Advertisment

പേരിൻറെ ആദ്യാക്ഷരം നോക്കി സ്വഭാവം അറിയാം

author-image
admin
New Update

നമ്മുടെ പേരിലെ ആദ്യ അക്ഷരത്തിന് ഓരോ സ്വഭാവം ഉണ്ട്. അതിന്റെ പ്രതിഫലനം വ്യക്തിയുടെ ജീവിതത്തിലും പ്രതിഫലിക്കുമെന്ന് പറയപ്പെടുന്നു. പേരിൻറെ ആദ്യാക്ഷരം നോക്കി ഒരു വ്യക്തിയുടെ പൊതുസ്വഭാവം മനസ്സിലാക്കാം.

Advertisment

publive-image

പേരിന്റെ ആദ്യാക്ഷരം 'A'

പേരിന്റെ ആദ്യാക്ഷരം A യിൽ തുടങ്ങുന്നവർ നിശ്ചയദാര്‍ഢ്യമുള്ളവരും എന്തും തുറന്നുപറയാൻ മടിയില്ലാത്തവരുമായിരിക്കും . സ്വന്തം നിലപാടുകളെ അടിച്ചേൽപ്പിക്കുകയോ അതുമാത്രം നടപ്പിലാക്കാൻ ശ്രമിക്കുന്നവരോ ആയിരിക്കും. അമിതമായ ആഗ്രഹവും പെട്ടെന്നു പ്രതികരിക്കുന്ന സ്വഭാവവുമാണ്. വിചാരിച്ച കാര്യങ്ങൾ നടപ്പാക്കാൻ ഏതറ്റവും വരെ ഇവർ പോകും. മറ്റുള്ളവരെ അംഗീകരിക്കാനും ആദരിക്കാനും മടിയുള്ളവരാണ്.അപാര ധൈര്യ ശാലികളും പരിശ്രമികളും ആയിരിക്കും. വൈരാഗ്യബുദ്ധി ഇവരിൽ കൂടുതലാണ്. സ്വന്തം ഇഷ്ടത്തിന് മാത്രം പ്രാധാന്യം കൊടുക്കുന്ന ഇവർ മറ്റുള്ളവരുടെ വാക്കുകൾ ചെവിക്കൊള്ളാറില്ല. മറ്റുള്ളവർ പറയുന്നത് അംഗീകരിക്കുന്നതായി കാണിക്കുമെങ്കിലും ഇവർ ഇവരുടെ തീരുമാനങ്ങൾക്ക് മാത്രമാണ് മുൻതൂക്കം കൊടുക്കുന്നത്.

പേരിന്റെ ആദ്യാക്ഷരം 'B'

B എന്ന അക്ഷരം അന്തർമുഖത്വമുള്ളതാണ്. ലജ്ജാശീലമോ പിൻവാങ്ങലോ ഇതിന്റെ സഹജതയാണ്. ഇതു സഹകരണസ്വഭാവമുള്ള അക്ഷരമാണ്. സൗന്ദര്യവും കലയും ആസ്വദിക്കുന്ന പ്രകൃതമാണ്. എന്നാൽ പരപ്രേരണ കൊണ്ടായിരിക്കും ഇവരുടെ കഴിവുകൾ പുറത്തുവരിക.പ്രവർത്തനപുരോഗതി ഉള്ളവരാണെങ്കിലും അലസത കൂടിയവരാണ്. ഭക്ഷണപ്രിയയാണ്. പ്രണയ കാര്യത്തിൽ പലപ്പോഴും ചതിക്കപ്പെടാറുമുണ്ട്.പുതിയ കാര്യങ്ങൾ തേടി പോകുന്നത് ഇവരുടെ ഹോബിയാണ്. സാമ്പത്തികമായി നല്ല നിലയിൽ എത്തിച്ചേരാൻ ഇവർക്ക് കഴിയും.ക്രിയേറ്റിവിറ്റി കൂടുതലാണ് ഇവർക്ക്. കലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഇവർ ശോഭിക്കും. മറ്റുള്ളവരുടെ വാക്കുകൾക്ക് വില കൽപിക്കുന്നവരാണ്.

പേരിന്റെ ആദ്യാക്ഷരം 'C'

വളഞ്ഞതും വിശ്രമമില്ലാതെ പ്രവർത്തിക്കുകയും ചെയ്യുന്ന അക്ഷരമാണ് C. ധൈര്യക്കുറവാണ് ഈ അക്ഷരത്തിന്റെ പ്രധാന പ്രശ്നം. അതുകൊണ്ട് തന്നെ C യുടെ കൂടെ വരുന്ന അക്ഷരങ്ങളാണ് ഇവരുടെ ഗതിവിഗതികൾ നിർണ്ണയിക്കുന്നത്. നന്മ കൂടുതലുള്ള അക്ഷരങ്ങൾ വന്നാൽ പ്രശസ്തിയും ധനവും വർദ്ധിക്കും. മറിച്ചാണെങ്കിൽ പ്രശ്നങ്ങൾ ഒഴിയുകയുമില്ല.നന്മതിന്മകൾ വേർതിരിച്ചു കാണാനുള്ള കഴിവ് ഇവർക്കില്ല. തിന്മകൾ മനസിലായാൽ പോലും ഇവർ എതിർക്കില്ല. മനസ്സിന്റെ സമനില നിസ്സാരകാര്യം കൊണ്ട് മാറിപ്പോകാം. പൊതുജനസമക്ഷം നല്ല രീതിയിൽ പെരുമാറുന്ന ഇവർ സ്നേഹം കൊതിക്കുകയും തിരിച്ചു നൽകാൻ ഇഷ്ടപ്പെടുകയും ചെയ്യുന്നു.പുരോഗമന ചിന്താഗതിക്കാരാണ്. വികാരങ്ങളെ നിയന്ത്രിക്കാനറിയാം. പക്ഷേ, അർഹിക്കുന്നതിലും കൂടുതൽ മോഹിക്കുന്നവരാണ്. മറ്റുള്ളവരെ പുകഴ്ത്തുന്നതിൽ പോലും പിശുക്കുകാണിക്കുന്നവരാണ്.

പേരിന്റെ ആദ്യാക്ഷരം 'D'

