Advertisment

രാജുവേട്ടന്റെ ശബ്ദം ഇപ്പോഴും തന്റെ കാതുകളില്‍ മുഴങ്ങുന്നുണ്ടെന്ന് മോഹന്‍ലാല്‍; തങ്ങളുടെ വല്ല്യേട്ടനാണെന്ന് മണിയന്‍ പിള്ള രാജു; ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സിനിമാ ലോകം

author-image
ഫിലിം ഡസ്ക്
New Update

ക്യാപ്റ്റന്‍ രാജുവിന്റെ വിയോഗത്തില്‍ അനുസ്മരിച്ച് സിനിമാ ലോകം. നഷ്ടമായത് ജ്യേഷ്ഠ സഹോദരന് തുല്യനായ ഒരാളെയാണെന്ന് നടന്‍ മോഹന്‍ലാല്‍ അനുസ്മരിച്ചു.”നടന്‍ എന്നതിലുപരി ഏറെ മാനസിക അടുപ്പമുള്ള വ്യക്തിയായിരുന്നു ക്യാപ്റ്റന്‍ രാജു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ഏറെ സങ്കടമുണ്ട്. മൂത്ത ജ്യേഷ്ഠന്റെ സ്ഥാനത്ത് നിന്നിരുന്നു ഒരു വ്യക്തിയെയാണ് ക്യാപ്റ്റന്‍ രാജുവിന്റെ മരണത്തോടെ നഷ്ടമായത്” എന്ന് മോഹന്‍ലാല്‍ അനുസ്മരിച്ചു.

Advertisment

publive-image

തങ്ങളുടെ വല്ല്യേട്ടനാണ് ക്യാപ്റ്റന്‍ രാജുവെന്ന് മണിയന്‍പിള്ള രാജു. മോഹന്‍ലാലിന്റെ അടുത്താണെങ്കിലും മമ്മൂട്ടിയുടെ അടുത്താണെങ്കിലും പറയേണ്ടത് കാര്യങ്ങള്‍ വ്യക്തമായി പറയാന്‍ ക്യാപ്റ്റന്‍ രാജു മടിച്ചില്ലെന്നും മണിയന്‍ പിള്ള രാജു പറഞ്ഞു.

ഒരു മനുഷ്യസ്‌നേഹിയെയും നല്ല നടനെയുമാണ് ക്യാപ്റ്റന്‍ രാജുവിന്റെ വിയോഗത്തിലൂടെ മലയാള സിനിമയ്ക്ക് നഷ്ടമായതെന്ന് ഇന്നസെന്റ് എംപി പറഞ്ഞു. അദ്ദേഹത്തിനൊപ്പം പല സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കാബൂളിവാലയിലെ അദേഹത്തിന്റെ കഥാപാത്രത്തിന് മറ്റൊരു നടനെ പകരക്കാരനായി നമുക്ക് കിട്ടില്ല. ഷൂട്ടിംഗിനെത്തിയാല്‍ അനാവശ്യ തര്‍ക്കങ്ങള്‍ക്കൊന്നും ക്യാപ്റ്റന്‍ നില്‍ക്കില്ല.

എപ്പോഴും കുടുംബ കാര്യങ്ങള്‍ ചോദിച്ചറിയുന്ന നല്ല സുഹൃത്ത് കൂടിയായിരുന്നു ക്യാപ്റ്റന്‍. പല റോളുകളും അദേഹത്തിന് ലഭിക്കാതെ പോയത് നഷ്ടമാണെന്ന് പലരും പറയാറുണ്ട്. എന്നാല്‍ അദേഹം ചെയ്ത കഥാപാത്രങ്ങള്‍ നമുക്ക് ഓര്‍മ്മിക്കാന്‍ കരുത്തുള്ളതായി. അടുക്കും ചിട്ടയുമുള്ള സിനിമാ നടനാണ് അദേഹം. ക്യാപ്റ്റന്‍ രാജുവിന്റെ വിയോഗത്തില്‍ കുടുംബത്തിന്റെ ദുംഖത്തില്‍ പങ്കുചേരുന്നതായും ഇന്നസെന്റ് പ്രതികരിച്ചു.

ഇന്ന് രാവിലെ കൊച്ചിയിലെ സ്വവസതിയില്‍ വച്ചാണ് ക്യാപ്റ്റന്‍ രാജു അന്തരിച്ചത്. ഏറെ കാലമായി രോഗബാധിതനായിരുന്നു. ഹിന്ദി, തമിഴ്, മലയാളം, കന്നഡ, തെലുഗു ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അറുപത്തെട്ട് വയസായിരുന്നു. വില്ലനായും സ്വഭാവ നടനായും മലയാളം സിനിമകളില്‍ തിളങ്ങിയിട്ടുണ്ട്. രണ്ട് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

Advertisment