Advertisment

'സൂപ്പര്‍ മുഖ്യമന്ത്രി'യുടെ വീഴ്ച പ്രതിരോധത്തിലാക്കുന്നത് മുഖ്യമന്ത്രിയെ തന്നെ ! ഇഡിയുടെ കസ്റ്റഡിയിലുള്ള ശിവശങ്കറിന്‍റെ മൊഴി നിര്‍ണായകമാകുക മുഖ്യമന്ത്രിക്ക് ! മൊഴിയിലെ ചെറിയ പരാമര്‍ശങ്ങള്‍ പോലും മുഖ്യമന്ത്രിയേയും കുരുക്കിലാക്കും. സ്വന്തം ഓഫീസിനെപ്പോലും നിയന്ത്രിക്കാനാവാത്ത മുഖ്യമന്ത്രിയെന്ന പരിഹാസത്തിനും മറുപടി പറയെണ്ട ഗതികേടില്‍ മുഖ്യമന്ത്രി !!

New Update

publive-image

Advertisment

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരനെ ഇഡി കസ്റ്റഡിയിലെടുത്ത വാര്‍ത്ത സിപിഎം കേന്ദ്രങ്ങള്‍ പ്രതീക്ഷിച്ചത് തന്നെയാണ്.

നേരത്തെ ഹൈക്കോടതി അറസ്റ്റു തടഞ്ഞത് താല്‍ക്കാലികമായ ആശ്വാസം മാത്രമാണെന്നും അറസ്റ്റ് ഉണ്ടാകുമെന്നും തന്നെയാണ് സിപിഎമ്മും മുഖ്യമന്ത്രിയും പ്രതീക്ഷിച്ചിരുന്നത്.

പക്ഷേ തന്റെ വിശ്വസ്തന്‍ ഇഡി കസ്റ്റഡിയിലായത് മുഖ്യമന്ത്രിയെ വലിയ പ്രതിസന്ധിയില്‍ തന്നെയാണ് കൊണ്ടെത്തിച്ചിരിക്കുന്നത് എന്നു നിസംശയം പറയാം.

സ്വര്‍ണക്കടത്ത് കേസ് പുറത്തറിയുന്ന ജൂലൈ അഞ്ചു വരെ 'സൂപ്പര്‍' മുഖ്യമന്ത്രിതന്നെയായിരുന്നു ശിവശങ്കര്‍.

സ്പ്രിഗ്‌ളര്‍ ഇടപാടു മുതല്‍ ബെവ്‌കോ ആപ്പു വിവാദം വരെ ആരോപണങ്ങളുടെ ശരമേറ്റപ്പോഴെല്ലാം ശിവശങ്കറിന് തണലേകിയത് മുഖ്യമന്ത്രിയായിരുന്നു.

സ്പ്രിഗ്‌ളര്‍ ഇടപാടില്‍ ശിവശങ്കര്‍ തന്റെ ബോധ്യത്തിലാണ് ഇടപാട് നടത്തിയതെന്ന് ചാനലുകള്‍ തോറും കയറിയിറങ്ങി പറഞ്ഞത് മുഖ്യമന്ത്രി തന്റെ കൂടെയെന്ന ഉത്തമ വിശ്വാസത്തിലായിരുന്നു.

സ്വര്‍ണക്കടത്ത് വിവാദം പുറത്തറിഞ്ഞ ആദ്യ ദിവസങ്ങളില്‍ ശിവശങ്കറിന് രക്ഷാകവചം ഒരുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിച്ചിരുന്നു.

പ്രതികളുമായുള്ള ബന്ധത്തെ തുടര്‍ന്ന് ആദ്യം ഓഫീസില്‍ നിന്നും മാറ്റിയപ്പോള്‍ സസ്‌പെന്‍ഷന്‍ എന്ന ആവശ്യം മുഖ്യമന്ത്രി അംഗീകരിച്ചില്ല.

