Advertisment

കച്ചവട തന്ത്രങ്ങള്‍ നല്ല സാഹിത്യത്തെ ചവിട്ടിയരയ്ക്കുകയാണെന്ന് സി. രാധാകൃഷ്ണന്‍

New Update

കൊച്ചി: കാലവും സമയവും നോക്കാതെ വിരിയുന്ന താന്തോന്നിപ്പൂവാണ് സാഹിത്യമെന്നും സ്വാഭാവികമായി വിരിയേണ്ട അതിനെ രാസവളമിട്ട് വിരിയിപ്പിക്കുകയും കച്ചവടതന്ത്രങ്ങള്‍ ഉപയോഗിച്ച് വിറ്റഴിയ്ക്കുകയും ചെയ്യാന്‍ ശ്രമിക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് പ്രശസ്ത നോവലിസ്റ്റ് സി. രാധാകൃഷ്ണന്‍ പറഞ്ഞു. കൃതി സാഹിത്യ-വിജ്ഞാനോത്സവത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സി. രാധാകൃഷ്ണന്‍.

Advertisment

publive-image

മഹാഭാരതവും രാമായണവും സയന്‍സ് ഫിക്ഷന്‍ കൃതികളായാണ് നാം വായിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പാണ്ഡവരുടെ ജനനവും പാഞ്ചാലിയുടെ ജനനവും കൗരവജനതയുടെ ഉത്ഭവവുമെല്ലാം മഹാഭാരതകഥയിലെ ഫിക്ഷന്റെ തലങ്ങളെ വ്യക്തമാക്കുന്നതാണ്. അധികാരം എന്ന വാക്കിന്റെ ദുഷിപ്പ് മനസ്സിലാക്കാന്‍ വ്യാസന്‍ സൃഷ്ടിച്ചതാണ് മഹാഭാരതം. പക്ഷേ ഈ സൃഷ്ടിയെ യാഥാര്‍ത്ഥ്യമായിക്കണ്ട് കഥയിലെ സ്ഥലങ്ങള്‍ക്കും കഥാപാത്രങ്ങള്‍ക്കും പിറകേ പോവുകും അത് അക്രമണത്തില്‍ വരെ എത്തുകയും ചെയ്യുന്നത് ശുദ്ധവിഡ്ഡിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

ഭൂമി പിളര്‍ന്നു പോകുന്ന സീതയും പത്ത് ശിരസ്സുകളുമായി നടക്കുന്ന രാവണനും മല ചുമന്ന് വരുന്ന ഹനൂമാനും ഫിക്ഷന്‍ കഥാപാത്രങ്ങളാണ്. വാത്മീകിയും വ്യാസനുമെല്ലാം തന്റെ മഹത് സൃഷ്ടികളിലൂടെ പറയാനുദ്ദേശിച്ച സന്ദേശങ്ങള്‍ ആരും തിരിച്ചറിയുന്നില്ല. അതുകൊണ്ടു തന്നെ സാഹിത്യത്തിന്റെ പ്രയോജനങ്ങള്‍ മനസ്സിലാക്കാതെ പോയതിന്റെ തെളിവായി മഹാഭാരതവും രാമായണവും മാറിയെന്നും സി. രാധാകൃഷ്ണന്‍ പറഞ്ഞു.

സാഹിത്യത്തിന്റെ യഥാര്‍ത്ഥ ഉദ്ദേശലക്ഷ്യങ്ങളെ തിരിച്ചറിയാനും അവയെ ജനങ്ങളിലേയ്‌ക്കെത്തിക്കാനും ഇത്തരം സാഹിത്യോത്സവങ്ങളിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment