Advertisment

ളോഹയിട്ട പുരോഹിതരുടെ വാക്കുകള്‍ സഹിക്കാവുന്നതിലപ്പുറം. ഭൂമിയിടപാട് കേസില്‍ വാദിയാകേണ്ട കര്‍ദിനാള്‍ എങ്ങനെ പ്രതിയായെന്ന്‍ അന്വേഷിക്കണ൦ - വിമതര്‍ക്കെതിരെ ആഞ്ഞടിച്ച് ജോസഫ് വാഴയ്ക്കന്‍

New Update

കൊച്ചി: സീറോ മലബാര്‍ സഭ ഭൂമിയിടപാട് കേസില്‍ വാദിയാകേണ്ട കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എങ്ങനെ പ്രതിയായി മാറിയെന്നത് അന്വേഷിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസഫ് വാഴയ്ക്കന്‍ രംഗത്ത്.

Advertisment

കേസ് ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ കോടതി വിധിയെ ചോദ്യം ചെയ്യുന്നില്ലെന്ന് പറഞ്ഞ ജോസഫ് വാഴയ്ക്കന്‍ എന്നാല്‍ അതിലെ അപാകതകളെ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. സത്യം ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വാഴയ്ക്കന്‍.

publive-image

കോടതി വിധി അംഗീകരിക്കാന്‍ പ്രയാസമുള്ളത് 

കര്‍ദ്ദിനാളിനെതിരെ ഉണ്ടായിരിക്കുന്ന കോടതി വിധി അംഗീകരിക്കാന്‍ പറ്റാത്തതാണ്. ഉത്തരവാദിത്തപ്പെട്ട ആള്‍ തന്നെയാണ് കച്ചവടം നടത്തിയിരിക്കുന്നത്. അല്ലാതെ അധികാരമില്ലാത്ത ആളൊന്നുമല്ല സഭയുടെ കാര്യത്തില്‍ കര്‍ദ്ദിനാള്‍ .

ഭൂമിയിടപാടില്‍ നഷ്ടമുണ്ടായി എന്നു കണ്ടെത്തിയാല്‍ നിയമപരമായി അതൊക്കെ നോക്കാന്‍ അധികാരമുള്ള ആളാണ് സഭാമേലധ്യക്ഷന്‍. അദ്ദേഹത്തിനു കീഴില്‍ അതിനുള്ള സമിതികളും അച്ചന്‍മാരും പ്രൊക്യൂറേറ്ററുമൊക്കെയുണ്ട്.

റിയല്‍ എസ്റ്റേറ്റുകാരുമായി ബന്ധപ്പെടുമ്പോള്‍ സൂക്ഷിച്ചില്ലെങ്കില്‍ കര്‍ദ്ദിനാളിന് മാത്രമല്ല വലിയ മിടുക്കന്‍മാര്‍ക്ക് വരെ അബദ്ധങ്ങള്‍ സംഭവിക്കാറുണ്ട്. അത്തരത്തില്‍ ഒരബദ്ധമാണ് സംഭവിച്ചതെന്നാണ് ഞാന്‍ കരുതുന്നത്.

പിതാവിനെതിരെ പറയുന്നവര്‍ക്കും അദ്ദേഹം ഇടപാടില്‍ നിന്ന് സാമ്പത്തിക ലാഭമുണ്ടാക്കിയതായി ആക്ഷേപമില്ല. എന്നാല്‍, പിതാവ് സ്ഥാനത്യാഗം നടത്തണമെന്നാണ് അവരുടെ ആവശ്യം. ഇതിലെ ന്യായമെന്തെന്നു മനസിലാകുന്നില്ല .

കര്‍ദ്ദിനാളിനെതിരെ ഗൂഡാലോചന

സഭാധ്യക്ഷന് എതിരേ നടത്തുന്ന നീക്കങ്ങള്‍ക്ക് പിന്നില്‍ ഗൂഡാലോചന ഉണ്ടെന്നും സാമാന്യമര്യാദ പോലും പാലിക്കാതെയാണ് ആത്മീയതയുടെ വക്താക്കളായി പെരുമാറേണ്ട വൈദികര്‍ പെരുമാറുന്നത്. വൈദികര്‍ നടത്തിയ പരസ്യ പ്രതികരണം ഒട്ടും ശരിയല്ല.