പ്രായോഗികതയും ക്ഷമയും വഹിക്കുന്ന അക്ഷരമാണ് D. അതുകൊണ്ട് തന്നെ D ആദ്യാക്ഷരമായി വരുന്നവർ ദയാലുക്കളും സ്നേഹസമ്പന്നരും ആയിരിക്കും. ഫലിതപ്രിയരാണ്. മുതിർന്നവരെ ബഹുമാനിക്കുന്നവരാണ്. കുട്ടികളെയും പ്രായമായവരെയും ഇവർ നന്നായി പരിചരിക്കും. നന്നായി അധ്വാനിക്കുന്നവരാണ്. രഹസ്യങ്ങൾ ഏറെ സൂക്ഷിക്കുന്നവരാണ്. യാഥാസ്ഥിതികതയുടെ തലത്തിലായിരിക്കും സഞ്ചരിക്കുക. വ്യക്തമായ പ്ലാനുകൾ രൂപപ്പെടുത്താനും അതനുസരിച്ചു പ്രവർത്തിക്കാനുമുള്ള ശേഷി ഇവർക്കുണ്ട്.ആത്മാര്‍ത്ഥതയുള്ളവരും നിശ്ചയദാര്‍ഢ്യമുള്ളവരുമാണ് ഇവർ. എന്നാൽ, ചില സമയങ്ങളില്‍ അന്തര്‍മുഖരും അസൂയാലുക്കളുമായിരിക്കും. ഏത് എതിർപ്പിനെയും ഇല്ലായ്മ ചെയ്ത് വിജയം കൊയ്യാൻ ഇവർക്കു കഴിയും. ശത്രുവിനെ പോലും മിത്രങ്ങളാക്കാനുള്ള അപാര കഴിവ് ഇവർക്കുണ്ട്. ഇവരുടെ വിനയം കലർന്ന സംസാരവും ചിരിയും ആരെയും ആകർഷിക്കും. ഏത് പ്രതിസന്ധിയും തരണം ചെയ്യാനുള്ള ശക്തിയും മനക്കരുത്തും ഇവരുടെ പ്രത്യേകതയാണ്. ആഗ്രഹങ്ങൾ നിറവേറാൻ ഏതുവരെയും പ്രവർത്തിക്കാൻ സന്നദ്ധമായിരിക്കും.കർമഫലം പെട്ടെന്ന് കിട്ടണമെന്ന് ആഗ്രഹിക്കുന്നവരാണ്. തീക്ഷ്ണമായി ചിന്തിക്കുന്നവരാണങ്കിലും കാര്യങ്ങൾ തുറന്നു പറയാൻ മടിയുള്ളവരാണ്. ബന്ധങ്ങൾക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന ഇവർ പ്രിയപ്പെട്ടവരെ എന്നും ഹൃദയത്തോട് ചേർത്തു പിടിക്കും.

പേരിന്റെ ആദ്യാക്ഷരം 'E'

ജനസമ്മതിയുടെ അക്ഷരമാണ് E. ഇത് സർവാദരണീയമായ സ്വീകാര്യമായ സ്വഭാവവശ്യത നൽകും. വിശ്രമമില്ലായ്മ, യാത്ര എന്നിവ ഇതിന്റെ പ്രത്യേകതയാണ്. ഇത് അമിതമായ സ്വാതന്ത്യ്രം ആഗ്രഹിക്കുന്നു.വായനാപ്രിയരാണ് ഇവർ . അതുകൊണ്ട് തന്നെ എന്തും ബുദ്ധികൊണ്ട് വെട്ടിപിടിക്കാൻ ഇവർക്ക് കഴിയും. ഏത് വെല്ലുവിളിയെയും അതിജീവിക്കാൻ ഇവർക്ക് കഴിയും. ധാരാളം സുഹൃത്തുക്കളെ സമ്പാദിക്കാനുള്ള കഴിവ് ഉണ്ട്. ആത്മീയ കാര്യങ്ങളോടാണ് ഇവർക്ക് താത്പര്യം കൂടുതൽ. സംഭാഷണപ്രിയരാണ്, പക്ഷേ നല്ലൊരു ശ്രോതാവല്ല. സാഹസികരാണ്. അധിക്ഷേപങ്ങളെ തന്റേടത്തോടെ നേരിടും. ഉരുളക്കുപ്പേരി പോലെ എന്തിനും മറുപടി കൊടുക്കുന്നവരാണ്. സംവാദങ്ങളും മറ്റും ഇവർക്ക് വളരെയേറെ താത്പര്യമാണ്. സുഖലോലുപരാണ്. സ്വാർത്ഥതയും അത്യാർത്തിയും ഇവരുടെ കൂടപ്പിറപ്പാണ്. അതുകൊണ്ട് തന്നെ, ഇവരുടെ നല്ല ഗുണങ്ങളെല്ലാം ഇതിൽ മുങ്ങിപ്പോകുന്നു. ഇവയെ മറികടക്കാൻ കഴി‍ഞ്ഞാൽ എല്ലാത്തിനും ഇവർക്ക് വിജയം ഉറപ്പ്.

പേരിന്റെ ആദ്യാക്ഷരം 'F'

സദാജാഗ്രത ആവശ്യമുള്ള അക്ഷരമാണ് F. ജാഗ്രതയില്ലെങ്കിൽ ഇണക്കവും ഐക്യവും കൈമോശം വരാവുന്ന അക്ഷരമാണ്. പ്രായോഗികതയിൽ നിന്ന് അകന്നു പോകുന്ന സ്വഭാവം ഈ അക്ഷരത്തിനുണ്ട്. സൗഹൃദവും ശേഷിയും ഉണ്ടെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ വെളുക്കാൻ തേച്ചതു പാണ്ടാകാവുന്ന സ്വഭാവം വഹിക്കുന്നു. സന്മാർഗ്ഗ ജീവിതം അല്ല ഇവരുടെത്. സുഖലോലുപരായതിനാൽ ആഗ്രഹിച്ച കാര്യം നേടാൻ‌ എന്ത് പ്രവൃത്തി ചെയ്യാനും ഇവർക്ക് മടിയില്ല. സൗന്ദര്യമുള്ള ജീവിതപങ്കാളിയാണ് ഇവരുടേത്. നല്ല സൗഹൃദങ്ങൾ സൂക്ഷിക്കുന്നവരാണ്. പക്ഷേ, സ്വന്തം കാര്യം വരുമ്പോൾ എത്രത്തോളം ആത്മാർഥത ഉണ്ടാവുമെന്ന് കണ്ടറിയണം.മറ്റുള്ളവരുടെ വാക്കുകൾക്ക് ചെവി കൊള്ളുന്നതിലും ഇവർക്ക് കാര്യം മറ്റുള്ളവരിൽ ഇവർ പറയുന്നത് അടിച്ചേൽപ്പിക്കാനാണ്. എന്ത് കാര്യത്തിനും നിർബന്ധബുദ്ധിയാണ്. ഉദാരശീലരും കലാകായിക രംഗങ്ങളിൽ ശോഭിക്കുന്നവരുമാണ് ഇവർ.

പേരിന്റെ ആദ്യാക്ഷരം 'G'

G യിൽ പേര് തുടങ്ങുന്നവർ കടുത്ത ദൈവഭക്തിക്കാരാണ്. അതിശക്തമായ ആകർഷകമായ ആശയവിനിമയത്തിന്റെ അക്ഷരമാണ്. തിരിച്ചുള്ള സ്വഭാവവും ചിലപ്പോൾ കാണിക്കും. ഏകാന്തത ഇഷ്ടപ്പെടും. ഇതു സൃഷ്ടിപരമായി മഹത്തരങ്ങൾ ചെയ്യാൻ ശേഷിയുള്ള അക്ഷരമാണ്. പക്ഷേ ശരിയായ തയാറെടുപ്പ് ഇല്ലെങ്കിൽ മണ്ടത്തരങ്ങളിൽ ചാടുകയും ചെയ്യും.സ്വന്തം കാര്യത്തിന് വേണ്ടിയാണെന്ന് അറിഞ്ഞാൽ എത്ര കഠിനാദ്ധ്വാനം ചെയ്യാനും ഇവർക്ക് മടിയില്ല. ഉയർന്ന ചിന്താഗതിക്കാരാണ്. നല്ല സാമ്പത്തികശേഷി ഉണ്ടെങ്കിലും പിശുക്കരാണ് . എന്നാൽ, ദാനധർമ്മങ്ങൾ ചെയ്യാൻ മടികാണിക്കയുമില്ല . കർമ്മരംഗത്ത് ഉത്തരവാദിത്വമുള്ളവരാണ്. അതുകൊണ്ട് തന്നെ നല്ല പദവികൾ ലഭിക്കാൻ സാധ്യതയുള്ളവരുമാണ്. സമാനചിന്താഗതിക്കാർ തന്നെ ജീവിതപങ്കാളിയാവണമെന്ന് വാശിപിടിക്കുന്നവരാണ്. അങ്ങനെയുള്ളവരെ തന്നെ ലഭിച്ചില്ലെങ്കിൽ ദാമ്പത്യം പരാജയമാവുകയും ചെയ്യും. കുടുംബത്തിന് വേണ്ടി എന്ത് ത്യാഗം ചെയ്യാനും ഇവർക്ക് മടിയില്ല. പക്ഷേ, മറ്റൊന്നിനോടും ഇവർക്ക് ഈ ത്യാഗമനോഭാവം ഇല്ല. പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ ഇവരെ വെല്ലാൻ മറ്റാരുമില്ല.

