Advertisment

ഗുഹയില്‍ അവര്‍ ജീവന്‍ നിലനിര്‍ത്തിയത് മഴവെള്ളം കുടിച്ച്‌ ;അനുഭവങ്ങള്‍ പങ്കുവച്ച്‌ തായ്‌ലന്‍ഡിലെ കുട്ടികള്‍

New Update

Advertisment

ചിയാങ് റായി (തായ്‌ലാന്‍ഡ്): വിശപ്പും ദാഹവും അലട്ടിയപ്പോള്‍ അവര്‍ വയര്‍ നിറയെ മഴവെള്ളം കുടിച്ചു. ഗുഹാഭിത്തിയില്‍നിന്ന് ഒലിച്ചുവരുന്ന വെള്ളം. അത് ശുദ്ധമാണെന്നും താഴെ കെട്ടിക്കിടക്കുന്ന വെള്ളം കുടിക്കരുതെന്നും കോച്ച്‌ എക്കപ്പോല്‍ ചാന്ത്‌വോങ് അവരെ ധരിപ്പിച്ചിരുന്നു. കനത്ത കൂരിരുട്ടില്‍ ഒച്ചപോലും അടഞ്ഞെങ്കിലും അവര്‍ ഭയന്നില്ല. ഒരു രക്ഷയുമില്ലെന്നായപ്പോല്‍ ഗുഹാഭിത്തി തുരക്കാന്‍ കൂട്ടായി ശ്രമിച്ചുകൊണ്ടിരുന്നു. അതിനിടയിലെപ്പോഴോ ആണ് സംഘത്തിലെ 14-കാരന്‍ അര്‍ദുന്‍ സാം ഓന്‍ രക്ഷകന്റെ ശബ്ദം കേള്‍ക്കുന്നത്.

അത് വൈകുന്നേരമാണോ എന്ന് അര്‍ദുന് ഉറപ്പാക്കാനാവുന്നില്ല. ആളുകളുടെ സംസാരം കേട്ടപോലെയാണ് തോന്നിയത്. ഉടന്‍ കോച്ച്‌ എക്കപ്പോല്‍ ചാന്ത്‌വാങ് കുട്ടികളോട് ശബ്ദമുണ്ടാക്കാതിരിക്കാന്‍ ആവശ്യപ്പെട്ടു. അവിടെ അവര്‍ യഥാര്‍ഥ രക്ഷാപ്രവര്‍ത്തകരെ നേരില്‍ കാണുകയായിരുന്നു.

വെള്ളത്തില്‍നിന്ന് പൊങ്ങിവന്ന രക്ഷാപ്രവര്‍ത്തകനെ കണ്ടപ്പോള്‍ എല്ലാവര്‍ക്കും അത് ആദ്യം ഞെട്ടലായി. ഹലോ പറയാനാണ് ആദ്യം ആഗ്രഹിച്ചത്. പക്ഷേ, പറഞ്ഞോ എന്ന് അറിയില്ല -രണ്ടാഴ്ചയിലധികം വടക്കന്‍ തായ്‌ലാന്‍ഡിലെ ഗുഹയില്‍ കുടുങ്ങി ഒടുവില്‍ ലോകം കണ്ട രക്ഷാപ്രവര്‍ത്തനത്തിലൂടെ പുറത്തെത്തിയ വൈല്‍ഡ് ബോര്‍ ജൂനിയര്‍ ഫുട്ബാള്‍ ടീം മാധ്യമപ്രവര്‍ത്തകര്‍ക്കും കൂട്ടുകാര്‍ക്കും മുന്നില്‍ ആദ്യമായി മനസ്സ് തുറക്കുകയായിരുന്നു.

