Advertisment

പഴയ ആശാനും ശിഷ്യനും ശനിയാഴ്ച്ച നേര്‍ക്കുനേര്‍ ഏറ്റുമുട്ടും; വിജയ പ്രതീക്ഷയില്‍ ബ്ലാസ്റ്റേഴ്‌സ്

New Update

കേരളാ ബ്ലാസ്റ്റേഴ്‌സ് ശനിയാഴ്ച ഗുവാഹത്തിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടുമ്പോള്‍ ശ്രദ്ധേയമാകുന്നത് ഇരു ടീമുകളുടേയും പരിശീലകര്‍ തമ്മിലുള്ള പോരാട്ടമാണ്. നോര്‍ത്ത് ഈസ്റ്റ് പരിശീലകന്‍ അവ്രാം ഗ്രാന്റും ബ്ലാസ്റ്റേഴ്‌സിന്റെ ഡേവിഡ് ജെയിംസും പഴയ ആശാനും ശിഷ്യനുമാണ്. ഇംഗ്ലീഷ് ക്ലബ് പോര്‍ട്‌സ്മത്തിലാണ് ജെയിംസിന്റെ ആശാനായി ഗ്രാന്റ് പ്രവര്‍ത്തിച്ചത്.

Advertisment

publive-image

2006 മുതല്‍ നാല് വര്‍ഷമാണ് ജെയിംസ് പോര്‍ട്‌സ്മത്തിന്റെ വല കാത്തത്. 2009ലാണ് ഗ്രാന്റ് അവിടെ പരിശീലകനായെത്തുന്നത്. 2009-10 പ്രീമിയര്‍ ലീഗ് സീസണില്‍ പോര്‍ട്‌സ്മൗത്ത് തകര്‍ന്നുപോയെങ്കിലും അതേ വര്‍ഷത്തെ എഫ്.എ കപ്പില്‍ അവര്‍ സകലരേയും ഞെട്ടിച്ച് ഫൈനലിലെത്തി. എന്നാല്‍ ഫൈനലില്‍ ഗ്രാന്റ് നേരത്തേ പരിശീലിപ്പിച്ചിരുന്ന ചെല്‍സിയോട് പോര്‍ട്‌സ്മൗത്ത് എതിരില്ലാത്ത ഒരു ഗോളിന് തോറ്റു.

അന്ന് പോര്‍ട്‌സ്മൗത്തിന്റെ ഗോള്‍ വല കാത്തത് ജെയിംസായിരുന്നു. 39 വയസായിരുന്നു ജെയിംസിന്റെ അന്നത്തെ പ്രായം. എഫ്.എ കപ്പ് ഫൈനല്‍ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ ഗോള്‍കീപ്പറായും അന്ന് ജെയിംസ് മാറിയിരുന്നു. അതേവര്‍ഷം തന്നെ ഗ്രാന്റും, ജെയിംസും പോര്‍ട്‌സ്മൗത്ത് വിട്ടു. ഗ്രാന്റിന്റെ പകരക്കാരനായി പോര്‍ട്‌സ്മൗത്ത് പരിശീലകനാകാനുള്ള ആഗ്രഹം ജെയിംസ് വെളിപ്പെടുത്തിയിരുന്നു.

ഇപ്പോള്‍ എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഇന്ത്യയില്‍ ഒരേസമയം എത്തി. എന്നാല്‍ ഇരു ടീമുകളുടേയും പരിശീലകരായാണ് ഇനി ഇവര്‍ നേര്‍ക്കുനേര്‍ വരുന്നത്. സീസണില്‍ പ്ലേഓഫ് ലക്ഷ്യമിടുന്ന ജെയിംസിന് പഴയ ആശാനെ തോല്‍പ്പിച്ചേ മതിയാകൂ. ഗ്രാന്റിനാകട്ടെ അവസാന സ്ഥാനത്തേക്ക് വീഴാതിരിക്കാന്‍ പഴയ ശിഷ്യന്റെ ടീമിനെ തോല്‍പ്പിക്കേണ്ടത് അത്യാവശ്യവുമാണ്.

Advertisment