Advertisment

സര്‍ക്കാരിന്റെ സാലറി ചലഞ്ച് പൂര്‍ണ്ണ പരാജയമെന്ന് തെളിഞ്ഞതായി രമേശ് ചെന്നിത്തല

New Update

തിരുവനന്തപുരം: കേരളത്തിലെ സര്‍ക്കാര്‍ ഉദ്യേഗസ്ഥരെ രണ്ടു തട്ടിലാക്കിയ സാലറി ചലഞ്ചിനെ സര്‍ക്കാര്‍ ഉദ്യേഗസ്ഥര്‍ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . ഭീഷണികൊണ്ടും, അധികാരം കൊണ്ടും സര്‍ക്കാര്‍ ജീവനക്കാരെ തങ്ങളുടെ വരുതിയിലാക്കാമെന്നുള്ള സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനു കനത്ത തിരിച്ചടിയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ നല്‍കിയത്. സാലറി ചലഞ്ചില്‍ പങ്കെടുത്ത ജീവനക്കാരുടേതായി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ പുറത്തു വിട്ട കണക്കുകളെല്ലാം പച്ചക്കള്ളമാണ്. സെക്രട്ടറിയേറ്റില്‍ മാത്രം ഏതാണ്ട് 1500 ഓളം ജീവനക്കാര്‍ വിസമ്മത പത്രം നല്‍കിയിരുന്നു.

Advertisment

publive-image

ഫിനാല്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് 173 പേരും, പൊതുഭരണ വകുപ്പില്‍ നിന്ന് 700 ലധികം ജീവനക്കാരും, ലോ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് 40 പേരും, നിയമസഭാ സെക്രട്ടറിയേറ്റില്‍ നിന്ന് 433 ജീവനക്കാരും വിസമ്മത പത്രം നല്‍കി. സര്‍ക്കാര് എയിഡഡ് സ്‌കൂളുകളില്‍ ഇടതു സംഘടനയില്‍ പെട്ടവരുള്‍പ്പെടെയള്ളവര്‍ വിസമ്മത പത്രം നല്‍കി. സര്‍ക്കാര്‍ എയിഡ് സ്‌കൂളില്‍ നിന്ന് 70 ശതമാനം അധ്യാപകരും സാലറി ചലഞ്ചിനോട് പുറം തിരിഞ്ഞു നിന്നു.

എയിഡഡ് സ്‌കൂള്‍ അധ്യാപകര്‍ എഴുപത് ശതമാനവും സാലറി ചലഞ്ചിനോട് വിരുദ്ധ മനോഭാവം പ്രകടിപ്പിച്ചുവെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക് തന്നെ സമ്മതിക്കുന്നു. സ്ഥലം മാറ്റ ഭീഷണിയും, ശാരീരികമായി നേരിടുമെന്ന ഭീഷണിയും കൊണ്ട് മാത്രമാണ് കുറച്ചെങ്കിലും ജീവനക്കാര്‍ ഇതിന് അനുകൂലമായി നിന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പൊലീസിലാകട്ടെ വിസമ്മത പത്രം നല്‍കിയാല്‍ ട്രെയിനിംഗിലുള്ള പൊലീസുകാരുടെ ട്രെയിനിംഗ് നീട്ടുമെന്നും, സര്‍വ്വീസിലുള്ള പൊലീസ് ഉദ്യേഗസ്ഥരെ പ്രമോഷന്‍ ടെസ്റ്റുകളില്‍ തോല്‍പ്പിക്കുമെന്നും പറഞ്ഞാണ് ഭീഷണിപ്പെടുത്തിയത്. ഡി ജി പി യാകട്ടെ സാലറി ചലഞ്ച് തന്റെ പ്രസ്റ്റീജിന്റെ പ്രശ്നമാണെന്നും എന്ത് വില കൊടുത്തും എല്ലാവരില്‍ നിന്നും ഒരു മാസത്തെ ശമ്പളം ഈടാക്കണമമെന്നുമാണ് കീഴുദ്യേഗസ്ഥര്‍ക്ക് കൊടുത്ത നിര്‍ദേശം.

ശനിയാഴ്ച അവസാനിക്കേണ്ടിയിരുന്ന സാലറി ചലഞ്ച് വീണ്ടും നീട്ടിയിരിക്കികയാണ് എന്നാണ് ധനകാര്യമന്ത്രി പറയുന്നത്. അതിനര്‍ത്ഥം സര്‍ക്കാര്‍ ഉദ്ദേശിച്ച പോലെ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം നല്‍കാന്‍ തയ്യാറായില്ല എന്ന് തന്നയൊണ്.പെന്‍ഷന്‍കാരരോട് ഇഷ്ടമുള്ള തുക സംഭാവന ചെയ്താല്‍ മതിയെന്ന നിലപാടാണ് സര്‍ക്കാര്‍ എടുത്തത്. അതേ മാതൃക സര്‍ക്കാര്‍ ജീവനക്കാരുട കാര്യത്തിലും പിന്തുടരണമായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മഹാ പ്രളയ ദുരന്തത്തെ മലയാളികള്‍ എല്ലാവരും ഒരേ മനസായി ഒറ്റെക്കെട്ടായാണ് നേരിട്ടത്. ഏതാണ്ട് നാല്‍പ്പത് ശതമാനത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ ദുരന്തം നേരിട്ട് ബാധിച്ച പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. ഇവരില്‍ നിന്നും നിര്‍ബന്ധമായി ഒരു മാസത്തെ ശമ്പളം പിടിച്ചുവാങ്ങുക എന്നത് ക്രൂരതയാണ്.

ദുരന്ത ബാധിത പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്കെങ്ങിലും അല്‍പ്പം ഇളവ് നല്‍കാമായിരുന്നു അതിന് പോലും സര്‍ക്കാര്‍ തയ്യാറാകാത്തതാണ് സാലറി ചലഞ്ചെന്ന പേരില്‍ കൊട്ടിഘോഷിച്ച് കൊണ്ടിവന്ന ബലമായി ശമ്പളം പിടിച്ചെടുക്കല്‍ പരാജയപ്പെടാന്‍ കാരണണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Advertisment