Advertisment

നാട്ടിൽ അവധിയ്ക്ക് പോകാനിരിക്കേ മദീനയിൽ മരണപ്പെട്ട തിരൂരങ്ങാടി സ്വദേശി അസ്‌കർ അലിയുടെ മയ്യിത്ത് ജന്നത്തുൽ ബഖീഇൽ ഖബറടക്കി

New Update

മദീന: കഴിഞ്ഞ ദിവസം മദീനയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ട തിരൂരങ്ങാടി വെളിമുക്ക് സ്വദേശി എറക്കുത്ത് അസ്‌കർ അലി(46)യുടെ മൃതദേഹം മദീന മുനവ്വറയിലെ ഹറം ഷെരീഫിന്റെ സമീപത്തുള്ള ജന്നത്തുൽ ബഖീഇൽ ഖബറടക്കി.

Advertisment

publive-image

വെളിമുക്ക് പാലക്കൽ എറക്കുത്ത് ഹസ്സൻ - ആയിഷ ദമ്പതികളുടെ മകനായ അസ്‌കർ അലി കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. 22 വർഷത്തോളമായി മദീന അസീസിയയിൽ ബ്രോസ്റ്റ് കട നടത്തിവരികയായിരുന്നു. അവധികഴിഞ്ഞു തിരിച്ചെത്തിയ ഒരാളെ കടയിൽ പകരക്കാരനായി നിയമിച്ചു അടുത്തയാഴ്ച നാട്ടിൽ പോകാൻ തീരുമാനിച്ചിരിക്കയായിരുന്നു അസ്‌കർ അലി. അതിനിടെ നേരിയ പനി ബാധിച്ചു മദീന അൽ സഹ്‌റ ആശുപത്രിയിൽ ചികിത്സയിലാവുകയും കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം മരണപ്പെടുകയുമായിരുന്നു.

ഭാര്യ: ഖൈറുന്നിസ, മക്കൾ: ഫാത്തിമ ഫിദ, മുഹമ്മദ് സഹൽ, ആയിഷ ഹന്ന. ഇളയ സഹോദരൻ ഇദ്‌രീസ് മദീനയിൽ ജോലിചെയ്തു വരുന്നുണ്ട്.

ഇന്ത്യൻ സോഷ്യൽ ഫോറം മദീന വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി സോഷ്യൽ ഫോറം വളണ്ടിയർ അസീസ് കുന്നുംപുറം, ബന്ധുവായ മുസ്തഫ എറക്കുത്ത് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ജന്നത്തുൽ ബഖീഇലെ ഖബറടക്കം.

Advertisment