Advertisment

അമിത് ഷാ കള്ളം പറയുകയാണ്; കത്ത് ആന്ധ്രയെ അപമാനിക്കുന്നതാണ്; അമിത് ഷായ്ക്ക് മറുപടിയുമായി ചന്ദ്രബാബു നായിഡു

New Update

ആന്ധ്രപ്രദേശ്: അമിത് ഷാ കള്ളം പറയുകയാണെന്ന് ചന്ദ്രബാബു നായിഡു. അമിത് ഷായുടെ കത്ത് ആന്ധ്രയെ അപമാനിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അമിത് ഷായുടെ കത്തിന് മറുപടിയായാണ് നായിഡു ഇക്കാര്യം പറഞ്ഞത്. ആന്ധ്രക്കായി നല്‍കിയ ഉറപ്പുകളില്‍ നിന്ന് പ്രധാനമന്ത്രി പിന്നോട്ടുപോയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍ഡിഎ വിട്ട ചന്ദ്രബാബു നായിഡുവിന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ കത്തയച്ചത്. സര്‍ക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയനോട്ടീസില്‍ ടിഡിപി ഉറച്ചുനില്‍ക്കുമ്പോഴാണ് അമിത് ഷായുടെ കത്ത്.

Advertisment

publive-image

എന്‍ഡിഎ സഖ്യം വിട്ട് ടിഡിപി നരേന്ദ്രമോദി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസില്‍ ഉറച്ചു നില്‍ക്കുകയാണ്. ഇന്നലെ കോണ്‍ഗ്രസും സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. പ്രതിപക്ഷ ചേരിയില്‍ സര്‍ക്കാരിനെതിരെ ഐക്യം ശക്തമാകുമ്പോഴാണ് ടിഡിപിയെ അനുനയിപ്പിക്കാനുള്ള നീക്കവുമായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ ചന്ദ്രബാബു നായിഡുവിന് കത്തയച്ചത്.

എന്‍ഡിഎ വിടാനുള്ള ടിഡിപി തീരുമാനം നിര്‍ഭാഗ്യകരമായിപ്പോയെന്ന് കത്തില്‍ പറയുന്നു. വികസനത്തിനാണ് എന്‍ഡിഎ സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നത്. ആന്ധ്രയുടെ വികസനത്തിനായി പ്രധാനമന്ത്രി നല്‍കിയ ഉറപ്പുകളില്‍ നിന്ന് ഇതുവരെ പുറകോട്ടുപോയിട്ടില്ല. ടിഡിപി ഇപ്പോഴെടുത്തിരിക്കുന്ന തീരുമാനം രാഷ്ട്രീയത്തിലെ വിഭജനത്തിന് മാത്രമെ ഉപകരിക്കൂവെന്നും അമിത് ഷാ കത്തില്‍ പറയുന്നു.

ടിഡിപിയെ വിമര്‍ശിക്കാതെയും തള്ളിപ്പറയാതെയുമാണ് അമിത്ഷായുടെ കത്ത് എന്നത് ശ്രദ്ധേയമാണ്. സര്‍ക്കാരിനെതിരെയുള്ള അവിശ്വാസപ്രമേയ നോട്ടീസ് കഴിഞ്ഞ തുടര്‍ച്ചയായ ദിവസങ്ങളില്‍ പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തുകയാണ്. ചൊവ്വാഴ്ച സഭ വീണ്ടും ചേരുമ്പോള്‍ അവിശ്വാസ പ്രമേയ നോട്ടീസുകള്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഇനി കോണ്‍ഗ്രസും രംഗത്തെത്തും. രാജ്യസഭ തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടിയെങ്കിലും പ്രതിപക്ഷ ഐക്യം സര്‍ക്കാരിന് ഭീഷണി തന്നെയാണ്. അത് ഇല്ലാതാക്കുകയാണ് ചന്ദ്രബാബു നായിഡുവിനുള്ള കത്തിലൂടെ അമിത്ഷായുടെ ലക്ഷ്യമിട്ടതെന്നാണ് സൂചന.

Advertisment