Advertisment

ആശാറാം ബാപ്പു പ്രതിയായ ബാലാത്സംഗക്കേസില്‍ ശിക്ഷാവിധി ഇന്ന്; മൂന്ന് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

New Update

ജോധ്പൂര്‍: സ്വയം പ്രഖ്യാപിത ആള്‍ദൈവം ആശാറാം ബാപ്പു പ്രതിയായ ബാലാത്സംഗക്കേസില്‍ ഇന്ന് വിധി പറയും. പതിനാറുകാരിയെ ബാലാത്സംഗം ചെയ്ത കേസിലാണ് ശിക്ഷാവിധി. ജോധ്പൂര്‍ വിചാരണ കോടതിയാണ് വിധി പറയുന്നത്. വിധി പ്രസ്താവം ജയിലില്‍ ഒരുക്കിയ കോടതിമുറിയിലാണ്. ഇന്ന് വിധി വരാനിരിക്കെ ഗുജറാത്ത്, ഹരിയാന, രാജസ്ഥാന്‍ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

Advertisment

publive-image

സംസ്ഥാനങ്ങളില്‍ അക്രമങ്ങള്‍ നടക്കാതിരിക്കാന്‍ സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്. ആക്രമണ സാധ്യതയുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ഏര്‍പ്പെടുത്തണമെന്നും മൂന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

രാജസ്ഥാനിലും ഗുജറാത്തിലും ഹരിയാനയിലുമാണ് രാജ്യത്ത് കൂടുതല്‍ ആശാറാം അനുയായികളുള്ളത്. രാജസ്ഥാന്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം സെന്‍ട്രല്‍ ജയില്‍ പരിസരത്തും ജോധ്പൂരിലെ വിചാരണ കോടതി പരിസരത്തും നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

2013 ആഗസ്റ്റിലാണ് പതിനാറ് വയസ്സുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ആശാറാം ബാപ്പു ജയിലിലാകുന്നത്. രാജസ്ഥാനിലെ ജോധ്പൂരിലെ ആശ്രമത്തില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി പരാതി നല്‍കിയിരുന്നത്.

ആ കേസ് നടന്നുകൊണ്ടിരിക്കെ സൂറത്തിലെ ആശ്രമത്തില്‍ വെച്ച് ആശാറാം ബാപ്പുവും, മകന്‍ നാരായണന്‍ സായിയും പീഡിപ്പിച്ചുവെന്നാരോപിച്ച് രണ്ട് പെണ്‍കുട്ടികള്‍ രംഗത്തുവന്നിരുന്നു. പരാതിയെ തുടര്‍ന്ന് ആശാറാം ബാപ്പുവിന്റെ മകന്‍ നാരായണ്‍ സായിയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Advertisment