന്ത് കാര്യത്തിലാണ് മാപ്പു പറയേണ്ടതെന്ന് ശശി തരൂര്‍

New Update

publive-image

Advertisment

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തെച്ചൊല്ലി ബിജെപി-കോണ്‍ഗ്രസ് വാക്‌പോര് മുറുകുന്നു. ആക്രമണത്തില്‍ പാകിസ്ഥാന് പങ്കുണ്ടെന്ന് അവര്‍ തന്നെ സമ്മതിച്ച സാഹചര്യത്തില്‍ ഗൂഢസിദ്ധാന്തങ്ങള്‍ സൃഷ്ടിച്ച കോണ്‍ഗ്രസ് മാപ്പു പറയണമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞിരുന്നു. പുല്‍വാമ ഭീകരാക്രമണം ഇമ്രാന്‍ ഖാന്‍റെ ഭരണനേട്ടമാണെന്ന പാക്കിസ്ഥാന്‍ മന്ത്രി ഫവാദ് ചൗധരിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയാണു കോൺഗ്രസ് മാപ്പ് പറയണമെന്നു കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടത്.

സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിച്ചപ്പോള്‍ രാജ്യത്തിന്‍റെ ദുഃഖത്തില്‍ പങ്കുചേരാതെ പ്രതിപക്ഷം രാഷ്ട്രീയം കളിച്ചുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും കുറ്റപ്പെടുത്തി. പ്രതിപക്ഷം അനാവശ്യ വിവാദങ്ങളുണ്ടാക്കി. അവരുടെ ദുഷ്പ്രചാരണത്തെ ഹൃദയവേദനയോടെ താന്‍ കേട്ടിരുന്നു. ഇപ്പോള്‍ പാക്കിസ്ഥാനില്‍നിന്നുതന്നെ പുതിയ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നുവെന്നും മോദി പറഞ്ഞു.

എന്നാല്‍ കോണ്‍ഗ്രസ് എന്ത് കാര്യത്തിനാണ് മാപ്പു പറയേണ്ടതെന്ന് ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശശി തരൂര്‍ എംപി.'കോണ്‍ഗ്രസ് എന്ത് കാര്യത്തിനാണ് മാപ്പ് പറയേണ്ടതെന്ന് കണ്ടുപിടിക്കാനുള്ള ശ്രമം തുടരുകയാണ്. സര്‍ക്കാര്‍ നമ്മുടെ സൈനികരെ സുരക്ഷിതരാക്കുമെന്ന് പ്രതീക്ഷിച്ചതിനോ ? ദേശീയ ദുരന്തരത്തില്‍ രാഷ്ട്രീയ കലര്‍ത്താതെ ദേശീയ പതാകക്ക് ചുറ്റും അണി നിരന്നതിനോ ? രക്തസാക്ഷികളുടെ കുടുംബത്തോട് അനുശോചനം അറിയിച്ചതിനോ ?'-തരൂര്‍ ചോദിച്ചു.

Advertisment