പേരിന്റെ ആദ്യാക്ഷരം 'H'

ഭൗതികവിജയം അങ്ങേയറ്റം നൽകുന്ന ഒരു അക്ഷരമാണ് H. ക്രമാനുസൃത പ്രവർത്തനം കൊണ്ടു പ്രശംസയും പണവും ആർജിതം. ഭൗതികതയോടൊപ്പം ആത്മീയതയിലും താൽപര്യമുള്ള അക്ഷരമാണ്. അക്ഷരത്തിന്റെ എല്ലാ സ്വഭാവങ്ങളും എച്ചിൽ പേര് തുടങ്ങുന്നവരിലും നിറഞ്ഞു നിൽക്കുന്നു.കഠിനാധ്വാനികളാണ്, പക്ഷേ അലസത കൂടുതലുള്ളവരാണ്. ജീവിതത്തിൽ ഇവർക്ക് ഉയർച്ചയും താഴ്ചയും ഒരുപോലെയാണ്. സ്നേഹസമ്പന്നരും സ്വപ്നസഞ്ചാരികളുമാണ്. എല്ലാവരുമായും നല്ല സൗഹൃദം സ്ഥാപിക്കുന്നവരാണ്. ശത്രുക്കളുടെ അക്രമണങ്ങൾ സ്ഥിരം അനുഭവിക്കുന്നവരാണ്, പക്ഷേ അന്തിമ വിജയം ഇവർക്കായിരിക്കും. മനോബലം കൂടുതലുള്ളവരാണ്. അതുകൊണ്ട് തന്നെ ഏത് പ്രതിസന്ധിയും നേരിട്ട് മുന്നോട്ട് പോവാൻ ഇവർക്ക് കഴിയും. സാമ്പത്തികപ്രശ്നങ്ങൾ ജീവിതത്തിൽ ഉണ്ടാവുമെങ്കിലും അതിനെ മറികടന്ന് ഉയർന്ന സാമ്പത്തിക നിലയിലേക്ക് ഇവർ വളരും.

പേരിന്റെ ആദ്യാക്ഷരം 'I'

തികച്ചും സ്വതന്ത്രവും വികാരപ്രധാനവുമായ അക്ഷരമാണ് I. സ്വന്തം ഇഷ്ടാനിഷ്ടങ്ങൾക്കു മുൻതൂക്കം നൽകും. പലപ്പോഴും ആദർശവാദിയും അപ്രായോഗിക സമീപനവുമായിരിക്കും. കാല്പനിക മനോഭാവം പുലർത്തും. മാനവികത നിറഞ്ഞുനിൽക്കുന്ന അക്ഷരമാണ്.സ്വാർഥരും അഹംഭാവികളുമാണ് ഇവർ. അമിത ആത്മവിശ്വാസമാണ് ഇവർക്ക്. അതുകൊണ്ട് തന്നെ മറ്റുള്ളവരുടെ വാക്കുകൾക്ക് യാതൊരു വിലയും കൊടുക്കില്ല. ആഡംബര പ്രിയരാണ്. മറ്റുള്ളവർ ഇവരെ റോൾ മോഡലാക്കണമെന്ന് ആഗ്രിക്കുന്നവരാണ്. എവിടെയും നേതൃസ്ഥാനത്തെത്താനാണ് ഇവർക്ക് ഇഷ്ടം.ജീവിതത്തിൽ ഒരുപാട് പരീക്ഷണങ്ങൾ നേരിടേണ്ടി വരുന്നവരാണ്. പരാജയം ഇവർക്ക് സഹിക്കാൻ പറ്റില്ല. വിജയം മതിമറന്ന് ആഘോഷിക്കുകയും ചെയ്യും. ഈശ്വരവിശ്വാസം കുറവാണ്. ഏത് വിജയവും തന്റെ മാത്രം കഴിവുകൊണ്ട് നേടിയെടുത്തതാണെന്ന് ഇവർ ഉറച്ചു വിശ്വസിക്കുന്നു. എന്തിരുന്നാലും ഈ അക്ഷരത്തിൽ പേര് തുടങ്ങുന്ന മിക്കവരും പ്രശസ്തിക്കർഹരാകും.

പേരിന്റെ ആദ്യാക്ഷരം 'J'

നേതൃത്വഗുണമുള്ള അക്ഷരമാണ് J. പക്ഷേ ദീർഘകാലം നേതൃത്വത്തിൽ തുടരണമെങ്കിൽ മറ്റുള്ളവരുടെ മാർഗനിർദേശവും സഹായവും വേണ്ടിവരും. അവനവനെ കൂടുതൽ ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ട് തന്നെ അതിനു പോറൽ വരുന്ന സംഭവമുണ്ടായാൽ സദാ പ്രവർത്തനോന്മുഖനായ ഈ വ്യക്തി പ്രവർത്തനരഹിതനായി വെറുതെ ഇരുന്നുകളയും. മറ്റുള്ളവരെക്കുറിച്ചുള്ള ഇവരുടെ ഊഹങ്ങൾ പലപ്പോഴും ശരിയായി വരും.ആർക്കും ഇവരെ നിയന്ത്രിക്കാൻ പറ്റില്ല. ആരെയും ആകർഷിക്കാനുള്ള കഴിവ് ഇവർക്കുണ്ട്. പൊതുവെ അലസത കുറവുള്ളവരാണെങ്കിലും ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യാൻ പറഞ്ഞാൽ അലസത പ്രകടിപ്പിക്കാറുണ്ട്. മറ്റുള്ളവരുടെ കുറ്റവും കുറവും കണ്ടുപിടിക്കാൻ മിടുക്കരാണ്, എന്നാൽ മറ്റാരും ഇവരെ കുറ്റം പറയുന്നത് ഇവർ സഹിച്ചെന്നു വരില്ല. എല്ലാവരോടും അടുപ്പം കാണിക്കുമെങ്കിലും ആത്മാർഥത കുറവാണ്. സ്വന്തം കാര്യം നേടാനായി പ്രിയപ്പെട്ടവരെ പോലും ചിലപ്പോൾ ഇവർ തള്ളിപ്പറയും. എന്നാൽ, ആപത്ഘട്ടങ്ങളിൽ തുണയായി ഓടിയെത്തുകയും ചെയ്യും.ഊർജ്ജ്വസ്വലരാണ്. എന്തിലും ഉറച്ച തീരുമാനങ്ങളെടുക്കുന്നവരാണ്. കലാരംഗത്തും രാഷ്ട്രീയരംഗത്തും ഇവർ ശോഭിക്കും.

