Advertisment

കാത്തിരിപ്പിനൊടുവില്‍ ഇക്കുറി ചങ്ങനാശേരിയില്‍ ജോബ് മൈക്കിളിന് സീറ്റു കിട്ടുമോ ? പൊതു സ്വീകാര്യതയില്ലാത്ത സ്ഥാനാര്‍ത്ഥി വന്നാല്‍ വിജയ സാധ്യതയില്ലെന്ന വിലയിരുത്തലില്‍ ഇടതുമുന്നണി. അപ്പുറത്ത് ജോബാണെന്നറിഞ്ഞതോടെ യുഡിഎഫില്‍ സീറ്റിനായി മത്സരിച്ചു കോണ്‍ഗ്രസും ജോസഫും. സിഎഫിന്റെ പിന്‍ഗാമിയാകാന്‍ മകളും അനുജനും രംഗത്ത് ? കെസി ജോസഫിനായി കോണ്‍ഗ്രസും രംഗത്ത്. ചങ്ങനാശേരിയിലെ സ്ഥാനാര്‍ത്ഥിയാകാന്‍ ഇടതു - വലതു മുന്നണികളില്‍ വന്‍പടതന്നെ !

New Update

publive-image

Advertisment

കോട്ടയം: കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ടതോടെ ഏറെ ശ്രദ്ധാകേന്ദ്രമായ മണ്ഡലമാകുകയാണ് ചങ്ങനാശേരി.

മണ്ഡലത്തെ 4 പതിറ്റാണ്ടുകാലം പ്രതിനിധീകരിച്ചിരുന്ന സിഎഫ് തോമസിന്റെ മരണത്തോടെ ഇത്തവണ ആരാകും ചങ്ങനാശേരിയെ പ്രതിനിധീകരിക്കുക എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം.

ഇടതുമുന്നണിയില്‍ കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് തന്നെയാകും ചങ്ങനാശേരി. ഇവിടെ ജോബ് മൈക്കിളിനെ മത്സരിപ്പിക്കാനാണ് കേരളാ കോണ്‍ഗ്രസ് ആലോചിക്കുന്നത്.

ഷജോ കണ്ടക്കുടി, യൂത്ത് ഫ്രണ്ട് നേതാവ് വിജയ് ജോസ് മാരേറ്റില്‍ എന്നീ പേരുകളും പാര്‍ട്ടി പരിഗണനയില്‍ ഉണ്ടെന്നാണ് സൂചന. വിജയ് ജോസിന് എന്‍എസ് എസിന്‍റെയും ചങ്ങനാശേരി അതിരൂപതയുടെയും പിന്തുണയുണ്ട്.

മുന്‍ ജില്ലാ പഞ്ചായത്തംഗവും ചങ്ങനാശേരിയിലെ അഭിഭാഷകനുമാണ് ജോബ് മൈക്കിള്‍. കേരളാ കോണ്‍ഗ്രസ് ബന്ധങ്ങള്‍ക്ക് അപ്പുറം പൊതു സ്വീകാര്യതയില്‍ ജോബ് മൈക്കിള്‍ തീരെ പോരെന്ന അഭിപ്രായം പാര്‍ട്ടിക്കുള്ളില്‍ തന്നെ ഉയര്‍ന്നിട്ടുണ്ട്.

പാര്‍ട്ടിയില്‍പോലും ജോബിന്‍റെ കാര്യത്തില്‍ ഭിന്നതയുണ്ട്. പക്ഷേ കാലങ്ങളായി സീറ്റിനുവേണ്ടി ശ്രമിക്കുന്ന ജോബ് മൈക്കിളിനെ ഇക്കുറി കൈവിടാനിടയില്ലെന്നാണ് സൂചന.

അതേസമയം ജോബ് മൈക്കിള്‍ ഇടതു സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പായതോടെ സീറ്റിനായി യുഡിഎഫിലും വലിയ തര്‍ക്കം തുടങ്ങിക്കഴിഞ്ഞു.

publive-image

അപ്പുറത്ത് ജോബാണെങ്കില്‍ എതിര്‍ സ്ഥാനാര്‍ഥിക്കു വളരെ എളുപ്പത്തില്‍ വിജയിക്കാന്‍ കഴിയുന്ന സീറ്റാണിതെന്നാണ് യുഡിഎഫ് വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ ജോസഫ് വിഭാഗവും കോണ്‍ഗ്രസും തമ്മില്‍ സീറ്റിനായി വടംവലിയാരംഭിച്ചിട്ടുണ്ട്.

ജോസഫ് വിഭാഗത്തിന് സീറ്റ് ലഭിച്ചാല്‍ സിഎഫിന്റെ സഹോദരന്‍ സാജന്‍ ഫ്രാന്‍സിസ്, സിഎഫിന്റെ മകള്‍ അനു തോമസ്, വിജെ ലാലി എന്നിവരുടെ പേരിനാണ് മുന്‍ഗണന.

സിഎഫിന്റെ കുടുംബത്തില്‍ നിന്നും പിന്‍ഗാമി വേണമെന്ന ആവശ്യത്തെ തുടര്‍ന്ന് കുടുംബത്തില്‍ തന്നെ തര്‍ക്കത്തിന് കാരണമായിട്ടുണ്ട്. അനുജനാണോ, മകളാണോ പിന്‍ഗാമിയാവേണ്ടതെന്ന തര്‍ക്കമാണ് അവിടെ നടക്കുന്നത്.

അതേസമയം വളരെക്കാലമായി മത്സരിക്കാനാഗ്രഹിച്ച സീറ്റ് ഇത്തവണ കിട്ടിയാല്‍ കൊള്ളാമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്.

ഇത്തവണ ഇരിക്കൂര്‍ സീറ്റ് കിട്ടാനിടയില്ലാത്ത കെസി ജോസഫ്, ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്, പിസി വിഷ്ണുനാഥ്, നാട്ടുകാരന്‍കൂടിയായ യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ജോസി സെബാസ്റ്റ്യന്‍ എന്നിവരാണ് പരിഗണനാ പട്ടികയിലെ മുമ്പന്‍മാര്‍.

മതസാമുദായിക സംഘടനകള്‍ക്ക് ഏറെ പ്രാമുഖ്യമുള്ള മണ്ഡലമാണ് ചങ്ങനാശേരി. കത്തോലിക്കാ വിഭാഗത്തിനൊപ്പം തന്നെ നായര്‍ വോട്ടുകളും ഇവിടെ നിര്‍ണായകമാണ്.

അതുകൊണ്ടുതന്നെ എന്‍എസ്എസിന് കൂടി താല്‍പ്പര്യമുള്ള ഒരാളെ സ്ഥാനാര്‍ത്ഥിയാക്കാനാകും രണ്ടു മുന്നണികളും ശ്രമിക്കുക.

 

 

ldf kerala congress
Advertisment