Advertisment

ബഹ്റൈനില്‍ കാണാതായ ടൈറ്റാനിയ൦ മുന്‍ താരമായ മലയാളി ഫുട്ബോള്‍ കോച്ചിന്റെ മൃതദേഹം കണ്ടെത്തി

New Update

publive-image

Advertisment

ബഹറിന്‍ : ബഹ്റൈനില്‍ മൂന്നാഴ്ചയിലേറെയായി കാണാതായ ടൈറ്റാനിയ൦ മുന്‍ താരവും പ്രവാസിയുമായിരുന്ന ഫുട്ബോള്‍ കോച്ചിന്റെ മൃതദേഹം കണ്ടെത്തി. കണ്ണൂര്‍ സ്വദേശി ഒ.കെ.തിലകന്റെ (54) മൃതദേഹമാണ് മിനാ സല്‍മാനില്‍നിന്നു ഹിദ്ദിലേക്കുള്ള പാലത്തിനടിയില്‍ കണ്ടെത്തിയത്.

പഴക്കം മൂലം തിരിച്ചറിയാനാകാത്ത വിധത്തിലായിരുന്നു മൃതദേഹം. വസ്ത്രത്തില്‍നിന്നു ലഭിച്ച താമസരേഖയില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്.

ഫെബ്രുവരി നാലു മുതലാണു ഇദ്ദേഹത്തെ കാണാതായത്.

തുടര്‍ന്ന് സ്പോണ്‍സറായ ലതീഷ് ഭരതന്റെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. തിലകന്‍ ഉപയോഗിച്ചിരുന്ന രണ്ടു ഫോണുകളും സ്വിച്ച്‌ഓഫ് ചെയ്ത നിലയിലായിരുന്നു. ജനുവരി 22നു ശേഷം ഇദ്ദേഹം വീട്ടിലേക്കു വിളിച്ചിരുന്നില്ല.

അഞ്ചുവര്‍ഷം മുന്‍പ് ബഹ്റൈനിലെത്തിയ തിലകന്‍ ആദ്യം സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. ശേഷം ഒന്നരവര്‍ഷം മുന്‍പ് ഇവിടെ ആരംഭിച്ച ഫുട്ബോള്‍ അക്കാദമിയില്‍ പരിശീലകനായി.

എംബിഎ ബിരുദധാരിയായ മകള്‍ ദര്‍ശനയെ ബഹ്റൈനിലേക്കു കൊണ്ടുവരാനിരിക്കുകയായിരുന്നു. ഇക്കാര്യമന്വേഷിച്ചു ദര്‍ശന ജനുവരി 31നു വാട്സാപ് സന്ദേശം അയച്ചിരുന്നു. ഫെബ്രുവരി ഒന്നിന് ഇതിനു മറുപടിയായി വീസ തയാറായെന്നും രണ്ടാഴ്ചയ്ക്കുള്ളില്‍ ബഹ്റൈനിലെത്താമെന്നുമുള്ള സന്ദേശം അയച്ചിരുന്നതായും കണ്ടെത്തിയിരുന്നു.

എണ്‍പതുകളില്‍ ടൈറ്റാനിയത്തിന്റെ മികച്ച കളിക്കാരനായിരുന്നു തിലകന്‍. മോഹന്‍ദാസ്-തിലകന്‍-നന്ദകുമാര്‍ എന്നിവരടങ്ങിയ പ്രതിരോധ നിര ടീമിന്റെ വിജയങ്ങളില്‍ വലിയ പങ്കു വഹിച്ചു. കണ്ണൂര്‍ ബ്രദേഴ്സ് ക്ലബ്ബിലും നാലുവര്‍ഷം കളിച്ചു. സംസ്ഥാന ജൂനിയര്‍ ടീമിലും ഇദ്ദേഹം അംഗമായിരുന്നു.

Gulf baharain news
Advertisment