ചില വൈദികര്‍ക്ക് പിതാവിനെതിരേ മറ്റെന്തോ അജണ്ട ഉള്ളതായി തോന്നുന്നുണ്ടെന്നും വാഴയ്ക്കന്‍ ആരോപിക്കുന്നുണ്ട് . രണ്ടുദിവസം മുമ്പ് മലയാറ്റൂരില്‍ കുത്തേറ്റ് മരിച്ച വൈദികന്റെ അനുസ്മരണത്തിനെന്നു പറഞ്ഞാണ് വൈദികരുടെ യോഗം ചേര്‍ന്നത് . യോഗത്തിന് ശേഷം മാധ്യമങ്ങളെ വിളിച്ച് നിവേദനം കൊടുക്കാനാണെന്ന് പറഞ്ഞ് വഴിയിലൂടെ പ്രകടനം നടത്തി.

publive-image

ളോഹയിട്ട പുരോഹിതരുടെ വാക്കുകള്‍ സഹിക്കാവുന്നതിലപ്പുറം

അന്ന് വൈകിട്ട് ചാനലില്‍ ളോഹയിട്ട പുരോഹിതര്‍ വന്ന് ആ മരണത്തില്‍ ദുരൂഹകള്‍ ആരോപിക്കുകയും പിതാവിനെ അതിന്റെ പേരില്‍ കുറ്റപ്പെടുത്തുകയും ചെയ്യുന്നതുമൊക്കെ കണ്ടപ്പോള്‍ സത്യത്തില്‍ ഇവരുടെ അജണ്ട വേറെയാണെന്ന് തോന്നുന്നു. ഇതൊട്ടും അംഗീകരിക്കാകാത്ത കാര്യമാണ്. മര്യാദയില്ലാത്ത കാര്യമാണ്.

അതില്‍ പിതാവിനെന്തോ ബന്ധമുണ്ടെന്ന രീതിയിലൊക്കെയാണ് സംസാരിച്ചുവന്നത്. അത് കേട്ടപ്പോള്‍ വലിയ ദുഖവും വെറുപ്പും തോന്നി. എന്തുമാകാമെന്ന രീതിയില്‍ രാഷ്ട്രീയക്കാരെപ്പോലും നാണിപ്പിക്കുന്ന വിധത്തിലാണ്അ വൈദികരുടെ ഇത്തരം നീക്കങ്ങള്‍. ഇത് അംഗീകരിക്കാന്‍ കഴിയില്ല .

സാധാരണ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലോ വലിയ അധികാര തര്‍ക്കങ്ങളിലോ ഒക്കെ ആളുകള്‍ വഴിവിട്ട് സംസാരിക്കുന്നതൊക്കെ കേട്ടിട്ടുണ്ട്. എന്നാല്‍, ആത്മീയമായ പ്രസ്ഥാനങ്ങളില്‍ നിന്ന് ഇത്തരം വാക്കുകളും പ്രവൃത്തികളും ഉണ്ടാകുന്നത് ന്യായീകരിക്കാനാവില്ല.

ഉള്ള അധികാരം വിനിയോഗിക്കുന്നതെങ്ങനെ അധികാര ദുര്‍വിനിയോഗമാകും

അധികാര ദുര്‍വിനിയോഗം നടത്തി എന്ന ആരോപണം കര്‍ദ്ദിനാളിനെതിരെ എങ്ങനെ നിലനില്‍ക്കും എന്ന് മനസിലാകുന്നില്ല. ഉള്ള അധികാരം തന്നെയാണ് അദ്ദേഹം വിനിയോഗിച്ചിരിക്കുന്നത്. അദ്ദേഹമാണ് സഭയുടെ സര്‍വ്വാധികാരി. ആ ചുമതലയ്ക്ക് പറയുന്ന പേരാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ എന്നൊക്കെയുള്ളത് .

പക്ഷേ, വിറ്റ ഭൂമിയുടെ പണം പൂര്‍ണമായും കിട്ടിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ബ്രോക്കര്‍മാരോ വസ്തുക്കച്ചവടവുമായി ബന്ധപ്പെട്ട ആളുകളോ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് സംശയമുണ്ട്. സഭ ഒന്നിച്ചുനിന്നുകൊണ്ട് അവരില്‍ നിന്ന് അതൊക്കെ വസൂലാക്കാനുള്ള മാര്‍ഗമാണ് തേടേണ്ടത്. അല്ലാതെ അത് പിതാവിനെ പുറത്താക്കാനുള്ള ഒരു അവസരമായി അതിനെ കാണുകയല്ല വേണ്ടത്.

publive-image

സഭയുടെ ശക്തി വൈദികരല്ല, ലക്ഷക്കണക്കിന് വിശ്വാസികളാണ്

വലിയ പ്രസ്ഥാനമാണ് സഭ. ഇവിടെയുള്ള ഏതാനും വൈദികര്‍ മാത്രമല്ല സഭയിലുള്ളത്. മറ്റുള്ളവര്‍ മിണ്ടാതിരിക്കുന്നത് ഇത് നല്ല രീതിയില്‍ തീരുകയാണെങ്കില്‍ തീരട്ടെ എന്നുകരുതിയാണ്. സഭയുടെ ശക്തി വൈദികരല്ല. ലക്ഷക്കണക്കിന് വിശ്വാസികളാണ്.

