Advertisment

5383 കോടിയുടെ തട്ടിപ്പ് നടത്തിയ സന്ദേശര എവിടെയെന്ന് പോലും കണ്ടെത്താനാകാതെ ഇരുട്ടില്‍ തപ്പി കേന്ദ്ര അന്വേഷണ ഏജന്‍സി; ഇനി രക്ഷ ഇന്റര്‍പോള്‍ മാത്രം

New Update

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ ബാങ്കുകളില്‍നിന്നായി 5383 കോടി രൂപ വായ്പയെടുത്ത് രാജ്യത്തു നിന്നും മുങ്ങിയ ഗുജറാത്തിലെ സ്റ്റെര്‍ലിങ് ബയോടെക് ഉടമ നിതിന്‍ സന്ദേശര എവിടെയെന്ന് ഇനിയും കണ്ടെത്താനാകാതെ സിബിഐ. സന്ദേശര നൈജീരിയയിലേക്കാണോ കടന്നതെന്നതിന് സ്ഥിരീകരണം തേടി സിബിഐ ഇന്റര്‍പോള്‍ നൈജീരിയ ഘടകത്തെ സമീപിച്ചിരിക്കുകയാണ്. ഇന്ത്യയ്ക്ക് നൈജീരിയയുമായി കുറ്റവാളികളെ കൈമാറാനുള്ള കരാറില്ലാത്ത സാഹചര്യത്തിലാണ് ഈ നടപടി.

Advertisment

publive-image

നിതിന്‍, സഹോദരന്‍ ചേതന്‍ സന്ദേശര, സഹോദര ഭാര്യ ദീപ്തിബെന്‍ എന്നിവര്‍ യുഎഇയില്‍നിന്ന് നൈജീരിയയിലേക്കു കടന്നിരിക്കാമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെത്തുടര്‍ന്നാണ് സിബിഐയുടെ നീക്കം.

കഴിഞ്ഞ ഒക്ടോബറിലാണ് മരുന്നുകമ്പനിയായ സ്റ്റെര്‍ലിങ് ബയോടെക്കിന്റെ ഉടമയായ നിതിന്‍, ഡയറക്ടര്‍മാരായ ചേതന്‍, ദീപ്തി, രാജ്ഭൂഷണ്‍ ഓംപ്രകാശ് ദീക്ഷിത്, നിതിന്‍ ജയന്തിലാല്‍ സന്ദേസര, വിലാസ് ജോഷി, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഹേമന്ത് ഹാഥി, ആന്ധ്രബാങ്ക് മുന്‍ ഡയറക്ടര്‍ അനൂപ് ഗാര്‍ഗ് തുടങ്ങിയവര്‍ക്കെതിരേ സിബിഐ കേസെടുത്തത്.

ആന്ധ്ര ബാങ്കിന്റെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് കമ്പനിക്കു വായ്പയനുവദിച്ചത്. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, തിരിമറി, അഴിമതി തുടങ്ങിയ കുറ്റങ്ങളാണ് ഇവരുടെപേരില്‍ ചുമത്തിയിരിക്കുന്നത്. ഉന്നത ആദായനികുതി ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയതിനും കമ്പനിക്കെതിരേ സിബിഐ ഈവര്‍ഷം ഓഗസ്റ്റില്‍ കേസെടുത്തിട്ടുണ്ട്.

Advertisment