ഒരേ പോലുള്ള ടീ ഷര്‍ട്ടു ധരിച്ച്‌ നിറഞ്ഞ സന്തോഷത്തോടെയാണ് 12 കുട്ടികളും കോച്ചും ഡോക്ടര്‍മാര്‍ക്കൊപ്പം പ്രത്യക പത്രസമ്മേളനത്തിനെത്തിയത്. ബുധനാഴ്ച ആശുപത്രി വിട്ട കുട്ടികള്‍ക്കൊപ്പം അവരെ ശുശ്രൂഷിച്ച ഡോക്ടര്‍മാരും ഉണ്ടായിരുന്നു. ഓരോരുത്തരും സ്വന്തം പേരും വിളിപ്പേരും പറഞ്ഞ് പരിചയപ്പെടുത്തി. ഒപ്പം അവരുടെ ടീമില്‍ അവര്‍ കളിക്കുന്ന സ്ഥാനവും. 10 ദിവസത്തെ തിരച്ചിലിനുശേഷം കുട്ടികളെ കണ്ടെത്തിയതുമുതല്‍ അവര്‍ക്കൊപ്പം രക്ഷപ്പെടും വരെ ഗുഹയില്‍ കഴിഞ്ഞ തായ് നേവി സീല്‍ ഉദ്യോഗസ്ഥനും ഒപ്പമുണ്ടായിരുന്നു. പത്രസമ്മേളനം വിളിച്ച പ്രസ് സെന്ററില്‍ തന്നെ ഒരു ചെറു കൃത്രിമ ഫുട്ബാള്‍ മൈതാനവും അധികൃതര്‍ ഒരുക്കിയിരുന്നു. അവിടെ പന്ത് തട്ടാനും കുട്ടികള്‍ മറന്നില്ല.

'ഇതുവരെ അകത്തുകയറി കാണാനാവാത്തതിന്റെ ആകാംക്ഷകൊണ്ടാണ് കളികഴിഞ്ഞ് വരുമ്ബോള്‍ ഗുഹയില്‍ കയറാന്‍ തീരുമാനിച്ചതെന്ന് കോച്ച്‌ ചാന്ത്‌വോങ് പറഞ്ഞു. ഒരു മണിക്കൂറോളം ചുറ്റാനായിരുന്നു പരിപാടി. എന്നാല്‍ തിരിച്ചുവരാന്‍ നോക്കുമ്ബോഴേക്കും ചുറ്റും വെള്ളം നിറഞ്ഞിരുന്നു. മുങ്ങാന്‍ പാകത്തില്‍ വെള്ളം നിറഞ്ഞതോടെ പെട്ടു എന്ന് ഉറപ്പായി. ഉയരമുള്ള സ്ഥലം കണ്ടെത്താനായി പിന്നെ ശ്രമം. അങ്ങനെ ഗുഹയുടെ ഉള്ളിലേക്ക് പോയി. ഒടുവില്‍ സുരക്ഷിതമെന്ന് സ്ഥലത്ത് ഇരിക്കുമ്ബോഴും പക്ഷേ, സംഘത്തിലാര്‍ക്കും ഭയമുണ്ടായിരുന്നില്ല. ആരെങ്കിലും തങ്ങളെ തേടിയെത്തുമെന്നു തന്നെയായിരുന്നു വിശ്വാസം.

ആദ്യ 10 ദിവസത്തിനിടെ അവര്‍ ഭയന്നത് ഒരിക്കല്‍ മാത്രമാണ്. വെള്ളത്തിന്റെ ഒഴുക്കും ശബ്ദവും സൂക്ഷ്മമായി നിരീക്ഷിച്ച കോച്ചിന് വെള്ളം അതിവേഗം ഉയരുകയാണെന്ന് മനസ്സിലായ സമയത്ത്. എത്ര ഉയരത്താണെങ്കിലും മുങ്ങുമെന്ന് തോന്നി. തുടര്‍ന്നാണ് കുട്ടികളോട് ഗുഹതുരന്ന് രക്ഷാമാര്‍ഗം കണ്ടെത്താന്‍ ശ്രമിക്കാന്‍ പറയുന്നത്.