പിന്നീട് തെളിവുകളും ആരോപണങ്ങളും ഒന്നൊന്നായി പുറത്തുവന്നതോടെ വിശ്വസ്തനെ മുഖ്യമന്ത്രി കൈവിട്ടു.

മന്ത്രിമാരും പാര്‍ട്ടി നേതാക്കഴും ശിവശങ്കര്‍ ദുര്‍ഗന്ധമെന്നു പറഞ്ഞ് തള്ളിയപ്പോള്‍ കടുത്ത വാക്കുകള്‍ ശിവശങ്കറിനെതിരെ പറയാതിരിക്കാന്‍ മുഖ്യമന്ത്രി പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

എന്നാല്‍ ശിവശങ്കര്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയാകുന്നതോടെ മുഖ്യമന്ത്രിയും കൂടുതല്‍ പ്രതിരോധത്തിലാകുകയാണ്.

തന്‍റെ കീഴില്‍, തന്‍റെ ഓഫീസ് തന്നെ വിശ്വസ്തനായ ഉദ്യോഗസ്ഥന്‍ രാജ്യദ്രോഹക്കേസിലെ പ്രതികള്‍ക്കുപോലും കയറിയിറങ്ങാന്‍ അവസരമാക്കിയതില്‍ മുഖ്യമന്ത്രിക്ക് അറിഞ്ഞില്ല എന്നു പറഞ്ഞു കൈകഴുകാനാവില്ല.

എല്ലാ കുറ്റവും ശിവശങ്കറിന് മേല്‍ ഉന്നയിക്കുമ്പോഴും അതിന്റെ യഥാര്‍ഥ ഗുണഭോക്താവ് മുഖ്യമന്ത്രിയായിരുന്നെന്ന പ്രതിപക്ഷ വിമര്‍ശനത്തിന് മുഖ്യമന്ത്രി മറുപടി പറയേണ്ടി വരും.

ഇനി ആരോപണങ്ങള്‍ക്ക് അപ്പുറം ഒരു പടികൂടി കടന്നു മുഖ്യമന്ത്രിയുടെ രക്ത ബന്ധുക്കളിലേക്ക് വിഷയം സജീവമാക്കാനാകും പ്രതിപക്ഷ ശ്രമം.

പുറത്തുവരുന്ന സൂചനകള്‍ നോക്കുമ്പോള്‍ അന്വേഷണ ഏജന്‍സികളും ആവഴിക്കാണ് എന്നു സംശയം ഉണ്ടാകുന്നുണ്ട്. അങ്ങനെ വന്നാല്‍ അതു മുഖ്യമന്ത്രിയെ കൂടുതല്‍ കുഴപ്പത്തിലാക്കും.

പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ നാള്‍മുതല്‍ മുഖ്യമന്ത്രിയെ പാര്‍ട്ടി ഫോറത്തില്‍ പോലും ചോദ്യം ചെയ്യാന്‍ ആരുമുണ്ടായിരുന്നില്ല.

കമ്മറ്റികളില്‍ പോലും മുഖ്യമന്ത്രിക്ക് എതിര്‍വാ ഉയര്‍ന്നില്ല. അതുപക്ഷേ വിമര്‍ശനമില്ലാഞ്ഞിട്ടല്ല; മറിച്ച് അദ്ദേഹത്തെ ഭയന്നായിരുന്നു.

ഈ ഭയം ഇല്ലാതാക്കാനും വിമര്‍ശനം ഉയരാനും സ്വര്‍ണക്കടത്ത് ഇടയാക്കി എന്നൊരു സത്യം ചില ഇടതുനേതാക്കളെങ്കിലും രഹസ്യമായി സമ്മതിക്കുന്നുണ്ട്.

അതുകൊണ്ടുതന്നെ വരും ദിവസങ്ങളില്‍ മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം പാര്‍ട്ടി ഫോറങ്ങളിലെങ്കിലും ഉയരാനിടയുണ്ട്.

pinarai vijayan m sivasankar
Advertisment