ചെറുതോണി ഡാമില്‍ നിന്നും രാവിലെ പുറത്തേയ്ക്ക് ഒഴുക്കുന്നത് സെക്കണ്ടില്‍ ഒരു ലക്ഷം ലിറ്റർ വെള്ള൦. കൊച്ചിയില്‍ സ്ഥിതിഗതി വീണ്ടും മോശമാകും

ന്യൂസ് ബ്യൂറോ, ഇടുക്കി
Thursday, August 9, 2018

തൊടുപുഴ∙ ഇടുക്കി ഡാമില്‍ ജലനിരപ്പ് പരമാവധിയിലേയ്ക്ക് ഉയരുന്ന സാഹചര്യത്തില്‍ ചെറുതോണി ഡാമിൽ നിന്നു വെള്ളിയാഴ്ച രാവിലെ മുതൽ വ്യാഴാഴ്ചത്തേതിന്റെ ഇരട്ടി വെള്ളം തുറന്നുവിടും.

ഒരു സെക്കന്റിൽ ഒരു ലക്ഷം ലിറ്റർ വെള്ളമായിരിക്കും ഡാമില്‍ നിന്നു പുറത്തേയ്ക്ക് ഒഴുക്കുക എന്നാണ് അറിയിപ്പ് . അതായത് രാവിലെ 6 മണി മുതൽ 100 ക്യുമെക്സ് വെള്ളമായിരിക്കും തുറന്നുവിടുക. ഇതോടെ കൊച്ചിയിലും ആലുവയിലും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകും .

കനത്ത മഴയും ശക്തമായ നീരൊഴുക്കും തുടരുന്ന സാഹചര്യത്തിലാണ് ഇതെന്ന് ഇടുക്കി ജില്ലാ കലക്ടർ അറിയിച്ചു. അണക്കെട്ടിലേക്കുള്ള നീഴൊഴുക്കു തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി അതീവ ജാഗ്രതാ നിർദേശം (റെഡ് അലർട്ട്) പുറപ്പടുവിച്ചു.

വെള്ളിയാഴ്ച രാവിലെ ആറുമണിക്ക് ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറന്ന് സുരക്ഷിതമായ അളവിൽ ജലം ചെറുതോണി/പെരിയാർ നദിയിലേക്ക് ഒഴുക്കിവിടാൻ തീരുമാനിച്ചിരിക്കുകയാണെന്നും കെഎസ്ഇബി അറിയിച്ചു.

നേരത്തേ, വൈകിട്ട് 4.30ന് ട്രയൽ റൺ അവസാനിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ നീരൊഴുക്കു തുടരുന്നതിനാൽ രാത്രിയിലും ട്രയൽ റൺ തുടരാനാണു തീരുമാനം. ജലനിരപ്പ് 2399.04 അടിയിലെത്തിയപ്പോഴാണ് ട്രയൽ റൺ ആരംഭിച്ചത്.

മൂന്നാമത്തെ ഷട്ടർ 50 സെന്റിമീറ്റർ ഉയർത്തി സെക്കൻഡിൽ 50 ഘനമീറ്റർ ജലം വീതമാണ് ഒഴുക്കിവിടുന്നത്. 2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. 26 വർഷങ്ങൾക്കുശേഷമാണ് ഇടുക്കി– ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറന്നത്.

×