പേരിന്റെ ആദ്യാക്ഷരം 'K'

സഹജമായ ഒരു ഉന്മേഷ പ്രേരണയും അതിലൂടെ ലഭിക്കുന്ന ഒരു സൽപ്പേരും K എന്ന അക്ഷരത്തിന് അവകാശപ്പെട്ടതാണ്. മറ്റുള്ളവരെ വശത്താക്കാനും സഹകരിപ്പിക്കാനും ശേഷി കാണും. എന്നാൽ പ്രായോഗികമല്ലാത്ത ആദർശാത്മകത ഇവരെ പലപ്പോഴും വെള്ളത്തിലാക്കും. സുഖദുഃഖ സമ്മിശ്രമായ ജീവിതമാണ്. സ്വന്തം താത്പര്യങ്ങൾക്കു വേണ്ടി കണക്കില്ലാതെ സാമ്പത്തികം ചെലവാക്കുന്നവരാണ്. പൊതുവെ നാണംകുണുങ്ങികളാണെങ്കിലും ജീവിതത്തിൽ നന്നായി അഭിനയിക്കാനറിയാവുന്നവരാണ്. കുരുട്ടുബുദ്ധി നിറഞ്ഞവരാണ്. എല്ലാ ഊടുവിദ്യകളും ഇവർക്ക് വശമാണ്. ജീവിതത്തിൽ ഉയർന്നതലത്തിൽ എത്തുന്നവരാണ്.

പേരിന്റെ ആദ്യാക്ഷരം 'L'

അങ്ങേയറ്റം ആകർഷണശക്തിയുള്ള അക്ഷരമാണ് L. സ്നേഹപൂർവമായ, സ്വയം പ്രകാശിതമായ ഈ അക്ഷരം പൊതുസമ്മതം നേടിക്കൊടുക്കും. ജീവിതത്തിലെ ഗൗരവപ്രശ്നങ്ങളേക്കാൾ നിസാര കാര്യത്തിലായിരിക്കും ഇവർക്കു കൗതുകം കൂടുതൽ. സുരക്ഷിതവും വ്യക്തവുമായ ലക്ഷ്യബോധവുമുള്ളതാണ് ഈ അക്ഷരം. സ്വന്തം പാത സ്വയം കണ്ടുപിടിക്കാനുള്ള ശേഷി L-ൽ പേര് തുടങ്ങുന്നവർക്കുണ്ട്.സ്വപ്നജീവികളാണ് ഇവർ. കുഞ്ഞു കാര്യങ്ങൾ പോലും മതിമറന്ന് ആഘോഷിക്കും. കാണാൻ ആകർഷണീയരായ ഇവർക്ക് ജീവിതത്തിൽ വലിയ ആഗ്രഹങ്ങളൊന്നുമുണ്ടാവില്ല. ആത്മാർഥ പ്രണയത്തിൽ വിശ്വസിക്കുന്നവരും, ആദർശവാദികളുമാണ്. ഇവരെ വിമർശിക്കുന്നത് ഇവർക്ക് സഹിക്കാൻ പറ്റില്ല.ആത്മാർത്ഥ സുഹൃത്തുക്കൾ ഇവർക്ക് തീരെ കുറവാണ്. ജീവിതത്തിൽ യാതൊരുവിധ വിട്ടുവീഴ്ചകൾക്കും ഇവർ തയാറല്ല, അതുകൊണ്ട് തന്നെ ഇവരുടെ വിവാഹജീവിതം സംതൃപ്തകരമാവുകയില്ല. ശത്രുക്കളുടെ ആക്രമണം സ്ഥിരമായി ഉണ്ടാവും.

പേരിന്റെ ആദ്യാക്ഷരം 'M'

മിടുമിടുക്കരെന്നാണ് M ൽ പേര് തുടങ്ങുന്നവരെക്കുറിച്ച് പൊതുവെ പറയുന്നത്. അങ്ങേയറ്റം പ്രായോഗിക അക്ഷരമാണിത്. സാമൂഹിക അംഗീകാരം ലഭിക്കുന്ന അക്ഷരമാണ്. ജീവിതത്തിൽ കൂടുതൽ ഉയർച്ചതാഴ്ചകൾ അനുഭവിക്കുന്നവരായിരിക്കും. കുടുംബത്തോട് അങ്ങേയറ്റം സ്നേഹമുള്ളരാണ്. എന്നാൽ സ്നേഹക്കുറവനുഭവിക്കുമ്പോൾ സ്വയം തളർന്നുപോകുന്ന അവസ്ഥവരും. സ്വയം അച്ചടക്കവും കൂടി നിലനിർത്തിയാൽ ലക്ഷ്യം വയ്ക്കുന്നതെല്ലാം ഇവർക്കു നേടാൻ കഴിയും. സാമൂഹികരംഗത്തു തനിക്കാകാവുന്നതിലധികം സജീവമാകാൻ ഇവർ ശ്രമിക്കും. കാശ് ചിലവാക്കാൻ ഒരു മടിയും ഇവർക്കില്ല, എന്നാൽ ചിലവാക്കുന്നതിന് ഇരട്ടി ഇവർക്ക് കിട്ടുകയും ചെയ്യും. ധാരാളം ധനം സമ്പാദിക്കും. താൻ സ്നേഹിക്കുന്നത് പോലെ തന്നെ പങ്കാളി തന്നെയും സ്നേഹിക്കണമെന്ന് വാശിപിടിക്കുന്നവരാണ്. ഇവരുടെ അനാവശ്യവാശിയാണ് ഇവരെ പലപ്പോഴും അപകടത്തിൽ കൊണ്ട് ചാടിക്കുന്നത്.ഭാവനാസമ്പന്നരും ഉത്സാഹഭരിതരും കഠിനാധ്വാനികളുമായ ഇവർ സിനിമാരംഗത്തും മാധ്യമരംഗത്തും സാംസ്കാരികരരംഗത്തുമെന്നുവേണ്ട കൈവെക്കുന്ന മേഖലയിലെല്ലാം ശോഭിക്കും. തൊട്ടതെല്ലാം പൊന്നാക്കാൻ കഴിയുന്ന ഒരു അത്ഭുതശക്തി ഇവർക്കുണ്ട്. മറ്റുള്ളവരെക്കുറിച്ച് ചിന്തിച്ച് നേരം കളയുന്ന സ്വഭാവം ഇവർക്ക് തീരെയില്ല. സ്വന്തം കഴിവിലും കടമകളിലും വിശ്വസിക്കുന്നവരാണ്. ആത്മധൈര്യവും മനക്കരുത്തും ഇവരുടെ മുഖമുദ്രകളാണ്, എന്നാൽ പുറത്തുകാണിക്കില്ല. കർക്കശസ്വഭാവക്കാരാണ്.

പേരിന്റെ ആദ്യാക്ഷരം 'N'

പരാക്രമശാലിയായ അക്ഷരമായാണ് N അറിയപ്പെടുന്നത്. എന്നാൽ സ്നേഹിക്കുന്നവർക്ക് വേണ്ടി എന്ത് ത്യാഗം ചെയ്യാനും മടിയില്ലാത്തവരാണ് ഇവർ. വീണ്ടുവിചാരമില്ലാതെ പ്രവർത്തിക്കുന്നവരാണ്. നിശ്ചയദാർഢ്യത്തിൽ വിശ്വസിക്കുന്നവരാണ്. ധാരാളം സുഹൃത്തുക്കളുണ്ടാവും. കാരുണ്യമുള്ളവരാണ്.