വൈദികര്‍ മനസ്സിലാക്കേണ്ട ഒരുകാര്യം, അവര്‍ക്ക് ബഹുമാനവും ആദരവുമൊക്കെ കിട്ടുന്നത് അവര്‍ക്ക് മുകളിലുള്ളവരെ ബഹുമാനിക്കുകയും മാതൃകാപരമായി ജീവിക്കുകയുമൊക്കെ ചെയ്യുമ്പോഴാണ്.

പിതാവിനെ പുലഭ്യം പറഞ്ഞ് പ്രകടനം നടത്തിക്കൊണ്ടുപോയാല്‍ ഇവര്‍ക്ക് താഴെയുള്ളവരും ഇവരെ ഇതേരീതിയിലേ കൈകാര്യം ചെയ്യൂ. ളോഹയിടുന്നവര്‍ക്ക് വലിയൊരു ബഹുമാനം കൊടുക്കുന്നുണ്ട്. എന്നാല്‍, വലിയ ആരാധ്യനായ പിതാവിനെതിരെ ഇവര്‍ക്ക് തെരുവിലിറങ്ങി മുദ്രാവാക്യം വിളിക്കാമെങ്കില്‍, ഇവര്‍ക്കെതിരെ ഇവരുടെ ഇടവകകളിലും ഇതുതന്നെ സംഭവിക്കും.

ഇന്ത്യ മുഴുവന്‍ സഭാ ചുമതലയുള്ള കര്‍ദ്ദിനാളിന് ഓരോ ഫയലും പരിശോധിക്കാന്‍ കഴിയുമോ ?

കീഴിലുള്ളവര്‍ പറയുന്നതനുസരിച്ച് ഒപ്പിടുക മാത്രമേ സഭാധ്യക്ഷന്‍ ചെയ്യുന്നുള്ളൂ. അതിന്റെ ഉള്ളുകള്ളികളിലേക്കൊന്നും അദ്ദേഹം പോകുന്നില്ല. ഇന്ത്യ മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന സഭയുടെയും സഭാ സ്ഥാപനങ്ങളുടെയും ചുമതലയുള്ള കര്‍ദ്ദിനാളിന് ഓരോ ഫയലും സൂഷ്മമായി പരിശോദിച്ച് ഒപ്പിടാന്‍ പ്രായോഗികമായി കഴിയില്ല .

അതൊക്കെ കീഴിലുള്ളവരുടെ ചുമതലയാണ്. അതൊക്കെ അറിയുന്നവര്‍ തന്നെയാണ് ഈ കുരുക്ക് ഉണ്ടാക്കിയിരിക്കുന്നത് . പണം വന്നില്ലെന്നറിയുമ്പോഴാണ് പ്രശ്നമാണെന്ന് മനസിലാകുന്നത്. അതിനാല്‍ ഭൂമിയിടപാടില്‍ ആലഞ്ചേരി പിതാവിനെ മാത്രം കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ല.

തെറ്റു ചെയ്തിട്ടുള്ളവര്‍ക്കെതിരെ നടപടി വേണം. പക്ഷേ, പരസ്യമായി പ്രകടനം നടത്തുകയല്ല അതിനുള്ള മാര്‍ഗം. സഭയ്ക്കകത്തുവേണം അത് കൈകാര്യം ചെയ്യാന്‍. ഏത് കുടുംബത്തിലാണെങ്കിലും അങ്ങനെയല്ലേ ചെയ്യൂ. ആ ഒരു സാമാന്യമര്യാദ പോലും ഈ പുരോഹിതന്‍മാര്‍ക്ക് ഇല്ലാതെപോയി.

വിശ്വാസികളെ രംഗത്തിറക്കാതിരുന്നാല്‍ നന്ന്

ക്ഷമയുടെയും ത്യാഗത്തിന്റെയുമൊക്കെ നോമ്പുകാലമാണിത്. ആ സമയത്ത് വൈദികര്‍ ഇതുപോലൊക്കെ ചെയ്യുന്നത്, വിശ്വാസികള്‍ ഇവരുടെയൊക്കെ നേതൃത്വത്തെ ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കും. അതുണ്ടാവാതിരിക്കാന്‍ വേണ്ടിയാണ് ഞങ്ങളെപോലുള്ള ആളുകള്‍ സംസാരിക്കുന്നതെന്നും വാഴയ്ക്കന്‍ പറയുന്നു .

alanchery
Advertisment