Advertisment

പ്രളയത്തിന് ശേഷമുള്ള കേരളത്തിന്റെ പുനർനിർമാണം; ജിഎസ്ടിക്കുമേല്‍ സെസ് ചുമത്തി പണം കണ്ടെത്താമെന്ന് കേന്ദ്ര സര്‍ക്കാര്‍

New Update

Image result for gst

Advertisment

ന്യൂഡല്‍ഹി: കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി അഖിലേന്ത്യാടിസ്ഥാനത്തില്‍ ജിഎസ്ടിക്കുമേല്‍ സെസ് ചുമത്തി പണം കണ്ടെത്താമെന്ന് കേന്ദ്ര സര്‍ക്കാര്‍. 28ന് നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യം പരിഗണിക്കും.

ചില ഉത്പന്നങ്ങള്‍ക്കുമേല്‍ മാത്രം (ഉദാ: പുകയില) നിശ്ചിതകാലത്തേക്ക് ‘ദുരിതാശ്വാസ സെസ്’ ചുമത്തി കേരളത്തെ സഹായിക്കാമെന്നാണ് ധാരണ. ഇതിന് മറ്റുസംസ്ഥാനങ്ങളുടെ സമ്മതം വേണമെന്നതിനാലാണ് ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഈ വിഷയം പരിഗണിക്കുന്നത്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, വിവിധ വകുപ്പുസെക്രട്ടറിമാര്‍ എന്നിവരുമായി മന്ത്രി തോമസ് ഐസക് നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. ജിഎസ്ടി കൗണ്‍സിലോ മന്ത്രിതല സമിതിയോ ആകും അന്തിമതീരുമാനമെടുക്കുക. ചിലപ്പോള്‍ ഓര്‍ഡിനന്‍സും വേണ്ടിവന്നേക്കാം. സംസ്ഥാനം ലക്ഷ്യമിട്ട തുക ലഭിക്കുംവരെയാകും സെസ് പിരിക്കുക. ജി.എസ്.ടി.യില്‍ കേരളത്തിനുലഭിക്കുന്ന നഷ്ടപരിഹാരത്തുകയില്‍ ഇത് തട്ടിക്കിഴിക്കരുതെന്നും സംസ്ഥാനം ആവശ്യപ്പെട്ടു.

പുനര്‍നിര്‍മാണത്തിനായി വിദേശവായ്പ എടുക്കുന്നതിന് കേന്ദ്രം പിന്തുണ അറിയിച്ചു. എ.ഡി.ബി., ലോകബാങ്ക്, ജര്‍മനി എന്നിവിടങ്ങളില്‍നിന്നുള്ള ദീര്‍ഘകാല വായ്പകളാണ് സംസ്ഥാനം പരിഗണിക്കുന്നത്. സംസ്ഥാനത്തിന്റെ വായ്പാപരിധിയില്‍ ഇതുള്‍പ്പെടുത്തരുതെന്ന് കേരളം ആവശ്യപ്പെട്ടു.

അതേസമയം, വായ്പാപരിധി മൂന്നു ശതമാനത്തില്‍നിന്ന് ഉയര്‍ത്തുന്നതിനോട് കേന്ദ്രത്തിന് യോജിപ്പില്ല. കേരളത്തിന് പരിധി അല്‍പ്പം ഉയര്‍ത്തി നല്‍കണമെന്ന് തോമസ് ഐസക് ആവശ്യപ്പെട്ടു. ധനക്കമ്മി കൂട്ടാന്‍ കേന്ദ്രം ആഗ്രഹിക്കുന്നില്ലെങ്കിലും ഇക്കാര്യത്തില്‍ പ്രായോഗികമായി എന്തുചെയ്യാമെന്ന് പരിശോധിക്കും.

ജി.എസ്.ടി. സെസ് ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചുള്ള കേസ് സുപ്രീംകോടതിയില്‍ നടക്കുന്നുണ്ട്. അതിന്റെ വിധികൂടി പരിഗണിക്കേണ്ടിവരുമെന്ന് തോമസ് ഐസക് പറഞ്ഞു.സംസ്ഥാന ജി.എസ്.ടി.ക്കുമേല്‍ 10 ശതമാനം സെസ് ചുമത്തി 2000 കോടി രൂപയോളം കണ്ടെത്താനായിരുന്നു കേരളം ലക്ഷ്യമിട്ടത്. എന്നാല്‍, കേരളത്തിനുമാത്രമായി ജി.എസ്.ടി.യുടെ വെബ്‌സൈറ്റില്‍ മാറ്റം വരുത്തുക പ്രായോഗികമല്ലെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി.

Advertisment