ധനം സമ്പാദിക്കുന്നതാണ് ജീവിതലക്ഷ്യമെന്ന് കരുതുന്നവരാണ്. അതുകൊണ്ട് തന്നെ പിശുക്ക് ഇവരുടെ മുഖമുദ്രയാണ്. ഭൗതികസുഖങ്ങൾക്ക് പിന്നാലെ പോവുകയും അത് നന്നായി ആസ്വദിക്കുകയും ചെയ്യുന്നവരാണ്. എന്നാൽ മാനസികവും ശാരീരികവുമായ പ്രയാസങ്ങൾ ഇവരെ എപ്പോഴും അലട്ടും. ഏറ്റെടുത്ത കാര്യങ്ങൾ തെറ്റുകുറ്റങ്ങളില്ലാതെ ചെയ്യാൻ ആഗ്രഹിക്കുന്നവരാണ്. വികാരജീവികളും പ്രണയകാര്യങ്ങളിൽ തത്പരരുമാണ്.

പേരിന്റെ ആദ്യാക്ഷരം 'O'

സ്വയം വളർന്നെത്തുന്നവരും സദാ പഠനോത്സുകരും ആയിരിക്കും. സാമ്പത്തികമായി ഉയർച്ചയുള്ള അക്ഷരമാണ്. കടുത്ത നിശ്ചയദാർഢ്യവും തികഞ്ഞ വ്യക്തിപരമായ നിഷ്ഠയും ഉള്ളവരായിരിക്കും. മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ പ്രത്യേക കഴിവുണ്ടായിരിക്കും. ചുറ്റുപാടിനനുസരിച്ചു സ്വയം മാറാനും കഴിയുന്നവരാണ്. കുടുംബത്തിൽ ഇവർക്ക് മനസമാധാനം കുറയും. പലപ്പോഴും ബന്ധുക്കളും ഇവർക്ക് ശത്രുക്കളാവും. ജീവിതത്തിൽ‌ വിജയങ്ങളേക്കാൾ കൂടുതൽ പരാജയമായിരിക്കും ഇവർക്ക്. ഫലിതപ്രിയരാണ്. വിശ്വസ്തതയുള്ള ബന്ധങ്ങൾക്ക് മാത്രം മൂല്യം നൽകുന്നവരാണ്.

പേരിന്റെ ആദ്യാക്ഷരം 'P'

അഗാധമായ ചിന്തയുടെ അക്ഷരമാണ് P. ആഴമുള്ള ബുദ്ധിയും ഇവരിൽ കാണാം. ജീവിതത്തെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാൻ കഴിയും. അവിചാരിതസംഭവങ്ങൾ ഇവരുടെ ജീവിതത്തിന്റെ ഗതി തന്നെ മാറ്റി മറിക്കും. മറ്റുള്ളവരുടെ ഇടപെടലും ഉപദേശവും ഇവർക്ക് അസഹ്യത ഉളവാക്കും. ഉയര്‍ന്ന സാമൂഹ്യബന്ധങ്ങള്‍ ഇഷ്ടപ്പെടുകയും അത് നിലനിര്‍ത്തുകയും ചെയ്യുന്നവരാണ്. ഇവരുടെ ജീവിതം എപ്പോഴും പരീക്ഷണ- നിരീക്ഷണങ്ങൾക്ക് വിധേയമായിക്കൊണ്ടേയിരിക്കും. എപ്പോഴും ഓരോ പ്രശ്നങ്ങളിൽ ചെന്ന് ചാടിക്കൊണ്ടേയിരിക്കും. സന്തോഷം നൽകുന്ന കാര്യങ്ങൾക്കായി എത്ര കാശ് ചിലവാക്കാനും ഇവർക്ക് മടിയില്ല. എത്ര സമ്പാദിച്ചാലും ഇവർക്ക് മതിയാവാറില്ല. വടി കൊടുത്ത് അടി മേടിക്കുന്നവരാണ്. തന്റെ തീരുമാനങ്ങൾ മറ്റുള്ളവരിലേക്ക് അടിച്ചേൽപ്പിക്കുന്ന സ്വഭാവം ചിലപ്പോഴൊക്കെ ഇവർ പ്രകടിപ്പിക്കാറുണ്ട്. എങ്ങനെയും സ്വന്തം ഇമേജ് വര്‍ധിപ്പിക്കുക, അതാണ് ഇവരുടെ ജീവിതലക്ഷ്യം. എന്തൊക്കെ സംഭവിച്ചാലും ഇവർ ഇവരുടെ കുടുംബത്തെ കൈവിടില്ല.

പേരിന്റെ ആദ്യാക്ഷരം 'Q'

സ്വഭാവത്തിൽ അപ്രതീക്ഷിതമായ ചില വ്യത്യസ്തതകൾ കാട്ടുന്ന അക്ഷരമാണ് Q. എല്ലാവരാലും ആകർഷിക്കപ്പെടുന്നവർ. സത്യസന്ധരും അത്യാഗ്രഹമില്ലാത്തവരുമാണ്. സാമ്പത്തികകാര്യങ്ങൾ കുഴപ്പമില്ലാതെ പോകും. പല കാലങ്ങളിൽ പല ദേശങ്ങളിൽ പലതരം വേഷവും ജീവിതവും നയിക്കാൻ മടി കാണിക്കില്ല. സ്വന്തം ധാരണയെ ഉൾവിളിയായി കണ്ട് ചിലപ്പോൾ പ്രവർത്തിക്കും. പലപ്പോഴും ഇവരുടെ നിഗമനങ്ങൾ ശരിയായിക്കൊള്ളണമെന്നില്ല. കച്ചവടത്തിനു പുരോഗതി ഉണ്ടാക്കുന്ന അക്ഷരമാണ്.മാനസികശക്തിയും പ്രയത്‌നിക്കാനുള്ള മനസും ഇക്കൂട്ടര്‍ക്ക് സ്വന്തമാണ്. വിശ്വസ്തരാണ്, പക്ഷേ, രഹസ്യസ്വഭാവമുള്ള കാര്യങ്ങള്‍ ഇവരുമായി സംസാരിക്കാതിരിക്കുകയാണ് ഉത്തമം. സ്ഥിരമായ പദ്ധതികളും തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളും ഇവരുടെ വ്യക്തിത്വത്തിന് മാറ്റുകൂട്ടുന്നു. എന്തിനേയും ചോദ്യം ചെയ്യാനുള്ള പ്രവണത ഇവരില്‍ കണ്ടുവരുന്നു. നല്ല സംഭാഷണ ചാതുരി ഇവര്‍ക്കുണ്ട്. പ്രണയകാര്യങ്ങളിലും സൗഹൃദസംഭാഷണങ്ങളിലും ഇവര്‍ തിളങ്ങി നില്‍ക്കും.

പേരിന്റെ ആദ്യാക്ഷരം 'R'

