Advertisment

മാധ്യമങ്ങൾക്കോ വിവാദങ്ങൾക്കോ സഭയുടെ വിശ്വാസത്തെ തകർക്കാനാവില്ല - കർദ്ദിനാൾ ക്ലിമീസ്

New Update

സ്റ്റാംഫോര്‍ഡ്, കണക്ടിക്കട്ട്: യേശു ക്രിസ്തു ആരെന്നു ബോധ്യപ്പെട്ട സഭാ വിശ്വാസികൾക്ക് ആരെങ്കിലും എന്തെങ്കിലും പറയുന്നതു കൊണ്ടോ മാധ്യമങ്ങളിൽ എന്തെങ്കിലും പറയുന്നതു കേട്ടോ സഭയിലുള്ള വിശ്വാസത്തിനു കോട്ടം തട്ടുകയില്ലെന്നു സീറോ മലങ്കര സഭയുടെ തലവനും പിതാവുമായ കർദ്ദിനാൾ  മോര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ. കണക്ടിക്കട്ടിലെ സ്റ്റാംഫോര്‍ഡിലുള്ള ഹില്‍ട്ടന്‍ ഹോട്ടലില്‍ ഓഗസ്റ്റ് രണ്ടു മുതൽ അഞ്ചു വരെ നടന്ന പത്താമത് സീറോ മലങ്കര കാത്തലിക് കണ്‍വന്‍ഷൻ ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Advertisment

ക്രിസ്‌തുവിൽ അധിഷ്ഠിതമായ സഭയുടെ ശരീരമാണ് നാം ഓരോരുത്തരും. വിമർശനങ്ങൾ ഉയരുന്നത് സഭയെക്കുറിച്ചു ആകുമ്പോൾ അത് നാം ഓരോരുത്തരെയും കുറിച്ചു കൂടിയാണെന്ന വിശ്വാസികളായ നാം ഓരോരുത്തരും ഓർക്കണം, അതുകൊണ്ട് ഒരു യഥാർത്ഥ വിശ്വാസി സഭയുടെ വിശ്വാസത്തിൽ നിന്നു വ്യതിചലിക്കുന്നവനാകരുത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

publive-image

സഭയുടെ പരമോന്നത സ്ഥാനങ്ങളിലെ ശിശ്രുഷകളിൽ വ്യാപാരിക്കുന്നവർക്ക് ബലഹീനതകളും കുറവുകളും ഉണ്ടായിട്ടുണ്ട് എന്നത് സത്യമാണ്. അതൊക്കെ തിരുത്തിപറയുകയോ ന്യായികരിക്കുകയോ ഒന്നുമല്ല ഒരു യഥാർത്ഥ വിശ്വാസി ചെയ്യേണ്ടത്. മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന ചില തെറ്റായ സന്ദേശങ്ങൾ കേട്ട് വ്യതിചലിക്കേണ്ടതല്ല നമ്മുടെ വിശ്വാസം. മാധ്യമങ്ങളല്ല യേശു ക്രിസ്തുവാണ് നമ്മുടെ വിശ്വാസ കേന്ദ്രം. അവനിൽ വിശ്വസിക്കുന്നവൻ അവൻ പറയുന്ന വഴികളിലൂടെ നടക്കണം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ദൈവത്തിൽനിന്ന് കൂടുതൽ ലഭിച്ചിട്ടുള്ളവർ കൂടുതൽ ചുമതലാബോധമുള്ളവർ ആയിരിക്കണമെന്ന് താൻ ഉൾപ്പെട്ട വൈദിക ശ്രഷ്ഠരെ ഉദ്ദേശിച്ചു അദ്ദേഹം പറഞ്ഞു. സഭാ ചരിത്രത്തിലെ വലിയ പ്രതിസന്ധികളെ ദൈവത്തിലാശ്രയിച്ച് തരണം ചെയ്യാൻ സഭയ്ക്ക് കഴിഞ്ഞിട്ടുണ്ടെങ്കിൽ ഇന്നുള്ള പ്രശ്‌നങ്ങളിൽ നിന്നും സഭ അനായാസം കരകയറുമെന്ന കാര്യം ഉറപ്പാണ്.

