Advertisment

നിർണായകമാകുക ബിഷപ്പിന്റെ ഫോണും ലാപ്ടോപ്പും, കണ്ടെത്താൻ ഊർജിത ശ്രമം

New Update

Advertisment

ലൈംഗിക പീഡനക്കേസില്‍ കസ്റ്റഡിയിലുള്ള ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും. വൈദ്യപരിശോധന, തെളിവെടുപ്പുള്‍പ്പെടെ നിര്‍ണായക ഘട്ടങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷമാണ് പൊലീസിന്‍റെ നടപടി. നുണ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനായുള്ള അപേക്ഷയും അന്വേഷണ സംഘം ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചേക്കും. ബിഷപിന്‍റെ ലൈംഗികശേഷി പരിശോധനഫലവും ഇന്ന് അന്വേഷണ ഉദ്യോഗസ്ഥന് കൈമാറും.

കന്യാസ്ത്രീ നല്‍കിയ പീഡനപരാതിയില്‍ വെള്ളിയാഴ്ച രാത്രി എട്ടിനാണ് ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസറ്റ് ചെയ്തത്. മൂന്ന് ദിവസം 20മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിന് ശേഷമായിരുന്നു നടപടി. രാത്രിയില്‍ തന്നെ കോട്ടയതെത്തിച്ച ബിഷപിനെ ശനിയാഴ്ച ഉച്ചയ്ക്ക് പാലാ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കേസ് ഗൗരവകരമെന്ന് നിരീക്ഷിച്ച കോടതി ബിഷപിന്‍റെ ജാമ്യാപേക്ഷ തള്ളി. തെളിവെടുപ്പിനും മറ്റുമായി രണ്ട് ദിവസം കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്‍റെ ആവശ്യം അംഗീകരിച്ചു.

പീഡനം നടന്ന കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി. അന്വേഷണത്തിലെ നിര്‍ണായക നടപടിയാണ് പൂര്‍ത്തീകരിച്ചത്. 2014 മുതല്‍ 16 വരെ 13 തവണയും കന്യാസ്ത്രീ പീഡനത്തിന് ഇരയായത് മഠത്തിലെ 20ാം നമ്പര്‍ മുറിയിലാണ്. അരമണിക്കൂര്‍ നീണ്ട തെളിവെടുപ്പിന് ശേഷം ബിഷപിനെ കോട്ടയം പൊലീസ് ക്ലബിലെത്തിച്ച് ചോദ്യം ചെയ്തു. ബിഷപിന്‍റെ ലൈംഗിക ശേഷി പരിശോധനയും അന്വേഷണ സംഘം നേരത്തെ പൂര്‍ത്തിയാക്കി. അന്വേഷണത്തിന് സഹയകമായ നടപടികള്‍ പൂര്‍ത്തീകരിച്ചതിനാല്‍ ബിഷപിന്‍റെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വേണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിലപാട്.

ചോദ്യം ചെയ്യല്‍ വേളയില്‍ ബിഷപ് ഹാജരാക്കിയ രേഖകളില്‍ ചിലത് വ്യാജമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതും ബിഷപിന്‍റെ അറിവോടെയാണെന്ന് പൊലീസ് വിശ്വസിക്കുന്നു. ഫാ. ജെയിംസ് എര്‍ത്തയില്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യും. ഭാവിയില്‍ ജാമ്യം തേടാനുള്ള ബിഷപിന്‍റെ നീക്കത്തിന് തടയിടുകയാണ് പൊലീസിന്‍റെ ലക്ഷ്യം. ബിഷപ് പുറതെത്തിയാല്‍ കൂടുതല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ കഴിയുമെന്ന് ഇതുവഴി കോടതിയെ ബോധ്യപ്പെടുത്താനാകും. അതേസമയം നിര്‍ണായക വിവരങ്ങള്‍ അടങ്ങുന്ന ബിഷപിന്‍റെ മൊബൈല്‍ഫോണ്‍, ലാപ്ടോപ്പ് എന്നിവ കണ്ടെടുക്കാന്‍ പൊലീസിന് സാധിച്ചിട്ടില്ല. അന്വേഷണത്തിന്‍റെ തുടര്‍ച്ചയില്‍ ഇവ കണ്ടെത്താനാകുമെന്ന വിശ്വാസത്തിലാണ് അന്വേഷണ സംഘം.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്നു ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചേക്കും. ബിഷപ്പ് നല്‍കിയ ജാമ്യാപേക്ഷ പാലാ കോടതി തള്ളിയ സാഹചര്യത്തിലാണ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുന്നത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിനാല്‍ പൊലീസ് കസ്റ്റഡിയില്‍ വിടേണ്ട സാഹചര്യമില്ലെന്നും അന്വേഷണത്തോടു പൂര്‍ണമായും സഹകരിക്കും തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാകും ജാമ്യാപേക്ഷ സമര്‍പ്പിക്കുക.

അതേസമയം, ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പരാതിയില്‍ സിബിഐ അന്വേഷണം വേണമെന്നതടക്കമുള്ള ഹര്‍ജികള്‍ ഹൈക്കോടതി ഇന്നു പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. നേരത്തേ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി പൊലീസ് അന്വേഷണത്തില്‍ തൃപ്തി രേഖപ്പെടുത്തിയിരുന്നു. അറസ്റ്റോടെ ബിഷപ്പ് ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ അസാധുവായി

Advertisment