കരുത്തിന്റെയും അധികാരത്തിന്റെയും അക്ഷരമാണ് R. മനുഷ്യത്വവും സദാപ്രവർത്തനവും അതിലൂടെയുള്ള നേട്ടവും കൈവരുത്താൻ ശ്രമിക്കും. ആത്മവിശ്വാസം കൂടുതലുള്ളവരായിരിക്കും. ആദർശം പറയുമെങ്കിലും തരംപോലെ പ്രവർത്തിക്കാനും തയാറാകും. സൃഷ്ടിപരമായ ജന്മവാസനയെ പരിപോഷിപ്പിക്കാൻ കഴിയും. മറ്റുള്ളവരോടു സഹാനുഭൂതി കാണുമെങ്കിലും പലപ്പോഴും മറിച്ചാണു മറ്റുള്ളവർക്കു തോന്നാനിടവരുക. ഉന്മേഷം, ജീവിതവിജയം, ഊര്‍ജസ്വലത തുടങ്ങിയവ ഇവരുടെ മുഖമുദ്രകളാണ്. നേതൃസ്ഥാനത്തേയ്ക്ക് വളരെപ്പെട്ടെന്ന് ഉയര്‍ത്തപ്പെടും. ക്ഷിപ്രകോപികളും നിര്‍ബന്ധബുദ്ധിയുള്ളവരുമാണ്. മറ്റുള്ളവരെ എളുപ്പത്തില്‍ മനസ്സിലാക്കുന്ന ഇവര്‍ സ്വന്തം കടമകള്‍ അസാമാന്യപാടവത്തോടെ ചെയ്തുതീര്‍ക്കുന്നു. സൗഹൃദങ്ങൾ അങ്ങേയറ്റം കാത്തുസൂക്ഷിക്കുകയും അത് ജീവിതാവസാനം വരെ നിലനിർത്തുകയും ചെയ്യും. ഇഷ്ടമുള്ളവർക്ക് വേണ്ടി എന്ത് ചെയ്യാനും മടിയില്ലാത്തവരാണ്. കുടുംബത്തിന് ഏറെ വില കൊടുക്കുന്നവരാണ്. മറ്റാർക്കും ചെയ്യാൻ കഴിയാത്തത് ചെയ്യണമെന്ന് ആഗ്രഹിക്കുകയും അത് ചെയ്ത് വിജയിക്കുകയും ചെയ്യുന്നവരാണ്. നല്ല വാക്കുകൾ കേൾക്കാൻ വളരെയധികം ആഗ്രഹിക്കുന്നവരാണ്. തന്റെ ഓരോ നേട്ടങ്ങളിലും ആത്മാർഥമായി ആനന്ദിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്ന ഒരാളെങ്കിലും ഇവരുടെ കൂടെയുണ്ടെങ്കിൽ എന്തിലും മുൻപന്തിയിലെത്താൻ ഇവർക്ക് കഴിയും. സൗന്ദര്യ ആരാധകരാണ്, ഇവരും അത്യാകർഷണീയരാണ്.

പേരിന്റെ ആദ്യാക്ഷരം 'S'

സദാവിജയവും സാമൂഹിക അംഗീകാരവുമുള്ള അക്ഷരമാണ് S. സ്വതന്ത്രമായി അഭിപ്രായം സമൂഹത്തിൽ പ്രകടിപ്പിക്കുന്നവരാണ്. സ്നേഹമുള്ളവരും ലോലഹൃദയരുമാണ്. ക്ഷിപ്രകോപികളും ക്ഷിപ്രപ്രസാദികളുമാണ്. ദൈവത്തിൽ അങ്ങേയറ്റം വിശ്വസിക്കുന്നവരാണ്. തിരിച്ചടികളിൽ തളരാതെ മുന്നേറുന്നവരാണ്. അസാമാന്യ നർമ്മബോധമുള്ളവരും അധ്വാനശീലരുമായിരിക്കും. കുശാഗ്രബുദ്ധി ഉള്ളവരായിരിക്കും. ശ്രദ്ധ, വിവേകം, കാര്യക്ഷമത എന്നിവ ഇവരുടെ മുഖമുദ്രകളാണ്. ജീവിതത്തിൽ പലവിധ വളവും തിരിവും കുഴച്ചിൽ മറിച്ചിലുകളും സംഭവിക്കും. സംസാരത്തിലൂടെ ആരെയും പാട്ടിലാക്കാവുന്ന ചാതുര്യം ഇവർക്കുണ്ട്. പൊതുവെ നന്മനിറഞ്ഞവരാണെങ്കിലും ചില സമയങ്ങളിലെ സംസാരരീതി ഇവർക്ക് ധാരാളം ശത്രുക്കളെ സൃഷ്ടിക്കും. തെറ്റ്പറ്റിയാൽ തിരുത്താനുള്ള മനസ്സും ആവർത്തിക്കാതിരിക്കാനുള്ള ശ്രദ്ധയും ഇവർക്കുണ്ട്. ചിന്തിച്ച് പ്രവർത്തിക്കുന്നവരാണ്. മറ്റുള്ളവർക്ക് ഇവരെ അത്രവേഗം കബളിപ്പിക്കാനാവില്ല. സഞ്ചാരവും വിദേശബന്ധങ്ങളും കാര്യസാമര്‍ത്ഥ്യവും നിശ്ചയദാര്‍ഢ്യവും ഇവരുടെ കൂടെപ്പിറപ്പാണ്. മറ്റുള്ളവരെ ഏറെ ബഹുമാനിക്കുന്നവരാണ്. താല്‍പ്പര്യമുള്ളവരെ പ്രോത്സാഹിപ്പിക്കുമെങ്കിലും ചില അവസരങ്ങളില്‍ അവരെ നിരുത്സാഹപ്പെടുത്തുകയും ചെയ്യും. സംഗീതം ജീവനുതുല്യം ഇഷ്ടപ്പെടുന്നവരാണ്. പങ്കാളിയെ തിരഞ്ഞെടുക്കുന്നതിൽ അതീവ ജാഗ്രത പുലർത്തും.പേരിൽ S ആവർത്തിച്ചുവന്നാൽ ജീവിതത്തിൽ ഒരുപാട് നേട്ടങ്ങളുണ്ടാവും.

പേരിന്റെ ആദ്യാക്ഷരം 'T'

സ്നേഹമുള്ളവരും മയമുള്ളവരും സുഹൃദ്ബന്ധം നിലനിർത്താൻ ആഗ്രഹിക്കുന്നവരുമായിരിക്കും. എന്നാൽ കുഴച്ചിൽ മറിച്ചിലുകളിലൂടെ നിരാശാജനകമായ അനുഭവങ്ങൾ വരും. നല്ല അധ്യാപകനാകാനും മറ്റുള്ളവരെ ഉപദേശിക്കാനും കഴിയും. സ്നേഹമില്ലാത്തിടത്ത് ഇവരുടെ ജീവിതം വറ്റി വരണ്ടു കരിവാളിച്ചു പോകുന്നു.കാലാനുസൃതമായ മാറ്റങ്ങളില്‍ ഒരുപരിധിവരെ ശ്രദ്ധിക്കുന്ന ഇവര്‍ മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടാറില്ല. ജീവിതത്തിലെ ബാല്യകാല സംഭവങ്ങളിലെ ഓര്‍മകളില്‍ മുഴുകി ജീവിക്കാനാണ് ഇവര്‍ക്കിഷ്ടം. ഈ പേരുകാര്‍ നേതൃസ്ഥാനത്ത് എത്തിച്ചേരും. സുഖദുഃഖ സമ്മിശ്രഫലങ്ങളാണ് ഈ അക്ഷരത്തില്‍ നിന്ന് ലഭിക്കുന്നത്. സുഖപ്രദമായ ജീവിതം, കഠിനപ്രവർത്തനം എന്നിവയ്ക്ക് പ്രാധാന്യം കൊടുക്കുന്നവരാണ്.രഹസ്യങ്ങൾ സൂക്ഷിക്കാൻ മിടുക്കരാണ് ഇവർ. റൊമാന്റിക് സ്വഭാവക്കാരായ ഇക്കൂട്ടർക്ക് പണം ചിലവാക്കാൻ ഒരു മടിയുമില്ല. ചിലവാക്കുന്നതിൽ അധികം പണം ഇവർക്ക് കിട്ടുകയും ചെയ്യും.