ചിലർക്ക് ദൈവത്തെപ്പറ്റി ഒരു അറിവും ഉണ്ടാകില്ല. ദൈവത്തെ അറിയാത്ത അത്തരക്കാരെ സൂക്ഷിക്കുക ! അതിനായി നാം യഥാർത്ഥ വിശ്വാസത്തിൽ നിലകൊള്ളണം. നിങ്ങൾ ശ്രവിക്കുന്ന സുവിശേഷം നൽകുന്ന പ്രത്യാശയിൽ നിന്നു വ്യതിചലിക്കാതെ സ്ഥിരതയോടും ദൃഢനിശ്ചയത്തോടുകൂടെ യഥാർത്ഥ വിശ്വാസത്തിൽ നിലനിൽക്കേണ്ടിയിരിക്കുന്നു. ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ വ്യക്തമാക്കി.

വേദന നൽകുന്ന വഴികൾ ഹൃദയത്തിൽ നിറയുമ്പോൾ സുവിശേഷം നൽകുന്ന പ്രത്യാശയിൽ നിന്നു വ്യതിചലിക്കാതെ വിശ്വാസത്തിൽ ഉറച്ചു നിൽക്കണം. അതായിരിക്കണം നമ്മുടെ വിശ്വാസത്തിന്റെ ഉറവിടം. ലോകത്തിന്റെ ആത്മാവ് നമ്മെ എവിടേക്കും നയിക്കും. പക്ഷെ ദൈവാത്മാവ് നയിക്കുന്ന വഴിയേ ആയിരിക്കണം നാം സഞ്ചരിക്കേണ്ടത്. പ്രയാസങ്ങൾ വരുമ്പോൾ പ്രത്യാശയിൽ വന്നില്ലെങ്കിൽ പ്രശ്നങ്ങൾ ഉണ്ടാകും.

അങ്ങനെ വരുമ്പോൾ യേശു കൽപിച്ച വഴികളിലൂടെ സഞ്ചരിക്കുകയല്ലാതെ മറ്റു മാർഗങ്ങളൊന്നുമില്ല ഒരു ക്രിസ്ത്യാനിക്ക്. വചനത്തിലൂടെ വിശ്വാസത്തിന്റെ രഹസ്യം കർത്താവ് വെളിപ്പെടുത്തിത്തന്നിട്ടുള്ളതാണ്. പത്രോസിനുള്ള മറുപടിയായി കർത്താവു പറഞ്ഞ വചനം ഓർക്കുക. " യോനായുടെ പുത്രനായ ശിമെയോനെ നീ പാറയാകുന്നു., അതിന്മേൽ ഞാൻ എന്റെ ആലയം പണിയും."- പത്രോസിന്റെ അടിയുറച്ച വിശ്വാസത്തിന്റെ പ്രതീകമായിട്ടാണ് യേശു തന്റെ സഭയുടെ സിംഹാസനത്തിൽ പത്രോസിനെ ഉപവിഷ്ട്നാക്കിയത്.- അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതിസന്ധിക്കിടയിൽ നാം അവലംബിക്കുന്ന വിശ്വാസം എവിടെ നിൽക്കുന്നു എന്ന് പരിശോധിക്കണം. നമുക്ക് നൽകപ്പെട്ട ഏറ്റവും വലിയ കൃപ ദൈവത്തിന്റെ സ്വന്തം പുത്രനെ നമുക്ക് രക്ഷകനായി ലഭിച്ചു എന്നതാണ്. പ്രയാസങ്ങൾ വരുമ്പോൾ പ്രത്യാശയെക്കുറിച്ചു മറന്നുപോയാൽ അസ്വസ്ഥതയിൽ നിന്ന് അസ്വസ്ഥതകളിലേക്കു പോകാൻ സാധ്യതയുണ്ട്.- അദ്ദേഹം പറഞ്ഞു.

സഭയെ അക്രമിക്കുന്നവരുടെ കൂടെ നാം കൂടി പോയാൽ എന്ത് സംഭവിക്കും? വിശ്വാസത്തെ ആരു സംരക്ഷിക്കും? സാവൂളിനോട് യേശു പറഞ്ഞതെന്താണെന്നു മനസിലാക്കുന്നത് നല്ലതാണു. "നീ പീഡിപ്പിക്കുന്ന നസ്രായനനായ യേശുവാണ് ഞാൻ."- സാവൂളിനോട് യേശു പറഞ്ഞതിതാണ്. യേശുവിനെ സാവൂൾ എന്നെങ്കിലും പീഡിപ്പിച്ചിട്ടുണ്ടോ? ഇല്ല. എന്നാൽ യേശുവിന്റെ ശരീരമാകുന്ന സഭയെയാണ് സാവൂൾ പീഡിപ്പിച്ചതെന്നാണ് യേശു അർത്ഥമാക്കുന്നത്. അതായത് സാവൂൾ സഭയെ പീഢിപ്പിച്ചപ്പോൾ യേശുവിനെത്തന്നെയാണ് പീഢിപ്പിച്ചതെന്നാണ് യേശുവിന്റെ വചനത്തിന്റെ ര്തനച്ചുരുക്കമെന്ന് ബാവ വ്യക്തമാക്കി.

പരിശുദ്ധാത്മാവിന്റെ ശക്തിയെ കുറച്ചുകാണരുതെന്നു ഉത്ബോധിപ്പിച്ച ബാവ ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ അത്ഭുതമാണ് പരിശുദ്ധാത്മാവിന്റെ ശക്തിയെന്നും പറഞ്ഞു.മീൻ പിടുത്തക്കാരെ വരെ സുവിശേഷകരായി രൂപാന്തരപ്പെടുത്തിയ ആ ആത്മാവിന്റെ ശക്തിയിൽ ഓരോരുത്തരും ശരണപ്പെടണമെന്നും ആത്മീയ യാത്രയെ തടസപ്പെടുത്തുന്ന ഭാരങ്ങൾ ഏറ്റെടുക്കരുതെന്നും അവ വേണ്ടെന്നു വയ്ക്കണമെന്നും കാതോലിക്കാബാവ ഉപദേശിച്ചു.

വിശ്വാസ പരിശീലനമാണ് സഭയുടെ നിയോഗം. അതുകൊണ്ട് നിങ്ങൾ ലോകം മുഴുവനും പോയി സുവിശേഷം അറിയിക്കണം. നിങ്ങൾ കണ്ടതും കേട്ടതും സൂക്ഷിച്ചു വീക്ഷിച്ചതുമായ കാര്യങ്ങൾ പോയി ലോകത്തെ അറിയിക്കുക. -ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ ഉത്ബോധിപ്പിച്ചു.

സഭാ മക്കളുടെ ഒന്നിച്ചുള്ള കൂടിവരവ് പരിശുദ്ധാത്മാവില്‍ നവീകരിക്കപ്പെടുന്നതിനും സഭാ ശുശ്രൂഷകളില്‍ പങ്കുചേര്‍ന്നു യേശുവിന്റെ സാന്നിധ്യം തങ്ങള്‍ ജീവിക്കുന്ന മേഖലകളില്‍ സാക്ഷ്യമാകുന്നതിനും സഹായിക്കട്ടെ എന്നു പറഞ്ഞ പിതാവ് നമ്മള്‍ വിളിക്കപ്പെട്ടിരിക്കുന്നത് സുവിശേഷത്തില്‍ അധിഷ്ഠിതമായ ജീവിതം നയിക്കുന്നതിനും, അതിലൂടെ ഇന്നലെയും ഇന്നും നാളെയും ജീവിക്കുന്ന യേശുവിന്റെ സാന്നിധ്യം മറ്റുള്ളവരിലേക്ക് പകരുവാനുമാണെന്നും വ്യക്തമാക്കി.

  • ഡോ. ജോര്‍ജ് കാക്കനാട്ട് 
rcsc
Advertisment