Advertisment

പി കെ ശശിക്കെതിരായ ആരോപണം; തെളിവെടുപ്പ് തുടരുന്നു

New Update

പാലക്കാട്: ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരായ പീഡന പരാതിയില്‍ സിപിഐഎം നിശ്ചയിച്ച അന്വേഷണ കമ്മിഷന്‍ ആറ് പേരില്‍ നിന്ന് തെളിവെടുത്തു. എംഎല്‍എക്കെതിരെ പരാതി നല്‍കിയ ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെയും പി കെ ശശിയുടെയും മൊഴി കമ്മിഷന്‍ നേരത്തെ രേഖപ്പെടുത്തിയിരുന്നു. പരാതിയില്‍ പറയുന്ന സിപിഐഎം, ഡിവൈഎഫ്‌ഐ നേതാക്കളില്‍ നിന്നാണ് തിങ്കളാഴ്ച തെളിവെടുത്തത്. തിങ്കളാഴ്ചനടന്ന തെളിവെടുപ്പില്‍ പരാതിനല്‍കിയ യുവതിയെ അനുകൂലിക്കുന്നവര്‍ പരാതിയിലും തെളിവുകളിലും ഉറച്ചുനിന്നു. എന്നാല്‍, ഇതിനുപിന്നില്‍ ഗുഢാലോചനയുണ്ടെന്ന് പി.കെ. ശശിയെ അനുകൂലിക്കുന്നവര്‍ ആവര്‍ത്തിക്കുന്നു.

Advertisment

publive-image

ഒരു നഗരസഭാ കൗണ്‍സിലര്‍, ഡിവൈഎഫ്‌ഐ ജില്ലാ നേതാവ്, പാര്‍ട്ടി പ്രാദേശിക നേതാക്കള്‍, തദ്ദേശ സ്ഥാപന പ്രതിനിധി തുടങ്ങിയവരാണ് മൊഴി നല്‍കാനെത്തിയത്. പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് തെളിവെടുപ്പ് നടത്തിയത്. ഇതില്‍ ശശിക്ക് അനുകൂലമായെത്തിയവര്‍ സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന വാദമാണ് ഉയര്‍ത്തിയത്. ഇതേപ്പറ്റിയും അന്വേഷിക്കുമെന്ന സൂചനയാണ് പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് ലഭിക്കുന്നത്.

ഇതിനിടെ യുവതിയെ സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നതായുള്ള പരാതിയും ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ തലത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ യുവതിയെ കണ്ട് മൊഴിയില്‍ ചില മാറ്റങ്ങള്‍ വരുത്തണമെന്ന് അഭ്യര്‍ത്ഥിച്ചതായാണ് വിവരം. ആദ്യം നല്‍കിയ മൊഴി തിരുത്താനുള്ള അവസരമുണ്ടെന്നും എന്തെങ്കിലും ഇളവ് വേണമെന്നുമായിരുന്നു ഉദ്യാഗസ്ഥന്റെ അഭ്യര്‍ഥന.

എന്നാല്‍ യുവതി ഒത്തുതീര്‍പ്പിന് വഴങ്ങില്ലെന്ന് തീര്‍ത്തു പറഞ്ഞതോടെ നിരാശയോടെ ഉദ്യോഗസ്ഥര്‍ മടങ്ങിയെന്നാണ് വിവരം. ഇത്തരത്തിലുളള നീക്കങ്ങള്‍ക്കെതിരെ പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന് അമര്‍ഷമുണ്ട്. ഇതേ രീതിയിലാണ് പാലക്കാട്ടെ ഡിവൈഎഫ്‌ഐ ജില്ലാ നേതാക്കളും തുടക്കത്തില്‍ പരാതി ഇല്ലാതാക്കാന്‍ ശ്രമിച്ചത്.

നേരത്തെ പരാതി ഉയര്‍ന്ന ഉടനെ ചിലര്‍ ഇടപെട്ട് വന്‍തുകയും ഡിവൈഎഫ്‌ഐയില്‍ ഉന്നത സ്ഥാനവും വാഗ്ദാനം ചെയ്തതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ആരെയും സംരക്ഷിക്കില്ലെന്ന തരത്തില്‍ വിവിധ സിപിഎം നേതാക്കള്‍ നടത്തിയ പരാമര്‍ശം ശ്രദ്ധേയമാണ്.

ശശിക്കെതിരെ സിപിഎം നടപടിയെടുക്കുമെന്ന സൂചനകളാണ് നേതാക്കളുടെ പ്രതികരണം എന്നും വിലയിരുത്തലുകളുണ്ട്. ഇവരുടെ മൊഴിയുള്‍പ്പെടെയുളള അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടിന്മേല്‍ ഒരാഴ്ചക്കുള്ളില്‍ പാര്‍ട്ടി തീരുമാനമുണ്ടാകും. സംഘടനാപരമായ നടപടി മാത്രം മതിയെന്നാണ് ചില നേതാക്കളുടെ അഭിപ്രായം.

Advertisment