പേരിന്റെ ആദ്യാക്ഷരം 'U'

ആനന്ദത്തിന്റെയും സാമൂഹിക ബന്ധത്തിന്റെയും അക്ഷരമാണ് U. സ്വയം തുറന്നുപറയുമെങ്കിലും ചിലപ്പോൾ അകാരണമായി സ്വഭാവം മാറി വിപരീതമായ രീതിയിൽ പെരുമാറും. ആൾക്കാരുമായി നല്ല ബന്ധം സ്ഥാപിച്ചു മുന്നേറുമെങ്കിലും അശ്രദ്ധയും ലക്ഷ്യബോധക്കുറവും കാരണം വന്ന സൗഭാഗ്യം നോക്കി നിൽക്കേ നഷ്ടപ്പെടുന്നതും കാണേണ്ടിവരും. എന്നാലും പൊതുവിൽ ഇതൊന്നും വകവയ്ക്കാതെ സന്തോഷം പകരുന്ന അക്ഷരമാണ്. സാഹസപ്രിയരും അസാമാന്യ ധൈര്യശാലികളും കടുത്ത പ്രണയിതാക്കളുമായിരിക്കും ഈ ആക്ഷരത്തിന്റെ ഉടമസ്ഥർ. സൗന്ദര്യസംരക്ഷണത്തിനായി എത്ര കാശ് ചിലവാക്കാനും മടിയില്ലാത്തവരാണ്. സുഹൃത്തുക്കളെ അങ്ങേയറ്റം സ്നേഹിക്കുന്നവരും ഏത് ആപത്തിലും വിഷമസന്ദർഭങ്ങളിലും അവർക്കൊപ്പം നിൽക്കുന്നവരുമാണ്. മറ്റുള്ളവർക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ചവരാണ്. സ്വന്തം സന്തോഷത്തേക്കാൾ ജീവിതപങ്കാളിയുടെ സന്തോഷത്തിന് മുൻതൂക്കം നൽകുന്നവരാണ്. ഉയർന്ന ചിന്താഗതിയും മികച്ച വ്യക്തിത്വവും ഇവരുടെ മുഖമുദ്രകളാണ്. അറിവ് സമ്പാദിക്കാൻ താത്പര്യമുള്ളവരാണ്. എന്ത് പണി എടുക്കാനും ഇവർക്ക് മടിയില്ല. കഠിനാധ്വാനികളാണെങ്കിലും അതിനുള്ള ഫലം പലപ്പോഴും ഇവർക്ക് കിട്ടാറില്ല.

പേരിന്റെ ആദ്യാക്ഷരം 'V'

ഏറ്റവും ശക്തിമത്തായ അക്ഷരങ്ങളിൽ ഒന്നാണ് V. ഊർജസ്വലമായ പ്രവർത്തനവും വ്യക്തമായ ലക്ഷ്യബോധവും കാരണം പരിവർത്തനങ്ങളിലൂടെ ജീവിതത്തിൽ വളരെ മുന്നേറ്റമുണ്ടാക്കാൻ സഹായിക്കും. വിജയത്തിന്റെയും ഒപ്പം വിഷമതയുടെയും കൂടി അക്ഷരമാണ് V.വ്യത്യസ്ത വ്യക്തിത്വങ്ങൾ Vക്കാർക്ക് പൊതുവെ കണ്ടുവരുന്നു. ഒരേസമയം ഒന്നിലധികം കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുകയും വിജയം വരിക്കുകയും ചെയ്യുന്നത് ഇവരുടെ പ്രത്യേകതയാണ്. എന്നാൽ, ചില നേരങ്ങളിൽ തമാശ പറഞ്ഞാൽ പോലും സീരിയസായി എടുത്ത് സംഗതി വഷളാക്കുന്നവരാണ്. ആത്മാര്‍ത്ഥത, സ്‌നേഹം, ത്യാഗമനോഭാവം എന്നിവ ഇവരുടെ കൂടപ്പിറപ്പാണ്. ആത്മവിശ്വാസമുള്ളവരാണ്. ജീവിതത്തിൽ ഒരുപാട് കഷ്ടപ്പെടേണ്ടി വരുന്ന ഇവർ അവസാന വിജയം വരിച്ച് ഒരു സ്ഥാനത്തെത്തുമെന്ന് ഉറപ്പ്. സ്വന്തം കാര്യം മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ അത്ര താത്പര്യമില്ലാത്തവരാണെങ്കിലും ആത്മാര്‍ത്ഥമായ ബന്ധങ്ങള്‍ ആഗ്രഹിക്കുന്ന ഇവര്‍ വലിയ സുഹൃദ്‌വലയത്തിന്റെ ഉടമകളായിരിക്കും. ചില സമയത്ത് ഇവരിൽ കടുത്ത അലസത കേറിക്കൂടും, പിന്നെ എന്ത് പറഞ്ഞ് ജോലി ചെയ്യിപ്പിക്കാൻ നോക്കിയാലും നടക്കില്ല. V ആവര്‍ത്തിച്ചുവന്നാല്‍ ഏര്‍പ്പെടുന്ന എല്ലാ കാര്യങ്ങളിലും വിജയം വരിക്കും.

പേരിന്റെ ആദ്യാക്ഷരം 'W'

ഉയർച്ച താഴ്ചകളിൽ ഊഞ്ഞാലാടുന്ന അക്ഷരമാണു W. അപ്രതീക്ഷിതമായിടത്തുകൂടി ജീവിതനദി ഒഴുകിയെന്നിരിക്കും. ആശയവിനിമയശേഷി, ചുറ്റുപാടിനിണങ്ങുന്ന പെരുമാറ്റം, ശേഷി, എല്ലാം ഇവർക്കുണ്ട്. ജീവിതം അതിന്റെ പരമാവധി ആസ്വദിക്കണമെന്ന് ആഗ്രഹിക്കും. ജനസമ്മതിയുള്ളവരുമായിരിക്കും.സമ്പല്‍സമൃദ്ധവും സുഖാനുഭൂതികളും നിറഞ്ഞ ജീവിതമായിരിക്കണം തങ്ങളുടേതെന്ന് ഇവര്‍ ആഗ്രഹിക്കുന്നു. ജീവിതപാഠങ്ങൾ ജാഗ്രതയോടെ പഠിച്ച് അതാസ്വദിക്കുകയും കൂടുതൽ ഉന്നതിയിലേക്ക് പോകുന്നതും ഇവരുടെ പ്രത്യേകതയാണ്. എന്തിനേയും ചോദ്യം ചെയ്യുവാനും വിമര്‍ശനബുദ്ധ്യാ വിലയിരുത്താനും അപാര സാമർത്ഥ്യമാണ് ഇവർക്ക്. നല്ല വാക്ചാതുര്യമുള്ള ഇവര്‍ ഇണങ്ങാത്ത ചുറ്റുപാടുകളോടുപോലും യോജിച്ചുപോവും. ഏർപ്പെടുന്ന എല്ലാ കാര്യത്തിലും ഇവർക്ക് വിജയം ഉറപ്പാണ്. ഹൃദയവിശാലത തീരെയില്ലാത്തവരായാണ് പൊതുവെ ഇവർ അറിയപ്പെടുന്നത്. സ്വയം പുകഴ്ത്തൽ ഇവരിൽ കൂടുതലായി കാണുന്നു. സ്നേഹം പ്രകടിപ്പിക്കാൻ ഇവർക്ക് തീരെ അറിയില്ല.