ജീവൻ രക്ഷിക്കാൻ പാറക്കെട്ടിലെ വെള്ളം മാത്രം: തായ് ഗുഹയിലെ അനുഭവം പറഞ്ഞ് കുട്ടികൾ

തങ്ങളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ രക്ഷാപ്രവര്‍ത്തകരിലൊരാള്‍ മരിച്ചത് കുട്ടികള്‍ കരച്ചിലോടെയാണ് കേട്ടതെന്ന് ചാന്ത്‌വോങ് പറഞ്ഞു. തങ്ങളാണ് ആ മരണത്തിന് ഉത്തരവാദിയെന്ന് ഓരോരുത്തരും കരുതി. ഒടുവില്‍ അടിയന്തര രക്ഷാദൗത്യം തുടങ്ങിയപ്പോള്‍ ആരാണ് ആദ്യം പുറത്തുകടക്കേണ്ടതെന്ന് ക്രമം തയ്യാറാക്കിയതും താനും കുട്ടികളും ചേര്‍ന്നാണെന്നും ചാന്ത്‌വോങ് പറഞ്ഞു. പറയാതെ ഗുഹയില്‍ പോയതിന് മിക്കകുട്ടികളും രക്ഷിതാക്കളോട് മാപ്പ് പറയുകയും ചെയ്തു.

അശ്രദ്ധയുടെ വില മനസ്സിലായെന്നും ഇനി വളരെ ശ്രദ്ധയോടെ ജീവിക്കുമെന്നുമാണ് കുട്ടികളിലൊരാള്‍ ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. താനിനി വഴക്കാളിയാവില്ലെന്നും കൂടുതല്‍ ക്ഷമ കാണിക്കുമെന്നും ടീമിലെ പ്രായം കുറഞ്ഞ താരം 11-കാരന്‍ ടൈറ്റന്‍ എന്ന് വിളിക്കുന്ന ചാനിന്‍ വിബൂന്റുങ്റ്വാങും പറഞ്ഞു. മികച്ച ഫുട്ബാള്‍ കളിക്കാരാവണമെന്നാണ് മറ്റ് അംഗങ്ങള്‍ ആഗ്രഹം പ്രകടിപ്പിച്ചത്. പിന്നെ എല്ലാവര്‍ക്കും വലുതായാല്‍ നേവി സീല്‍ ആവാനാണ് ആഗ്രഹമെന്നും.Thailand rescued children

മാധ്യമങ്ങളില്‍നിന്ന് ലഭിച്ച 100 ചോദ്യങ്ങളില്‍ കുറച്ചെണ്ണം മാത്രമേ പത്രസമ്മേളനത്തിലേക്ക് തിരഞ്ഞെടുത്തുള്ളൂ. ദുരന്താനുഭവം പൂര്‍ണമായും മനസ്സില്‍നിന്ന് മായും വരെ ഒരു മാസത്തേക്കെങ്കിലും ഇനി ഇക്കാര്യങ്ങള്‍ മാധ്യമപ്രവര്‍ത്തകരോടും മറ്റും മിണ്ടിപ്പോവരുതെന്ന ഡോക്ടര്‍മാരുടെ കര്‍ശന നിര്‍ദേശത്തോടേയാണ് കുട്ടികളെ ബന്ധുക്കള്‍ വീടുകളിലേക്ക് കൂട്ടിക്കൊണ്ടുപോയത്.

* വൈല്‍ഡ് ബോര്‍ ജൂനിയര്‍ ഫുട്ബാള്‍ ടീമിലെ 12 കുട്ടികള്‍ കോച്ചും വടക്കന്‍ തായ്‌ലാന്‍ഡിലെ താം ലുവാങ് ഗുഹയില്‍ കുടുങ്ങിയത് ജൂണ്‍ 23-ന്

* തിരച്ചിലിനൊടുവില്‍ ബ്രിട്ടീഷ് മുങ്ങല്‍ വിദഗ്ധര്‍ ഗുഹയ്ക്കുള്ളില്‍ അവരെ കണ്ടെത്തിയത് ജൂലായ് രണ്ടിന്

* രക്ഷപ്പെടുത്തിയത് ജൂലായ് 7, 8, 9 തീയതികളില്‍

* ജൂലായ് 10 മുതല്‍ സംഘം മ്യാന്‍മാര്‍ അതിര്‍ത്തിയിലെ ചിയാങ് റായി പ്രചനുക്രോ ആശുപത്രിയില്‍ നിരീക്ഷണത്തില്‍

* ജൂലായ് 18-ന് ആശുപത്രിവിട്ട് വീട്ടിലേക്ക്

Advertisment