Advertisment

ഇതൊന്നും ഒന്നുമല്ല; ''കോലിയുടെ കാലം ഇനിയും വരാനിരിക്കുന്നതേയുള്ളൂ''

New Update

greg chappel about viral kohli

Advertisment

വിദേശ മണ്ണില്‍ കടലാസില്‍ മാത്രം പുലികളാവുന്നവരെന്ന വിമര്‍ശനങ്ങള്‍ മാറ്റിക്കുറിക്കാനാണ് ഇത്തവണ ഇന്ത്യന്‍ ടീം ഇംഗ്ലണ്ട് പര്യടനത്തിനായി വിമാനം കയറിയത്. ട്വന്‍റി 20 പരമ്പര സ്വന്തമാക്കി ആത്മവിശ്വാസം കാണിച്ചെങ്കിലും ഏകദിനത്തിന് പുറമെ ടെസ്റ്റ് പരമ്പരയും ഇംഗ്ലീഷ് പടയ്ക്ക് മുന്നില്‍ കോലിപ്പട അടിയറവ് വച്ച് കഴിഞ്ഞു.

നാലാം ടെസ്റ്റില്‍ 245 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ 60 റണ്‍സിന്‍റെ തോല്‍വിയാണ് വഴങ്ങിയത്. 58 റണ്‍സുമായി വിരാട് കോലി ശ്രമിച്ചു നോക്കിയെങ്കിലും ടീമിനെ വിജയത്തിലേക്കെത്തിക്കാന്‍ നായകനും സാധിച്ചില്ല. എന്നാല്‍, പരമ്പര നഷ്ടത്തിലും നായകന്‍ വിരാട് കോലി വ്യക്തിഗത പ്രകടനത്തില്‍ തലയുയര്‍ത്തി തന്നെയാണ് ഇംഗ്ലീഷ് മണ്ണില്‍ നില്‍ക്കുന്നത്.

നാലാം ടെസ്റ്റിന് ശേഷം കോലിയെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ ടീം പരിശീലകന്‍ ഗ്രെഗ് ചാപ്പലും രംഗത്ത് വന്നു. കോലിയുടെ സതാംപ്ടണിലെ രണ്ടാം ഇന്നിംഗ്സിനെ പ്രകീര്‍ത്തിച്ച ചാപ്പല്‍ താരത്തില്‍ നിന്ന് ഇതിലും മികച്ച പ്രകടനങ്ങള്‍ വരാനിരിക്കുന്നതേയുള്ളുവെന്നും പറഞ്ഞു.

ഏതു പ്രതിസന്ധി ഘട്ടങ്ങളെയും നേരിടാന്‍ ശാരീരികമായ പ്രതിഭയ്ക്കൊപ്പം മാനസികമായ കരുത്തും കോലിക്കുണ്ട്. വിരാടിന്‍റെ അത്രയും വിജയകരമായി മുന്നോട്ട് പോകുന്ന അധികം താരങ്ങളെ തനിക്കറിയില്ല. 2014ല്‍ ഇംഗ്ലീഷ് പര്യടനത്തിനെത്തിയപ്പോള്‍ വിരാട് കോലി കളിക്കാരനെന്ന നിലയില്‍ വലിയ പരാജയമായിരുന്നു.

അഞ്ച് ടെസ്റ്റുകളില്‍ നിന്ന് 134 റണ്‍സ് മാത്രമാണ് അന്ന് അദ്ദേഹത്തിന് സ്വന്തമാക്കാന്‍ സാധിച്ചുള്ളൂ. എന്നാല്‍, ഇത്തവണ പരമ്പരയിലെ ഉയര്‍ന്ന റണ്‍ വേട്ടക്കാരാനാണ് വിരാട് കോലി. ഇന്ത്യന്‍ നായകന്‍റെ ഇത്തവണ പ്രകടനം താരതമ്യം ചെയ്യാവുന്നതിലും അപ്പുറമായിരുന്നുവെന്നാണ് ചാപ്പല്‍ പറയുന്നത്.

ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ കോലിക്ക് മികച്ച പ്രകടനം നടത്താന്‍ സാധിക്കുമോയെന്ന് പലരും സംശയിച്ചിരുന്നു. തനിക്ക് പറ്റുമോയെന്നുള്ള കാര്യത്തില്‍ കോലിക്ക് ഒരു സംശയവും ഉണ്ടായിരിക്കില്ലെന്നാണ് തനിക്ക് തോന്നുന്നത്. ഇനിയുണ്ടെങ്കില്‍ തന്നെ അതിനെ മറികടക്കാന്‍ ഉറപ്പിച്ചായിരിക്കും അദ്ദേഹം ഇംഗ്ലണ്ടിലെത്തിയതെന്നും ചാപ്പല്‍ പറഞ്ഞു.

നാല് ടെസ്റ്റുകളില്‍ നിന്ന് ഇതുവരെ 544 റണ്‍സാണ് കോലി അടിച്ചെടുത്തത്. രണ്ട് സെഞ്ചുറികളും മൂന്ന് അര്‍ധ ശതകങ്ങളും ആ ബാറ്റില്‍ നിന്ന് പിറന്ന് കഴിഞ്ഞു. സെപ്റ്റംബര്‍ ഏഴ് മുതല്‍ ലണ്ടനിലാണ് അവസാന ടെസ്റ്റ് നടക്കുക.

Advertisment