Advertisment

പ്രളയക്കെടുതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കിടെ സര്‍ക്കാരില്‍ ഏകോപനമില്ല. മന്ത്രിസഭാ യോഗം ചേരാത്തതില്‍ ദുരൂഹതയെന്ന് ചെന്നിത്തല

New Update

publive-image

Advertisment

തിരുവനന്തപുരം: ഇന്നലെ നടക്കേണ്ട മന്ത്രിസഭാ യോഗം ചേരാതിരുന്നതില്‍ ദുരൂഹതയുണ്ടെന്നും തീരുമാനങ്ങള്‍ എടുക്കേണ്ടത് ആരാണെന്നത് സംബന്ധിച്ച് മന്ത്രിമാര്‍ തമ്മിലുള്ള ആശയക്കുഴപ്പത്തിന്റെ പേരില്‍ ക്യാബിനറ്റ് യോഗം മാറ്റിവെച്ചത് ഗുരുതരമായ കുറ്റമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അജണ്ട ഇല്ലെന്ന പേരില്‍ മന്ത്രിസഭാ യോഗം മാറ്റിവെയ്ക്കുന്ന പതിവില്ല. സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ തന്നെ വലിയൊരു അജണ്ടയായി ഉള്ളപ്പോള്‍ മന്ത്രിസഭാ യോഗം ചേരാതിരിക്കുന്നത് മറ്റുപല കാരണങ്ങള്‍ കൊണ്ടുമാണ്.

ഇ.പി ജയരാജനെ മന്ത്രിസഭാ യോഗത്തിന്റെ അധ്യക്ഷനാക്കി ഉത്തരവ് ഇറക്കിയെന്നല്ലാതെ തീരുമാനങ്ങള്‍ എടുക്കാന്‍ അദ്ദേഹത്തിന് അധികാരമില്ല. ഇത് സംബന്ധിച്ചുള്ള ആശയക്കുഴപ്പമാകാം യോഗം മാറ്റിവെച്ചതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി വിദേശത്ത് പോയതിന് ശേഷം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി പോയപ്പോള്‍ പകരം ചുമതല ആര്‍ക്കും നല്‍കാതിരുന്നതാണ് ഇതിന് പ്രധാനകാരണം. മുന്‍കാലങ്ങളില്‍ സി. അച്യുതമേനോന്‍, ഇ.കെ നായനാര്‍, കെ. കരുണാകരന്‍, ഉമ്മന്‍ചാണ്ടി എന്നിവര്‍ വിദേശത്ത് ചികില്‍സയ്ക്ക് പോയപ്പോള്‍ മന്ത്രിമാര്‍ക്ക് പകരം ചുമതല നല്‍കിയിരുന്നു.

മന്ത്രിമാരില്‍ വിശ്വാസമില്ലാത്തത് കൊണ്ടാകാം പിണറായി വിജയന്‍ മറ്റാര്‍ക്കും ചുമതല നല്‍കാതിരുന്നത്. യോഗാധ്യക്ഷനാക്കിയെങ്കിലും മന്ത്രിസഭാ യോഗം നടക്കാതിരുന്നതോടെ ഇ.പി ജയരാജന്റെ ചുമതലയുടെ പ്രസക്തി നഷ്ടപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തീരുമാനമെടുക്കാന്‍ ആളില്ലാത്തത് കാരണം മന്ത്രിമാര്‍ തമ്മില്‍ അഭിപ്രായ ഭിന്നതയും ഭരണ ഏകോപനത്തില്‍ വീഴ്ചയും വര്‍ധിക്കുകയാണ്. ഒരുവര്‍ഷത്തെ ആഘോഷ പരിപാടികള്‍ റദ്ദാക്കി കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയതിനെതിരെ മന്ത്രിമാര്‍ അതൃപ്തി പ്രകടിപ്പിക്കുന്നു. ഉത്തരവിനെതിരെ മന്ത്രി എ.കെ ബാലന്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. ഇത് ചരിത്രത്തിലെ ആദ്യ സംഭവമാണ്. മന്ത്രിമാര്‍ വിദേശത്തേക്ക് പോകുന്നത് തെറ്റില്ല.

പക്ഷെ, പ്രളയക്കെടുതികള്‍ രൂക്ഷമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മൂന്നുതവണ തുടര്‍ച്ചയായി വിദേശ യാത്ര നടത്തുന്നതില്‍ അനൗചിത്യമുണ്ട്. മന്ത്രി എ.കെ ബാലന്‍ ആസ്‌ട്രേലിയയിലേക്ക് പോകാന്‍ തയാറെടുക്കുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം നല്‍കി ജനങ്ങള്‍ മുണ്ട് മുറുക്കി ഉടുക്കുമ്പോള്‍ മന്ത്രിമാര്‍ വിദേശ യാത്രയെക്കുറിച്ച് പുനര്‍ചിന്തനം നടത്തണമെന്നും ചെന്നിത്തല പറഞ്ഞു.

ramesh chennithala
Advertisment