Advertisment

‘എന്നാലും എന്റെ ഏഷ്യാനെറ്റെ, സത്യായിട്ടും ഞാന്‍ ഒന്ന് പേടിച്ചു’; തെറ്റായ തലക്കെട്ടോടെ വാര്‍ത്ത നല്‍കിയ ഏഷ്യാനെറ്റിനെതിരെ പ്രതിഷേധവുമായി സി.കെ. വിനീത്

New Update

കൊച്ചി: ഏഷ്യാനെറ്റിനെതിരെ പ്രതിഷേധവുമായി സി.കെ വിനീത്. കേരള ബ്ലാസ്റ്റേഴ്‌സ് മുന്‍ പരിശീലകന്‍ സ്റ്റീവ് കൊപ്പല്‍ ടീം വിടാന്‍ കാരണം താനാണെന്ന് ഏഷ്യാനെറ്റ് ന്യൂസ്.കോം നല്‍കിയ വാര്‍ത്തക്കെതിരെയാണ് സികെ വിനീത് രംഗത്തെത്തിയത്. ഏഷ്യാനെറ്റ് നല്‍കിയ വാര്‍ത്ത ഷെയര്‍ ചെയ്താണ് വിനീത് പ്രതിഷേധം രേഖപ്പെടുത്തിയത്.

Advertisment

വാര്‍ത്തയുടെ ഉള്ളടക്കത്തില്‍ കൊപ്പല്‍ ടീം വിടാന്‍ കാരണം ടീമിലുണ്ടായിരുന്ന മെഹ്താബ് ഹുസൈനെ നിലനിര്‍ത്താത്തതാണെന്നാണ് പറയുന്നതെങ്കിലും തലക്കെട്ടില്‍ സി.കെ വിനീതാണ് കൊപ്പലിനെ ബ്ലാസ്റ്റേഴ്‌സില്‍ നിന്നും അകറ്റാന്‍ കാരണമായതെന്ന അര്‍ത്ഥം നല്‍കുന്നതായിരുന്നു.

publive-image

‘എന്നാലും എന്റെ ഏഷ്യാനെറ്റെ, സത്യായിട്ടും ഞാന്‍ ഒന്ന് പേടിച്ചു, ആ ഹെഡ്‌ലൈനില്‍ ഇത്തിരി മാന്യത കാണിക്കായിരുന്നു!!! നിങ്ങളുടെ വെബ്‌ഡെസ്‌കില്‍ ആ സാധനം ഉള്ള ആരും ഇല്ലേ ??’ എന്ന പോസ്റ്റിലൂടെയാണ് വിനീത് രൂക്ഷമായി പ്രതികരിച്ചത്. അതേസമയം സി കെ വിനീതിന് പിന്തുണയുമായി സഹതാരം റിനോ ആന്റോയും രംഗത്തെത്തി. ആ സാധനം ഉള്ള ആരും ഇല്ലേ ?? എന്ന വിനീതിന്റെ ചോദ്യം തന്നെയാണ് റിനോയും ട്വീറ്റ് ചെയ്തത്.

താരങ്ങളുടെ പ്രതികരണം എത്തിയതിനു പിന്നാലെ ഏഷ്യാനെറ്റ് ഓണ്‍ലൈന്‍.കോം തലവാചകം മാറ്റി വാര്‍ത്ത പോസ്റ്റ് ചെയ്യുകയും ചെയ്തു. ‘ഏഷ്യാനെറ്റ് അവരുടെ തെറ്റ് തിരുത്തി. ജനങ്ങളെ കബളിപ്പിക്കുന്ന രീതിയിലുള്ള തലക്കെട്ടുകള്‍ ഇനി ഉണ്ടാവാതിരിക്കട്ടെ’ എന്ന തലക്കെട്ടോടെ വിനീത് ഈ വാര്‍ത്തയും ഷെയര്‍ ചെയ്തു.

Advertisment