Advertisment

പരിസ്ഥിതി ലോല പ്രദേശത്ത് പറന്ന ബൈജയന്ത് പാണ്ഡയുടെ ഹെലികോപ്ടര്‍ പൊലീസ് പിടിച്ചെടുത്തു; സര്‍ക്കാരിന്റെ ഗൂഡാലോചനയെന്ന് പാണ്ഡയുടെ ട്വീറ്റ്

New Update

ന്യൂഡല്‍ഹി: പരിസ്ഥിതി ലോല പ്രദേശത്തിനു മീതെ നിയമവിരുദ്ധമായി ഹെലികോപ്ടര്‍ പറത്തിയതിന് മുന്‍ ലോകസഭാംഗം ബൈജയന്ത് പാണ്ഡയുടെ ഹെലികോപ്ടര്‍ പൊലീസ് പിടിച്ചെടുത്തതിനു പിന്നാലെ പൊലീസിനെ എതിര്‍ത്ത് ജെയ് പാണ്ഡ രംഗത്തെത്തി. പരിസ്ഥിതി ലോല പ്രദേശമായ ഒഡീഷയിലെ ചില്‍ക തടാകത്തിന് മീതെ പറത്തിയതിനാണ് പൊലീസ് തിങ്കളാഴ്ച കോപ്ടര്‍ പിടിച്ചെടുത്തത്. കൂടാതെ ഭുവനേശ്വറിലെ ഹെലികോപ്ടര്‍ സൂക്ഷിക്കുന്ന സ്ഥലം പൊലീസ് സീല്‍ ചെയ്തിരുന്നു.

Advertisment

publive-image

നേരത്തെ ബിജു ജനതാദളില്‍ നിന്ന് പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനങ്ങളാരോപിച്ച് ജയ് പാണ്ഡയെ സസ്‌പെന്റ് ചെയ്തിരുന്നു. പിന്നാലെ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കുമായുള്ള ബന്ധം കൂടുതല്‍ വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ മെയില്‍ ജെയ് പാണ്ഡ ബിജു ജനതാദള്‍ വിട്ടിരുന്നു. നവീന്‍ പട്‌നായിക്കുമായി ഏറ്റവുമടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളായിരുന്നു ഇദ്ദേഹം. ഇപ്പോള്‍ കോപ്ടര്‍ പിടിച്ചെടുത്തതുള്‍പ്പെടെയുള്ള നീക്കങ്ങള്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനുള്ള സര്‍ക്കാരിന്റെ ഗൂഡാലോചനയാണെന്ന് പാണ്ഡ ട്വിറ്ററിലൂടെ ആരോപിച്ചു.

പോലീസ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയതനുസരിച്ച് ശനിയാഴ്ച ഉച്ചയോടെ ജെയ് പാണ്ഡ വളരെ താഴ്ത്തി ഹെലികോപ്ടര്‍ ചില്‍ക തടാകത്തിന് മുകളില്‍ പറത്തിയെന്നും അന്തരീക്ഷത്തിന് അപകടകരമായ സംഗതിയാണിതെന്നും പറയുന്നു. കോപ്ടറിന്റെ സഞ്ചാരം സംസ്ഥാനത്തെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമായ ചില്‍ക മേഖലയില്‍ അല്‍പസമയം പരിഭ്രാന്തി പരത്തിയെന്നും തടാകത്തിലെ മത്സ്യ, ഡോള്‍ഫിന്‍ സമ്പത്തിന് ദോഷമാണിതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥരും പരാതി നല്‍കിയിരുന്നു.

എന്നാല്‍ താന്‍ ആ സമയത്ത് ആ മേഖലയില്‍ പോയിട്ടില്ലെന്നും തങ്ങള്‍ക്ക് ഉന്നതതലത്തില്‍ നിന്നുള്ള സമ്മര്‍ദമുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായും പാണ്ഡ പറയുന്നു.

പാണ്ഡയ്ക്ക് വിമാനങ്ങളും ഹെലികോപ്ടറുകളും പറത്താനുള്ള സ്വകാര്യലൈസന്‍സുണ്ട്. കസ്റ്റഡിയിലെടുത്ത കോപ്ടറിന്റെ യാത്രാവിവരങ്ങള്‍ ശേഖരിക്കാന്‍ ബ്ലാക്ക് ബോക്‌സ് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

Advertisment