പേരിന്റെ ആദ്യാക്ഷരം 'X'

ഗുണന ചിഹ്നം പോലെയുള്ള അക്ഷരം, എക്സ്. ആകൃതിപോലെ വ്യക്തികളുടെ ജീവിതത്തില്‍ ഒട്ടേറെ പ്രയാസങ്ങളുണ്ടാക്കുന്ന അക്ഷരമായാണ് പൊതുവെ എക്സ് അറിയപ്പെടുന്നത്. എന്നാല്‍ ജീവിതപാഠങ്ങൾ പഠിച്ച്, പ്രശ്നങ്ങൾക്ക് ഉത്തമ പരിഹാരം കണ്ടെത്തി മുന്നേറാനുള്ള അപാര കഴിവ് ഇവർക്കുണ്ട്. മറ്റുള്ളവർക്ക് മാതൃകാപരമാണ് പരാജയങ്ങളിൽ പതറാതെയുള്ള ഇവരുടെ ജീവിതം. സ്നേഹസമ്പന്നരാണ്.ഇരിക്കുന്നയിരുപ്പിൽ സ്വഭാവം മാറുന്നവരാണ്. ഒന്നു കരുതിയിരിക്കുന്നതാണ് നല്ലത്. എപ്പോൾ എന്ത് ചെയ്യും എങ്ങനെ പ്രവർത്തിക്കുമെന്ന് പറയാനാവില്ല. എടുത്ത്ചാട്ടം മൂലം ഓരോരോ പ്രശ്നങ്ങളിൽ ചെന്ന് ചാടുന്നവരാണ്.എന്നാൽ, ജോലിയിൽ മിടുമിടുക്കരാണ് ഇവർ. ഒന്നിലധികം കാര്യങ്ങൾ ഒരേസമയം ചെയ്യാനുള്ള കഴിവ് ഇവർക്കുണ്ട്. ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങൾ വളരെ കൃത്യതയോടെയും വ്യക്തതയോടെയും ചെയ്ത് തീർക്കുന്നവരാണ്. ഏൽപ്പിക്കുന്ന ജോലികൾ ഞൊടിയിടയിൽ തീർക്കാൻ ഇവർക്ക് കഴിയും. പെട്ടെന്ന് ദ്യേഷ്യപ്പെടുന്നവരാണ്. പ്രണയകാര്യങ്ങളിൽ തത്പരരായ ഇവർക്ക് ആരെയും ആകർഷിക്കാനുള്ള വശ്യതയുണ്ട്.

പേരിന്റെ ആദ്യാക്ഷരം 'Y'

സാധാരണ പേരുകളിൽ അധികം കാണാത്ത അക്ഷരമാണ് Y. ഇതിന്റെ അമിത കാന്തികശക്തി ചിലപ്പോൾ വിപരീതമായും ഭവിക്കാമെന്നതിനാലാണ് പ്രാചീനകാലം മുതൽ പേരിൽ ഈ അക്ഷരം അധികം ആരംഭിക്കാത്തത്. എന്നാൽ ഈ അക്ഷരം സാമൂഹിക അംഗീകാരവും മതിപ്പും ആർജിക്കാൻ ശേഷിയുള്ളതാണ്. സ്വന്തം വിശ്വാസത്തിനുവേണ്ടി ത്യാഗജീവിതം നയിക്കാനും സ്വയം ബലി കൊടുക്കാനും വരെ തയാറാകും.പുറമെ കാണുന്നതിനും അപ്പുറം സുരക്ഷിതത്വം ആഗ്രഹിക്കുന്നവരായിരിക്കും. ആത്മീയമായി ഉന്നതിയിൽ എത്തുന്ന അക്ഷരം. ഒരു കാര്യത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്ന പ്രകൃതമല്ല. നല്ല ബുദ്ധിയും ബുദ്ധിപരമായ പ്രവർത്തനവും ഉണ്ടാകും. ഏകാന്തതയും ഏകാന്തതയിലെ പ്രവർത്തനവുമാണ് ഇവർക്കു കൂടുതൽ പ്രിയം. ഉൾവിളിയും മുന്നറിവും ഇവർക്കു ലഭിക്കാവുന്ന ഗുണങ്ങളാണ്.എല്ലാം തന്റെ അദ്ധ്യക്ഷതയില്‍ നടക്കണമെന്ന് മനസ്സില്‍ നിഗൂഢമായി ആഗ്രഹിക്കുന്നവരാണിവര്‍. മറ്റുള്ളവര്‍ക്ക് സഹായകരമായ രീതിയില്‍ പെരുമാറാനും അതുവഴി നേതൃസ്ഥാനത്തേയ്‌ക്കെത്താനും ഇവര്‍ ശ്രമിക്കും. ഏര്‍പ്പെടുന്ന എല്ലാ കാര്യങ്ങളിലും സമഗ്രമായ അന്വേഷണം നടത്തി കാര്യങ്ങള്‍ കൃത്യമായി മനസിലാക്കി മുന്നേറും.ഏതു കാര്യങ്ങളിലും വിജയപരാജയങ്ങള്‍ നോക്കാതെ മുന്‍പില്‍ നിന്ന് പ്രവര്‍ത്തിക്കുന്നവരാണ്. അനന്തമായ ആഗ്രഹങ്ങളും സംസാര നിയന്ത്രണമില്ലായ്മയുമാണ് പലപ്പോഴും ഇവരെ അപകടത്തിൽ കൊണ്ട് ചാടിക്കുന്നത്.

പേരിന്റെ ആദ്യാക്ഷരം 'Z'

പേരും പ്രശസ്തിയും കൂടുതൽ ലഭിക്കാൻ സാഹചര്യമൊരുക്കുന്ന അക്ഷരമാണ് Z. അധികാരവും ആഡംബരവും ഇതിന്റെ പ്രത്യേകതകളാണ്. സ്വച്ഛമായ കുടുംബജീവിതം ഉണ്ടാകും. സാമ്പത്തികഗുണം നൽകുന്ന അക്ഷരമാണ്. യാഥാസ്ഥിതികതയിൽ നിന്നു പുരോഗതിയിലേക്കു നടന്നു നീങ്ങുന്ന ചിന്താഗതിയായിരിക്കും. സാമ്പത്തിക കാര്യങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറാവാത്ത ഇവര്‍ തങ്ങള്‍ക്ക് ലാഭമുണ്ടെങ്കില്‍ മാത്രമേ സമ്പത്ത് ചെലവഴിക്കൂ എന്ന് നിര്‍ബന്ധമുള്ളവരുമാണ്. സ്വാര്‍ത്ഥത, കാര്‍ക്കശ്യബുദ്ധി എന്നിവ ഇവരുടെ മുഖമുദ്രയാണ്. മിക്കപ്പോഴും ഒറ്റപ്പെട്ട ജീവിതമായിരിക്കും ഇവർക്ക്. ഏതെങ്കിലും പ്രതിസന്ധിയില്‍ പെട്ടുപോയാല്‍ പോലും എല്ലാവരും ഇവരെ ഒറ്റപ്പെടുത്താറാണ് പതിവ്. കുടുംബാംഗങ്ങള്‍ക്കുവേണ്ടി എന്തു ത്യാഗം ചെയ്യാനും മടിയില്ലാത്തവരാണ്. നിരീശ്വരവാദികളല്ലെങ്കിലും ദൈവവിശ്വാസം അത്രയൊന്നും ഇവരില്‍ കണ്ടുവരുന്നില്ല. എന്ത് കാര്യം തുറന്ന് പറയാനും മടിയില്ലാത്തവരാണ്. ജീവിത്തിലെ ഓരോ ഏടുകളും വളരെ നന്നായി ആസ്വദിക്കുന്നവരാണ്. നഷ്ടപ്പെട്ടതിനെ ഓർത്ത് വിഷമിച്ചിരിക്കുന്ന സ്വഭാവം ഇവർക്ക് തീരെയില്ല. പുതിയത് തേടി പോകുന്നതിലാണ് ഇവർക്ക് കൂടുതൽ താത്പര്യം.

Advertisment