Advertisment

മല്‍സ്യത്തൊഴിലാളികളോട് സര്‍ക്കാര്‍ കാട്ടുന്നത് കൊടിയ വഞ്ചനയെന്ന് രമേശ് ചെന്നിത്തല

New Update

തിരുവനന്തപുരം: മഹാ പ്രളയത്തില്‍ ജീവന്‍ തൃണവല്‍ഗണിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയ അനേകം പേരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വന്ന നമ്മുടെ മല്‍സ്യത്തൊഴിലാളികളെ സര്‍ക്കാര്‍ പൂര്‍ണ്ണമായി അവഗണിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു. രക്ഷാ പ്രവര്‍ത്തനത്തിനിടെ കേടു വന്ന അവരുടെ യമഹാ വള്ളങ്ങളും ബോട്ടുകളും നന്നാക്കാനുള്ള പണം നല്‍കുമെന്ന് പറഞ്ഞെങ്കിലും ആര്‍ക്കും ഇതുവരെ നല്‍കിയിട്ടില്ല.

Advertisment

publive-image

മല്‍സ്യത്തൊഴിലാളികളെ സംബന്ധിച്ചിടത്തോളം അവരുടെ ദൈനംദിന ജീവനോപാധിയാണ് വള്ളങ്ങളും, ബോട്ടുകളും. അവ ഉപയോഗ ശൂന്യമായാല്‍ അവരുടെ വീടുകളില്‍ പട്ടിണി മാത്രമായിരിക്കും ഫലം. ഒന്നും ആവശ്യപ്പെടാതെ, ആരും ക്ഷണിക്കാതെ ദുരന്ത മുഖത്തേക്ക് കുതിച്ചെത്തി ആയിരങ്ങള്‍ക്ക് രക്ഷാ ഹസ്തം നീട്ടിയ മല്‍സ്യത്തൊഴിലാളികളോട് സര്‍ക്കാര്‍ കാട്ടിയത് കൊടിയ വഞ്ചനയാണ്.

കേടായ വള്ളങ്ങള്‍ക്ക് പകരം പുതിയ വള്ളങ്ങള്‍ നല്‍കുമെന്ന് ഫീഷറീസ് മന്ത്രി പറയുന്നതല്ലാതെ കഴിഞ്ഞ ഒരു മാസമായി ഒന്നും നടക്കുന്നില്ല. സര്‍ക്കാര്‍ നീട്ടിയ പ്രതിഫലം പോലും വേണ്ടെന്ന് വച്ചവരാണ് മല്‍സ്യത്തൊഴിലാളികള്‍. അവരുടെ ജീവനോപാധിയായ വള്ളങ്ങളും ബോട്ടുകളും സര്‍ക്കാര്‍ നന്നാക്കിക്കൊടുക്കുകയോ അല്ലങ്കില്‍ പുതിയവ നല്‍കുകയോ ചെയ്താല്‍ മാത്രമേ മല്‍സ്യത്തൊഴിലാളികള്‍ക്ക് അവരുടെ ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയുകയുള്ളു.

പ്രളയം കഴിഞ്ഞ ഒരു മാസത്തിലേറെയായിട്ടും ഒരു മല്‍സ്യത്തൊഴിലാളിക്കു പോലും ഇതൊന്നും ചെയ്ത് കൊടുക്കാന്‍ സര്‍ക്കാരിനോ ഫീഷറീസ് വകുപ്പിനോ കഴിഞ്ഞില്ലന്ന് സര്‍ക്കാരിന്റെ കഴിവു കേടും മല്‍സ്യത്തൊഴിലാളികളോടുമുള്ള വഞ്ചനയുമാണെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു.

Advertisment